This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ജിതിയാനൃത്തം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ജിതിയാനൃത്തം
ബിഹാറിലെ ഒരു നാടോടി നൃത്തം. റാഞ്ചിയുടെ തെക്കുഭാഗത്തുള്ള ഗോത്രവര്ഗപ്രദേശത്താണ് ഇതിനു പ്രചാരം. ഒറവോണ്‍ ഗോത്രക്കാരുടെ തനതായ നൃത്തരൂപമാണിത്. സ്ത്രീകളാണ് നര്‍ത്തകര്‍; ഗായകര്‍ പുരുഷന്മാരും സ്ത്രീകളുമടങ്ങിയ സംഘമായിരിക്കും. പ്രേമത്തിന്റെ സൗരഭ്യം നിറഞ്ഞു നില്ക്കുന്ന നാടോടിപ്പാട്ടുകളാണ് ആലപിക്കുക. കൈയോട് കൈകോര്‍ത്ത് വട്ടത്തില്‍ നിന്നാണ് നൃത്തം ചവിട്ടുന്നത്. നര്ത്തകികളുടെ വലയത്തിനകത്താണ് ഗായകരും മേളക്കാരും നില്ക്കുക. കൈകള്‍ കൂട്ടിപ്പിടിച്ചുകൊണ്ടാണ് നൃത്തം ആരംഭിക്കുക. തുടര്‍ന്ന് ഒരുവള്‍ ഇടതുകൈ കൊണ്ട് അടുത്ത് നില്‍ക്കുന്നവളുടെ വലതു കൈപിടിക്കുന്നു. അങ്ങനെ വൃത്താകാരത്തില്‍ അവര്‍ ഗായകര്‍ക്കും മേളക്കാര്‍ക്കും ചുറ്റുമായി നിന്ന് താളത്തിനനുസരിച്ച് ചുവടുവയ്ക്കുകയാണ്. നിറപ്പകിട്ടാര്‍ന്ന വസ്ത്രങ്ങളും ഓട്, വെള്ളി എന്നിവ കൊണ്ടുള്ള ധാരാളം ആഭരണങ്ങളും നര്‍ത്തകികള്‍ അണിഞ്ഞിരിക്കും. ഭേരിയും മറ്റും ചില ആസുരവാദ്യങ്ങളുമാണ് മേളത്തിനുപയോഗിക്കുന്നത്. നൃത്തത്തിന്റെ ഒരു ഘട്ടത്തില്‍ 'എനിക്കിവളെ വേണം', 'എനിക്കിവളെ വേണം' എന്നു പാടി ഓരോരുത്തരും മറ്റൊരാളെ സ്വന്തമാക്കാനായി മത്സരിച്ച് ചുവടുവയ്ക്കുന്ന ആകര്‍ഷമായ രംഗമുണ്ട്. നൃത്തം അവസാനിക്കാറാകുന്നതോടെ പാട്ടുകാരും മേളക്കാരുമെല്ലാം ചേര്‍ന്നു നൃത്തം ചടുലമാക്കും.