This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടിവാണ, ദലീപ് കൌര്‍ (1935 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടിവാണ, ദലീപ് കൗര്‍ (1935 - )

പഞ്ചാബി സാഹിത്യകാരി. നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നീ നിലകളില്‍ പ്രശസ്തയാണ്. ബിര്‍ളാ ഫൗണ്ടേഷന്‍ നല്‍കുന്ന അഞ്ചുലക്ഷം രൂപ സമ്മാനത്തുകയുള്ള സരസ്വതി സമ്മാന്‍ 2001-ല്‍ ഇവര്‍ക്കു ലഭിച്ചു.

ദലീപ് കൗര്‍ ടിവാണ

1935 മെയ് 4-ന് പഞ്ചാബിലെ ലുധിയാനയില്‍ ജനിച്ചു. വിദ്യാഭ്യാസാനന്തരം പാട്യാലയിലെ പഞ്ചാബി യൂണിവേഴ്സിറ്റിയില്‍ അധ്യാപനമാരംഭിച്ച ടിവാണ ലാംഗ്വേജ് ഫാക്കല്‍റ്റി ഡീന്‍, ഫെലോ തുടങ്ങിയ സ്ഥാനങ്ങളും വഹിക്കുകയുണ്ടായി. സാഹിത്യ അക്കാദമിയിലെ പഞ്ചാബി ഉപദേശക സമിതിയംഗം, ലുധിയാന പഞ്ചാബി സാഹിത്യ അക്കാദമി നിര്‍വാഹക സമിതിയംഗം, ചണ്ഡീ ഗഢ് പഞ്ചാബ് സാഹിത്യ അക്കാദമി പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. അന്‍പതോളം ഗ്രന്ഥങ്ങള്‍ രചിച്ച ടിവാണയുടെ 27 നോവലുകളും ഏഴ് ചെറുകഥാസമാഹാരങ്ങളും പ്രസിദ്ധീകൃതമായിട്ടുണ്ട്. 1968-ല്‍ പ്രസിദ്ധീകരിച്ച എഹോ ഹമാരാ ജീവനാ എന്ന നോവലില്‍ ഭാനോ എന്ന സാധാരണ പഞ്ചാബി സ്ത്രീയുടെ ദൈന്യജീവിതമാണ് ഇതിവൃത്തം. ഭര്‍ത്താവിനാല്‍ പീഡിപ്പിക്കപ്പെടുന്ന ഈ സ്ത്രീയുടെ കഥയിലൂടെ ഇന്ത്യയിലെ സ്ത്രീകള്‍ എത്രകാലം സ്വത്വമില്ലായ്മ അനുഭവിക്കുമെന്ന പ്രസക്തമായ ചോദ്യമാണ് നോവലിസ്റ്റ് ഉയര്‍ത്തിയത്. 1971-ലെ സാഹിത്യഅക്കാദമി അവാര്‍ഡ് ഈ കൃതിക്ക് ലഭിച്ചതോടെ ടിവാണ സാഹിത്യരംഗത്ത് ശ്രദ്ധിക്കപ്പെട്ടു. ലിമ്മി ഉദാരി (1978), പീലി പട്ടിയാര്‍ (1980), ഹസ്തഘര്‍ (1982) എന്നിവയാണ് തുടര്‍ന്ന് പ്രസിദ്ധീകരിച്ച മറ്റു നോവലുകള്‍. ടിവാണയുടെ കഥ കഹോ ഉര്‍വശി (കഥ പറയൂ, ഉര്‍വശി) അഞ്ച് ഭാഗങ്ങളുള്ള ഒരു ബൃഹദ് നോവലാണ്. 1999-ല്‍ പ്രസാധനം ചെയ്യപ്പെട്ട ഈ നോവലില്‍ മൂന്നു തലമുറകളുടെ കഥ ആലേഖനം ചെയ്തിരിക്കുന്നു. കാവ്യാത്മക നോവല്‍ എന്ന വിശേഷണത്തിന് അര്‍ഹമായ കഥകഹോ ഉര്‍വശി പഞ്ചാബി നോവല്‍ സാഹിത്യശാഖയിലെ ഒരു വഴിത്തിരിവായി കണക്കാക്കപ്പെടുന്നു. ഈ നോവലിനാണ് സരസ്വതി സമ്മാന്‍ ലഭിച്ചത്. പ്രബല്‍ വേഹിന്‍, ത്രാതന്‍, തേരാ കമരാ മേരാ കമരാ, വേദന, തുംഭാരീന്‍ ഹംഗാര, യാത്ര എന്നിവയാണ് ദലീപ് കൗര്‍ ടിവാണയുടെ ചെറുകഥാസമാഹാരങ്ങള്‍.

ആധുനിക് പഞ്ചാബി നിക്കി കഹാനി ദേലഛന്‍ തേപ്രവൃത്തിയാം ടിവാണയുടെ ഗവേഷണഗ്രന്ഥമാണ്. 1980-ല്‍ പ്രസിദ്ധീകരിച്ച നംഗേ പൈരന്‍ ദാ സഫര്‍ (നഗ്നപാദയായൊരു യാത്ര) എന്ന ഇവരുടെ ആത്മകഥയും വളരെ ശ്രദ്ധിക്കപ്പെട്ടു. ശിരോമണി സാഹിത്യകാര്‍ അവാര്‍ഡ്, പഞ്ചാബ് ഗവ. പുരസ്കാരം, നാനാക് പുരസ്കാരം, പഞ്ചാബി അക്കാദമി അവാര്‍ഡ് തുടങ്ങിയവയും ലഭിച്ച ടിവാണയുടെ കൃതികള്‍ പല ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍