This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ജലോഢ സമതലം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ജലോഢ സമതലം
Flood plain
നദികള്‍ കരകവിഞ്ഞൊഴുകുന്നതു കൊണ്ടുമാത്രം രൂപം കൊള്ളുന്ന നദീതടഭാഗം. ജലോഢ സമതലത്തിന്റെ പ്രതലം മിക്കവാറും നിരപ്പാര്‍ന്നതായിരിക്കും. വെള്ളപ്പൊക്കസയമത്ത് ജലോഢ സമതലവും നിറഞ്ഞുകവിയുന്നു. നദിയുടെ ഒരു വശത്തോ ഇരുവശങ്ങളിലുമോ ആയി രൂപംകൊള്ളുന്ന ഈ സമതലം വര്‍ഷത്തിലൊരിക്കലെങ്കിലും കരകവിഞ്ഞൊഴുകുന്നതിനാല്‍ ഇവിടെ എക്കല്‍ നിക്ഷേപമുണ്ടാകുന്നു. നദീതീരങ്ങളില്‍ ജന്മമെടുക്കുന്ന ജലോഢ സമതലങ്ങള്‍ നദിയുടെ വളര്‍ച്ചയിലെ ഒരു പ്രത്യേകഘട്ടത്തെ (graded condition) സൂചിപ്പിക്കുന്നതായിട്ടാണ് ഭൂമിശാസ്ത്രജ്ഞര്‍ കണക്കാക്കുന്നത്.
നദിക്കിരുവശത്തുമായി വെള്ളപ്പൊക്കത്തില്‍ ഒഴുകിവരുന്ന എക്കല്‍ അടിഞ്ഞു രൂപംകൊള്ളുന്ന എക്കല്‍ത്തടത്തിനു പൊതുവേ നല്കുന്ന പേരും ജലോഢ സമതലം എന്നുതന്നെ. യൌവനാവസ്ഥയിലുള്ള നദിയുടെയും അവസാനഘട്ടത്തിലേക്കു നീങ്ങുന്ന നദിയുടെയും ജലോഢ സമതലങ്ങള്‍ക്കു തമ്മില്‍ കാര്യമായ അന്തരമുണ്ട്. പ്രൌഢാവസ്ഥയിലുള്ള നദി വഹിച്ചുകൊണ്ടുവരുന്ന അവസാദങ്ങള്‍ നിക്ഷേപിക്കപ്പെടുന്നതോടെ ഈ സമതലത്തിന്റെ അതിരുകള്‍ രൂപം കൊള്ളുന്നു. പൊതുവേ നദിയോടു ചേര്‍ന്ന ഭാഗങ്ങളിലാവും ഏറിയപങ്കും നിക്ഷേപങ്ങളും കാണപ്പെടുക.
അവസാദങ്ങള്‍ ധാരാളമുള്ളതും കൈവഴികളായി പിരിഞ്ഞതുമായ നദിയുടെ ജലോഢ സമതലത്തിന് നെടുകെയുണ്ടാകുന്ന ചരിവ് വളഞ്ഞുപുളഞ്ഞൊഴുകുന്ന നദികളുടേതിനെക്കാള്‍ കൂടുതലായിരിക്കും. നദിയിലൂടെ ഒഴുകിവരുന്ന അവസാദം അടിഞ്ഞു ക്രമേണരൂപം കൊള്ളുന്ന സമതലത്തിന്റെ തലത്തെക്കാള്‍ നദിയുടെ പ്രവാഹതലം ഉയര്‍ന്നുവരുമ്പോള്‍ പോഷകനദികള്‍ക്കു പലപ്പോഴും കുറെ ദൂരത്തേക്കെങ്കിലും നദിയുമായി ചേരാനാവുന്നില്ല. ചിലപ്പോള്‍ ഇവ ഒരിക്കലും പരസ്പരം ഒത്തുചേര്‍ന്നില്ല എന്നും വരാം. ഇത്തരത്തില്‍ പ്രവാഹഗതി തടസ്സപ്പെടുന്ന കൈവഴികള്‍ ക്രമേണ തടാകങ്ങളായി പരിണമിക്കാറുണ്ട്. എപ്പോഴും നദികളുടെ വശങ്ങളിലുള്ള മണല്‍ത്തട്ടുകളില്‍ നിന്ന് എതിര്‍ദിശയിലേക്കാവും ജലോഢ സമതലത്തിലെ നീര്‍വാര്‍ച്ച. ഈ ഭൂഭാഗം നദികളുടെ സ്വഭാവത്തെ ആശ്രയിച്ച് പരുക്കന്‍ അവസാദങ്ങളടങ്ങിയതോ വളരെ സൂക്ഷ്മമായ തരികളുള്‍ക്കൊള്ളുന്നതോ ആകാം.
നദികളുടെ വലുപ്പമനുസരിച്ചായിരിക്കും ജലോഢ സമതലങ്ങളുടെ വിസ്തൃതിയും. ചെറുനദികള്‍ വീതികുറഞ്ഞ സമതലങ്ങള്‍ക്കു ജന്മം നല്കുമ്പോള്‍ മിസ്സിസ്സിപ്പിയെപ്പോലുള്ളവ അതിവിസ്തൃത സമതലങ്ങള്‍ക്കു രൂപം നല്കുകയാണ് പതിവ്. ഈ സമതലങ്ങള്‍ കടലിനോടടുക്കുമ്പോഴേക്കും ഡെല്‍റ്റയോടും ഡെല്‍റ്റയുടെ അഭാവത്തില്‍ തീരദേശ ഡെല്‍റ്റാ സമതലങ്ങളോടും വിവേചിച്ചറിയാനാകാത്ത രീതിയില്‍ കൂടിച്ചേരുന്നു.
പുരാതന നദീതട സംസ്കാരങ്ങളുടെയെല്ലാം ജന്മഭൂമിയായിരുന്നു ജലോഢ സമതലങ്ങള്‍. ചൈന, ഉത്തരേന്ത്യ, മെസപ്പൊട്ടേമിയ, ഈജിപ്ത് തുടങ്ങിയ ഇടങ്ങളിലെ പുരാതന സംസ്കാരങ്ങളെല്ലാം തന്നെ സിയാന്‍, സിന്ധു, ടൈഗ്രിസ്-യൂഫ്രട്ടിസ്, നൈല്‍ എന്നീ നദീസമതലങ്ങളിലാണ് രൂപമെടുത്തത്. ഇവിടത്തെ വളക്കൂറുള്ള എക്കല്‍ മണ്ണും ജലസമൃദ്ധിയും കൃഷിക്കനുകൂലമായിരുന്നതാകണം ഇതിനു മുഖ്യകാരണം.
ഇന്ന് നദികളില്‍ നിര്‍മിതമായിട്ടുള്ള ചിറകളും കനാലുകളും വെള്ളപ്പൊക്കം തടുക്കുവാന്‍ ഉതകുന്നവയാണ്. പക്ഷേ ജനങ്ങളെയും നഗരങ്ങളെയും സംരക്ഷിക്കുന്ന ഈ പദ്ധതികള്‍ പലപ്പോഴും ജലോഢ സമതലങ്ങള്‍ കരകവിഞ്ഞൊഴുകുന്നതുമൂലമുണ്ടാകുന്ന ഗുണഫലങ്ങളെ ഉന്മൂലനം ചെയ്യുന്നതിനിടയാക്കുന്നു.
ജലോഢ സമതലങ്ങള്‍ വിസ്തൃതമായിരിക്കുമ്പോള്‍ ഇവയിലെ എക്കലിന്റെ അടിവ് സമുദ്രതീരത്തോടടുക്കുന്തോറും 120 മീറ്ററോ, കൂടുതലോ ആകാറുണ്ട്. ശരിയായ ഒരു ജലോഢ സമതലത്തിന്റെ ഏറ്റവും ഉയര്‍ന്ന ഭാഗം നൈസര്‍ഗിക നദിത്തിട്ടിന്റെ ഉയരം കൂടിയയിടം തന്നെയായിരിക്കും. ഇത് ജലപ്രാവാഹത്തിന്റെ തൊട്ടടുത്ത കരകളിലായി കാണുന്നു.
സാധാരണസമയത്തും വെള്ളപ്പൊക്കങ്ങളിലും ജലനിരപ്പില്‍ സാരമായ വ്യത്യാസം അനുഭവപ്പെടാത്തവയും അവസാദങ്ങള്‍ ഒട്ടുമില്ലാത്തവയുമായ നദികളില്‍ ജന്മമെടുക്കുന്ന ജലോഢ സമതലങ്ങള്‍ പൊതുവേ നദിത്തിട്ടുകളോ, വളഞ്ഞുപുളഞ്ഞുള്ള പ്രവാഹഗതിയോ, ഇതുമൂലമുണ്ടാകുന്ന ചെറുജലാശയങ്ങളോ ഉള്ളവയാവില്ല. പല സമതലങ്ങളും പോഷകനദികളുടെ 'എക്കല്‍ക്കോണു'കള്‍ മുഖേന രൂപാന്തരം പ്രാപിച്ചവയാണ്.