This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ജാലവിദ്യ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ജാലവിദ്യ
അതീന്ദ്രിയ ശക്തികളെ ആവാഹിച്ചോ ചെപ്പടിവിദ്യകളിലൂടെയോ ഭൗതിക പ്രതിഭാസങ്ങള്‍ പ്രത്യക്ഷമാക്കി മായികമായ അവസ്ഥ സൃഷ്ടിക്കുന്ന കല. അറുപത്തിനാലു കലകളിലൊന്നായ ജാലവിദ്യ ഇന്ദ്രജാലം, കണ്കെട്ടുവിദ്യ, മായാജാലം എന്നീ പേരുകളിലും അറിയപ്പെടുന്നു. സമാന അര്‍ഥമുള്ള മാജിക് എന്ന ആംഗലപദത്തിനും മലയാളത്തില്‍ സാര്‍വത്രികമായ പ്രചാരമുണ്ട്. ജാലവിദ്യ എന്നര്‍ഥമുള്ള മാജികി (Magik e) എന്ന ഗ്രീക്കുപദം, ആഭിചാരം എന്നര്‍ഥമുള്ള മാജികീ (Magic e എന്ന ലത്തീന്‍പദം എന്നിവയില്‍ നിന്നാണ് മാജിക് നിഷ്പന്നമായിട്ടുള്ളത്.
വേഗതയുള്ള കൈയടക്കം, ക്ഷമ, ബുദ്ധിസാമര്‍ഥ്യം, വാക്ചാതുരി, ആത്മവിശ്വാസം എന്നീ കഴിവുകളുള്ള ഏതൊരാള്‍ക്കും നിരന്തര പരിശ്രമത്തിലൂടെ ജാലവിദ്യ അഭ്യസിക്കാം.
മനുഷ്യനു നിയന്ത്രിക്കാന്‍ കഴിയാത്ത ജീവിതമേഖലകളിലാണ് ജാലവിദ്യയുടെ പ്രസക്തി. സംഭവങ്ങളുടെ ഭൗതിക കാരണങ്ങളെക്കുറിച്ച് അജ്ഞരായിരുന്ന ചരിത്രാതീത പ്രാകൃത സമൂഹങ്ങള്‍ ശാസ്ത്രത്തിനു പകരം ജാലവിദ്യയെ ആശ്രയിച്ചിരുന്നു. ശാസ്ത്ര പുരോഗതിയോടെ ജാലവിദ്യയുടെ പ്രസക്തി കുറഞ്ഞുവെന്നൊരുവാദമുണ്ട്. ആധുനികയുഗത്തില്‍ ശാസ്ത്രത്തിന്റെ പിന്‍ബലത്തോടെ ജാലവിദ്യകള്‍ ഏറെ വിസ്മയകരങ്ങളാക്കുവാനായി എന്നതാണ് സത്യം. ആഭിചാരം, മന്ത്രവാദം എന്നിവ ജാലവിദ്യയാണെന്ന ധാരണയും ശരിയല്ല; ഇവയില്‍ സമാനമായ ചില ഘടകങ്ങള്‍ ഉണ്ടെന്നുമാത്രം. ഭാവി പ്രവചനം നടത്തുന്ന ജ്യോതിഷം, ഹസ്തരേഖാശാസ്ത്രം, സംഖ്യാശാസ്ത്രം, ചീട്ടുപയോഗിച്ചുള്ള ഭാവിപ്രവചനം (cartomancy), സ്ഫടികഗോളത്തിലൂടെയുള്ള ഫലപ്രവചനം (crystal gazing). എന്നിവയും ജാലവിദ്യയുടെ പരിധിക്കു പുറത്താണ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലവിലിരുന്ന ജാലവിദ്യകളെയും അവയുടെ സങ്കീര്‍ണതകളെയും കുറിച്ച് വിശദവും സമഗ്രവുമായ പഠനം നടത്തിയ ജെയിംസ് ജി. ഫേസര്‍ ദ് ഗോള്‍ഡന്‍ ബൌ (The Golden Bough) എന്നൊരു ഗ്രന്ഥം രചിക്കുകയുണ്ടായി (1911-15). ഫേസര്‍ ജാലവിദ്യയെ ഹോമിയോപ്പതിക് മാജിക്, കണ്ടേജിയസ് മാജിക് എന്നിങ്ങനെ രണ്ടായി തിരിച്ചിട്ടുണ്ട്. ഹോമിയോപ്പതിയിലെ സാമാന്യനിയമം ആസ്പദമാക്കിയുള്ളതാണ് ഹോമിയോപ്പതിക് ജാലവിദ്യ. സമ്പര്‍ക്ക നിയമത്തെ ആധാരമാക്കിയുള്ളതാണ് കണ്ടേജിയസ് ജാലവിദ്യ. മനുഷ്യന് ഉപകാരമോ ഉപദ്രവമോ ഉണ്ടാക്കാനോ ഉപദ്രവം തടയാനോ ഇതു രണ്ടും ഉപയോഗിച്ചിരുന്നു. ഹോമിയോപ്പതിക് ജാലവിദ്യയ്ക്കുദാഹരണമാണ് കോലമുണ്ടാക്കി നശിപ്പിക്കുന്നത്. വ്യക്തിയുടെ പ്രതിരൂപമോ മെഴുകു പ്രതിമയോ ഉണ്ടാക്കി അതില്‍ ശൂലം കയറ്റുകയാണ് ചെയ്തിരുന്നത്. പ്രാചീന ഈജിപ്ത്, ബാബിലോണിയ, ആധുനിക ബ്രസീല്‍, തദ്ദേശീയ വ. അമേരിക്ക, ഗോത്രകാല ആസ്റ്റ്രേലിയ എന്നിവിടങ്ങളില്‍ ഇതു പതിവായിരുന്നു. മനുഷ്യന് ഉപദ്രവമുണ്ടാക്കുന്ന ജാലവിദ്യകളാണ് ആഭിചാരവും ദുര്‍മന്ത്രവാദവും. സുഡാനിലെ അസാന്ഡെ ഗോത്രക്കാര്‍ നടത്തുന്ന ജാലവിദ്യകള്‍ ദുര്‍മന്ത്രവാദത്തിന് ഉത്തമോദാഹരണമാണ്. മാരക ശക്തിയുള്ള ചില ഔഷധങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് അവര്‍ ജാലവിദ്യകള്‍ പ്രയോഗിക്കുന്നത്. ജാലവിദ്യയെ സ്വകാര്യജാലവിദ്യ, പൊതുജാലവിദ്യ എന്നിങ്ങനെയും തിരിക്കാം. ഒരാള്‍ക്കു വേണ്ടി മറ്റൊരു വ്യക്തിക്കുനേരെ പ്രയോഗിക്കുന്നതാണ് സ്വകാര്യജാലവിദ്യ എങ്കില്‍ ഒരു സമൂഹത്തിനുവേണ്ടി മറ്റൊരു സമൂഹത്തെ നശിപ്പിക്കാനായി നടത്തുന്നതാണ് സമൂഹജാലവിദ്യ.
ജാലവിദ്യയും ശാസ്ത്രവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ബ്രോണ്സ്ലാ മലിനോവ്സ്കി പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. ജാലവിദ്യ ഒരു ശാസ്ത്രരൂപമേയല്ല എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. മതവും ജാലവിദ്യയുമായി ബന്ധമുണ്ടെന്നും രണ്ടിലും അനുഷ്ഠാനങ്ങള്‍ക്ക് പ്രാധാന്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മാനകീകരിച്ച പരമ്പരാഗത ജാലവിദ്യകളെ ഒരു സാമൂഹ്യ പ്രസ്ഥനമായാണ് മലിനോവ്സ്കി കണക്കാക്കുന്നത്. അനുകമ്പ, ഹോമിയോപ്പതി, പകര്‍ച്ചവ്യാധി എന്നിവയുടെ തത്ത്വങ്ങള്‍ ജാലവിദ്യയുടെ മനഃശാസ്ത്രപരമായ വിശദീകരണങ്ങള്‍ക്ക് ഉപയുക്തമാക്കാം.
ജാലവിദ്യയ്ക്ക് മാനവചരിത്രത്തോളം പഴക്കമുണ്ട്. പ്രാചീന ഈജിപ്ഷ്യന്‍ പിരമിഡുകളിലും പാപ്പിറസ് രേഖകളിലും പ്രാചീന നാണയങ്ങളിലും മറ്റും ജാലവിദ്യാ മുദ്രകള്‍ കണ്ടെത്തിയിട്ടുണ്ട്. ഈജിപ്ഷ്യന്‍ ഫറവോമാരുടെ ഭരണകാലത്ത് ജാലവിദ്യക്കാരുണ്ടായിരുന്നതായി ബൈബിളില്‍ സൂചനകളുണ്ട്. തങ്ങളുടെ സ്വപ്നങ്ങള്‍ വ്യാഖ്യാനിക്കുന്നതിന് മാന്ത്രികരെ ഫറവോമാര്‍ നിയോഗിച്ചിരുന്നു. ദിവ്യശക്തികൊണ്ട് മൂസാനബി വിസ്മയപ്രപഞ്ചം സൃഷ്ടിച്ചിരുന്നുവെന്ന് ഖുര്‍ ആനില്‍ പരാമര്‍ശിച്ചിട്ടുണ്ട്. നബിയെ പരാജയപ്പെടുത്താന്‍ ഫറവോമാര്‍ മാന്ത്രികരെ വരുത്തിയ കാര്യവും ഖുര്‍ആന്‍ സൂചിപ്പിക്കുന്നു. ജാലവിദ്യാശേഷിയുള്ള ഈജിപ്ഷ്യന്‍, ബാബിലോണിയന്‍, പേര്‍ഷ്യന്‍, പുരോഹിതന്മാരെ 'മാഗി' എന്നാണറിയപ്പെട്ടിരുന്നത്. ഈ മാഗിയില്‍ നിന്നാണ് മജീഷ്യന്‍ (ജാലവിദ്യക്കാരന്) എന്ന പദം രൂപംകൊണ്ടതുതന്നെ.
ക്രിസ്തുമത സ്ഥാപനത്തോടെ ഏകദൈവാരാധന നിലവില്‍ വന്നു. മന്ത്രവാദം, ആഭിചാരം, അതിനോടനുബന്ധിച്ചുള്ള ജാലവിദ്യ എന്നിവയോട് ആഭിമുഖ്യം കുറഞ്ഞതോടെ ജാലവിദ്യ ഒരു അര്‍ധ-ശാസ്ത്ര വിസ്മയമോ വിഷയമോ ആയി വികസിതമായി. ആര്‍തര്‍ രാജാവിന്റെ (6-ാം ശ.) ആസ്ഥാന മാന്ത്രികനായിരുന്ന മെര്ലിന് ആണ് അറിയപ്പെടുന്ന ആദ്യത്തെ ജാലവിദ്യക്കാരന്. മെര്‍ലിന്റെ ജാലവിദ്യകളെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുള്ളത് 11-ാം ശ.-ലാണ് അറബിക്കഥകളില്‍ ജാലവിദ്യയെക്കുറിച്ച് നിരവധി പരാമര്‍ശങ്ങളുണ്ട്. ജാലവിദ്യകള്‍ നിറഞ്ഞു നില്ക്കുന്ന അറബിക്കഥയാണ് അലാവുദ്ദീനും അദ്ഭുതവിളക്കും. ആധുനിക ജാലവിദ്യയില്‍ പതിമൂന്നിനം അദ്ഭുതങ്ങളാണുള്ളത്: പ്രത്യക്ഷപ്പെടുത്തല്‍ (production), അപ്രത്യക്ഷമാക്കല്‍ (evaporation), രൂപാന്തരത്വം (transformation), സ്ഥാനമാറ്റം (transportation), തുളച്ചുകയറ്റല്‍ (penetration), പൊങ്ങിക്കിടക്കല്‍ (floatation), ഗതിവേഗ നിയന്ത്രണം (acceleration or retardation), ഉത്തേജിപ്പിക്കല്‍ (animation), പുനര്‍ നിര്‍മിക്കല്‍ (restoration after destruction), രക്ഷപ്പെടല്‍ (escape), പ്രേതഹൃദയം (spectral), പരഹൃദയജ്ഞാനം (demonstration of ESP), തെറ്റിദ്ധരിപ്പിക്കല്‍ (misdirection).
ചെപ്പടി വിദ്യക്കാരുടെ ജാലവിദ്യകളെക്കുറിച്ച് റെജിനാള്‍ഡ് സ്കോട്ട് ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട് (1584). തുടര്‍ന്ന് ഷെവലിയാര്‍ ജോസഫ് പിന്നെറ്റി 1758-ല്‍ പാരിസില്‍ ഒരു ജാലവിദ്യാപ്രകടനം നടത്തി. ചങ്ങല കൊണ്ട് ബന്ധനസ്ഥനായ ഇദ്ദേഹം നിമിഷങ്ങക്കകം അതില്‍ നിന്നു മുക്തനാകുന്ന രക്ഷപ്പെടല്‍ വിദ്യ (escape act) കാണികള്‍ക്ക് വിസ്മയം പകര്‍ന്നു. കണ്ണുകള്‍ മൂടിക്കെട്ടിക്കൊണ്ട് കാണികളുടെ കൈവശമുള്ള വസ്തുക്കളുടെ പേരുപറയുന്നതില്‍ (second sight) ഇദ്ദേഹത്തിന്റെ പത്നിയും പാടവം കാട്ടി.
സ്കോട്ടിഷ് മാന്ത്രികനായ ജോണ്‍ ഹെന്റി ആന്ഡേഴ്സണ് 1840-ല്‍ ലണ്ടനിലെത്തി ജാലവിദ്യ പ്രകടിപ്പിച്ചു. വിസ്മയകരമായിരുന്നു ഇദ്ദേഹത്തിന്റെ ജാലവിദ്യാവേദി. ഏതാണ്ട് മൂന്നുദശകത്തോളം ഇദ്ദേഹം തന്റെ മാന്ത്രികവൈഭവം യൂറോപ്പിലും അമേരിക്കയിലും പ്രദര്‍ശിപ്പിച്ചു. തോക്കുകൊണ്ടുള്ള മായാപ്രയോഗ (gundelusion) മായിരുന്നു ഏറ്റവും പ്രശസ്തം. ഇതിനിടെ ഫ്രഞ്ച് ഇലക്ട്രീഷ്യനും ക്ലോക്കു നിര്‍മാതാവുമായ ഷാങ് യു ജീന്‍ റോബര്‍ട്ട് ഹൂസില്‍ (1805-71) പാരിസില്‍ ഒരു ജാലവിദ്യാവേദി തുറന്ന് സമ്പന്നരായ കാണികള്‍ക്കുവേണ്ടി വിദ്യകള്‍ പ്രകടിപ്പിച്ചു. ശാസ്ത്രവുമായി സമന്വയിപ്പിച്ചുകൊണ്ടുള്ള ജാലവിദ്യകള്‍ ആദ്യമായി അവതരിപ്പിച്ചത് ഇദ്ദേഹമായിരുന്നു. സെക്കന്‍ഡ് സൈറ്റിനു പുറമേ പലവിദ്യകളും ഇദ്ദേഹം അവതരിപ്പിച്ചു.
മനുഷ്യനെ അന്തരീക്ഷത്തില്‍ തൂക്കി നിര്‍ത്തുന്ന ഇദ്ദേഹത്തിന്റെ ജാലവിദ്യ (arial suspension) പിന്നീട് പലരും അനുകരിച്ചു. ഇദ്ദേഹത്തിന്റെ മറ്റൊരു ജാലവിദ്യാ പ്രകടനമാണ് ലൈറ്റ് ആന്‍ഡ് ഹെവി ചെസ്റ്റ് (light and heavy chest). അന്ന് അപരിചിതമായിരുന്ന വൈദ്യുതകാന്തം (electromagnet) ആയിരുന്നു ഇദ്ദേഹം ഇതിനുവേണ്ടി ഉപയോഗിച്ചത്. പ്രാചീന ജാലവിദ്യകളില്‍ ശാസ്ത്രീയാംശങ്ങള് കലര്‍ത്തിക്കൊണ്ടുള്ള ഹൂഡിന്റെ സംഭാവനകള്‍ ജാലവിദ്യയുടെ വികാസത്തിന്റെ ഒരു പുതിയ ഘട്ടം കുറിക്കുന്നു. 1865-ല്‍ ലണ്ടനിലെ ഈജിപ്ഷ്യന്‍ ഹാളില്‍ ജീവനുള്ള ഒരു മനുഷ്യത്തല പ്രദര്‍ശിപ്പിക്കപ്പെട്ടു. ദര്‍പ്പണങ്ങളുടെ സഹായത്തോടെയുള്ള ഒരു മായാസൃഷ്ടിയായിരുന്നു ഇത്. പ്രത്യക്ഷപ്പെടുത്തല്‍, അപ്രത്യക്ഷമാക്കല്‍, രൂപാന്തരണം എന്നിവ ഉള്‍ക്കൊള്ളുന്നതായിരുന്നു ഈ വിദ്യകള്‍. ജീവനുള്ള പെണ്‍കുട്ടിയെ പെട്ടിക്കകത്താക്കി അതില്‍ കഠാര കുത്തിയിറക്കുന്നതും ആ പെണ്‍കുട്ടിയുടെ നിലവിളിക്കിടയില്‍ പൊള്ളയായ ആ പെട്ടി തുറന്നു കാണിക്കുന്നതും മറ്റും അന്നത്തെ വിസ്മയമായിരുന്നു. അമേരിക്കയിലേക്കു പോകുന്നതിനു മുമ്പ് അലക്സാണ്ടര്‍ ഹെര്‍മന്‍ ഈജിപ്ഷ്യന്‍ ഹാളിലെത്തി ആയിരത്തൊന്നു രാവുകള്‍ ജാലവിദ്യകള്‍ പ്രദര്‍ശിപ്പിച്ചതോടെ ജാലവിദ്യ അതിന്റെ അത്യുന്നതങ്ങളിലെത്തി.
ഈജിപ്ഷ്യന്‍ ഹാളിന്റെ നിയന്ത്രണം പിന്നീട് ജോണ്‍ നെവില്‍ മാസ്കെലൈന് ഏറ്റെടുത്തു. പെട്ടിയില്‍ നിന്നുള്ള രക്ഷപ്പെടലിന്റെ ആവിഷ്കരണത്തില്‍ പഴയ ജാലവിദ്യകളോടൊപ്പം ഇദ്ദേഹം പുതിയ വിദ്യകള്‍ സമന്വയിപ്പിച്ച് കാണികളെ അദ്ഭുതസ്തബ്ധരാക്കിയിരുന്നു. ഇദ്ദേഹമാണ് ബൌട്ടിയര് ഡെകോള്ട്ട ഉള്‍പ്പെടെ നിരവധി ജാലവിദ്യാ വിദഗ്ധരെ ഈജിപ്ഷ്യന്‍ ഹാളിലെ കാണികള്‍ക്കു പരിചയപ്പെടുത്തിയത്. പിന്നീട് ഈജിപ്ഷ്യന്‍ ഹാളില്‍ ജാലവിദ്യ പ്രദര്ശിപ്പിച്ചവരില് പ്രമുഖര്‍ ചാള്‍സ് ബെര്‍ട്രാം, കാള്‍ ജെര്ചെയിന്, ഡേവിഡ് ഡെവന്റ് എന്നിവരാണ്. ബ്രിട്ടനിലെ അക്കാലത്തെ ഏറ്റവും മികച്ച ജാലവിദ്യക്കാരനായിരുന്നു ഡെവന്റ്.
ഇക്കാലത്ത് യു.എസ്സില്‍ അലക്സാണ്ടര്‍ ഹെര്‍മന്‍ (1844-96) അമേരിക്കന്‍ ജാലവിദ്യാവേദികളില് ആധിപത്യം സ്ഥാപിച്ചു. 1876 ആയപ്പോഴേക്ക് ഇദ്ദേഹം മഹാനായ ഹെര്‍മന്‍ എന്ന ബഹുമതിക്കുടമയായി. ഹൃദ്രോഗ ബാധിതനായി മരണമടയുന്നതുവരെ ഇദ്ദേഹം അമേരിക്കന്‍ ജാലവിദ്യാവേദികളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്നു. ഇദ്ദേഹത്തിന്റെ പ്രമുഖ ജാലവിദ്യായിനങ്ങളാണ് 'വാനിറ്റി ഫെയര്‍', 'എസ്കേപ് ഫ്രം സിങ്കിങ്' എന്നിവ.
ഹെര്‍മന്റെ പ്രധാന എതിരാളിയായിരുന്ന ഹാരി കെല്ലര്‍ ആണ് പിന്നീട് യു.എസ്സില്‍ ശ്രദ്ധേയനായത്. 1908 വരെ കെല്ലറും തുടര്‍ന്ന് കാല് നൂറ്റാണ്ടുകാലം ശിഷ്യനായ ഹോവാര്‍ഡ് തഴ്സ്റ്റണും രംഗത്തു തുടര്‍ന്നു. ഇംഗ്ലണ്ടില്‍ ഡെവന്റ് തന്റെ പങ്കാളി മാസ്കെലൈനും ഒത്ത് സെന്റ് ജോര്‍ജസ് ഹാളിലേക്കു നീങ്ങി. 1900 ആയതോടെ നൃത്തസംഗീത ഫലിതരസ പ്രധാനമായ നാടക (vandeville) തിയെറ്ററുകളില്‍ ജാലവിദ്യയ്ക്കു പ്രിയമേറി. കെല്ലര്‍ക്കും ഹെര്‍മനും വേണ്ടി മായികജാലങ്ങള് സൃഷ്ടിച്ച വില്യം റോബിന്‍സണ്‍ 'ചുങ് ലിങ് സൂ' എന്ന പേരില്‍ ചൈനീസ് മാന്ത്രികനായി രംഗപ്രവേശം ചെയ്തു. ഏതാണ്ട് 5 വര്‍ഷം കഴിഞ്ഞു മാത്രമേ 'സൂ' ആരാണെന്ന് കാണികള്‍ക്കു മനസ്സിലാക്കാന്‍ കഴിഞ്ഞുള്ളൂ. അപ്പോഴേക്ക് റോബിന്‍സണ്‍ 'ചുങ് ലിങ്സൂ' എന്ന പേരില്‍ പ്രശസ്തനായിക്കഴിഞ്ഞിരുന്നു.
പിന്നീട് അമേരിക്കക്കാരനായ ഹൊറേസ് ഗോള്ഡിന് 'റാപിഡ് ഫയര്‍' ജാലവിദ്യ അവതരിപ്പിച്ചു. ഒരു ജാലവിദ്യ കണ്ട കാണികള്‍ അതെങ്ങനെയെന്ന് ഊഹിക്കുന്നതിനുമുമ്പ് മിനിട്ടില്‍ ഒന്ന് എന്ന കണക്കില്‍ ജാലവിദ്യകളുടെ ഒരു പരമ്പര തന്നെ അവതരിപ്പിച്ച് ഗോള്ഡിന് കാണികളെ ഭ്രമിപ്പിച്ചിരുന്നു. പി.റ്റി. സെല്‍ ബിറ്റ് ഇക്കാലത്ത് 'ചുവരിലൂടെ നടത്തം', 'വഴങ്ങും വനിത' എന്നീ ഇനങ്ങള്‍ അവതരിപ്പിച്ചു. എക്കാലത്തെയും മികച്ച ജാലവിദ്യയായ 'ഒരു സ്ത്രീയെ രണ്ടായി മുറിക്കുന്ന വിദ്യ'യുടെ ആവിഷ്കരണത്തില്‍ സെല്ബിറ്റും ഗോള്‍ഡിനും പിണങ്ങി. ഇക്കാലത്താണ് ജാലവിദ്യ അവതരിപ്പിക്കുന്ന സംഘത്തിലെ അംഗങ്ങളുടെ സംഖ്യയില്‍ വര്‍ധനവുണ്ടായത്. ഇക്കാലത്ത് തഴ്സ്റ്റണ് മറ്റു രണ്ടുപേരെയും നിയമിച്ചിരുന്നു: ദെന്തെയും താംപായും (1874-1926).
ഇക്കാലത്താണ് ഹാരി ഹൂഡിനി(1874-1926)യുടെ രംഗപ്രവേശം. എറിക് വൈസ് എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. 'രക്ഷപ്പെടല്‍' (escape) എന്ന ഇനത്തിലൂടെ ലോകപ്രശസ്തി നേടിയ ഹൂഡിനി ജാലവിദ്യാരംഗത്തെ വിസ്മയമായിരുന്നു. താഴുകള്‍, ചങ്ങലകള്‍, പൊലീസ് ലോക്കപ്പുകള്‍, ജയിലറകള്‍ എന്നിവയില്‍ നിന്നും രക്ഷപ്പെടുന്ന ഇദ്ദേഹം 'എസ്കേപ് കിങ്' എന്നാണറിയപ്പെട്ടിരുന്നത്. ഇദ്ദേഹം അവതരിപ്പിച്ച മറ്റൊരു ജാലവിദ്യാ വിസ്മയമായിരുന്നു 'വാട്ടര്‍ ടോര്‍ച്ചര്‍ സെല്‍ (water torture cell). സെല്ലിലെ വെള്ളത്തില്‍ തലകുത്തനെ മുങ്ങിക്കിടക്കുന്ന ഹൂഡിനി മിനിട്ടുകള്‍ക്കകം രക്ഷപ്പെടുമായിരുന്നു. ഹൂഡിനി അന്തരിച്ച് ഏതാനും വര്‍ഷങ്ങള്‍ക്കകം ആഗോള സാമ്പത്തിക മാന്ദ്യമായതോടെ ജാലവിദ്യാവേദികള് ഒന്നൊന്നായി അടയ്ക്കപ്പെട്ടു. ജാലവിദ്യകള്‍ ഉള്‍പ്പെടെ ഹൂഡിനിയുടെ ജീവിത വിവരങ്ങള്‍ അടങ്ങുന്നതാണ് വാള്‍ട്ടര്‍ ബി. ഗിബ്സണും മോറിസ് എന്‍ യങ്ങും ചേര്‍ന്നു രചിച്ച ഹൂഡിനി ഇന്‍ മാജിക് എന്ന ഗ്രന്ഥം.
പിന്നീട് യു.എസ്സില്‍ ഹാരി ബ്ലാക്സ്റ്റണും ഇംഗ്ലണ്ടില്‍ ഗോള്‍ഡിനും ജാലവിദ്യ തുടര്‍ന്നു. രണ്ടാം ലോകയുദ്ധാനന്തരം ജാലവിദ്യയ്ക്ക് ഒരു ഉണര്വനുഭവപ്പെട്ടു. ബ്ലാക്സ്റ്റന്റെ പ്രമുഖമായാസൃഷ്ടിയാണ് ദ് ഡിസെംബോഡീഡ് പ്രിന്‍സസ്.
ടെലിവിഷന്റെ രംഗപ്രവേശത്തോടെ ജാലവിദ്യയ്ക്ക് ജനസമ്മതി വര്‍ധിച്ചു. അമേരിക്കന്‍ ടെലിവിഷനില്‍ ആദ്യമായി ജാലവിദ്യ അവതരിപ്പിച്ചത് മാര്‍ക് വിത്സണ് ആണ്. ഇദ്ദേഹത്തിന്റെ പ്രതിവാര പരിപാടിയായ മാജിക് ലാന്‍ഡ് ഒഫ് അലഗാസം 1960-ല്‍ തുടങ്ങി. 1964-ലെ ന്യൂയോര്‍ക്ക് വേള്‍ഡ്സ് ഫെയറിലും വിത്സണ് പരിപാടി അവതരിപ്പിച്ചു; 1974-ല്‍ ന്യൂയോര്‍ക്കില്‍ ദ് മാജിക്ഷോ തുടങ്ങി. മജീഷ്യന്‍ ഡ്യൂഹെന്നിങ്ങിന്റെ അഭിനയമുള്പ്പെടെയുള്ള ഈ പ്രകടനം എല്ലാ ബ്രോഡ്വേ റിക്കാര്‍ഡുകളും തകര്‍ത്തു. ഇക്കാലത്ത് ബ്ലാക്സ്റ്റന്റെ പുത്രനായ ഹാരി ബ്ലാക്സ്റ്റണ്‍ ജൂനിയര്‍ തന്റെ ജാലവിദ്യകള്‍ ചേര്‍ത്ത് എക്കാലത്തെയും പ്രശസ്തമായ സഞ്ചരിക്കുന്ന ജാലവിദ്യാസംഘത്തിനു രൂപം കൊടുത്തു. 20-ാം ശ.-ന്റെ ഉത്തരാര്‍ധത്തിലാണ് കാലിഫോര്‍ണിയയിലെ ഹോളിവുഡ് ആസ്ഥാനമായി മാജിക് കാസിലും മാസാച്യുസെറ്റ്സിലെ ബെവെര്‍ലി ആസ്ഥാനമാക്കി ലെ ഗ്രാന്‍ഡ് ഡേവിഡും സ്ഥാപിതമായത്.
ജാലവിദ്യയുടെ ചരിത്രം, അടിസ്ഥാനതത്ത്വങ്ങള്‍, ജാലവിദ്യയും ശാസ്ത്രവുമായുള്ള ബന്ധം, അയ്യായിരം ജാലവിദ്യകള്‍ എന്നിവ വിവരിക്കുന്ന തര്ബെല് കോഴ്സ് ഇന്‍ മാജിക് എന്ന ഗ്രന്ഥപരമ്പര (7 വാല്യം) രചിച്ച ഡോ. ഹെര്‍ലന്‍ തര്ബല് മികച്ച ജാലവിദ്യാ വിദഗ്ധനാണ്. ജാലവിദ്യയെ സംബന്ധിച്ച മറ്റു മികച്ച ഗ്രന്ഥങ്ങളാണ് മാര്ക്വിത്സന്റെ മാര്‍ക് വിത്സണ്‍സ് കംപ്ലീറ്റ് കോഴ്സ് ഇന്‍ മാജിക്, ആര്‍തര്‍ സെറ്റിങ്ടണ് രചിച്ച മേക്കിങ് മാജിക്, ജെ.സി. ചാനല്‍ രചിച്ച ദ് സീക്രട്ട് ഒഫ് ഹൂഡിനി എന്നിവ.
ഇന്ത്യ. ജാലവിദ്യയുടെ ഈറ്റില്ലം എന്ന് ഇന്ത്യയെ വിശേഷിപ്പിക്കാം. ഭാരത സംസ്കാരത്തോളം തന്നെ പ്രാധാന്യമുണ്ട് ജാലവിദ്യയ്ക്കും. ഹിന്ദുപുരാണമനുസരിച്ച് ഏറ്റവും അധികം ജാലവിദ്യകള്‍ കാണിച്ചിരുന്ന ദേവന് ഇന്ദ്രനാണ്. ഇന്ദ്രന്റെ ജാലം എന്നര്ഥത്തില് മാജിക്കിന് ഇന്ദ്രജാലം എന്നു പേരുണ്ടായതും ഇക്കാരണത്താലാണ്. മഹാഭാരതകഥയിലെ വസ്ത്രാക്ഷേപസമയത്ത് ദ്രൗപദിയുടെ വസ്ത്രത്തിന് നീളം കൂടിയതും ഏതു സമയത്തും ആവശ്യപ്പെടുന്നതെന്തും ലഭിക്കുന്ന അക്ഷയപാത്രവും മറ്റും ജാലവിദ്യയുടെ പ്രാഗ് രൂപങ്ങളാണെന്നാണ് ജാലവിദ്യക്കാര്‍ വിശ്വസിക്കുന്നത്. സീതാപഹരണത്തിനു മാരീചന് സ്വര്‍ണമാനിന്റെ രൂപമെടുക്കുന്നത് ജാലവിദ്യയുടെ അടിസ്ഥാനതത്ത്വങ്ങളിലൊന്നായ രൂപാന്തരണമാണെന്നാണ് ജാലവിദ്യാചാര്യന്മാരുടെ അഭിപ്രായം. ശ്രീകൃഷ്ണന്റെ പുത്രന് പ്രദ്യുമ്നന്റെ വളര്‍ത്തമ്മയായ ബാണാമതി എന്ന അസുരസ്ത്രീ മായാവിദ്യയിലും രസായനവിദ്യയിലും അതുല്യയായിരുന്നു എന്ന് പുരാണങ്ങള്‍ പറയുന്നു. രസായനവിദ്യ ഉപയോഗിച്ച് പ്രദ്യുമ്നനെ ശീഘ്രം യുവാവാക്കി മാറ്റുകയും മായാവിദ്യകളും അസ്ത്രവിദ്യകളും അഭ്യസിപ്പിച്ച് ശംബരാസുര നിഗ്രഹത്തിനു പ്രാപ്തനാക്കുകയും ചെയ്തത് ബാണാമതിയാണ്.
അറുപത്തിനാലു കലകളില്‍ മികച്ച സ്ഥാനമാണ് ജാലവിദ്യയ്ക്കുള്ളത്. മാസ്മര പ്രയോഗങ്ങളോടൊപ്പം ഔഷധങ്ങളും രാസവസ്തുക്കളും ഉപയോഗപ്പെടുത്തുന്നത് ഇന്ത്യന്‍ ജാലവിദ്യയുടെ ഭാഗമായിരുന്നു. അലങ്കാരക്കുരുവിന്റെയും രസം, മനയോല തുടങ്ങിയ രാസപദാര്‍ഥങ്ങളുടെയും പ്രയോഗങ്ങള്‍ ഇന്ത്യന്‍ ജാലവിദ്യക്കാരെ ആഗോള ജാലവിദ്യക്കാരുടെ മുന്‍നിരയിലെത്തിച്ചു. ലോക ജാലവിദ്യാരംഗത്ത് വിസ്മയമായി അവശേഷിക്കുന്നതാണ് 'ഇന്ത്യന്‍ വടാരോഹണവിദ്യ' (Indian rope trick). നിലത്തു ചമ്രം പടിഞ്ഞിരിക്കുന്ന മാന്ത്രികന് സു. 4.5 മീ. നീളമുള്ള ഒരു കയര്‍ അന്തരീക്ഷത്തിലേക്കെറിയുന്നതോടെയാണ് വടാരോഹണവിദ്യ ആരംഭിക്കുന്നത്. നിമിഷങ്ങള്‍ക്കുള്ളില്‍ ആ കയര്‍ ഒരു ഇരുമ്പുദണ്ഡുപോലെ അന്തരീക്ഷത്തില്‍ ഉയര്‍ന്നു നില്ക്കും. തുടര്‍ന്ന് ഒരാണ്‍കുട്ടി ഈ കയറിലൂടെ മുകളിലേക്കു കയറിപ്പോവുകയും മുകളറ്റത്ത് എത്തുമ്പോള്‍ അപ്രത്യക്ഷമാവുകയും ചെയ്യും. ഉടന്‍ മാന്ത്രികന് കയറിലൂടെ മുകളിലെത്തുകയും തന്റെ അരയില്‍ തിരുകിയ വാളൂരി അന്തരീക്ഷത്തില്‍ തലങ്ങും വിലങ്ങും വീശുകയും ചെയ്യുന്നു. അതോടെ കുട്ടിയുടെ ശിരസ്സും ശരീരാവയവങ്ങളും ഒന്നൊന്നായി നിലത്തേക്കു വീഴുന്നു. തുടര്‍ന്ന് മാന്ത്രികന് താഴെ ഇറങ്ങിവന്ന് രക്താഭിഷിക്തമായ ശരീരഭാഗങ്ങള്‍ പെറുക്കിയെടുത്ത് ഒരു കുട്ടയില്‍ വച്ചു മൂടുന്നു. ചില അംഗവിക്ഷേപങ്ങള്‍ക്കും മാന്ത്രിക ജല്പനങ്ങള്ക്കുംശേഷം മാന്ത്രികന് കുട്ട തുറക്കുമ്പോള്‍ കുട്ടി പൂര്ണകായനായി എഴുന്നേറ്റുവരും. ഈ ജാലവിദ്യ എങ്ങനെയാണ് പ്രകടമാക്കിയിരുന്നതെന്ന കാര്യം ഇന്നും അജ്ഞാതമാണ്.
നാടോടികളുടെ ജീവിതോപാധിയായിരുന്ന ജാലവിദ്യയുടെ പ്രാധാന്യം മധ്യകാലമായതോടെ ചുരുങ്ങി. മറ്റൊരു വിഭാഗം ജനങ്ങള്‍ ജാലവിദ്യയെ അന്ധവിശ്വാസത്തിന്റെ പടുകുഴിയിലാഴ്ത്തി. നാടോടികള്‍ അവതരിപ്പിച്ചുവന്ന ഇന്ത്യന്‍ റോപ്ട്രിക്, ചെപ്പടിവിദ്യ എന്നിവ ഇന്ത്യന്‍ ജാലവിദ്യയുടെ മാറ്റുരച്ചു കാണിക്കുന്നവയാണ്. ഇന്ത്യന്‍ ജാലവിദ്യയുടെ ചരിത്രം നെറ്റ് ഒഫ് മാജിക് എന്ന ഗ്രന്ഥത്തില്‍ ലീ സെയ്ഗെല്‍ വിവരിക്കുന്നുണ്ട്.
ശാസ്ത്രപുരോഗതിയോടെ ജാലവിദ്യയോടുള്ള സമീപനത്തില്‍ ആഗോളതലത്തിലുണ്ടായ മാറ്റത്തിന്റെ ധ്വനി ഇന്ത്യയിലും പ്രകടമായി. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്ത്യയില്‍ ജാലവിദ്യ ഒരു ജനകീയ കലയായിത്തീര്‍ന്നു. കലയുടെ പരിവേഷം നല്‍കിയും മാന്ത്രികന്റെ വേഷവിധാനങ്ങള്‍ പ്രത്യേകമായി സംവിധാനം ചെയ്തും ഇന്ത്യന്‍ ജാലവിദ്യയ്ക്ക് ഇന്നത്തെ മേല്‍വിലാസം ഉണ്ടാക്കിയത് പി.സി. സര്‍ക്കാരാണ്. മുഗള്‍ചക്രവര്‍ത്തി ജഹാംഗീറിന്റെ ആസ്ഥാനസദസ്സില്‍ ജാലവിദ്യ കാണിച്ച തലമുറയിലെ ഏഴാമത്തെ കണ്ണിയാണ് സര്‍ക്കാര്‍. ഇദ്ദേഹത്തിന്റെ പിന്‍ഗാമിയാണ് ഇപ്പോഴത്തെ മികച്ച മജീഷ്യനായ പ്രദീപ്ചന്ദ്ര സര്‍ക്കാര്‍ (പി.സി. സര്‍ക്കാര്‍ ജൂനിയര്‍). ആഗോള പ്രശസ്തി നേടിയ മറ്റൊരു മജീഷ്യനാണ് ഗോഗിയപാഷ. ഭിഷഗ്വരനായിരുന്ന ധന്‍പത്റായ് ഗോഗിയയുടെ ഇന്ദ്രജാല പ്രകടനം കണ്ട ഈജിപ്തിലെ ഫറൂക് രാജാവാണ് ഇദ്ദേഹത്തിന് പാഷ എന്ന ബഹുമതി നല്‍കിയത്. ശരീരത്തെ തന്റെ പൂര്ണവരുതിക്കു കൊണ്ടുവരാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞിരുന്നു. വാളിന്തുമ്പിലും മറ്റും താങ്ങി ശരീരത്തെ വിലങ്ങനെ പ്രദര്‍ശിപ്പിക്കുക പാഷയുടെ പ്രധാന ഇനമായിരുന്നു. ഇദ്ദേഹത്തിന്റെ പണം നിര്‍മിക്കുന്ന വിദ്യ കണ്ട് അഡോള്‍ഫ് ഹിറ്റ്ലര്‍ അദ്ഭുതപരതന്ത്രനായിട്ടുണ്ട് (1937).
കല്‍ക്കത്ത സ്വദേശി കെ. ലാല്‍, ഗുജറാത്തുകാരന് മംഗല്‍ എന്നിവരും യശസ്സു നേടിയ ജാലവിദ്യക്കാരാണ്.
കേരളം. മാന്ത്രികവിദ്യയിലും ഇന്ദ്രജാല പ്രകടനങ്ങളിലും മികവു തെളിയിച്ച അനേകം വ്യക്തികളെപ്പറ്റി കൊട്ടാരത്തില്‍ ശങ്കുണ്ണി ഐതിഹ്യമാലയില്‍ വിവരിക്കുന്നുണ്ട്. ശക്ത്യുപാസന, ചാത്തന്‍സേവ, മന്ത്രമൂര്ത്തിസേവ തുടങ്ങിയ സാധകങ്ങള്‍ കൊണ്ടാണ് മായിക പ്രകടനങ്ങള്‍ക്കുള്ള സിദ്ധി നേടിയെടുക്കുന്നതെന്ന് പൊതുവേ വിശ്വസിക്കപ്പെട്ടുപോന്നു. അമാവാസി ദിവസം ചന്ദ്രനുദിപ്പിക്കുക, മദ്യം കളിയടയ്ക്കയാക്കി മാറ്റുക തുടങ്ങിയ അദ്ഭുതങ്ങള്‍ പ്രകടമാക്കിയിരുന്ന വെള്ളോടില്ലത്തെ നമ്പൂതിരി, മാന്ത്രികവിദ്യയില്‍ ആഗ്രഗണ്യനായിരുന്ന കടമറ്റത്തു കത്തനാര്, കത്തനാരോട് മത്സരിച്ചിരുന്ന കുഞ്ചമണ്‍ മഠത്തില്‍ മൂത്ത നമ്പൂതിരി തുടങ്ങിയവരുടെ പരാമര്‍ശങ്ങള്‍ ഐതിഹ്യമാലയിലുണ്ട്. ക്രമേണ കാക്കാലന്മാരുടെയും പാമ്പാട്ടികളുടെയും ജീവിതമാര്‍ഗമായി ചുരുങ്ങിയ ജാലവിദ്യയെ ഒരു കലയാക്കി ഉയര്‍ത്തിയത് വാഴക്കുന്നം നീലകണ്ഠന് നമ്പൂതിരിപ്പാടാണ്. ചെപ്പടിവിദ്യയുടെ ആചാര്യനായ ഇദ്ദേഹം ജാലവിദ്യയെ ഒരു തപസ്യയായി സ്വീകരിച്ചു. വാഴക്കുന്നത്തെ പിന്തുടര്ന്ന് അദ്ദേഹത്തിന്റെ ശിഷ്യന്മാര് ജാലവിദ്യയുടെ വികസനത്തിനു വേദിയൊരുക്കി. ജാലവിദ്യയിലെ കലാംശത്തിനു മുന്‍തൂക്കം നല്കി അതിനെ ഒരു ജനകീയ കലയാക്കി ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് 1996-ല്‍ തിരുവനന്തപുരത്ത് മാജിക് അക്കാദമി ആരംഭിച്ചത്. ഇതിന്റെ രക്ഷാധികാരിയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഗോപിനാഥ് മുതുകാട് അവതരിപ്പിച്ച 'ഫയര്‍ എസ്കേപ് ആക്റ്റ്' (1995), 'മോട്ടോര്‍കാര്‍ വാനിഷിങ് ആക്റ്റ്' (1997) എന്നിവ കേരളത്തിലെ ജാലവിദ്യാ സംരംഭങ്ങളുടെ കാലികമായ പുരോഗതിയുടെ നിദര്‍ശനമാണ്. ആര്.കെ. മലയത്ത്, പി.എം. മിത്ര, പ്രൊഫ. സമ്രാജ്, പ്രദീപ് ഹൂഡിനോ, ജൂനിയര്‍ മാന്‍ഡ്രേക് എന്നിവര്‍ ഇന്ന് രംഗത്തുള്ളവരില്‍ പ്രശസ്തരാണ്. ഇന്ത്യയൊട്ടാകെ അറിയപ്പെട്ടിരുന്ന മലയാളി മജീഷ്യനാണ് അന്തരിച്ച പ്രൊഫ. ഭാഗ്യനാഥ്.
(ഗോപിനാഥ് മുതുകാട്; സ.പ.)