This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജുഡിഷ്യറി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജുഡിഷ്യറി

Judiciary

ഒരു രാഷ്ട്രത്തിലെ നിയമങ്ങള്‍ വ്യാഖ്യാനിക്കാനും അവ നടപ്പില്‍ വരുത്താനും അധികാരമുള്ള ഭരണകൂടഘടകം. ജനങ്ങള്‍ തമ്മിലും ജനങ്ങളും ഭരണകൂടവും തമ്മിലും ഉള്ള തര്‍ക്കങ്ങളില്‍ തീര്‍പ്പുകല്പിക്കേണ്ട ചുമതല ജുഡിഷ്യറിക്കാണ്. നിയമവ്യവസ്ഥയും കോടതികളും ന്യായാധിപന്മാരും അടങ്ങുന്നതാണ് ഒരു രാഷ്ട്രത്തിലെ ജുഡിഷ്യറി.

ലെജിസ്ലേച്ചര്‍, എക്സിക്യൂട്ടീവ്, ജുഡിഷ്യറി എന്നീ മൂന്ന് വിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ആധുനിക ഭരണകൂടം. ആധുനിക ജനാധിപത്യ സമ്പ്രദായത്തിന്റെ ആവിര്‍ഭാവത്തിനുമുമ്പ് ജുഡിഷ്യറി, എക്സിക്യൂട്ടീവിന്റെ ഭാഗമായിരുന്നു. രാജാക്കന്മാരും സ്വേച്ഛാധിപതിമാരും സ്വന്തം ഇഷ്ടപ്രകാരം നിയമം നടപ്പാക്കുന്ന രീതിയായിരുന്നു നിലവിലിരുന്നത്. എന്നാല്‍ ആധുനിക രാഷ്ട്രങ്ങളില്‍ ജനാധിപത്യ വ്യവസ്ഥ രൂപംകൊണ്ടതോടെ, ഭരണകൂടത്തെ ലെജിസ്ലേച്ചര്‍, എക്സിക്യൂട്ടീവ്, ജുഡിഷ്യറി എന്നിങ്ങനെ മൂന്നായി വിഭജിക്കുകയുണ്ടായി. ജനാധിപത്യ വ്യവസ്ഥയുടെ നെടുംതൂണുകളായി ഇവ അംഗീകരിക്കപ്പെടുകയും ചെയ്തു.

'നിയമവാഴ്ച' (rule of law), 'വ്യക്തിയുടെ അന്തസ്സും സ്വാതന്ത്ര്യവും' എന്നീ സങ്കല്പങ്ങളാണ് ആധുനിക ജുഡിഷ്യറിയുടെ താത്ത്വികാടിത്തറ. നിഷ്പക്ഷവും സ്വതന്ത്രവുമായ നിയമവാഴ്ച ഒരു ജനാധിപത്യ രാഷ്ട്രത്തിന്റെ അതിജീവനത്തിന് ആവശ്യമായ പ്രധാന ഘടകമാണ്. ഒരോ വ്യക്തിക്കും അടിസ്ഥാനപരമായ ചില അവകാശങ്ങളുണ്ടെന്ന സങ്കല്പവും ആധുനിക ജുഡിഷ്യറിയുടെ ഭാഗമാണ്. ആരും നിയമത്തിന് അതീതരല്ല എന്ന സങ്കല്പം, ഭരണാധികാരികളെ തെരഞ്ഞെടുക്കാന്‍ പൗന്മാരുടെ അധികാരം ഉറപ്പുവരുത്തുന്ന സംവിധാനം, പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്യ്രം, സഞ്ചാര സ്വാതന്ത്ര്യം, സംഘടനാ സ്വാതന്ത്ര്യം തുടങ്ങിയ മൗലികാവകാശങ്ങളുടെ സംരക്ഷണം, നീതിന്യായ സംവിധാനത്തിന്റെ സ്വാതന്ത്ര്യം ഉറപ്പുവരുത്തല്‍ എന്നിവയൊക്കെയാണ് 'നിയമവാഴ്ച' എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. ദല്‍ഹിയില്‍ ചേര്‍ന്ന (1959) നിയമ പണ്ഡിതന്മാരുടെ സമ്മേളനത്തിലെ പ്രഖ്യാപനം ശ്രദ്ധേയമാണ്: 'വ്യക്തിയുടെ ജീവനും സ്വത്തിനും സ്വാതന്ത്ര്യത്തിനും സംരക്ഷണം നല്കുകയാണ് നിയമവാഴ്ചയുടെ ആത്യന്തിക ലക്ഷ്യം.' മഹത്തായ ഈ ലക്ഷ്യത്തിന്റെ സാക്ഷാത്കാരത്തിനുവേണ്ടിയുള്ള സ്ഥാപനസംവിധാനമാണ് ജുഡിഷ്യറി. നിയമങ്ങള്‍ സൃഷ്ടിക്കാന്‍ അധികാരമില്ലെങ്കിലും നിയമനിര്‍മാണ സഭകള്‍ പാസ്സാക്കുന്ന നിയമങ്ങള്‍, ഭരണഘടനയുടെ അന്തസത്തയ്ക്ക് അനുസരണമാണോ എന്ന് പരിശോധിച്ച് തീര്‍പ്പുകല്പിക്കാനുള്ള പരമമായ അധികാരം കോടതികളില്‍ നിക്ഷിപ്തമാണ്. നിയമങ്ങളുടെ വ്യാഖ്യാനം, വ്യവഹാരങ്ങള്‍ക്ക് തീര്‍പ്പുകല്പിക്കല്‍, ഭരണഘടനയുടെ സംരക്ഷണം ഉറപ്പാക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ജുഡിഷ്യറിയുടെ ചുമതലയാണ്.

പല രാജ്യങ്ങളിലെയും ജുഡിഷ്യറിയുടെ ഘടനയ്ക്ക് വ്യത്യാസമുണ്ട്. സ്വേച്ഛാധിപത്യഭരണമോ പട്ടാളഭരണമോ നിലവിലുള്ള രാജ്യങ്ങളില്‍ ജുഡിഷ്യറി സംവിധാനമുണ്ടെങ്കിലും അത് അവിടത്തെ ഭരണാധികാരിയുടെ നിയന്ത്രണത്തിന് വിധേയമായിരിക്കും. ജനാധിപത്യരാഷ്ട്രങ്ങളായ യു.എസ്., ഇംഗ്ലണ്ട്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ ജുഡിഷ്യറി തികച്ചും സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുന്നത്.

ഏറെ സമാനതകളുണ്ടെങ്കിലും ആംഗ്ലോ-അമേരിക്കന്‍ ജുഡിഷ്യറിയുടെ ഘടനയിലും സ്വഭാവത്തിലും ചില വ്യത്യാസങ്ങളുണ്ട്. സിവില്‍-ക്രിമിനല്‍ കേസുകള്‍ക്ക് പ്രത്യേക കോടതി സംവിധാനം ഉണ്ടെന്നതാണ് ബ്രിട്ടീഷ് ജുഡിഷ്യറിയുടെ സവിശേഷത. 1873-ല്‍ വരുത്തിയ നിയമ പരിഷ്കാരങ്ങളുടെ ഭാഗമായാണ് സിവില്‍-ക്രിമിനല്‍ കോടതികള്‍ വിഭജിക്കപ്പെട്ടത്. ഇംഗ്ലണ്ടിലെ പരമോന്നത നീതിന്യായപീഠം പ്രഭുസഭ(House of Lords)-യാണ്. സിവില്‍-ക്രിമിനല്‍ കേസുകളുടെ അന്തിമ അപ്പീല്‍ കോടതി പ്രഭുസഭയാണ്. ഇതിന് താഴെ സിവില്‍ നിയമത്തില്‍ അത്യുന്നത അധികാര പരിധിയുള്ള കോടതിയാണ് ഹൈക്കോടതി. ഇതിന് നിര്‍ദിഷ്ട അധികാര പരിധികളുള്ള ചാന്‍സറി, ക്വീന്‍സ് ബഞ്ച്, ഫാമിലി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളുണ്ട്. ഈ വിഭാഗങ്ങളുടെ തലവന്മാര്‍ യഥാക്രമം ലോഡ് ചീഫ് ജസ്റ്റിസ്, വൈസ്ചാന്‍സലര്‍, പ്രസിഡന്റ് എന്നിവരാണ്. ഇവര്‍ക്കു പുറമേ 95 ഹൈക്കോടതി ജഡ്ജിമാരുണ്ട്.


ഹൈക്കോടതിക്ക് താഴെയാണ് കൗണ്ടി കോടതികള്‍. ഇംഗ്ലണ്ടിലൊട്ടാകെ 260 കൗണ്ടി കോടതികളുണ്ട്. ഹൈക്കോടതി, കൗണ്ടി കോടതികള്‍, റെസ്ട്രിക്റ്റീവ് പ്രാക്ടീസ് കോടതി, എംപ്ലോയ്മെന്റ് അപ്പീല്‍ ട്രൈബ്യൂണല്‍ തുടങ്ങിയ പ്രത്യേക കോടതികള്‍ എന്നിവയില്‍ നിന്നുള്ള അപ്പീലുകള്‍ കോര്‍ട്ട് ഒഫ് അപ്പീല്‍ (സിവില്‍ ഡിവിഷന്‍) കേള്‍ക്കുന്നു. ഇതിന്റെ അധ്യക്ഷന്‍ മാസ്റ്റര്‍ ഒഫ് ദ റോള്‍സ് ആണ്.

ക്രിമിനല്‍ നിയമത്തില്‍ ഏറ്റവും താഴത്തെ കോടതി മജിസ്റ്റ്രേട്ട് കോടതികളാണ്. മജിസ്റ്റ്രേട്ട് കോടതികള്‍ക്ക് മുകളിലാണ് ക്രൗണ്‍ കോര്‍ട്ട്. മജിസ്റ്റ്രേട്ട് കോടതിയില്‍നിന്നുള്ള അപ്പീലുകള്‍ ക്രൗണ്‍ കോടതിയോ ഹൈക്കോടതിയുടെ ഡിവിഷണല്‍ കോടതിയോ കേള്‍ക്കുന്നു. ക്രൗണ്‍ കോടതിയില്‍നിന്നുള്ള അപ്പീലുകള്‍ കേള്‍ക്കുന്നത് കോര്‍ട്ട് ഒഫ് അപ്പീല്‍ (ക്രിമിനല്‍ ഡിവിഷന്‍) ആണ്. ലോഡ് ചീഫ് ജസ്റ്റിസും (അല്ലെങ്കില്‍ ഒരു ലോഡ് ജസ്റ്റിസ്) ഹൈക്കോടതിയിലെ ജഡ്ജിമാരും ചേര്‍ന്നതാണ് കോര്‍ട്ട് ഒഫ് അപ്പീല്‍. അന്തിമ അപ്പീല്‍ക്കോടതി പ്രഭുസഭയാണ്.

അമേരിക്കന്‍ ജുഡിഷ്യറി സംവിധാനത്തെ ഫെഡറല്‍ കോടതികള്‍, സ്റ്റേറ്റ് കോടതികള്‍ എന്നിങ്ങനെ രണ്ടായി തിരിക്കാം. യു.എസ്സിലെ പരമോന്നത ഫെഡറല്‍ കോടതി സുപ്രീം കോടതിയാണ്. ചീഫ് ജസ്റ്റിസും എട്ടു ജഡ്ജിമാരും ആണ് സുപ്രീം കോടതിയിലുള്ളത്. സുപ്രീം കോടതിക്ക് കീഴിലായി അപ്പീല്‍ കോടതികളും വിചാരണ കോടതികളും പ്രവര്‍ത്തിക്കുന്നു. സ്റ്റേറ്റ് കോടതികളുടെയും ഫെഡറല്‍ കോടതികളുടെയും വിധിന്യായങ്ങളിലെ ദേശീയ പ്രാധാന്യമുള്ള നിയമപ്രശ്നങ്ങള്‍ പുനരവലോകനം ചെയ്യുകയും അന്തിമ തീര്‍പ്പുകല്പിക്കുകയുമാണ് സുപ്രീം കോടതിയുടെ ധര്‍മം. കീഴ്ക്കോടതികളുടെ വിധിക്കെതിരെ അപ്പീലുകള്‍ പരിശോധിക്കുകയും തീരുമാനമെടുക്കുകയും ചെയ്യുന്നത് അപ്പീല്‍ കോടതികളാണ്. അനവധി ജില്ലകള്‍ ഉള്‍പ്പെടുന്ന ഓരോ പ്രവിശ്യക്കും ഓരോ അപ്പീല്‍ കോടതിയുണ്ട്. സ്റ്റേറ്റ് കോടതികള്‍ രണ്ട് തട്ടുകളടങ്ങുന്ന ഒരു ശ്രേണിയാണ്; കീഴ്ക്കോടതികളും പരമാധികാരസ്ഥാപനമായ അപ്പലേറ്റ് കോടതികളും. അപ്പലേറ്റ് കോടതികള്‍, സുപ്രീം കോടതി, കോര്‍ട്ട് ഒഫ് അപ്പീല്‍സ് എന്നീ പേരുകളില്‍ അറിയപ്പെടുന്നു.

ഇന്ത്യയില്‍ പരമോന്നത നീതിന്യായപീഠം സുപ്രീം കോടതിയാണ്. സുപ്രീം കോടതിക്കുതാഴെ സംസ്ഥാനതലത്തില്‍ ഹൈക്കോടതികളും കീഴ്ക്കോടതികളും പ്രവര്‍ത്തിച്ചുവരുന്നു. സംസ്ഥാനങ്ങളിലോ യൂണിയന്‍ ഭരണപ്രദേശങ്ങളിലോ ഹൈക്കോടതി സ്ഥാപിക്കാനുള്ള അധികാരം ഇന്ത്യന്‍ പാര്‍ലമെന്റിനാണ്. സുപ്രീം കോടതിക്കും ഹൈക്കോടതികള്‍ക്കും ഓരോ ചീഫ് ജസ്റ്റിസും മറ്റ് ജഡ്ജിമാരുമുണ്ടായിരിക്കും.

ഒരു നിര്‍ദിഷ്ട ഭൂരിപക്ഷത്തിന്റെ പിന്‍ബലത്തോടെ പാര്‍ലമെന്റ് ആവശ്യപ്പെട്ടാല്‍ മാത്രമേ പ്രസിഡന്റിന് ഒരു ജഡ്ജിയെ അധികാരത്തില്‍ നിന്നും മാറ്റാന്‍ വ്യവസ്ഥയുള്ളൂ. പരമോന്നത അപ്പീല്‍ കോടതിയായ സുപ്രിം കോടതിക്ക് ഭരണഘടനയെ വ്യാഖ്യാനിക്കാനും നിയമ-ഭരണഘടനാ കാര്യങ്ങളില്‍ എക്സിക്യൂട്ടീവിന് ഉപദേശം നല്കാനും അധികാരമുണ്ട്. ഇന്ത്യന്‍ പൗരന്റെ മൗലികാവകാശങ്ങളും മറ്റും സംരക്ഷിക്കുന്ന ചുമതല സുപ്രിം കോടതിക്കും ഹൈക്കോടതികള്‍ക്കുമുണ്ട്. കീഴ്ക്കോടതികളുടെ ഘടനയും പ്രവര്‍ത്തനവും എല്ലാ സംസ്ഥാനങ്ങളിലും ഏതാണ്ട് ഒരുപോലെയാണ്. ഓരോ ജില്ലയും ജില്ലാ ജഡ്ജി അധ്യക്ഷനായുള്ള പ്രിന്‍സിപ്പല്‍ സിവില്‍ കോടതിയുടെ അധികാര പരിധിയില്‍പ്പെടുന്നു. ജില്ലാ ജഡ്ജിയെ സഹായിക്കാന്‍ അഡീഷണല്‍ ജില്ലാ ജഡ്ജിമാരുണ്ടാകും. ജില്ലാ ജഡ്ജിക്കു കീഴെ മുന്‍സിഫ് കോടതി, മജിസ്ട്രേറ്റ് കോടതി എന്നിവ പ്രവര്‍ത്തിക്കുന്നു. സിവില്‍ നടപടിക്രമം (1908), ക്രിമിനില്‍ നടപടിക്രമം (1973) എന്നിവയിലെ വകുപ്പുകള്‍ക്കനുസൃതമായി ഈ കോടതികള്‍ സിവില്‍-ക്രിമിനല്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നു.

(എസ്. കൃഷ്ണയ്യര്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍