This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടീച്ചിങ്ങ് മെഷീന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടീച്ചിങ്ങ് മെഷീന്‍

Teaching Machine

കാര്യക്ഷമമായ പഠനം ഉറപ്പുവരുത്തുന്നതിന് സഹായകമായ ഉപകരണം അഥവാ സംവിധാനം. ചിത്രങ്ങള്‍, അച്ചടിച്ച സാമഗ്രികള്‍, ശ്രവ്യ മാധ്യമങ്ങള്‍ എന്നിവയിലൂടെ വിദ്യാര്‍ഥികള്‍ക്ക് പാഠഭാഗങ്ങള്‍ പകര്‍ന്നുകൊടുക്കുകയും അവരുടെ പ്രതികരണങ്ങള്‍ രേഖപ്പെടുത്തി തെറ്റും ശരിയും ബോധ്യപ്പെടുത്തുകയുമാണ് സാധാരണമായി ടീച്ചിങ്ങ് മെഷീനുകള്‍ ചെയ്യാറുള്ളത്. എന്നാല്‍ ഇവ ഒരിക്കലും അധ്യാപകന് പകരമാകുന്നില്ല. വ്യാവസായിക രംഗത്തും തൊഴില്‍പരമായ മറ്റു രംഗങ്ങളിലും പ്രവര്‍ത്തിക്കുന്നവര്‍ക്കാവശ്യമായ സാങ്കേതിക പരിജ്ഞാനം നല്‍കുന്നതിന് ഉപയോഗിക്കപ്പെടുന്ന മെഷീനുകളെയും വിശാലമായ അര്‍ഥത്തില്‍ ടീച്ചിങ്ങ് മെഷീന്‍ എന്നു വിശേഷിപ്പിക്കാവുന്നതാണ്.

1926-ല്‍ ആണ് ടീച്ചിങ്ങ് മെഷീന്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ സിഡ്നി എല്‍. പ്രെസി ആയിരുന്നു ഇതു രൂപകല്പന ചെയ്തു തയ്യാറാക്കിയത്. വിദ്യാര്‍ഥികള്‍ക്ക് ഒരേ ചോദ്യത്തിനു വിവിധ ഉത്തരങ്ങള്‍ നല്‍കി ശരിയായ ഉത്തരം കണ്ടെത്താന്‍ സഹായിക്കുന്ന ഒരു ഉപകരണമായിരുന്നു ഇത്. വിദ്യാര്‍ഥികളുടെ കഴിവിനെ പരീക്ഷിക്കുവാനും വിലയിരുത്തുവാനും പാഠഭാഗങ്ങള്‍ അഭ്യസിപ്പിക്കുവാനും ടൈപ്പ് റൈറ്ററിന്റെ ആകൃതിയിലുള്ള ഈ മെഷീനു കഴിയുമെന്നു പ്രെസി അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് അക്കാലത്ത് വേണ്ടത്ര പ്രചാരം സിദ്ധിച്ചില്ല.

1954-ല്‍ ബി. എഫ്. സ്കിന്നര്‍ ടീച്ചിങ്ങ് മെഷീനുകളെക്കുറിച്ച് ഗവേഷണങ്ങള്‍ ആരംഭിച്ചു. തുടര്‍ന്ന് അമേരിക്കന്‍ സായുധസേന ചില ടീച്ചിങ്ങ് മെഷീനുകള്‍ രൂപകല്പന ചെയ്ത് ഉപയോഗപ്പെടുത്തി. സ്കിന്നര്‍ രൂപകല്പന ചെയ്ത ടീച്ചിങ്ങ് മെഷീന്‍ അമേരിക്കന്‍ സൈക്കോളജിക്കല്‍ അസ്സോസിയേഷനില്‍ അവതരിപ്പിച്ചതോടെ ടീച്ചിങ്ങ് മെഷീനുകള്‍ ജനശ്രദ്ധ ആകര്‍ഷിക്കുവാന്‍ തുടങ്ങി. ശ്രദ്ധാപൂര്‍വം സംവിധാനം ചെയ്യുന്ന വിജ്ഞാന ശകലങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് ക്രമമായി നല്‍കുകയും, അവര്‍ക്ക് അത് ഗ്രഹിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന് പരിശോധിച്ചതിനുശേഷം അടുത്ത ഭാഗത്തേക്ക് നീങ്ങുകയും ചെയ്യുവാനുപകരിക്കുന്ന രീതിയിലാണ് സ്കിന്നര്‍ തന്റെ ഉപകരണം സംവിധാനം ചെയ്തിരുന്നത്. സമര്‍ഥരായ കുട്ടികള്‍ക്ക് വളരെ വേഗത്തിലും അല്ലാത്തവര്‍ക്ക് സാവധാനത്തിലും ഓരോ പാഠഭാഗവും നന്നായി പഠിച്ചു മുന്നോട്ടു പോകുവാന്‍ ഇതുമൂലം കഴിയുന്നു. സ്കിന്നര്‍ രൂപം നല്‍കിയ മെഷീനെ അടിസ്ഥാനമാക്കി നിര്‍മ്മിച്ചിട്ടുള്ള 'റൈറ്റ് - ഇന്‍' മെഷീനുകളാണ് ഇന്ന് ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ളത്. ടീച്ചിങ്ങ് മെഷീനിലൂടെ അഭ്യസിക്കുന്ന പാഠഭാഗങ്ങള്‍ കൂടുതല്‍ കാലം ഓര്‍മയില്‍ തങ്ങി നില്‍ക്കുന്നതായി ഗവേഷണ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അഭ്യസിപ്പിക്കേണ്ട പാഠഭാഗങ്ങള്‍ ശ്രദ്ധാപൂര്‍വം അസൂത്രണം ചെയ്യുകയാണെങ്കില്‍ നഴ്സറി തലം മുതല്‍ കോളജ് തലം വരെയുള്ള ഏതു ഘട്ടത്തിലും ടീച്ചിങ്ങ് മെഷീനുകള്‍ ഫലപ്രദമായി ഉപയോഗിക്കുവാന്‍ സാധിക്കും. ടീച്ചിങ്ങ് മെഷീനുകള്‍ക്കു പുറമേ റേഡിയോ, ടെലിവിഷന്‍, കംപ്യൂട്ടര്‍ എന്നിവയും അധ്യയന സഹായികളായി വ്യാപകമായ തോതില്‍ പ്രയോജനപ്പെടുത്തി വരുന്നു. നോ: ശിക്ഷണോപകരണങ്ങള്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍