This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ജീബനാനന്ദദാസ് (1899 - 1954)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ജീബനാനന്ദദാസ് (1899 - 1954)
ബംഗാളി കവി. സത്യാനന്ദദാസിന്റെയും കുസുമകുമാരി ദാസിന്റെയും പുത്രനായി 1899 ഫെ. 18-ന് ബംഗാള്‍ ഡെല്‍റ്റയിലെ ബാരിസാല്‍ പട്ടണത്തില്‍ ജനിച്ചു. ബാല്യത്തില്‍ കരള്‍രോഗം ബാധിച്ചതുകൊണ്ട് ഒമ്പതാമത്തെ വയസ്സില്‍ മാത്രമേ ജീബനാനന്ദനു സ്കൂളില്‍ ചേരാന്‍ കഴിഞ്ഞുള്ളൂ. സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ബി.എം. കോളജ്, പ്രസിഡന്‍സി കോളജ് എന്നിവിടങ്ങളില്‍ പഠിച്ച് ബി.എ. ഓണേഴ്സ് ബിരുദം നേടി (1919). പിന്നീട് കല്‍ക്കത്ത സര്‍വകലാശാലയില്‍നിന്ന് ഇംഗ്ലീഷ് എം.എ. ബിരുദം കരസ്ഥമാക്കി (1922). കോളജില്‍ ഇംഗ്ലീഷ് സാഹിത്യാധ്യാപകന്‍ ആയി സേവനമനുഷ്ഠിച്ചു. ടാഗൂറിനുശേഷമുള്ള ബംഗാളി കവികളില്‍ ഏറ്റവും പ്രസിദ്ധനായ ഇദ്ദേഹം കവിതേതര രചനകള്‍ അധികം നടത്തിയിട്ടില്ല. 'ഒരാള്‍ കവിയാണെങ്കില്‍ പിന്നെ കവിത എന്ന ആദ്യ സംഭാവനപോലെ അസുലഭമായ ഒരു രണ്ടാം സംഭാവന നിത്യജീവിതത്തിന്റേതായ ലോകത്തിനുംകൂടി നല്കാന് അയാള്‍ക്ക് കഴിവുണ്ടാകയില്ല' എന്ന വിശ്വാസപ്രമാണക്കാരനായിരുന്നു ഇദ്ദേഹം. കബിതാര് കഥ (കവിതയെപ്പറ്റി) എന്ന ലേഖന സമാഹാരമാണ് ഏക കവിതേതര രചന.
അര നൂറ്റാണ്ടിലേറെക്കാലം ബംഗാളിന്റെ കാവ്യഭാവുകത്വത്തെ നിര്‍ണയിച്ചുകൊണ്ടിരുന്ന ടാഗൂര്‍ കവിത ഉത്തരകവികളെ പുതിയ പാതകള്‍ തേടുന്നതില്‍നിന്നും പലതരത്തിലും പിന്തിരിപ്പിച്ചിരുന്നു. ഈ പ്രതിസന്ധി തരണം ചെയ്യാന്‍ ശ്രമിച്ച കവികളില്‍ പ്രമുഖനാണ് ജീബനാനന്ദദാസ്. ടാഗൂര്‍ പാരമ്പര്യത്തിന് കടകവിരുദ്ധമായി പോകുന്നതിനുപകരം ആ പാരമ്പര്യത്തെ പുതിയ കാലഘട്ടത്തിന്റെ ആത്മാവും ശൈലിയുമായി വളര്‍ത്തിയെടുത്തുകൊണ്ടാണ് ഇദ്ദേഹം അത് നിര്‍വഹിച്ചത്.
ത്ധരാ പാലക് (കൊഴിഞ്ഞ തൂവലുകള്‍-1924) ആണ് ആദ്യ കൃതി. ധൂസര്‍ പാണ്ഡുലിപി (ധൂസരമായ ഹസ്തലിപി-1938); മഹാപൃഥിബി (മഹാപൃഥ്വി-1944); സാതടി താരാര്‍ തിമിര് (സപ്ത നക്ഷത്രങ്ങളുടെ ഇരുട്ട്-1948); ബനലതാസെന്‍ (1952); ശ്രേഷ്ഠ കബിത (തെരഞ്ഞെടുത്ത കവിതകള്‍-1954); രൂപസി ബംഗ്ളാ (സുന്ദര ബംഗാള്‍ 1957) മുതലായവയാണ് ഇദ്ദേഹത്തിന്റെ പ്രമുഖ കൃതികള്‍.
ഉപമകള്‍ സൃഷ്ടിക്കലാണ് യഥാര്‍ഥ കവികര്‍മം എന്ന് പ്രഖ്യാപിക്കുകയും തന്റെ കവിതകളെ അതിന്റെ ഏറ്റവും മികച്ച മാതൃകകളാക്കുകയും ചെയ്ത കവിയാണിദ്ദേഹം. ഇദ്ദേഹത്തിന്റെ കവിതയുടെ മറ്റൊരു ഗുണം ബിംബകല്പനകളിലെ അപൂര്‍വ ചാരുതയാണ്. അസാധാരണ ശക്തിവിശേഷങ്ങളുള്ള മിശ്രരൂപങ്ങളും മാറ്റിമറിച്ചിട്ട വിശേഷണങ്ങളും തമ്മില്‍ കെട്ടുപിണഞ്ഞുകിടക്കുന്ന ഒരു സവിശേഷശൈലിയിലാണ് ഇദ്ദേഹം കവിതകളെഴുതിയിട്ടുള്ളത്. 'മരണത്തിനുമുമ്പ് വേറെന്ത്?' 'ശവം', 'ഹേ, പരുന്തേ', 'മരണക്കുറിപ്പ്' തുടങ്ങിയ കവിതകള്‍ ഇത് ഭംഗ്യന്തരേണ ഉദാഹരിക്കുന്നുണ്ട്. 'മരണക്കുറിപ്പില്‍'നിന്ന് ഒരു മാതൃക.
"വരണ്ട ഒരു കുങ്കുമദീപ്തി ആകാശത്തുറങ്ങുന്നു,
അദൃശ്യമായ ഒരു പൂച്ചയെപ്പോലെ.
അതിന്റെ മുഖത്തിരിക്കുന്നു,
പൊള്ളയായ കൗശലത്തിന്റെ പരുക്കനായ പുഞ്ചിരി.
1954-ല്‍ ഒരു ട്രാം കാറിനടിയില്‍പ്പെട്ട് ജീബനാനന്ദദാസ് ചരമമടഞ്ഞു.