This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടിന്‍റ്റൊ, റെറ്റൊ (1518 - 94)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടിന്‍റ്റൊ, റെറ്റൊ (1518 - 94)

Tinto,Retto

ഇറ്റാലിയന്‍ ചിത്രകാരന്‍. വെനീസ്സില്‍ ഒരു ചായപ്പണിക്കാരന്റെ മകനായി 1518-ല്‍ ജനിച്ചു. കൊച്ചു ചായപ്പണിക്കാരന്‍ എന്നര്‍ഥം വരുന്ന ടിന്‍റ്റൊ റെറ്റോ എന്ന പേര് ഇപ്രകാരമാണ് ഇദ്ദേഹത്തിന് ലഭിച്ചത്. പ്രസിദ്ധ ചിത്രകാരനായ ടിഷ്യന്റെ ശിഷ്യനാണിദ്ദേഹം എന്നൊരഭിപ്രായമുണ്ട്. 1540-ലാണ് ആദ്യത്തെ ചിത്രരചന നടത്തിയത്. 1548-ല്‍ വരച്ച സെന്റ് മാര്‍ക്ക് റെസ്ക്യൂയിങ് ദ് സ്ലേവ് എന്ന ചിത്രം ഇദ്ദേഹത്തെ പ്രശസ്തനാക്കി. വെനീസ് അക്കാദമിയില്‍ ഈ ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ടിഷ്യനുശേഷം വെനീസ്സിലെ പ്രമുഖ ചിത്രകാരനായ ടിന്‍റ്റോ റെറ്റോ റിപ്പബ്ലിക്കിന്റെ ഔദ്യോഗിക ചിത്രകാരനായി അവരോധിക്കപ്പെട്ടു.

വെനീസ്സിലെ രക്ഷാധികാരികള്‍ക്കുവേണ്ടിയാണ് ടിന്‍റ്റൊ റെറ്റോ മിക്ക ചിത്രങ്ങളും വരച്ചത്. ഡുക്കല്‍ കൊട്ടാരത്തില്‍ ചരിത്രസംഭവങ്ങള്‍ പലതും ഇദ്ദേഹം വരച്ചുകാട്ടുകയുണ്ടായി. വെനീസ്സിലെ ഈര്‍പ്പമുള്ള കാലാവസ്ഥയില്‍ ഓയില്‍ പെയിന്റിങ്ങിനാണ് പ്രാധാന്യം നല്‍കിയത്. കൊറൊണേഷന്‍ ഓഫ് ദ് വിര്‍ജിന്‍ ഓര്‍ പാരഡൈസ് (1588) കാന്‍വാസില്‍ രചിക്കപ്പെട്ടിട്ടുള്ള ഏറ്റവും വലിയ പെയിന്റിങ്ങായി കരുതപ്പെടുന്നു.

വെനീസ്സിലെ പ്രസിദ്ധ സഹോദരസംഘമായ 'സ്കോളാഡിസാന്‍ റോക്കോ' മന്ദിരത്തില്‍ ടിന്‍റ്റോ റെറ്റോ 1564-88 കാലയളവില്‍ വരച്ച അന്‍പതിലേറെ പെയിന്റിങ്ങുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വിര്‍ജിനെയും ക്രിസ്തുവിനെയും പഴയനിയമത്തെയും സംബന്ധിച്ച രചനകളാണിവ. 1564-ല്‍ അപ്പോതിയോസിസ് ഒഫ് സെന്റ് റോച്ചിന്റെ സീലിങ്ങ് പെയിന്റ് ചെയ്യാനുള്ള അനുവാദം ലഭിച്ചതിനെ തുടര്‍ന്ന് മന്ദിരം മുഴുവന്‍ മോടിപിടിപ്പിക്കാന്‍ റെറ്റോയ്ക്ക് അവസരം ലഭിക്കുകയും അത് അദ്ദേഹത്തിന്റെ തന്നെ ഒരു സ്മാരകമായി പില്ക്കാലത്ത് മാറുകയും ചെയ്തു.

മൈക്കലാഞ്ജലോയുടെ രൂപകല്പനയും ടിഷ്യന്റെ വര്‍ണരഞ്ജനവും സംയോജിപ്പിക്കുന്ന ഒരു ശൈലിയാണ് ടിന്‍റ്റോ റെറ്റോ സ്വീകരിച്ചത്. ക്യാന്‍വാസിലേക്ക് പല കോണുകളില്‍ നിന്നു ചലിക്കുന്ന രൂപങ്ങളാണ് ടിന്‍റ്റോ റെറ്റോ ചിത്രങ്ങളുടെ ഒരു സവിശേഷത. മൈക്കലാഞ്ജലോയുടെ രചനകളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിരുന്നുവെങ്കിലും അസാധാരണ വീക്ഷണങ്ങളിലൂടെ പലപ്പോഴും മൈക്കലാഞ്ജലോയുടെ കലാതത്ത്വങ്ങളെത്തന്നെ അതിക്രമിച്ചു കടക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. നാടകീയപ്രഭാവമുള്ള ഇദ്ദേഹത്തിന്റെ രചനകള്‍ പില്‍ക്കാല ചിത്രകാരന്മാരെ ഏറെ സ്വാധീനിക്കുകയുണ്ടായി.

1594 മേയ് 31 -ന് ഇദ്ദേഹം വെനീസ്സില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍