This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ജൂതമതം (യഹൂദമതം)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഉള്ളടക്കം |
ജൂതമതം (യഹൂദമതം)
ഏകദൈവവിശ്വാസത്തില്‍ അധിഷ്ഠിതമായ ഒരു പുരാതന മതം. ക്രിസ്തു മതത്തിന്റെയും ഇസ്ലാം മതത്തിന്റെയും പൈതൃകം ഈ മതത്തിന് അവകാശപ്പെടാവുന്നതാണ്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും യഹൂദരു (ജൂതമത വിശ്വാസികള്‍)ണ്ടെങ്കിലും യഹൂദ രാഷ്ട്രമായി അറിയപ്പെടുന്നത് ഇസ്രയേല്‍ മാത്രമാണ്.
ചരിത്രം
മെസൊപ്പൊട്ടേമിയ (ഇപ്പോഴത്തെ ഇറാഖ്)യില്‍ നിലനിന്നിരുന്ന വിഗ്രഹാരാധനയോടുള്ള അബ്രഹാമിന്റെ പ്രതിഷേധത്തില്‍ നിന്നുമാണ് ജൂതമതത്തിന്റെ ആവിര്‍ഭാവം. അബ്രഹാമിനെ യഹോവയായ ദൈവം കനാന്‍ (ഇപ്പോഴത്തെ ഇസ്രയേല്‍) ദേശത്തേക്കു വിളിച്ചുകൊണ്ടുപോയി എന്നും അബ്രഹാമിന്റെ പിന്‍ഗാമികള്‍ക്ക് സമ്പത്സമൃദ്ധവും ഐശ്വര്യപൂര്‍ണവുമായ ഒരു രാജ്യം വാഗ്ദാനം ചെയ്തു എന്നുമാണ് യഹൂദവിശ്വാസം. കനാനില്‍ രൂക്ഷമായ ക്ഷാമം ഉണ്ടായപ്പോള്‍ അബ്രഹാമിന്റെ പൌത്രനായ യാക്കോബ് തന്റെ പന്ത്രണ്ടു മക്കളില്‍ ഒരുവന്‍ മന്ത്രിയായിരിക്കുന്ന ഈജിപ്തിലേക്ക് മറ്റു പതിനൊന്നു മക്കളുമായി പോയി. പില്ക്കാലത്ത് അവിടെ ഇവര്‍ ഫറോവമാരാല്‍ അടിമകളാക്കപ്പെട്ടു.
അബ്രഹാമിന്റെ പിന്‍ഗാമികളെ അടിമത്തത്തില്‍ നിന്നും മോചിപ്പിച്ച് വാഗ്ദത്ത ഭൂമിയിലേക്കു നയിച്ചത് മോശെയാണ്. ഈ യാത്ര നാല്പതുവര്‍ഷം നീണ്ടുനിന്നു. സീനായ് പര്‍വത (Mount Sinai)ത്തില്‍ വച്ച് യഹോവ അവിടത്തെ ജ്വലിക്കുന്ന തൃക്കരങ്ങള്‍കൊണ്ടു രണ്ടു ശിലാഖണ്ഡങ്ങളില്‍ 'പത്തു കല്പനകള്‍' (Ten Commandments) എഴുതി മോശെയ്ക്കു നല്കി. സീനായ് പര്‍വതത്തില്‍ വച്ച് മോശെയ്ക്കു ലഭിച്ച ദിവ്യജ്ഞാനമാണ് 'തോറ' (Torah). ഹീബ്രു ബൈബിളിന്റെ ആദ്യത്തെ അഞ്ചു പുസ്തകങ്ങളില്‍ ഇത് ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. 'തോറ' എന്ന വാക്കിന് നിയമം അഥവാ നിര്‍ദേശം എന്നാണ് അര്‍ഥം. മോശെയുടെ അനുയായികള്‍ പാലിക്കേണ്ട സാമൂഹ്യവും മതപരവും ആയ നിയമങ്ങള്‍ 'തോറ'യില്‍ ക്രോഡീകരിച്ചിരിക്കുന്നു.
ലിഖിതനിയമങ്ങള്‍ എങ്ങനെ വ്യാഖ്യാനിക്കണം എന്നതിനെക്കുറിച്ചുള്ള അലിഖിതനിയമങ്ങളും മോശെയ്ക്കു വെളിപാടിലൂടെ ലഭിച്ചു. ഈ നിയമങ്ങള്‍ 'മിശ്നാ' (Mishna) എന്ന പേരില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഇതിലെ ആറു വിഭാഗങ്ങളില്‍ കാര്‍ഷികനിയമം, ശബതും ഉത്സവങ്ങളും സംബന്ധിച്ച നിയമം, കുടുംബനിയമം, നഷ്ടപരിഹാര നിയമം, പരിശുദ്ധിയെ സംബന്ധിച്ച നിയമം എന്നിവ ഉള്‍പ്പെടുന്നു. ഇതിനെ സംബന്ധിച്ച് റബ്ബി (ജൂത ഗുരു)കള്‍ തമ്മില്‍ നടന്ന സംവാദങ്ങള്‍ ക്രോഡീകരിച്ചിരിക്കുന്ന ഗ്രന്ഥമാണ് ഗെമാറ (Gemara) യഹൂദരുടെ മറ്റൊരു വിശുദ്ധഗ്രന്ഥമായ തല്‍മൂദ് (Talmud) മിശ്നായിലെയും ഗെമാറയിലെയും ഉള്ളടക്കങ്ങളും അതിനുശേഷമുണ്ടായ വ്യാഖ്യാനങ്ങളും പരിചിന്തനങ്ങളും അടങ്ങിയതാണ്.
ഇസ്രയേല്‍ രാജ്യത്തിന്റെ ആദ്യത്തെ രാജാവ് ശൗല്‍ (Saul) ആയിരുന്നു. ദാവീദ് രാജാവിന്റെ ഭരണകാലത്ത് ജറൂസലേം ആയിരുന്നു ഇസ്രയേലിന്റെ തലസ്ഥാനം. ദാവീദിനുശേഷം ഭരണം ഏറ്റെടുത്ത ശലോമോന്‍ രാജാവാണ് (King Solomon) ജറൂസലേമില്‍ ദേവാലയം പണികഴിപ്പിച്ചത്. ബി.സി. 586-ല്‍ ബാബിലോണിയന്‍ രാജാവായ നെബുഖദ്നെസര്‍ ഈ ദേവാലയം തകര്‍ത്തതോടുകൂടി യഹൂദരുടെ വികിരണം ആരംഭിച്ചു. ജറൂസലേമിലെ ക്ഷേത്രം ബി.സി. 517-ല്‍ പുനര്‍നിര്‍മാണം നടത്തിയെങ്കിലും അതു വീണ്ടും റോമാക്കാരാല്‍ തകര്‍ക്കപ്പെട്ടു.
രണ്ടാം ലോകയുദ്ധകാലത്ത് ജര്‍മനിയിലെ നാസികള്‍ യഹൂദരെ തിരഞ്ഞുപിടിച്ച് പീഡിപ്പിക്കുകയും വമ്പിച്ച തോതില്‍ വംശനാശം വരുത്തുകയും ചെയ്തു. വംശരക്ഷയ്ക്കു വേണ്ടി തങ്ങളുടേതായ പുരാതന മണ്ണില്‍ പരിപൂര്‍ണ അധികാരത്തോടുകൂടിയ ഒരു സയണിസ്റ്റ് (Zionist) രാഷ്ട്രം രൂപവത്കരിക്കേണ്ടതാണെന്ന ബോധം യഹൂദര്‍ക്കിടയില്‍ ശക്തിപ്പെട്ടു. തത്ഫലമായി 1948-ല്‍ ആധുനിക ഇസ്രയേല്‍ രാഷ്ട്രം സ്ഥാപിതമായി.
വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും
ലോകത്തിന്റെ സ്രഷ്ടാവും രക്ഷകനുമായ യഹോവയുമായി പ്രത്യേക ഉടമ്പടിയുള്ളവരാണ് തങ്ങളെന്നു യഹൂദര്‍ വിശ്വസിക്കുന്നു. ദൈവിക കല്പനകള്‍ അക്ഷരംപ്രതി അനുസരിക്കുക വഴി ഇവര്‍ ദേവപ്രീതിക്കു പാത്രമാകുന്നു.
ഇരുപത്തിയൊന്‍പതോ മുപ്പതോ ദിവസങ്ങളുള്ള പന്ത്രണ്ടു ചാന്ദ്രമാസങ്ങളടങ്ങുന്നതാണ് ഒരു ജൂതവര്‍ഷം. നിസാന്‍ (Nisan.-ഏ.), ഇയ്യാര്‍ (Iyyar-ഏ.-മേയ്), സിവാന്‍ (Sivan-മേയ്-ജൂണ്‍), താമുസ് (Tammuz-ജൂണ്‍-ജൂല), അവ് (Av-ജൂല.-ആഗ.), എല്ലുള്‍ (Ellul-ആഗ.-സെപ്.), തിശ്റി (Tisri-സെപ്.-ഒ.), ചെശ്വാന്‍ (Cheshvan-ഒ.-നവ.), കിസ്ലെവ് (Kislev-ന.-ഡി.), തെവറ്റ് ( Tevet -ഡി.-ജനു.), ശെവറ്റ് (Shevat-ജനു.-ഫെ.), അടര്‍ (Adar-ഫെ.-മാ.) എന്നിവയാണ് ജൂതമാസങ്ങള്‍.
ജൂതവാരം ഞായറാഴ്ചയും ജൂതദിവസം സൂര്യാസ്തമയത്തോടുകൂടിയുമാണ് ആരംഭിക്കുന്നത്. വെള്ളിയാഴ്ച സന്ധ്യമുതല്‍ ശനിയാഴ്ച രാത്രിവരെ യഹൂദര്‍ ശബത് (Sabbat) ആചരിക്കുന്നു. ശബത് വിശ്രമദിവസമാണ്. സൃഷ്ടികര്‍മത്തിന്റെ ഏഴാംദിവസം ദൈവം നിവൃത്തനായി എന്ന വിശ്വാസമാണ് ശബത് ആചരണത്തിന് അടിസ്ഥാനം. ശബത് ദിവസം എഴുതുക, പാചകം ചെയ്യുക, തീ കൊളുത്തുക, ഒരു നിശ്ചിത ദൂരത്തിലധികം യാത്ര ചെയ്യുക മുതലായ പ്രവൃത്തികള്‍ നിഷിദ്ധമാണ്.
ദൈനംദിന ജീവിതത്തിന്റെ എല്ലാ വശങ്ങള്‍ക്കും ജൂതനിയമങ്ങള്‍ ബാധകമാണ്. ചില പ്രത്യേകതരം ഭക്ഷണങ്ങള്‍ യഹൂദര്‍ക്ക് വിലക്കപ്പെട്ടിരുന്നു. ചില ജന്തുക്കളുടെ മാംസവും ചില മത്സ്യങ്ങളും ഇതില്‍പ്പെടുന്നു.
ജനിച്ചതിന്റെ എട്ടാം ദിവസം യഹൂദബാലന്മാരുടെ പരിച്ഛേദനകര്‍മം നിര്‍വഹിക്കുന്നു. ദൈവവും യഹൂദരും തമ്മിലുള്ള പ്രത്യേക ഉടമ്പടിയുടെ ചിഹ്നമാണ് ഈ കര്‍മം എന്നു തോറയില്‍ പറയുന്നു. പ്രത്യേക പരിശീലനം സിദ്ധിച്ച ഒരു മൊഹല്‍ (Mohel) ആണ് പരിച്ഛേദന കര്‍മം നിര്‍വഹിക്കുന്നത്. പെണ്‍കുട്ടികളുടെ നാമകരണം സിനഗോഗില്‍ (ജൂത ആരാധനാലയം) വച്ച് പിതാവു തന്നെ നടത്തുന്നു. പതിമൂന്നു വയസ്സാകുന്ന ഒരു യഹൂദബാലന്‍ 'ബാര്‍ മിറ്റ്സ്വ' (bar mitzvah) ആകുന്നു ('ബാര്‍മിറ്റ്സ്വ' എന്ന ഹീബ്രു വാക്കിന്റെ അര്‍ഥം 'കല്പനയുടെ പുത്രന്‍' എന്നാണ്). ഇതോടെ ഇയാള്‍ മുതിര്‍ന്ന ഒരു വ്യക്തിയായി കണക്കാക്കപ്പെടുന്നു. ആരാധനാ ക്രമങ്ങളില്‍ സജീവമായി പങ്കെടുക്കുവാനും തോറ വായിക്കുവാനുമുള്ള അവകാശം ബാര്‍ മിറ്റ്സ്വയ്ക്കു ലഭിക്കുന്നു.
സിനഗോഗില്‍ വച്ചോ മുറ്റത്തു വച്ചോ ചുപ്പാ (chuppah)എന്ന പേരില്‍ അറിയപ്പെടുന്ന ഒരു മേല്ക്കട്ടിക്കു കീഴിലാണ് സാധാരണയായി യഹൂദ വിവാഹങ്ങള്‍ നടക്കുന്നത്. വരന്‍ വധുവിന്റെ വിരലില്‍ മോതിരമണിയിച്ചു കഴിഞ്ഞാല്‍ കെതുബാ (Ketubah) എന്നു പേരുള്ള കല്യാണ ഉടമ്പടി വായിക്കുന്നു. ഇതിനുശേഷം സപ്താശീര്‍വാദങ്ങള്‍ ഉരുവിടുന്നു. ജറുസലേമിലെ ദേവാലയം തകര്‍ക്കപ്പെട്ടതിന്റെ ഓര്‍മയ്ക്കായി വിവാഹകര്‍മങ്ങളുടെ അന്ത്യത്തില്‍ വരന്‍ ഒരു ഗ്ലാസ് ചവിട്ടിപ്പൊട്ടിക്കുന്നു. യാഥാസ്ഥിതിക യഹൂദര്‍ക്കിടയില്‍ വിവാഹാഘോഷങ്ങള്‍ ഒരാഴ്ച നീണ്ടുനില്ക്കുന്നു.
മരണശേഷം കഴിയുന്നത്ര വേഗത്തില്‍ മൃതദേഹം പവിത്രമായ മണ്ണില്‍ കുഴിച്ചിടണമെന്ന് ജൂതനിയമം നിഷ്കര്‍ഷിക്കുന്നു. മൃതദേഹം കുളിപ്പിച്ച് സുഗന്ധലേപനങ്ങള്‍ പൂശിയതിനുശേഷം വെള്ളത്തുണിയില്‍ മൂടി തടികൊണ്ടുള്ള ശവപ്പെട്ടിയില്‍ വച്ച് അടക്കം ചെയ്യുന്നു. ശവസംസ്കാരച്ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ അവരുടെ വസ്ത്രങ്ങള്‍ കീറുന്നു. പിന്നെ ഒരു വര്‍ഷത്തേക്ക് സ്ഥിരമായി കാദിഷ് (Kaddish) പ്രാര്‍ഥന വായിക്കുന്നു. ഓരോ ചരമവാര്‍ഷികത്തിനും കാദിഷ് വായിക്കുന്നു.
ജറൂസലേമിലെ ദേവാലയം തകര്‍ക്കപ്പെട്ടതിനുശേഷം താത്കാലിക ആരാധനാലയങ്ങളായാണ് സിനഗോഗുകള്‍ നിര്‍മിക്കപ്പെട്ടത്. ഏതാണ്ട് എല്ലാ സിനഗോഗുകളിലും പുരാതന ജൂതമതമുദ്രകളായ ദാവീദിന്റെ നക്ഷത്ര (Star of David)വും മെനൊറ (Menorah)എന്ന ഏഴു ശിഖരങ്ങളുള്ള വിളക്കുമുണ്ട്. പത്തു കല്പനകളുടെ രണ്ടു ഫലകങ്ങള്‍, തോറ ലിഖിതങ്ങള്‍ വച്ചിരിക്കുന്ന ഒരു പെട്ടകം എന്നിവ സൂക്ഷിച്ചിട്ടുണ്ട്. പെട്ടകത്തിനു മുകളില്‍ ദൈവത്തിന്റെ ശാശ്വത സാന്നിധ്യത്തിന്റെ പ്രതീകമായി ഒരു വിളക്കും കൊളുത്തിവച്ചിരിക്കും.
വൈകുന്നേരവും രാവിലെയും ഉച്ചയ്ക്കും ആരാധന നടത്തി വരുന്നു. എല്ലാ ആരാധനയിലും ജറുസലേമിനു നേര്‍ക്ക് നോക്കിക്കൊണ്ട് ഒരു മൗനപ്രാര്‍ഥന നിര്‍ബന്ധമാണ്. രാവിലത്തെയും വൈകുന്നേരത്തെയും പ്രാര്‍ഥനകളില്‍ യഹൂദവിശ്വാസത്തിന്റെ കേന്ദ്രബിന്ദുവായ 'ശെമ' (shema) പ്രാര്‍ഥന ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഔപചാരികമായി ആരാധന നടത്തുന്നതിന് സിനഗോഗില്‍ കുറഞ്ഞത് പത്തു വിശ്വാസികളെങ്കിലും ഉണ്ടായിരിക്കണം. അല്ലാത്തപക്ഷം തോറ വായിക്കുവാനും ചില പ്രാര്‍ഥനകള്‍ ഉരുവിടുവാനും സാധിക്കുകയില്ല. റബ്ബിക്കു മാത്രമല്ല കൂട്ടത്തില്‍ പ്രായപൂര്‍ത്തിയായ പുരുഷന്മാരില്‍ ആര്‍ക്കുവേണമെങ്കിലും തോറ വായിക്കുവാനും പ്രാര്‍ഥനകള്‍ ചൊല്ലുവാനും അധികാരമുണ്ട്.
പ്രധാന ഉത്സവങ്ങള്‍
പെസഹ, പെന്തക്കോസ്ത്, അവിലെ ഉപവാസം (Fast of Av), റോശ് ഹശാനാ (Rosh Hashana ), യോം കിപ്പുര്‍ (Yom kippur), കൂടാരപ്പെരുന്നാള്‍, സിംചത്ത് തോറ (Simchat torah), ചനുക്ക അഥവാ ഹനുക്ക (Chanukah or Hanukkah), പുരിം (Purim), യോംഹാത്സമൌത്ത് (Yom Ha'at zema'ut), യോം ഹാഷോഹ (Yom Hashoah) എന്നിവയാണ് പ്രധാന യഹൂദ ഉത്സവങ്ങള്‍.
പെസഹ, പെന്തക്കോസ്ത് എന്നിവ കാര്‍ഷിക ഉത്സവങ്ങളായിരുന്നു. പെസഹ ബാര്‍ളി കൊയ്ത്തിന്റെ നന്ദിസൂചകമായും പെന്തക്കോസ്ത് ഗോതമ്പു കൊയ്ത്തിന്റെ നന്ദിസൂചകമായുമാണ് ആചരിച്ചിരുന്നത്. ക്രമേണ റബ്ബിമാര്‍ ഇവയെ ചരിത്രപ്രതീകങ്ങളാക്കി മാറ്റി. ഈജിപ്തില്‍ നിന്നുള്ള പലായനത്തിന്റെ ഓര്‍മയ്ക്കായി നിസാന്‍ മാസത്തിലെ പതിനഞ്ചു തൊട്ടു ഇരുപത്തിരണ്ടു വരെയുള്ള തീയതികളിലാണ് പെസഹ ആചരിക്കുന്നത്. തോറ ലഭിച്ചതിന്റെ സ്മരണയില്‍ സിവാന്‍ മാസത്തിലെ 6, 7 തീയതികളില്‍ പെന്തക്കോസ്ത് ആഘോഷിക്കുന്നു. പെസഹ മുതല്‍ 50-ാം ദിവസം എന്നതിനാലാണ് അമ്പതാമത് എന്നര്‍ഥമുള്ള പെന്തക്കോസ്ത് എന്ന പദം വന്നിരിക്കുന്നത്.
അവ് മാസത്തിലെ 9-നു യഹൂദര്‍ ഉപവാസമനുഷ്ഠിക്കുന്നു. ബി.സി. 587/586-ല്‍ നെബുഖദ്നെസറും എ.ഡി. 70-ല്‍ റോമാക്കാരും ജറുസലേം ദേവാലയം തകര്‍ത്തതിന്റെ സ്മരണയിലാണ് ഉപവാസമനുഷ്ഠിക്കുന്നത്.
തിശ്റി മാസത്തിലെ ഒന്നും രണ്ടും തീയതികളില്‍ റോശ് ഹശാനാ ആഘോഷിക്കുന്നു. യഹൂദരുടെ നവവത്സരാഘോഷമാണിത്. ലോകത്തിന്റെ ജന്മദിനമാണ് റോശ് ഹശാനയിലൂടെ തങ്ങള്‍ കൊണ്ടാടുന്നത് എന്ന് യഹൂദര്‍ വിശ്വസിക്കുന്നു.
തിശ്റി മാസത്തിലെ 10-ന് യോം കിപ്പുര്‍ (പ്രായശ്ചിത്തദിനം) ആചരിക്കുന്നു. ഈ ദിവസം യഹൂദര്‍ ഉപവാസമനുഷ്ഠിക്കുകയും ചെയ്തുപോയ പാപങ്ങള്‍ക്കു മാപ്പപേക്ഷിക്കുകയും ചെയ്യുന്നു.
തിശ്റി മാസത്തിലെ 15 മുതല്‍ 22 വരെയുള്ള തീയതികളില്‍ കൂടാരപ്പെരുന്നാള്‍ അഥവാ സുക്കോത്ത് (Sukkot) ആചരിക്കുന്നു. 40 വര്‍ഷങ്ങള്‍ മരുഭൂമിയില്‍ അലഞ്ഞതിന്റെ സ്മരണയില്‍ കൂടാരങ്ങള്‍ നിര്‍മിച്ച് അതില്‍ താമസിക്കുന്നു.
തിശ്റി മാസത്തിലെ 22, 23 തീയതികളില്‍ സിംചത്ത് തോറ ആഘോഷിക്കുന്നു. തോറ വായനയുടെ ഒരു വാര്‍ഷിക ചക്രത്തിന്റെ അവസാനവും പുതിയ ചക്രത്തിന്റെ ആരംഭവും കുറിക്കുന്നതാണ് ഈ ആഘോഷം. തോറ ലിഖിതങ്ങള്‍ സിനഗോഗിലൂടെ ഘോഷയാത്രയായി കൊണ്ടുപോകുന്നു. കുട്ടികള്‍ ഈ ആഘോഷങ്ങളില്‍ പ്രധാന പങ്കുവഹിക്കുന്നു.
കിസ്ലെവ് മാസത്തിലെ 25 മുതല്‍ തെവറ്റ് മാസത്തിലെ 3-ന് വരെ ദീപങ്ങളുടെ ഉത്സവമായ ചനുക്ക അഥവാ ഹനുക്ക കൊണ്ടാടുന്നു. ബി.സി. 165-ല്‍ ജൂദാസ് മാക്കാബിയസ് (Judas Maccabeus) ജറുസലേമിലെ ദേവാലയം പുനഃസമര്‍പ്പണം നടത്തിയതിന്റെ സ്മരണയ്ക്കായാണ് ഈ ആഘോഷം.
അടര്‍ മാസത്തിലെ 14-നു പുരിം ആചരിക്കുന്നു. പേര്‍ഷ്യയിലെ യഹൂദര്‍ സര്‍വനാശത്തില്‍ നിന്നും രക്ഷനേടിയതിന്റെ ഓര്‍മയ്ക്കായി ഈ ദിവസം എസ്ഥേറിന്റെ പുസ്തകം വായിക്കുകയും ദാനം നടത്തുകയും ചെയ്യും.
യോം ഹാത്സമൗതും യോം ഹാശോഹയും താരതമ്യേന നവീന ആചാരങ്ങളാണ്. ഇസ്രയേലിന്റെ പിറവി കൊണ്ടാടുന്ന യോം ഹാത്സമൗത് ഇയ്യാര്‍ മാസം 5-നാണ് ആഘോഷിക്കുന്നത്. നാസികള്‍ നടത്തിയ കൂട്ടക്കൊലയില്‍ ജീവന്‍ നഷ്ടപ്പെട്ട ആറുദശലക്ഷം യഹൂദരുടെ ഓര്‍മയ്ക്കായി നിസാന്‍ മാസത്തിലെ 27-ന് യോം ഹാശോഹ ആചരിക്കുന്നു.
യഹൂദ പരമ്പരകളും അവാന്തര വിഭാഗങ്ങളും
യാഥാസ്ഥിതിക യഹൂദര്‍ തോറയിലെ ദിവ്യകല്പന അക്ഷരംപ്രതി അനുസരിക്കുന്നു. റബ്ബിമാര്‍ തോറയ്ക്കു നല്കുന്ന വ്യാഖ്യാനങ്ങളും ഇവര്‍ സ്വീകരിക്കുന്നു. സാന്മാര്‍ഗിക പെരുമാറ്റത്തെപ്പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്നവയാണ് ആചാരാനുഷ്ഠാനങ്ങള്‍ എന്ന് ഇവര്‍ വിശ്വസിക്കുന്നു.
യാഥാസ്ഥിതിക യഹൂദര്‍ക്കിടയില്‍ത്തന്നെ വ്യത്യസ്ത പരമ്പരകളുള്ളതായി കാണുന്നു. ജര്‍മനിയിലും പോളണ്ടിലും ആണ് ആശ്കെനാസി (Ashkenazi) പരമ്പര വികസിച്ചത്. മെഡിറ്ററേനിയന്‍ പ്രദേശങ്ങളില്‍ പ്രത്യേകിച്ച് സ്പെയിനിലാണ് സെഫര്‍ദിക് (Sephardic) പരമ്പര വികസിച്ചത്. സ്പെയിനിലെയും പോര്‍ച്ചുഗലിലെയും സെഫര്‍ദിക് യഹൂദര്‍ 1492-ല്‍ അവിടെ നിന്ന് തുരത്തപ്പെട്ടപ്പോള്‍ വ്യത്യസ്ത രാജ്യങ്ങളില്‍ കുടിയേറിപ്പാര്‍ത്തു. കിഴക്കന്‍ യൂറോപ്പിലെ ഹസിദിക്ക് (Hassidic) വിഭാഗങ്ങള്‍ക്കും ഉത്തര ആഫ്രിക്കയിലെയും പൌരസ്ത്യ രാജ്യങ്ങളിലെയും ചില യഹൂദസമൂഹങ്ങള്‍ക്കും തനതായ ആചാരാനുഷ്ഠാനങ്ങളുണ്ട്. എന്നാല്‍ ഈ സമൂഹങ്ങളെല്ലാം തോറയിലെ ദിവ്യകല്പന മാനിക്കുന്നവരാണ്.
19-ാം ശ.-ത്തിന്റെ അന്ത്യത്തില്‍ യൂറോപ്പിലെയും അമേരിക്കയിലെയും ചില യഹൂദര്‍ യാഥാസ്ഥിതിക മുറകളില്‍ നിന്നും വ്യതിചലിക്കുവാന്‍ തുടങ്ങി. പരിഷ്കരണവാദികള്‍, മിതവാദികള്‍, പുനഃസംവിധാനവാദികള്‍ എന്നിങ്ങനെ വ്യത്യസ്ത അവാന്തര വിഭാഗങ്ങള്‍ ജൂതമതത്തില്‍ രൂപപ്പെടുവാന്‍ ഇത് കാരണമായി. തോറയുടെ ദിവ്യത്വവും റബ്ബിയുടെ പരമാധികാരവും ഇവര്‍ ചോദ്യം ചെയ്യുന്നു. മാറുന്ന സാഹചര്യങ്ങള്‍ക്കനുസൃതമായി യഹൂദ ആചാരങ്ങളും മാറണം എന്ന് ഇവര്‍ വാദിക്കുന്നു. സിനഗോഗിലെ ആരാധനയ്ക്ക് ഹീബ്രു ഭാഷയ്ക്കു പകരം പ്രാദേശിക ഭാഷ ഉപയോഗിക്കുവാന്‍ ഇവര്‍ താത്പര്യപ്പെടുന്നു.
ജൂതമതം ഇന്ത്യയില്‍
ഇന്ത്യയിലെ ഏറ്റവും വലിയ ജൂതസമൂഹം 'ബെനെ ഇസ്രയേല്‍' (Bene Israel) ആണ്. 'ബെനെ ഇസ്രയേല്‍' എന്ന ഹീബ്രു വാക്കിന്റെ അര്‍ഥം 'ഇസ്രയേലിന്റെ മക്കള്‍' എന്നാണ്. കൊങ്കണ്‍ തീരത്തുണ്ടായ ഒരു കപ്പല്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ട ഏഴു യഹൂദദമ്പതിമാരുടെ പിന്‍ഗാമികളാണ് ഇവര്‍ എന്നാണ് വിശ്വാസം. മുംബൈയില്‍ നിന്നും 42 കി.മീ. തെക്കു സ്ഥിതിചെയ്യുന്ന നാവഗാന്‍ (Nawgaon) ഗ്രാമത്തിലാണ് ഇവര്‍ താമസമാക്കിയത്. മറ്റു യഹൂദരുമായി യാതൊരു സമ്പര്‍ക്കവും പുലര്‍ത്താതിരുന്നതിനാല്‍ ഇവര്‍ യഹൂദഭാഷയും ആചാരങ്ങളും ക്രമേണ മറന്നു. എന്നാല്‍ പരിച്ഛേദന കര്‍മം, ഭക്ഷണക്രമ നിയമങ്ങള്‍, ശബദ്, ശെമ പ്രാര്‍ഥന എന്നിവ ഇവര്‍ കൈവിട്ടില്ല. ഇവര്‍ക്കു വീണ്ടും ജൂതമതത്തെക്കുറിച്ച് വിജ്ഞാനം നല്കിയത് ഇസക്കിയല്‍ ഡേവിഡ് റഹാബി (1694-1771) ആണ്. ഇദ്ദേഹം ഇവരെ ഹീബ്രുഭാഷയും പ്രാര്‍ഥനകളും അഭ്യസിപ്പിച്ചു. ഇവരുടെ മതപരമായ വിജ്ഞാനം വര്‍ധിപ്പിക്കുവാനും മതപരമായ ചടങ്ങുകള്‍ ആസൂത്രണം ചെയ്യുവാനും കാജി (Kajis)കളെ നിയമിച്ചു.
ഇന്ത്യയിലെ ജാതിവ്യവസ്ഥ ഇവിടത്തെ യഹൂദര്‍ക്കിടയിലും സ്വാധീനം ചെലുത്തിയിട്ടുണ്ട്. വെളുത്ത ജൂതരും കറുത്ത ജൂതരും തമ്മില്‍ വര്‍ണവിവേചനം നിലനില്ക്കുന്നു. ഏകദൈവവിശ്വാസത്തില്‍ അധിഷ്ഠിതമല്ലാത്ത വിശ്വാസപ്രമാണങ്ങളോടും വിഗ്രഹാരാധനയോടും യഹൂദര്‍ക്ക് താത്പര്യമില്ല. എന്നാല്‍ ഇന്ത്യയിലെ യഹൂദര്‍ക്ക് ഹിന്ദുമതവിശ്വാസങ്ങളോടും ആചാരങ്ങളോടും അനുകൂലമായ മനോഭാവമാണുള്ളത്. ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ തങ്ങള്‍ക്കനുഭവപ്പെട്ട പീഡനവും അടിച്ചമര്‍ത്തലും മറ്റും ഇവിടെ അനുഭവപ്പെടാത്തതിനാലാവാം ഇത് എന്നു കരുതപ്പെടുന്നു.
എ.ഡി. ഒന്നാം ശ.-ത്തില്‍ത്തന്നെ യഹൂദര്‍ കേരളത്തില്‍ വന്നതായി കാണുന്നു. കൊടുങ്ങല്ലൂരായിരുന്നു കേരളത്തില്‍ ഇവരുടെ ശക്തികേന്ദ്രം. കേരളത്തിലെ യഹൂദരില്‍ ഭൂരിഭാഗവും ഇസ്രയേലിലേക്ക് മടങ്ങിക്കഴിഞ്ഞു. നോ: കേരളം