This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജീന്‍സ്, ജയിംസ് ഹോപ് വുഡ് (1877 - 1946)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജീന്‍സ്, ജയിംസ് ഹോപ് വുഡ് (1877 - 1946)

Jeans, James Hopwood

ജയിംസ് ഹോപ് വുഡ് ജീന്‍സ്

ബ്രിട്ടീഷ് ഗണിത-ഭൗതിക-ജ്യോതിശ്ശാസ്ത്രകാരന്‍. പത്രപ്രവര്‍ത്തകനായ വില്യം ടല്ലോക്ക് ജീന്‍സിന്റെ പുത്രനായി 1877 സെപ്. 11-ന് ലങ്കാഷയറിലെ ഓംസ്കിര്‍ക്കില്‍ ജനിച്ചു. കേംബ്രിജ് സര്‍വകലാശാലയില്‍നിന്ന് ബിരുദാനന്തരബിരുദം നേടിയ ശേഷം കേംബ്രിജ്, പ്രിന്‍സ്റ്റണ്‍ എന്നീ സര്‍വകലാശാലകളില്‍ ഗണിതാധ്യാപകനായി നിയമിതനായി.

ഭൗതികശാസ്ത്രത്തില്‍ വാതകങ്ങളിലെ ഗതികസിദ്ധാന്തം, കൃഷ്ണികാവികിരണം (black body radiation), മാക്സ് പ്ളാങ്കിന്റെ ക്വാണ്ടം തിയറി, മോളിക്കുലാര്‍ ഭൗതികം എന്നിവയിലും ജ്യോതിശ്ശാസ്ത്രത്തില്‍ പ്രപഞ്ചോത്പത്തിശാസ്ത്രം (Cosmo-gony), നക്ഷത്രഘടന എന്നിവയിലും ജീന്‍സ് ഗവേഷണം നടത്തി. 1905-ല്‍ റെയ്ലിയുമൊത്ത് ഇദ്ദേഹം 'റെയ്ലി-ജീന്‍സ് നിയമ'ത്തിന് രൂപംനല്കി.

റോയല്‍ സൊസൈറ്റി, അസോസിയേഷന്‍ ഫോര്‍ ദി അഡ്വാന്‍സ്മെന്റ് ഒഫ് സയന്‍സസ്, റോയല്‍ അസ്ട്രോണമിക്കല്‍ സൊസൈറ്റി എന്നിവയുടെ പ്രസിഡന്റ്, റോയല്‍ അക്കാദമി ഒഫ് മ്യൂസിക്കിന്റെ ഡയറക്ടര്‍ എന്നീ പദവികള്‍ ജീന്‍സ് വഹിച്ചിട്ടുണ്ട്. 1928-ല്‍ ഇദ്ദേഹത്തിന് പ്രഭു പദവിയും 1939-ല്‍ ഓര്‍ഡര്‍ ഒഫ് മെറിറ്റും ലഭിച്ചു.

സ്മിത്ത് പ്രൈസ്, റോയല്‍ സൊസൈറ്റിയുടെ റോയല്‍ മെഡല്‍, കേംബ്രിജ് ഫിലോസഫിക്കല്‍ സൊസൈറ്റിയുടെ ഹോപ്കിന്‍സ് പ്രൈസ്, റോയല്‍ അസ്ട്രോണമിക്കല്‍ സൊസൈറ്റി വക ഗോള്‍ഡ് മെഡല്‍, ഫ്രാങ്ക്ലിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വക ഫ്രാങ്ക്ലിന്‍ മെഡല്‍ എന്നിങ്ങനെ വിവിധ പുരസ്കാരങ്ങള്‍ ജീന്‍സിന് ലഭിച്ചിട്ടുണ്ട്. ജ്യോതിശ്ശാസ്ത്രത്തില്‍ ഇദ്ദേഹം രചിച്ച ഗ്രന്ഥങ്ങള്‍ വളരെ പ്രസിദ്ധി നേടി. ദ് മിസ്റ്റീരിയസ് യൂണിവേഴ്സ് (1930), ദ് തിയറി ഒഫ് ജയന്റ് ആന്‍ഡ് ഡ്വാര്‍ഫ് സ്റ്റാഴ്സ്, ദ് സോഴ്സ് ഒഫ് സ്റ്റെല്ലാര്‍ എനര്‍ജി, സയന്‍സ് ആന്‍ഡ് മ്യൂസിക് (1938) എന്നിവ ഇദ്ദേഹത്തിന്റെ രചനകളില്‍ ഉള്‍പ്പെടുന്നു. 1946 സെപ്. 16-ന് ജീന്‍സ് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍