This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടാര്‍പ്പെന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടാര്‍പ്പെന്‍

Tarpon

ഇലോപിഫോമിസ് (Elopiformes) മത്സ്യഗോത്രത്തിലെ ഇലോപിഡേ (Elopidae) കുടുംബത്തില്‍പ്പെടുന്ന വലുപ്പമേറിയ ഒരിനം മത്സ്യം. ശാസ്ത്രനാമം: ടാര്‍പ്പെന്‍ അത്ലാന്റിക്കസ് (Tarpon atlanticus). പടിഞ്ഞാറന്‍ അത്ലാന്റിക്കിലെ നോവ സ്ക്കോട്ടിയ (Nova scotia) മുതല്‍ തെ. ബ്രസീല്‍ പ്രദേശങ്ങളിലെ തീരത്തിനോടടുത്തു വരെ ഇവയെ ധാരാളമായി കാണാം. ശുദ്ധജലത്തിലും സമുദ്രജലത്തിലും ഇവ വളരുന്നു. ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് ഇവ ധാരാളമായുള്ളത്.

മത്തിയുടെ ശരീരം പോലെ ഒതുങ്ങി പരന്ന ആകൃതിയാണ് ഈ മത്സ്യങ്ങള്‍ക്കുള്ളത്. ശരീരം നിറയെ വെള്ളി നിറത്തിലുള്ള തിളങ്ങുന്ന മൃദുലമായ ചെതുമ്പലുകളുണ്ടായിരിക്കും. ഇതിന്റെ കീഴ്ത്താടി അല്പം മുന്നോട്ടു തള്ളി നില്‍ക്കുന്നു. വാല്‍ വലുപ്പം കൂടിയതും ദ്വിഭാജിതവുമാണ്. അപാക്ഷചിറകിന്റെ പാര്‍ശ്വഭാഗത്തിന് നീളക്കൂടുതലുണ്ട്.

ടാര്‍ പ്പെന്‍ മത്സ്യം
‍‍

ടാര്‍പ്പെനുകളുടെ ശരീരത്തിന്റെ പുറഭാഗത്തിന് നീലനിറമായിരിക്കും. വയറും പാര്‍ശ്വഭാഗങ്ങളും വെളുത്ത് തിളക്കമുള്ളതുമാണ്. പൂര്‍ണവളര്‍ച്ചയെത്തിയ ഒരു മത്സ്യത്തിന് 1.8 - 2.5 മീ. നീളവും 45-90 കി. ഗ്രാം തൂക്കവും വരും. എങ്കിലും ഏതാണ്ട് 160 കി. ഗ്രാമോളം തൂക്കമുള്ള ടാര്‍പ്പെനുകളെപ്പറ്റിയും രേഖകളുണ്ട്.

ജൂണ്‍-സെപ്. മാസങ്ങളാണ് ടാര്‍പ്പെനുകളുടെ പ്രജനനകാലം. ഒരു പെണ്‍മത്സ്യം 12 ദശലക്ഷത്തോളം മുട്ടകളിടും. മുട്ട വിരിഞ്ഞ് സുതാര്യശരീരഘടനയുള്ള ലെപ്റ്റോസെഫാലസ് എന്ന ലാര്‍വ ഉണ്ടാവുന്നു. ഇവയ്ക്ക് ഈല്‍ മത്സ്യങ്ങളുടെ പരന്നു റിബണ്‍ പോലുള്ള ലാര്‍വയോടു സാദൃശ്യമുണ്ട്. ജലപ്രവാഹം വഴി ഇവ തീരത്തിനടുത്തെത്തുന്നു. ഇവിടെയാണ് ഇവ വളര്‍ച്ച മുഴുമിപ്പിക്കുന്നത്. തീരത്തോടടുത്തുള്ള കണ്ടല്‍ പ്രദേശങ്ങളിലും ചെറുതടാകങ്ങളിലും വളര്‍ന്ന്, വളര്‍ച്ച പൂര്‍ത്തിയാകുമ്പോള്‍ ഇവ കടലിലേക്ക് നീന്തിപ്പോകുന്നു.

യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നീ രാജ്യങ്ങളില്‍ നിന്ന് ടാര്‍പ്പെനുകളുടെ 100-135 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഫോസിലുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവ ആദിമ മത്സ്യയിനങ്ങളില്‍പ്പെടുന്നതായി ഇത് സൂചന നല്‍കുന്നു. ടാര്‍പ്പെനുകളുടെ കീഴ്ത്താടിയുടെ ഇരുവശങ്ങള്‍ക്കും ഇടയിലായി തൊണ്ടയുടെ ചര്‍മ്മത്തില്‍ ഒരു ജോടി പ്രതല അസ്ഥികള്‍ (superficial bones) കാണപ്പെടുന്നത് ഇവയുടെ ആദിമ സ്വഭാവം വെളിവാക്കുവാനുപകരിക്കുന്നു. ആദിമ മത്സ്യ ഇനങ്ങളിലായിരുന്നു ഇത്തരം ഗളാസ്ഥികള്‍ കാണപ്പെട്ടിരുന്നത്.

അത്ലാന്റിക് ടാര്‍പ്പെനുകള്‍ വിലയേറിയ ഭക്ഷ്യ മത്സ്യമാണ്. ചൂണ്ടയില്‍ കിടന്നുള്ള ഇവയുടെ കുതിച്ചുചാട്ടം കൗതുകകരമായ കാഴ്ചയാണ് എന്നതിനാല്‍ വിനോദത്തിനു വേണ്ടിയും ഇവയെ ചൂണ്ടയിട്ടു പിടിക്കാറുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍