This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടിറാന
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ടിറാന
Tirana /Tirane
അല്‍ബേനിയയുടെ തലസ്ഥാനനഗരവും, നഗരമുള്‍ക്കൊള്ളുന്ന ജില്ലയും. അല്‍ബേനിയയിലെ ഏറ്റവും വലിയ നഗരവും ഇതുതന്നെ. അഡ്രിയാറ്റിക് കടലില്‍നിന്ന് 32 കി.മീ. മാറി ഫലഭൂയിഷ്ഠമായ ഇസം (Ishm) നദീസമതലത്തില്‍ സ്ഥിതിചെയ്യുന്നു. അല്‍ബേനിയയുടെ ഏതാണ്ട് മധ്യഭാഗത്തായി വ്യാപിച്ചിരിക്കുന്ന ഈ നഗരം രാജ്യത്തെ പ്രധാന രാഷ്ട്രീയ - സാമ്പത്തിക - സാംസ്കാരിക കേന്ദ്രം കൂടിയാണ്. ജില്ലയുടെ വിസ്തീര്‍ണ്ണം: 1,238 ച.കി.മീ.; ജനസംഖ്യ: 374,483 ('90); നഗരജനസംഖ്യ: 251,000 ('91).
അല്‍ബേനിയയിലെ ഒരു പ്രധാന ഉത്പാദക കേന്ദ്രമാണ് ടിറാന. സംസ്കരിച്ച ഭക്ഷണസാധനങ്ങള്‍, തുണിത്തരങ്ങള്‍, സിഗരറ്റ്, കാര്‍ഷികോപകരണങ്ങള്‍ തുടങ്ങിയവയാണ് പ്രധാന ഉത്പന്നങ്ങള്‍. രാജ്യത്തെ ഒരു പ്രധാന ഗതാഗതകേന്ദ്രം കൂടിയായ ടിറാനയില്‍ ഒരു വിമാനത്താവളവും (റിനാസ്) പ്രവര്‍ത്തിക്കുന്നുണ്ട്. ടിറാന നഗരത്തെ അല്‍ബേനിയന്‍ തീരപ്രദേശവും മറ്റു പ്രധാന പട്ടണങ്ങളുമായി റെയില്‍പ്പാതകള്‍ മുഖേന ബന്ധിപ്പിച്ചിരിക്കുന്നു. ഒരു സര്‍വകലാശാല, ശാസ്ത്ര ഇന്‍സ്റ്റിറ്റ്യൂട്ട്, ദേശീയ തിയേറ്റര്‍ എന്നിവയ്ക്ക് പുറമേ നിരവധി മ്യൂസിയങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ജനസംഖ്യയുടെ 75 ശ.മാ.-ത്തോളം മുസ്ലീങ്ങളാണ്.
രണ്ടാം ലോകയുദ്ധാനന്തരം ദ്രുതഗതിയില്‍ ഉണ്ടായ വ്യാവസായികവത്ക്കരണം ടിറാനയെ ഒരു ആധുനിക വ്യാവസായിക ഭരണസിരാകേന്ദ്രമായി വികസിപ്പിച്ചു. ഓട്ടോമന്‍ കാലഘട്ടം മുതല്‍ക്കുള്ള ചില കെട്ടിടങ്ങള്‍ ഇവിടെ ഇപ്പോഴുമുണ്ട്. അല്‍ബേനിയന്‍ ഭരണതലസ്ഥാനമെന്നുള്ള പദവിയും യുദ്ധാനന്തരമുള്ള ടിറാനയുടെ അതിദ്രുതവികാസത്തിന് കാരണമായിട്ടുണ്ട്.
15-ാം ശ. -ത്തിലെ ചില രേഖകളിലാണ് ഈ പ്രദേശത്തെക്കുറിച്ചുള്ള ആദ്യപരാമര്‍ശങ്ങള്‍ കാണുന്നത്. ഈ കാലഘട്ടം മുതല്‍ 1912 വരെ ടിറാന പ്രദേശം ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. 1920-ല്‍ ടിറാന സ്വതന്ത്ര അല്‍ബേനിയയുടെ തലസ്ഥാനമായി. ആയിരത്തിതൊള്ളായിരത്തി മുപ്പതുകളില്‍ ഇവിടം ഭരിച്ച സോഗ് രാജാവ് നഗരത്തെ പുനര്‍നിര്‍മിക്കുവാന്‍ തീരുമാനിച്ചു. ഇറ്റാലിയന്‍ വാസ്തുശില്പികളാണ് നഗരത്തിന്റെ പുനര്‍നിര്‍മാണ ചുമതല ഏറ്റെടുത്തത്. നഗരത്തിന്റെ ചില പുരാതന ഭാഗങ്ങളും പഴയ മുസ്ലീം പള്ളികളും നിലനിര്‍ത്തിക്കൊണ്ട് ഇവര്‍ നഗരത്തെ ആധുനികവത്ക്കരിച്ചു.
രണ്ടാം ലോക യുദ്ധകാലത്ത് ആദ്യം ഇറ്റാലിയന്‍ സേനയും തുടര്‍ന്ന് ജര്‍മന്‍ സേനയും ടിറാന കീഴടക്കി. 1944 നവ.-ല്‍ അല്‍ബേനിയന്‍ സൈന്യം ടിറാനയെ സ്വതന്ത്രമാക്കി. 1946 ജനു-ല്‍ അല്‍ബേനിയന്‍ സോഷ്യലിസ്റ്റ് ഭരണം പ്രാബല്യത്തില്‍വന്നു.