This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജൂള്‍, ജെയിംസ് പ്രെസ്കോട്ട് (1818 - 89)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജൂള്‍, ജെയിംസ് പ്രെസ്കോട്ട് (1818 - 89)

Joule, James Prescott

ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞന്‍. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിനടുത്തുള്ള സാല്‍ഫോര്‍ഡില്‍ 1818 ഡി. 24-ന് ബഞ്ചമിന്റെയും ആലീസ് പ്രെസ്കോട്ട് ജൂളിന്റെയും അഞ്ചു മക്കളില്‍ മൂന്നാമനായി ജനിച്ചു. അക്കാലത്തെ പ്രസിദ്ധ രസതന്ത്രജ്ഞനായ ജോണ്‍ ഡാള്‍ട്ടന്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ ട്യൂട്ടര്‍മാരുടെ കീഴില്‍ വീട്ടില്‍ വച്ചുതന്നെ പ്രാഥമിക വിദ്യാഭ്യാസം നടത്തി. ഔപചാരിക വിദ്യാഭ്യാസത്തിനോ അക്കാദമിക പദവികള്‍ക്കോ ശ്രമിക്കാതെ സ്വന്തമായി നിര്‍മിച്ച പരീക്ഷണശായില്‍ 19-ാം വയസ്സില്‍ ഗവേഷണമാരംഭിച്ചു.

വൈദ്യുതധാര വഴിയുണ്ടാകുന്ന താപ പരിമാണം അളക്കുന്നതിലായിരുന്നു ജൂളിന്റെ ആദ്യ ഗവേഷണം. താപത്തെയും വൈദ്യുതോര്‍ജത്തെയും ബന്ധപ്പെടുത്തിക്കൊണ്ടുള്ള ജൂള്‍നിയമം 1840-ല്‍ റോയല്‍ സൊസൈറ്റി മുമ്പാകെ അവതരിപ്പിച്ച് ഇദ്ദേഹം അംഗീകാരം നേടി. പിന്നീട് വര്‍ഷങ്ങളോളം ഒരു ശാസ്ത്രഗവേഷണ പരമ്പരതന്നെ നടത്തി. യാന്ത്രികോര്‍ജവും താപവും പരസ്പരം രൂപാന്തരപ്പെടുത്താമെന്നുള്ള ഇദ്ദേഹത്തിന്റെ കണ്ടുപിടിത്തം (1849) ഊര്‍ജത്തെക്കുറിച്ചുള്ള ആധുനികാശയങ്ങള്‍ക്ക് അടിത്തറ പാകി. വാതകഗതികത്തില്‍ വാതക തന്മാത്രകളുടെ വേഗത നിര്‍ണയിക്കാന്‍ ജൂളിനു കഴിഞ്ഞു. 1850-ല്‍ റോയല്‍ സൊസൈറ്റിയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. പ്രസിദ്ധ ശാസ്ത്രജ്ഞനായ വില്യം തോംസനു(ലോഡ് കെല്‍വിന്‍)മൊത്ത് താപഗതികത്തില്‍ പരീക്ഷണങ്ങള്‍ നടത്തി ജൂള്‍-തോംസന്‍ പ്രഭാവം കണ്ടുപിടിച്ചു (1862).


1837-47 കാലഘട്ടത്തില്‍ ശാസ്ത്രഗവേഷണരംഗത്ത് ജൂളിന്റെ സൃഷ്ടിപരത തെളിഞ്ഞുനിന്നെങ്കിലും പില്ക്കാലത്ത് ആ രംഗത്ത് പ്രതീക്ഷിച്ചത്ര നേട്ടങ്ങള്‍ കൈവരിക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞില്ല. 1847-ല്‍ വിവാഹിതനായ ഇദ്ദേഹം 53-ല്‍ വിഭാര്യനായി. ഭാര്യയുടെയും കുട്ടിയുടെയും മരണത്തോടെ ജൂള്‍ ഏകാന്തവാസിയായി മാറി. 1872 മുതല്‍ ആരോഗ്യം ക്ഷയിച്ചുവന്ന ഇദ്ദേഹം നീണ്ടുനിന്ന രോഗത്തിനുശേഷം 1889 ഒ. 11-ന് ഇംഗ്ലണ്ടിലെ ചെഷയറിലുള്ള സെയ്ലില്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍