This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെഡി ബെയര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടെഡി ബെയര്‍

Teddy Bear

ആഗോളതലത്തില്‍ പ്രചാരം നേടിയ കളിപ്പാവ. ഒരു കരടിക്കുട്ടിയുടെ രൂപമാണ് ഇതിനുള്ളത്. അമേരിക്കയില്‍ രൂപംകൊണ്ട ഈ കളിപ്പാവ ഇന്ന് ലോകമെമ്പാടും ആബാലവൃദ്ധരെ ആകര്‍ഷിച്ചുവരുന്നു. ടെഡി ബെയറിന്റെ ഉത്ഭവം അമേരിക്കയിലാണെന്നും ജര്‍മനിയിലാണെന്നും ഭിന്നാഭിപ്രായമുണ്ട്.

ടെഡി ബെയര്‍

1902-ല്‍ നടന്ന ഒരു സംഭവത്തെ ടെഡി ബെയറിന്റെ ഉത്ഭവവുമായി ബന്ധപ്പെടുത്തി പരാമര്‍ശിക്കാറുണ്ട്. മിസ്സിസ്സിപ്പിയില്‍ പ്രസിഡന്റ് റൂസ്വെല്‍റ്റ് വേട്ടയ്ക്കുപോയപ്പോള്‍ സംഘത്തിലുള്ള ഒരാള്‍ ഒരു കറുത്ത കരടിക്കുട്ടിയെ പിടികൂടി അതിന്റെ കഴുത്തില്‍ ചരടുകെട്ടി പ്രസിഡന്റിന്റെ മുന്‍പില്‍ കൊണ്ടുവന്നു. കരടിക്കുട്ടിയോട് കരുണതോന്നിയ റൂസ്വെല്‍റ്റ് അതിനെ കൊല്ലാന്‍ തയ്യാറായില്ല. വേട്ടക്കാരോടൊപ്പമുണ്ടായിരുന്ന ഒരു പത്രപ്രവര്‍ത്തകന്‍ ഈ വാര്‍ത്ത വാഷിങ്ടണ്‍ പോസ്റ്റില്‍ റിപ്പോര്‍ട്ട് ചെയ്തു. റൂസ്വെല്‍റ്റ് കരടിക്കുട്ടിയെ കൊല്ലാന്‍ വിസമ്മതിക്കുന്ന ഒരു കാര്‍ട്ടൂണ്‍ ചിത്രവും ഇതോടൊപ്പം ഉണ്ടായിരുന്നു. ഈ വാര്‍ത്ത വായിച്ച ന്യൂയോര്‍ക്കിലെ ഒരു ഷോപ്പുടമ തന്റെ ഷോപ്പില്‍ വില്‍പ്പന നടക്കാതിരുന്ന സ്റ്റഫ് ചെയ്ത കരടിക്കുട്ടികള്‍ക്ക് 'ടെഡി ബെയര്‍' എന്ന പേരുനല്‍കി. വൈറ്റ്ഹൌസിന്റെ അനുവാദത്തോടെയാണ് പ്രസിഡന്റ് റൂസ്വെല്‍റ്റിന്റെ ഓമനപ്പേരായ ടെഡി കരടിയുടെ പേരിനൊപ്പം ഉപയോഗിച്ചത്. വളരെവേഗം കരടിക്കുട്ടികള്‍ വിറ്റുപോയി. താമസിയാതെ വന്‍തോതില്‍ ഉത്പ്പാദിപ്പിക്കേണ്ട അവസ്ഥയും വന്നുചേര്‍ന്നു.

ഇക്കാലത്തുതന്നെ ജര്‍മനിയിലെ ഒരു വ്യാപാരിയായ റിച്ചാഡ് സ്റ്റിവ് സര്‍ക്കസ് കൂടാരത്തിലെ കരടിക്കുട്ടികളെ കണ്ട് അവയുടെ മാതൃകയില്‍ കളിപ്പാട്ടമുണ്ടാക്കി വില്‍പ്പന ആരംഭിച്ചുവെന്നും 1903-ലെ ലീപ്സിഗ് ടോയ് ഫെയറില്‍ പ്രദര്‍ശിപ്പിച്ചുവെന്നും പിന്നീടത് അമേരിക്കയിലേക്കും മറ്റും കയറ്റുമതി ചെയ്യപ്പെട്ടതാണെന്നും കഥയുണ്ട്.

ടെഡി ബെയര്‍ ഇന്ന് ലോകമാസകലം വന്‍തോതില്‍ വിറ്റഴിയുന്നു. അമേരിക്കയില്‍തന്നെ 25 ലക്ഷത്തില്‍പരം ഉപഭോക്താക്കള്‍ ഈ പാവ സ്വന്തമാക്കിയിട്ടുണ്ടെന്നു കരുതപ്പെടുന്നു. പ്രസിദ്ധമായ ചില ബാലസാഹിത്യകൃതികളിലെ കഥാപാത്രങ്ങളെ ആധാരമാക്കി നിര്‍മിച്ച ടെഡി ബെയറുകളും പ്രചാരത്തിലെത്തിയിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍