This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടിംബുക്തു

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടിംബുക്തു

Timbuktu

മധ്യ മാലിയിലെ ഒരു നഗരവും, അതുള്‍പ്പെടുന്ന പ്രദേശവും. നൈജര്‍ നദിയുടെ 'ഗ്രേറ്റ് ബെന്‍ഡി'ന് തൊട്ടുവടക്കായി സ്ഥിതി ചെയ്യുന്നു. ചെറിയ കനാലുകള്‍ ടിംബുക്തു നഗരത്തെ നൈജറുമായി ബന്ധിപ്പിക്കുന്നു. ടിംബുക്തു പ്രദേശത്തിന്റെ വിസ്തീര്‍ണം: 4,08,977 ച. കി. മീ.; ജനസംഖ്യ: 4,53,032 (87).

വടക്കും, വടക്കുകിഴക്കും ആഫ്രിക്കയ്ക്കിടയിലായുള്ള കാരവന്‍ പാതയുടെ കേന്ദ്രബിന്ദുവായിരുന്നു മുമ്പ് ടിംബുക്തു നഗരം. നഗരത്തിന്റെ പ്രത്യേക സ്ഥാനമായിരുന്നു ഇതിനുകാരണം. 12-ാം ശ.-ത്തില്‍ ഒരു മുഖ്യവാണിജ്യകേന്ദ്രമായി നഗരം വികസിക്കുവാന്‍ ഈ രണ്ടു ഘടകങ്ങളും ഏറെ സഹായകമായി മാറി. ഒരു മുഖ്യ വാണിജ്യ കയറ്റിറക്കു തുറമുഖം (Commercial entrepot), അന്താരാഷ്ട്ര ഇസ്ലാമിക പഠനകേന്ദ്രം എന്നീ നിലകളിലും ടിംബുക്തു നഗരം ഏറെ പ്രശസ്തമായിരുന്നു. ഇന്ന് ഒരു ചെറുനദീതുറമുഖമായ കബാറയാണ് (Kabara) നഗരത്തിലെ ഗതാഗത-വാണിജ്യമേഖലയുടെ കേന്ദ്രമായി വര്‍ത്തിക്കുന്നത്. വര്‍ഷത്തില്‍ 7 മാസത്തോളം കൂലികോറാ (Koulikora) മുതല്‍ ടിംബുക്തു വരെയും ഗാവോ (Gao) വരെയും ചെറിയ ആവി ബോട്ടുകള്‍ സര്‍വീസുകള്‍ നടത്തുന്നുണ്ട്.

ഉപ്പ്, മറ്റു അടിസ്ഥാന വസ്തുക്കള്‍ എന്നിവയുടെ ഒരു പ്രാദേശിക വാണിജ്യകേന്ദ്രമാണ് ടിംബുക്തു. പരുത്തി വസ്ത്രങ്ങള്‍, തുകല്‍ ഉത്പന്നങ്ങള്‍, കളിമണ്‍ പാത്രങ്ങള്‍ തുടങ്ങിയവ ഇവിടത്തെ മുഖ്യ ഉത്പന്നങ്ങളാകുന്നു.

11-ാം ശ.-ത്തിന്റെ അവസാനഘട്ടത്തിലാണ് ഈ നഗരം സ്ഥാപിക്കപ്പെട്ടതെന്ന് ചരിത്രകാരന്മാര്‍ വിശ്വസിക്കുന്നു. 'തുവാരെഗ് നൊമാഡു'കള്‍ (Tuareg nomad) ആയിരിക്കാം ഇതിന്റെ സ്ഥാപകരെന്നാണ് അനുമാനം. 14-ാം ശ.-ത്തിന്റെ ആരംഭത്തില്‍ ടിംബുക്തു പുരാതന മാലി സാമ്രാജ്യവുമായി ചേര്‍ന്നു. അന്ന് ട്രാന്‍സ്-സഹാറന്‍ കാരവന്‍ പാതയുടെ അതിര്‍ത്തിയും അപ്പര്‍ നൈജറിലെ ഒരു വിതരണകേന്ദ്രവുമായിരുന്നു ഈ നഗരം. 1468-ല്‍ ടിംബുക്തു പ്രബലമായ സോങ്ഘായ് (Songhai) സാമ്രാജ്യത്തിന്റെ അധീനതയിലായി. തുടര്‍ന്ന് ഒരു വാണിജ്യകേന്ദ്രം, മതകേന്ദ്രം എന്നീ നിലകളില്‍ ടിംബുക്തു അതിന്റെ പരമോന്നതിയിലെത്തി.

16-ാം ശ. -ന്റെ ആരംഭത്തില്‍ തന്നെ ടിംബുക്തുവിലെ ജനസംഖ്യ 40,000 ത്തോളമായിരുന്നു. അന്ന് ഉത്തര-ആഫ്രിക്കന്‍ നഗരങ്ങളില്‍ നിന്നുള്ള കച്ചവടക്കാര്‍ ടിംബുക്തു കമ്പോളങ്ങളില്‍ ഉപ്പും തുണിയും കച്ചവടം ചെയ്യുകയും, പകരം സ്വര്‍ണവും അടിമകളെയും കൈമാറ്റം ചെയ്യുകയും പതിവായിരുന്നു. അന്ന് നഗരത്തിലെ സാന്‍കോറി (Sankore) പള്ളിയില്‍ രൂപംകൊണ്ട വിദ്യാലയത്തില്‍ മധ്യ-പൂര്‍വദേശങ്ങളിലെ പണ്ഡിതന്മാരായിരുന്നു അധ്യാപകര്‍. ഇവിടത്തെ പ്രമുഖ ഇസ്ലാമിക് പഠനകേന്ദ്രങ്ങളില്‍ നിന്ന് ശിക്ഷണം ലഭിച്ചവരായിരുന്നു ഇവര്‍. 1591-ല്‍ മൊറോക്കയില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാര്‍ ടിംബുക്തു പിടിച്ചെടുത്തു. തുടര്‍ന്ന് ബംബാറ (Bambara), ഫൂലാനി (Fulani), തുവാരെഗ് (Tuareg) എന്നീവിഭാഗങ്ങളില്‍ നിന്നുണ്ടായ ആക്രമണം ഈ നഗരത്തിന്റെ തകര്‍ച്ചയ്ക്കു വഴിതെളിച്ചു. വാണിജ്യം മറ്റു നഗരങ്ങളിലേക്കു ദിശമാറ്റപ്പെട്ടതും തകര്‍ച്ചയ്ക്ക് മറ്റൊരു കാരണമായി. 1893-94 കാലഘട്ടത്തില്‍ ഫ്രഞ്ചുകാര്‍ ടിംബുക്തു കീഴടക്കി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍