This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടറന്റുല
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ടറന്റുല
Tarantula
ഒരിനം വലിയ ചിലന്തി. അരാക്നിഡ വര്‍ഗത്തിലെ അരാനെയ്ഡ ഗോത്രത്തില്‍പ്പെട്ട തെറാഫോസിഡേ കുടുംബത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. പട്ടുപോലെ മൃദുവായ ശരീരാവരണവും നീളമേറിയ കാലുകളും ഇവയുടെ പ്രത്യേകതകളാണ്. ഉഷ്ണമേഖലാ-ഉപോഷ്ണമേഖലാ പ്രദേശങ്ങളിലാണ് മിക്ക സ്പീഷീസും കാണപ്പെടുന്നതെങ്കിലും അപൂര്‍വമായി തണുപ്പേറിയ പ്രദേശങ്ങളിലും കണ്ടുവരുന്നുണ്ട്. ലോകത്തിലെമ്പാടുമായി മുപ്പതിലേറെ സ്പീഷീസിനെ കണ്ടെത്തിയിട്ടുണ്ട്. ലൈക്കോസ ടറന്റുല (Lycosa tarantula) ആണ് കൂടുതലായി കാണപ്പെടുന്നയിനം. മരുഭൂമികളില്‍ അഫോനോപെല്മ ഇനത്തില്‍പ്പെട്ട ടറന്റുലകളാണുള്ളത്. ക്റ്റിനിസിഡേ (Ctenizidae), ഡിപ്ലൂറിഡേ (Dipluridae), ആറ്റിപ്പിഡേ (Atipidae) എന്നീ കുടുംബങ്ങളില്‍പ്പെടുന്ന ചിലന്തിയിനങ്ങളും ടറന്റുലയുടെ അടുത്ത ബന്ധുക്കളാണ്.
ടറന്റുലയുടെ വിവിധ സ്പീഷീസ് വലുപ്പത്തില്‍ വ്യത്യസ്തത പുലര്‍ത്തുന്നു. അമേരിക്കയില്‍ കാണപ്പെടുന്ന ഇനത്തിന് 3 മുതല്‍ 7 സെ. മീ. വരെ മാത്രമേ നീളമുള്ളു. പക്ഷേ ഇവയുടെ കാലുകള്‍ക്ക് 13 സെ. മീ. വരെ നീളമുണ്ടാവും. എന്നാല്‍ 10 സെ. മീ. വരെ ശരീരനീളവും 25 സെ. മീ. വരെ കാലുകള്‍ക്കു നീളവുമുള്ള വലിയ സ്പീഷീസ് തെ. അമേരിക്കയില്‍ കാണപ്പെടുന്നുണ്ട്.
ടറന്റുലകളുടെ എല്ലാ സ്പീഷീസിലും വിഷഗ്രന്ഥികള്‍ കാണപ്പെടുന്നു. ഈ ഗ്രന്ഥികളില്‍ നിന്നുള്ള സൂക്ഷ്മനാളികള്‍ പാദങ്ങളുടെ അഗ്രം വരെ എത്തിച്ചേരുന്നു. ഇരയെ മയക്കാനാണ് ഇവ വിഷം കുത്തിവയ്ക്കുന്നത്. മറ്റു ചിലന്തിയിനങ്ങളെപ്പോലെ വല കെട്ടിയല്ല ടറന്റുല ഇരയെ പിടിക്കുന്നത്. ഇരയെ ഓടിച്ചിട്ടുപിടിക്കുന്ന രീതിയാണ് ഇവയ്ക്കുള്ളത്. ടറന്റുല മാംസഭുക്കാണ്. ഇരയുടെ ശരീരദ്രാവകത്തെ ഇവ വലിച്ചുകുടിക്കുന്നു. ചെറിയ അകശേരുകികള്‍, പല്ലികള്‍, പാമ്പുകള്‍, തവളകള്‍, എലികള്‍ എന്നിവയെ ഒക്കെ ഇവ ഇരയാക്കാറുണ്ട്. പക്ഷേ ഇവ മനുഷ്യരെ ഉപദ്രവിക്കാറില്ല.
ആഗ. മുതല്‍ ഒ. വരെയാണ് ടറന്റുലകളുടെ പ്രജനനകാലം. തുടര്‍ന്ന് വേനല്‍ക്കാലം എത്തുമ്പോള്‍ പെണ്ടറന്റുല ഒരു കൊക്കൂണ്‍ നിര്‍മിക്കുകയും അതിനുള്ളില്‍ ആയിരത്തിലേറെ മുട്ടകള്‍ നിക്ഷേപിക്കുകയും ചെയ്യുന്നു. ആറാഴ്ച്ചകൊണ്ടു മുട്ടകള്‍ വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തുവരും. വര്‍ഷത്തില്‍ നാലുപ്രാവശ്യം എന്ന കണക്കിന് ആദ്യത്തെ രണ്ടുവര്‍ഷം ഇവ പടംപൊഴിക്കും. തുടര്‍ന്നുള്ള നാലുവര്ഷങ്ങളില് വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം വീതം ഈ ശരീരാവരണമാറ്റല് പ്രക്രിയ ആവര്‍ത്തിക്കുന്നു. നഷ്ടപ്പെടുന്ന ഉപാംഗങ്ങളെ പുനരുദ്ഭവിപ്പിക്കാനുള്ള കഴിവും ഇവയ്ക്കുണ്ട്.
മറ്റു ചിലന്തിയിനങ്ങളെ അപേക്ഷിച്ച് ടറന്റുലകള്ക്ക് ആയുര്‍ ദൈര്‍ഘ്യം കൂടുതലാണ്. പെണ്ടറന്റുലകളാണ് കൂടുതല്‍ കാലം ജീവിച്ചിരിക്കാറുള്ളത്. 20 വര്‍ഷം വരെ ഇവയ്ക്ക് ആയുര്ദൈര്ഘ്യമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിരൂക്ഷമായ കാലാവസ്ഥാവ്യതിയാനങ്ങളെ അതിജീവിക്കാനും ഇവയ്ക്ക് പ്രത്യേക കഴിവുണ്ട്.
(ഡോ. ആറന്മുള ഹരിഹരപുത്രന്‍)