This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജിന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജിന്‍

Gin

ഒരിനം മദ്യം. ധാന്യമാവില്‍ നിന്നും വാറ്റിയെടുത്ത് ജൂനിപര്‍ പഴച്ചാര്‍ ചേര്‍ത്താണ് ഇതു നിര്‍മിക്കുന്നത്.

ജൂനിപര്‍ ബെറിയുടെ ഫ്രഞ്ചു നാമമായ ജെനിവറില്‍ നിന്നാണ് ഈ മദ്യത്തിന് ജിന്‍ എന്നു പേരുണ്ടായത്. ലെയ്ഡന്‍ സ്റ്റേറ്റ് സര്‍വകലാശാലയിലെ (ഹോളണ്ട്) മെഡിസിന്‍ പ്രൊഫസര്‍ ഫ്രാന്‍സിസ്കസ് സില്‍വയസ് (1614-72) ആണ് ഇതിന്റെ ഉപജ്ഞാതാവ്. ഈ മദ്യത്തെ ഡച്ചുകാര്‍ 'ജെനിവേര്‍' എന്നും ഇംഗ്ലീഷുകാര്‍ 'ജിന്‍' എന്നും വിളിക്കുന്നു. 17-ാം ശ.-ല്‍ തന്നെ ഉത്പാദനമാരംഭിച്ച ജിന്‍ 1792-ല്‍ കയറ്റുമതി ചെയ്തു തുടങ്ങി.

ജിന്‍ മുഖ്യമായും രണ്ടുതരമുണ്ട്. നെതര്‍ലന്‍ഡ്സില്‍ നിര്‍മിക്കുന്ന ഡച്ച് ജിന്നില്‍ നിന്നു വ്യത്യസ്തമാണ് ബ്രിട്ടനിലും യു.എസ്സിലും തയ്യാറാക്കുന്ന ലണ്ടന്‍ ഡ്രൈജിന്‍. ഡച്ച് ജിന്‍ സാധാരണയായി അതു തയ്യാറാക്കപ്പെടുന്ന പട്ടണങ്ങളുടെ പേരില്‍ അറിയപ്പെടുന്നു.

ചോളം, റൈ (വരക ധാന്യം), മാള്‍ട്ട് എന്നിവ പുഴുങ്ങി പുളിപ്പിച്ച് വാറ്റി എടുക്കുന്ന മാള്‍ട്ട് വൈനില്‍ ജൂനിപര്‍ പഴച്ചാറും മറ്റു ചില പദാര്‍ഥങ്ങളും ചേര്‍ത്താണ് 35 ശ.മാ. ആല്‍ക്കഹോള്‍ സാന്ദ്രതയുള്ള ഡച്ച് ജീന്‍ തയ്യാറാക്കുന്നത്. ലണ്ടന്‍ ഡ്രൈജിന്നില്‍ 40-47 ശ.മാ. ആല്‍ക്കഹോള്‍ സാന്ദ്രത ഉണ്ടായിരിക്കും. ഇതില്‍ പലതരം പഴരസങ്ങള്‍ കൂടുതല്‍ ഉണ്ടാകും. ജിന്‍ സ്വാദിഷ്ടമാക്കാന്‍ ജൂനിപര്‍ പഴത്തിനു പുറമേ നാരങ്ങ, ഓറഞ്ച്, ഏലം, മല്ലി മുതലായവയുടെ രസങ്ങളും ചേര്‍ക്കാറുണ്ട്. ഓരോ ഉത്പാദകനും സ്വന്തമായ നിര്‍മാണസംരചന സ്വീകരിച്ചു വരുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9C%E0%B4%BF%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍