This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടൂര്‍മലിന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടൂര്‍മലിന്‍

Tourmaline

ഒരു രത്നഖനിജം. ആഗ്നേയ ശിലകളിലെയും കായാന്തരിത ശിലകളിലെയും ഒരു സുപ്രധാന ഉപധാതവമാണ് ടൂര്‍മലിന്‍. അതിസങ്കീര്‍ണമായ ക്രിസ്റ്റല്‍ ഘടനയും അസ്ഥിരമായ രാസസംഘടനവും ടൂര്‍മലില്‍ ക്രിസ്റ്റലുകളുടെ സവിശേഷതയാണ്. ഹെക്സഗണല്‍ ക്രിസ്റ്റല്‍ വ്യൂഹത്തിലെ റോംബോഹീഡ്രല്‍ ഡിവിഷനില്‍ പ്രിസ്മീയ പരലുകളായി ക്രിസ്റ്റലീകരിക്കപ്പെടുന്ന ടൂര്‍മലിന്റെ പൊതുരാസ സംഘടനം:Na(Mg,Fe,Li,Mn,Al)3Al6(Bo3)3Si6O18(OHF)4

ഭൗതികഗുണങ്ങള്‍. വിഭംഗം: ഏറെക്കുറെ ശംഖാഭം മുതല്‍ അസമം വരെ; കാഠിന്യം: 7-7.5; ആ.ഘ. 2.98-3.20; ശരാശരി അപവര്‍ത്തനാങ്കം: 1.63; ദ്വി-അപവര്‍ത്തനം: 0.020; പ്രകീര്‍ണനം: 0.616. ടൂര്‍മലിന്റെ ദ്വിവര്‍ണതാ സ്വഭാവം ധാതുവിനെ തിരിച്ചറിയാന്‍ സഹായിക്കുന്നു. വിരളമായി മാത്രം ടൂര്‍മലിന്‍ വര്‍ണരഹിതമാകാം. കറുപ്പ്, ചുവപ്പ്, പച്ച, പാടലം, നീല എന്നിവയാണ് സാധാരണ നിറങ്ങള്‍. പാരദര്‍ശകം മുതല്‍ അപാരദര്‍ശിവരെയായ ടൂര്‍മലിന്‍ പ്രകൃതിയില്‍ ലഭ്യമാണ്.

ക്ഷാരാംശം കൂടുതല്‍ അടങ്ങിയ ടൂര്‍മലിന്‍ പാരദര്‍ശകമാണ്. സുഭഗവും രമ്യവുമായ വര്‍ണപ്രദര്‍ശനം ഇതിന്റെ പ്രത്യേകതയാണ്. അക്രോയ്റ്റ് (വര്‍ണരഹിതം), റൂബെല്ലൈറ്റ് (റോസ് ചുവപ്പ്), ബ്രസീലിയന്‍ മരതകം (പച്ച), ബ്രസീലിയന്‍ ഇന്ദ്രനീലം (നീല), ബ്രസീലിയന്‍ പെരിഡോട്ട് (മഞ്ഞപ്പച്ച), സിലോണ്‍ പെരിഡോട്ട് (തേന്‍ മഞ്ഞ), സൈബെറൈറ്റ് (നീലലോഹിതം), ഇന്‍ഡിക്കോലൈറ്റ് (കടുംനീല) എന്നിവയാണ് മുഖ്യ ടൂര്‍മലിന്‍ രത്നജാതികള്‍. കറുത്തയിനം ടൂര്‍മലിന്‍ ഷോള്‍ (short) എന്ന പേരില്‍ അറിയപ്പെടുന്നു. ടൂര്‍മലിന്റെ വര്‍ണദീപ്തിയാണ് ഇതിനെ ഒരു മുഖ്യ രത്നഖനിജമാക്കി മാറ്റുന്നത്.

എല്‍ബ, മഡഗാസ്കര്‍, തെക്കുപടിഞ്ഞാറന്‍ ആഫ്രിക്ക, ശ്രീലങ്ക, മ്യാന്‍മര്‍, സൈബീരിയ, ബ്രസീല്‍, അമേരിക്ക എന്നീ രാജ്യങ്ങളിലാണ് ലോകത്തിലെ മുഖ്യ രത്ന ടൂര്‍മലിന്‍ നിക്ഷേപം ഉപസ്ഥിതമായിട്ടുള്ളത്.

ഇന്ത്യയില്‍ ഹസ്സാരിബാഗ്, പഞ്ചാബ്, സിക്കിം, ഹിമാലയം എന്നിവിടങ്ങളില്‍ ഗ്രാനൈറ്റുകളിലും, രാജസ്ഥാനിലെ ആരവല്ലി ചുണ്ണാമ്പുകല്ലുകളിലും, നെല്ലൂരില്‍ ചുണ്ടിക്കടുത്തുള്ള ക്വാര്‍ട്ട്സൈറ്റുകളിലും, ദക്ഷിണ റീവയില്‍ കൊറണ്ടത്തോടൊപ്പവും, മൈസൂറിലും, കാശ്മീരിലും ഇന്ദ്രനീലത്തോടൊപ്പവും ഷോള്‍ നിക്ഷേപം സാധാരണമാണ്.

ബിഹാറിലെ ഹസ്സാരിബാഗ് ജില്ലയില്‍ മണിമന്ദിരത്തിനടുത്ത് ഇന്‍ഡിക്കോലൈറ്റ്, ലെപ്പിഡോലൈറ്റ് എന്നിവയോടൊപ്പവും പാരദര്‍ശകമായ പച്ച ടൂര്‍മലിന്‍ കണ്ടെത്തിയിട്ടുണ്ട്. ഇന്‍ഡിക്കോലൈറ്റിനോടൊപ്പം ഇതേ ജില്ലയിലെ പിലൂരയ്ക്കടുത്തുള്ള ഗ്രാനൈറ്റുകളിലും ടൂര്‍മലിന്‍ കാണപ്പെടുന്നുണ്ട്. സിങ്ഭം ജില്ലയിലെ ലാപ്സബുരുവില്‍ നീലയും തവിട്ടും നിറങ്ങളുള്ള ടൂര്‍മലിന്‍ സ്ഥിതി ചെയ്യുന്നു; ത്സണ്ടബുരുവിനടുത്ത് വെളുത്ത അപ്ലൈറ്റുകളില്‍ നീലടൂര്‍മലിന്‍ പാളികളായി കാണപ്പെടുന്നു.

കാശ്മീരില്‍ സുംസാനടുത്തുള്ള ഇന്ദ്രനീലഖനിയില്‍ നിന്നും 2 കി.മീ. വ. മാറി ഇളംപച്ച ടൂര്‍മലിന്റെയും മാതളാഭയുള്ള റൂബെലൈറ്റിന്റെയും ക്രിസ്റ്റലുകള്‍ ഒരു ക്വാര്‍ട്ട്സ് സിരയില്‍ കാണപ്പെട്ടതായി ലാ ടൂഷ് രേഖപ്പെടുത്തിയിട്ടുണ്ട്. ക്രിസ്റ്റലുകള്‍ നീളത്തിന്റെ സമാനുപാതമനുസരിച്ച് വളരെ കനം കുറഞ്ഞവയും ഭംഗുരവുമാണ്. സന്‍സ്ക്കാറില്‍ ഇന്ദ്രനീലത്തോടൊപ്പം ഇന്‍ഡിക്കോലൈറ്റും മറ്റു ചിലയിനങ്ങളും സ്ഥിതിചെയ്യുന്നതായി രേഖകളുണ്ട്.

തെക്കേ ഇന്ത്യയിലെ നയ്സ് ശിലാസമൂഹങ്ങളില്‍ നാമമാത്രമായ ടൂര്‍മലിന്‍ നിക്ഷേപം കാണപ്പെടുന്നു. തിരുച്ചിറപ്പള്ളി ജില്ലയില്‍ കിരന്നൂരിനടുത്തും, നെല്ലൂര്‍ ജില്ലയിലെ ആര്‍.സി. അഭ്രഖനിയിലും രത്നഗുണമില്ലാത്ത ഇളംപച്ച ടൂര്‍മലിന്‍ കണ്ടെത്തിയിട്ടുണ്ട്. കാവേരീ നദീതടത്തിലുള്ള ഒരു ഗ്രാനൈറ്റ് ഡൈക്കിലും ഇതേയിനം ടൂര്‍മലിന്‍ ക്രിസ്റ്റലുകള്‍ സൂചിയുടെ ആകൃതിയില്‍ കാണപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍