This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ജിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ജിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യ
ഭൂവിജ്ഞാന-ഖനന-പര്യവേക്ഷണത്തിന് ഇന്ത്യാഗവണ്‍മെന്റിന്റെ അധീനതയിലുള്ള സ്ഥാപനം. ഊര്‍ജസ്വലമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ബൃഹത്തായ ഒരു സാങ്കേതിക സ്ഥാപനമാണ് ജിയോളജിക്കല്‍ സര്‍വേ.
ചരിത്ര പശ്ചാത്തലം. 1840-ല്‍ കൊല്‍ക്കത്തയില്‍ ഒരു ജിയോളജിക്കല്‍ മ്യൂസിയം തുടങ്ങിയതോടെ ഇന്ത്യയില്‍ ഭൂവിജ്ഞാന പ്രവര്‍ത്തനത്തിനും പഠനത്തിനും ആരംഭമായി. 1846-ല്‍ ഡി.എച്ച്. വില്യംസ് എന്ന ഇംഗ്ലീഷ് ജിയോളജിസ്റ്റ് മ്യൂസിയത്തോടു ചേര്‍ന്ന് ഒരു സര്‍വേ വിഭാഗം ഏര്‍പ്പെടുത്തി. 1851-ല്‍ തോമസ് ഓള്‍സ്ആം ഇതിന്റെ മേലധികാരി ആയതോടെ ഭൂവിജ്ഞാന പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ കൂടുതല്‍ കാര്യക്ഷമമായി. 1856-ല്‍ കാനിങ് പ്രഭുവിന്റെ ഭരണകാലത്ത് ഭൂവിജ്ഞാനഗവേഷണത്തിനു തുടക്കംകുറിച്ചതോടൊപ്പം 'ജിയോളജിക്കല്‍ സര്‍വേ' ഒരു സ്ഥിരം ഗവണ്‍മെന്റ് ഡിപ്പാര്‍ട്ടുമെന്റാക്കുന്നതിനുള്ള ഏര്‍പ്പാടും നടന്നു.
കൊല്‍ക്കത്ത കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന സര്‍വേയെ രണ്ടാം ലോകയുദ്ധകാലത്ത് വികേന്ദ്രീകരിച്ച് വിവിധ പ്രോവിന്‍സുകളിലേക്കു മാറ്റി. അങ്ങനെ ഇന്ത്യയിലുടനീളം ജിയോളജിക്കല്‍ സര്‍ക്കിളുകള്‍ നിലവില്‍ വന്നു. സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം ജിയോളജിക്കല്‍ സര്‍വേയുടെ വ്യാപ്തിയും പ്രവര്‍ത്തനങ്ങളും വര്‍ധിക്കുവാന്‍ തുടങ്ങി. 1949-ല്‍ ഗവണ്‍മെന്റ് 'ഇന്ത്യന്‍ ബ്യൂറോ ഒഫ് മൈന്‍സും' തുടര്‍ന്ന് 'എണ്ണ-പ്രകൃതിവാതക കമ്മിഷനും' സ്ഥാപിച്ചു. ഒരു നൂറ്റാണ്ടോളം യൂറോപ്യന്‍ ഭൂവിജ്ഞാനികള്‍ നയിച്ചിരുന്ന ഇന്ത്യന്‍ ജിയോളജിക്കല്‍ സര്‍വേയിലെ ആദ്യത്തെ ഡയറക്ടറായി പി.എന്‍. ബോസ് നിയമിതനായി (1951).
കല്‍ക്കരി ശേഖരങ്ങളുടെ പഠനവും പര്യവേക്ഷണവും മാത്രം ഉദ്ദേശിച്ചു തുടങ്ങിയ ജിയോളജിക്കല്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ അദ്ഭുതകരമായ വളര്‍ച്ച ഇന്ത്യയുടെ സാമ്പത്തികോന്നമനത്തെ കണക്കറ്റു സഹായിച്ചു. ശാസ്ത്ര-വ്യാവസായിക-വ്യാപാര-കാര്‍ഷിക മേഖലകളില്‍ സര്‍വേ ശ്രദ്ധേയമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ആസൂത്രിതമായ സാമ്പത്തിക പുരോഗതിക്കായി സ്വതന്ത്ര ഇന്ത്യ പഞ്ചവത്സര പദ്ധതികള്‍ക്കു രൂപം നല്‍കിയപ്പോള്‍ അതിനനുസൃതമായി സര്‍വേ സ്വന്തം പ്രവര്‍ത്തന പരിപാടികളും നിജപ്പെടുത്തി.
ജിയോളജിക്കല്‍ സര്‍വേയുടെ പ്രവര്‍ത്തന ലക്ഷ്യങ്ങള്‍ ചുരുക്കത്തില്‍ താഴെ കൊടുത്തിരിക്കുന്നു:
1.ഇന്ത്യയുടെ ഭൂവിജ്ഞാന ഭൂപടം (geological map) തയ്യാറാക്കുക.
2.പ്രാദേശിക തലത്തില്‍ ഭൂവിജ്ഞാനീയ പര്യവേക്ഷണം നടത്തുക.
3.വ്യോമചിത്രങ്ങള്‍ (aerial photos) വഴി ധാതുനിക്ഷേപങ്ങള്‍ കണ്ടെത്തുക.
4.ഭൂഗര്‍ഭമാപ്പിങ് (underground maping) നടത്തുക.
5.ഭൂരാസകീയ പര്യവേക്ഷണവും (geochemical survey) മാപ്പിങ്ങും നടത്തുക.
6.എന്‍ജിനീയറിങ്-ജിയോളജീയ പഠനങ്ങള്‍ നടത്തുക.
(എന്‍ജീനീയറിങ് ജിയോളജിയില്‍ അണക്കെട്ടുകള്‍, അണുശക്തി നിലയങ്ങള്‍, റോഡുകള്‍, പാലങ്ങള്‍ എന്നിവ നിര്‍മിക്കുന്നതിനു മുമ്പ് അടിസ്ഥാന ശിലകളുടെ ഘടനയെയും സ്വഭാവത്തെയും കുറിച്ചുള്ള സാങ്കേതികോപദേശം നല്കുകയും ഭൂഗര്‍ഭജലസര്‍വേയില്‍ ജലത്തിന്റെ വ്യാപ്തിയും സ്വഭാവവും വിനിയോഗവും പഠിക്കുകയുമാണ് മുഖ്യ ലക്ഷ്യങ്ങള്‍.)
7.പിറ്റിങ് (pitting), ട്രെഞ്ചിങ് (trenching) എന്നിവ മുഖേന സാമ്പിളുകള്‍ ശേഖരിക്കുക.
8.പര്യവേക്ഷണത്തോടനുബന്ധിച്ചുള്ള ഡ്രില്ലിങ് നടത്തുക.
9.ഭൂഗര്‍ഭ ജലനിര്‍ണയം നടത്തുക.
10.പരീക്ഷണശാലകളില്‍ ഗവേഷണ പഠനം നടത്തുക.
(ജിയോളജിയില്‍ സര്‍വേയുടെ കൊല്‍ക്കത്തയിലുള്ള ഹെഡ്ക്വാര്‍ട്ടേഴ്സില്‍ത്തന്നെ ശിലകളെയും ധാതുക്കളെയും അയിരുകളെയും പറ്റിയും, ഭൂമിയുടെ പ്രായത്തെയും ഉത്പത്തിയെയും പറ്റിയും (Geochronology), ശിലകളിലുള്ള ഫോസിലുകളെപ്പറ്റിയും (Palaentology) പഠനം നടത്താന്‍ വെവ്വേറെ പരീക്ഷണശാലകള്‍ ഉണ്ട്. ഇവയ്ക്കെല്ലാം തന്നെ ഘടക-ലാബുകളും ഒരുക്കിയിരിക്കുന്നു.)
11.ഗവേഷണ പര്യടനങ്ങള്‍ (Expeditions).
ഹിമാലയം തുടങ്ങിയ ദുര്‍ഘടങ്ങളായ ഭൂവിഭാഗങ്ങളില്‍ ഭൂവിജ്ഞാനീയ പര്യവേക്ഷണത്തിനായി പര്യടനം നടത്തുക.
12.ഭൂകമ്പബാധിത പ്രദേശങ്ങളില്‍ ഭൂകമ്പങ്ങളുടെ കാരണവും വ്യാപ്തിയും അനുമാനിച്ച് പ്രതിവിധി നിര്‍ദേശിക്കുക. 13.ഭൂപടങ്ങള്‍ നിര്‍മിക്കുക, ധാതുക്കളുടെയും അയിരുകളുടെയും സഞ്ചയങ്ങള്‍ കണ്ടെത്തി ഭൂപടങ്ങളില്‍ ആലേഖനം ചെയ്യുക.
14.ഭൂപടങ്ങളും മറ്റും പ്രസിദ്ധീകരിക്കുക.
15.ലൈബ്രറിയില്‍ ഭൂവിജ്ഞാനീയ രേഖകള്‍ ശേഖരിച്ചു സൂക്ഷിക്കുക.
16.ഭൂവിജ്ഞാന പഠനപ്രചാരണവും പരിശീലന ക്യാമ്പുകളും സംഘടിപ്പിക്കുക.
17.മറ്റു വിദ്യാഭ്യാസ കേന്ദ്രങ്ങളുമായി ശാസ്ത്രബന്ധങ്ങള്‍ സൃഷ്ടിക്കുക.
18.ഭൂവിജ്ഞാനികളുടെ സേവനം ഇതര വിദ്യാഭ്യാസ-സാങ്കേതിക സ്ഥാപനങ്ങളിലേക്കു വിട്ടുകൊടുക്കുക.
19.ഭൂവിജ്ഞാനീയത്തെ സംബന്ധിച്ച അറിവുകള്‍ സാധാരണക്കാരനു പകര്‍ന്നു നല്‍കുക.
20.ധാതുക്കളെയും അയിരുകളെയും പറ്റിയുള്ള വിവരങ്ങള്‍ ആവശ്യാനുസരണം കൈമാറുക.
21.ഭൂവിജ്ഞാനീയ പ്രദര്‍ശനങ്ങള്‍ ഒരുക്കുക.
22.ഭൂവിജ്ഞാനീയ മ്യൂസിയവും ഗാലറിയും ഉണ്ടാക്കുക. 6,000-ത്തിലേറെ ശിലകളും 5,000-ത്തിലേറെ ധാതുക്കളും 1,500-ലേറെ ഫോസിലുകളും കൊല്‍ക്കത്തയിലെ ജിയോളജിക്കല്‍ മ്യൂസിയത്തിലുണ്ട്.
23.അന്താരാഷ്ട്ര സംഘടനകളുമായി ബന്ധം പുലര്‍ത്തുകയും ശാസ്ത്രീയ സംഭാവനകള്‍ കൈമാറുകയും ചെയ്യുക.
സംഘടനയുടെ വിപുലീകരണം. 1851-ല്‍ പ്രവര്‍ത്തനം തുടങ്ങിയശേഷം കാര്യക്ഷമതയ്ക്കും ഫീല്‍ഡ് സര്‍വേക്കും അനുയോജ്യമാംവിധം മുംബൈ, അജ്മീര്‍, ലഖ്നൗ, നാഗ്പൂര്‍, പുരി, രാജ്കോട്ട്, ഹൈദരാബാദ്, ശ്രീനഗര്‍ എന്നിവിടങ്ങളില്‍ ജിയോളജിക്കല്‍ സര്‍വേ സര്‍ക്കിളുകള്‍ രൂപീകരിച്ചു. കൊല്‍ക്കത്ത, ഹൈദരാബാദ്, ലഖ്നൌ എന്നീ സ്ഥലങ്ങളില്‍ പ്രാദേശിക സര്‍ക്കിളുകളും (Regional circles) ഏര്‍പ്പെടുത്തി. കൊല്‍ക്കത്തയിലെ സര്‍വേ ഹെഡ്ക്വാര്‍ട്ടേഴ്സിനു പുറമേയാണിതെല്ലാം. ജിയോളജിക്കല്‍ സര്‍വേയുടെ മേധാവിയായി ഡയറക്ടര്‍ ജനറല്‍ എന്ന തസ്തിക അംഗീകരിക്കപ്പെട്ടു. ഉന്നതോദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ ഇക്കണോമിക് ജിയോളജി, എന്‍ജിനീയറിങ് ജിയോളജി, ഭൂഗര്‍ഭജലവിജ്ഞാനം (Hydrology), ജിയോഫിസിക്സ് എന്നിവയ്ക്ക് ഡിവിഷനുകളും ഉണ്ടാക്കി. തുടര്‍ന്ന് പുതിയ 9 സര്‍ക്കിളുകള്‍ കൂടി ഷിലോങ്, പാറ്റ്ന, ഭുവനേശ്വര്‍, ജയ്പൂര്‍, ഭോപാല്‍, ബാംഗ്ളൂര്‍ അഹമ്മദാബാദ്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ സൃഷ്ടിക്കപ്പെട്ടു. കൊല്‍ക്കത്തയില്‍ ജിയോളജിക്കല്‍ മ്യൂസിയവും സ്ഥാപിതമായി.
നേട്ടങ്ങള്‍, ഒറ്റ നോട്ടത്തില്‍. ഇന്ത്യന്‍ ജിയോളജിക്കല്‍ സര്‍വേ അതിന്റെ ആദ്യത്തെ 25 വര്‍ഷം കല്‍ക്കരി സംബന്ധിച്ച പഠനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. എന്നാല്‍ ഉപ്പു നിക്ഷേപങ്ങളും ചെമ്പയിര് നിക്ഷേപങ്ങളും ഈ കാലയളവില്‍ത്തന്നെ പര്യവേക്ഷണത്തിനായി തെരഞ്ഞെടുത്തിരുന്നു. തുടര്‍ന്ന് ഇരുമ്പയിര് നിക്ഷേപങ്ങളും പ്രവര്‍ത്തന പരിധിയില്‍ കൊണ്ടുവന്നു.
1877-ല്‍ ഇന്ത്യയുടെ പൊതുവായ കരട് ജിയോളജിക് ഭൂപടം പ്രസിദ്ധം ചെയ്തു. സാവാര്‍ മേഖലയിലെ സര്‍വേക്ക് ആദ്യമായി വ്യോമഭൂപടങ്ങള്‍ ഉപയോഗപ്പെടുത്തി. ബോക്സൈറ്റ്, കളിമണ്ണ് (clay), മൈക്ക, കയനൈറ്റ്, ടാല്‍ക്, ചുണ്ണാമ്പുകല്ല്, മാങ്ഗനീസ് തുടങ്ങിയ നിക്ഷേപങ്ങള്‍ക്കു വേണ്ടിയുള്ള പര്യവേക്ഷണവും നടത്തിത്തുടങ്ങി.
ആദ്യത്തെ നൂറു വര്‍ഷങ്ങള്‍ക്കുള്ളില്‍ നിക്ഷേപങ്ങളുടെ പഠനത്തിനു പുറമെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ ഭൂവിജ്ഞാനീയത്തിന് ഒരു നിര്‍വചനം നല്‍കാനും ജിയോളജിക്കല്‍ സര്‍വേക്കു കഴിഞ്ഞു. ഖോണ്ഡലൈറ്റ്, കോഡുറൈറ്റ്, ഗോണ്‍ടൈറ്റ്, ചാര്‍ണക്കൈറ്റ് തുടങ്ങിയ പ്രത്യേക ശിലകള്‍ ഇന്ത്യയില്‍ കണ്ടെത്തി പഠനം നടത്തിയതും സര്‍വെ തന്നെ. 5,18,000 ച.കി.മീ. വ്യാപിച്ചു കിടക്കുന്ന 'ഡക്കാണ്‍ ലാവ' എന്നറിയപ്പെടുന്ന ബസാള്‍ട്ടിക് ലാവയുടെ സര്‍വേയും നടത്തി. ഹിമാലയ പര്‍വത നിരകളുടെ ഭൂവിജ്ഞാനീയം ജിയോളജിക്കല്‍ സര്‍വേയുടെ പ്രത്യേക പഠനങ്ങളില്‍ ഒന്നത്രേ.
ജിയോളജിക്കല്‍ സര്‍വേയുടെ പര്യവേക്ഷണത്തില്‍ കണ്ടെത്തി മൂല്യനിര്‍ണയം ചെയ്ത ലോഹജന്യവും അലോഹജന്യവുമായ നിക്ഷേപങ്ങളുടെ പട്ടിക താഴെ ചേര്‍ക്കുന്നു:
(ഡോ. മണികണ്ഠന്‍ നായര്‍)