This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടാസിറ്റസ്, കൊര്‍ണീലിയസ് (സു. 55 - സു.120)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ടാസിറ്റസ്, കൊര്‍ണീലിയസ് (സു. 55 - സു.120)
Tacitus, Cornelius
പുരാതന റോമന്‍ ചരിത്രകാരന്. ഇദ്ദേഹത്തിന്റെ ജനനസ്ഥലത്തെ പറ്റിയും ജനിച്ച വര്‍ഷത്തെ സംബന്ധിച്ചും പേരിനോടൊപ്പം കൊര്‍ണീലിയസ് എന്നു ചേര്‍ത്തിരിക്കുന്നതിനെക്കുറിച്ചും വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ല. എ.ഡി. 55-നടുത്ത് ഇദ്ദേഹം ജനിച്ചതായി കരുതപ്പെടുന്നു. സ്വന്തം കൃതികളില്‍ നല്‍കിയിരിക്കുന്ന സൂചനകളും സമകാലികനായിരുന്ന ഇളയ പ്ലിനിയുടെ വിവരണങ്ങളില്‍നിന്നു ലഭിക്കുന്ന സൂചനകളുമാണ് ടാസിറ്റസ്സിന്‍ ജീവിതത്തെപ്പറ്റി നമുക്കു ലഭിക്കുന്ന മുഖ്യവിവരങ്ങള്‍. ഭരണപരമായ പല സ്ഥാനങ്ങളും ടാസിറ്റസ് വഹിച്ചിരുന്നതായി കരുതപ്പെടുന്നു. 79-ാമാണ്ടിനോടടുത്ത് സെനറ്ററായി തുടങ്ങി 88-ല്‍ പ്രേറ്റര്‍, 97-98ല്‍ കോണ്‍സല്‍, ഏകദേശം 112-113-ല്‍ പ്രവിശ്യാഗവര്‍ണര്‍ എന്നീ പദവികള്‍ വഹിച്ചിരുന്നതായി സൂചനകളുണ്ട്. 89 മുതല്‍ 93 വരെ പ്രവിശ്യാഭരണവുമായി ബന്ധപ്പെട്ട് ജര്‍മനിയില്‍ താമസിച്ചിരുന്നു എന്നും അഭ്യൂഹിക്കുന്നു.
ഇദ്ദേഹത്തിന്റെ കൃതികളില്‍ പ്രധാനപ്പെട്ടവ ഒന്നാം നൂറ്റാണ്ടിലെ റോമന്‍ ചരിത്രസംബന്ധിയായി രചിക്കപ്പെട്ട രണ്ടു ഗ്രന്ഥങ്ങളാണ്. ഇവ രണ്ടും 104 മുതല്‍ 117 വരെയുള്ള കാലത്തു രചിക്കപ്പെട്ടതായി അനുമാനിക്കുന്നു. ടൈബീരിയസ് മുതല്‍ ഡൊമീഷ്യന്‍ വരെയുള്ള ജൂലിയോ-ക്ലോഡിയന്, ഫ്ളാവിയന്‍ ചക്രവര്‍ത്തിമാരുടെ ഭരണകാലത്തെ (14-96) ചരിത്രമാണ് ഈ കൃതികളിലുള്ളത്. ഇതില്‍ ആദ്യം പൂര്‍ത്തിയായതെന്നു കരുതുന്ന ഹിസ്റ്ററീസ്-ല്‍ ഗല്‍ബാ മുതല്‍ ഡൊമീഷ്യന്‍ വരെയുള്ള ചക്രവര്‍ത്തിമാരുടെ റോമാസാമ്രാജ്യ ചരിത്രം ഉള്‍ക്കൊള്ളുന്നു. 14-ഓളം ഭാഗങ്ങള്‍ ഉണ്ടെന്നു കരുതപ്പെടുന്ന ഈ ചരിത്രഗ്രന്ഥത്തില്‍ ആദ്യത്തെ നാലും അഞ്ചാമത്തേതിന്റെ കുറച്ചുഭാഗവും മാത്രമാണ് ലഭ്യമായിട്ടുള്ളത്. ആനല്‍സ് എന്ന രണ്ടാമത്തെ കൃതി ടൈബീരിയസ് മുതല്‍ നീറോ വരെയുള്ള ചക്രവര്‍ത്തിമാരുടെ കാലത്തെ ചരിത്രമാണ്. 16 ഭാഗങ്ങളുള്ള ഇതിന്റെ 9 എണ്ണവും മറ്റു ചിലവയുടെ ഏതാനും അംശങ്ങളും മാത്രമേ കിട്ടിയിട്ടുള്ളു. ടാസിറ്റസ്സിന്റെ ആദ്യത്തേതെന്ന് അറിയപ്പെടുന്ന കൃതി വാഗ്മിത്വകലയെപ്പറ്റി പ്രതിപാദിക്കുന്ന ഡയലോഗ് ഓണ്‍ ഒറേറ്റേഴ്സ് ആണ്. ബ്രിട്ടനില്‍ ഗവര്‍ണറായിരുന്ന ഭാര്യാപിതാവ് ജൂലിയസ് അഗ്രിക്കോളയുടെ ജീവചരിത്രഗ്രന്ഥമാണ് മറ്റൊന്ന്. ജര്‍മനിയിലെ ജനവിഭാഗങ്ങളുടെ ജീവിതരീതിയെപ്പറ്റി വിവരിക്കുന്ന ജെര്‍മാനിയ എന്നറിയപ്പെടുന്ന ഒരു ഗ്രന്ഥവും ഇദ്ദേഹത്തിന്റേതായുണ്ട്. ഇദ്ദേഹം മരണമടഞ്ഞത് 120-ല്‍ ആകാനാണ് സാധ്യത എന്ന അഭിപ്രായം നിലവിലുണ്ട്.