This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ജൂ ദു (1886 - 1976)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ജൂ ദു (1886 - 1976)
Chu-Teh
ചൈനീസ് സൈനിക-രാഷ്ട്രതന്ത്രജ്ഞന്‍. ആധുനിക പൂര്‍വേഷ്യന്‍ ചരിത്രത്തിലെ ഒരു സവിശേഷ സൈനികവ്യക്തിത്വത്തിനു ടമയായിരുന്ന ജൂ ദു ചീനാ ചെമ്പടയുടെ 'പിതാവ്' എന്നാണറിയപ്പെടുന്നത്.
1886-ല്‍ സെച്വാന്‍ പ്രവിശ്യയില്‍ ജനിച്ച ജൂ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 1909-ല്‍ യൂനാന്‍ സൈനിക അക്കാദമിയില്‍ ചേര്‍ന്നു ബിരുദമെടുത്തു (1911). 'സണ്‍യാറ്റ്-സെന്‍ വിപ്ലവ'ത്തില്‍ പങ്കെടുത്ത ജൂ 1916 ആയപ്പോഴേക്കും ബ്രിഗേഡിയര്‍ ജനറല്‍ ആയെങ്കിലും താമസംവിനാ 'കറുപ്പുതീറ്റ'യ്ക്ക് അടിമയായിത്തീര്‍ന്നു. 1922-ഓടെ ഇതില്‍ നിന്നു മോചനം നേടി ജൂ ദു ജര്‍മനിയിലെ ഗട്ടിങന്‍ യൂണിവേഴ്സിറ്റിയില്‍ രാഷ്ട്രമീമാംസ പഠിക്കുന്നതിനായി ചൈന വിട്ടു. എന്നാല്‍ രഹസ്യമായി തുടര്‍ന്നുപോന്ന കമ്യൂണിസ്റ്റു പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കിയ അധികൃതര്‍ ഇദ്ദേഹത്തെ പുറത്താക്കുകയാണു ചെയ്തത് (1926). 1920-കളുടെ അവസാനത്തില്‍ ചെമ്പടയിലെ ഉന്നത പദവികളിലെത്തിച്ചേര്‍ന്ന ജൂ 1930-ല്‍ കമാന്‍ഡര്‍-ഇന്‍-ചീഫായി. 1954 വരെ ഇദ്ദേഹം ഈ പദവിയില്‍ തുടരുകയും ചെയ്തു.
സുപ്രസിദ്ധമായ ലോങ് മാര്‍ച്ചിന്റെ (1934-36) മിക്കവാറും എല്ലാ ഘട്ടങ്ങളിലും മാവോ ദ് സേ-ദുങിനോടൊപ്പം പങ്കെടുത്തിരുന്നു. ജപ്പാനെതിരെ നടന്ന യുദ്ധത്തിലും തുടര്‍ന്നുവന്ന ദേശീയ സൈന്യത്തിനെതിരെ നടന്ന യുദ്ധത്തിലും ജൂ ആയിരുന്നു സേനയുടെ കമാന്‍ഡര്‍. 1949-ല്‍ നിലവില്‍ വന്ന പുതിയ ഗവണ്‍മെന്റില്‍ മാവോ ചെയര്‍മാനായുള്ള മൂന്നു പ്രമുഖ സമിതികളുടെ ഉപാധ്യക്ഷ പദവി ജൂവിനായിരുന്നു. അമ്പതുകളിലും അറുപതുകളിലും ചൈനീസ് ഭരണരംഗത്ത് അതിപ്രധാനമായ പങ്കാണ് ജൂ വഹിച്ചത്.
എന്നാല്‍ എഴുപതുകളുടെ തുടക്കത്തോടെ ജൂവിന്റെ പദവികളില്‍ പലതും ഔപചാരികം മാത്രമായി മാറി. 1966-69-ല്‍ അരങ്ങേറിയ സാംസ്കാരിക വിപ്ലവകാലത്ത് ലിയൂഷാവോ-ചിയെ പിന്താങ്ങി എന്നു വിശ്വസിക്കപ്പെട്ട ജൂവിന്റെ വീട് റെഡ്ഗാര്‍ഡുകള്‍ ആക്രമിക്കുകയും 'പാര്‍ട്ടിയില്‍ നുഴഞ്ഞുകയറിയ യുദ്ധക്കൊതിയനും ദുരാഗ്രഹിയും' എന്ന് ഇദ്ദേഹത്തെ മുദ്രകുത്തുകയും ചെയ്തു. പോളിറ്റ് ബ്യൂറോ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ നിന്ന് 1969-ല്‍ പുറത്താക്കപ്പെട്ട ജൂവിനെ 1971-ല്‍ അവിടെ പുനഃപ്രതിഷ്ഠിക്കുകയും ശിഷ്ടകാലം രാജ്യത്തെ ഏറ്റവും ബഹുമാന്യവ്യക്തികളില്‍ ഒരാളായി ആദരിക്കുകയും ചെയ്തു. 1976-ല്‍ 90-ാമത്തെ വയസ്സില്‍ ജൂ നിര്യാതനായി.