This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഝാന്‍സി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഝാന്‍സി

Jhansi

ഉത്തര്‍പ്രദേശിലെ ഒരു പട്ടണം. കാണ്‍പൂരിന് 208 കി.മീ. തെ. പടിഞ്ഞാറായുള്ള ഈ പട്ടണം ആഗ്രയില്‍ നിന്ന് 210 കി.മീ. തെ. മാറി സ്ഥിതി ചെയ്യുന്നു. ഒരു കോട്ടയും അതിനുചുറ്റുമായി കാണുന്ന മതിലുമാണ് ഈ പട്ടണത്തിലെ പ്രധാന ശ്രദ്ധാകേന്ദ്രം. ഝാന്‍സി കോട്ട എന്നു പേരുള്ള ഇത് 1613-ല്‍ സ്ഥാപിതമായതാണ്. ബുന്ദേല രജപുത്രരാണ് ഇതിന്റെ സ്ഥാപകര്‍. 1742-ല്‍ മറാഠകള്‍ ഝാന്‍സി പട്ടണം സ്ഥാപിച്ചപ്പോള്‍ കോട്ടയെയും ചുറ്റുമതിലിനെയും ബലപ്പെടുത്തി. അന്ന് മധ്യേന്ത്യയിലുണ്ടായിരുന്ന കോട്ടകളില്‍ ഏറെ ശക്തമായ ഒന്നായിരുന്നു ഇത്. ഝാന്‍സിയിലെ ഭരണാധികാരി 1853-ല്‍ മരിച്ചപ്പോള്‍ അവിടെ അനന്തരാവകാശികള്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഈ പ്രദേശത്തിന്റെ ഭരണം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഏറ്റെടുത്തു. ഝാന്‍സി രാജാവിന്റെ വിധവയായ റാണി ലക്ഷ്മീഭായി 1857-ലെ ഒന്നാം സ്വാതന്ത്യ്രസമരത്തില്‍ പങ്കെടുത്തു. സ്ത്രീകളും കുട്ടികളുമടക്കം ധാരാളം പേര്‍ ഈ സമരത്തില്‍ കൊല്ലപ്പെട്ടു. അതിസമര്‍ഥയായ പോരാളിയായിരുന്നെങ്കിലും ബ്രിട്ടീഷുകാര്‍ക്കെതിരെ ഏറെനാള്‍ പിടിച്ചുനില്ക്കാന്‍ റാണിക്കായില്ല. അടുത്ത വര്‍ഷം തന്നെ ബ്രിട്ടീഷുകാര്‍ പട്ടണവും കോട്ടയും കീഴടക്കി. പോര്‍ക്കളത്തില്‍ വീരമൃത്യു പ്രാപിച്ച ഝാന്‍സിറാണി ഇന്നും ഇന്ത്യക്കാരുടെ ആരാധനാപാത്രമാണ്.

ഗ്വാളിയറിന് 95 കി.മീ. തെ. കിഴക്കായുള്ള ഈ പട്ടണത്തിന്റെ സമ്പദ്ഘടന കാര്‍ഷിക-വ്യാവസായികോത്പന്നങ്ങള്‍, സ്റ്റീല്‍ ഉത്പാദനം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ഒരു പ്രധാന റെയില്‍ ജങ്ഷന്‍ കൂടിയാണ് ഝാന്‍സി പട്ടണം. റെയില്‍-റോഡ് വര്‍ക്കുഷോപ്പുകള്‍, സ്റ്റീല്‍-ഇരുമ്പ് റോളിങ് മില്ലുകള്‍ തുടങ്ങിയ ചെറുകിട വ്യാവസായിക സ്ഥാപനങ്ങള്‍ ഏറെയുള്ള ഈ പട്ടണത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അനേകമുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9D%E0%B4%BE%E0%B4%A8%E0%B5%8D%E2%80%8D%E0%B4%B8%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍