This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ജയന്തിയ രാജ്യം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ജയന്തിയ രാജ്യം
അസമിലെ ഒരു പുരാതന നാട്ടുരാജ്യം. ജയന്തിയക്കുന്നുകള്‍ക്കും കലാങ് നദിക്കുമിടയിലായിട്ടാണ് ഈ രാജ്യം സ്ഥിതി ചെയ്തിരുന്നത്. ഖാസി വംശജരായിരുന്നു ഇവിടത്തെ ആള്‍ക്കാര്‍. 18-ാം ശ.-ന്റെ ആരംഭത്തില്‍ അഹോം രാജാവ് രുദ്രസിംഹനുമായുണ്ടായ യുദ്ധത്തില്‍ ജയന്തിയ രാജാവ് രാമസിംഹന്‍ കൊല്ലപ്പെട്ടെങ്കിലും അഹോമുകളുടെ മേല്‍ക്കോയ്മ സ്വീകരിക്കാന്‍ ജയന്തിയ ഒരുക്കമല്ലായിരുന്നു. തുടര്‍ന്നും സ്വതന്ത്രയായിത്തന്നെ ജയന്തിയ വര്‍ത്തിച്ചു. 1824-ല്‍ ബര്‍മക്കാര്‍ അസം ആക്രമിച്ച വേളയില്‍ ജയന്തിയ രാജാവായ ഇന്ദ്രസിംഹന്‍ ബ്രിട്ടീഷ് പക്ഷത്തു ചേര്‍ന്നു. കാളിപ്രീതിക്കായി നരബലി അനുഷ്ഠിച്ചുപോന്ന ജയന്തിയക്കാര്‍ മൂന്നു ബ്രിട്ടീഷ് പൗരന്മാരെ കുരുതികൊടുത്തതിനെ തുടര്‍ന്ന് ഇന്ദ്രസിംഹനും ബ്രിട്ടീഷുകാരും തമ്മിലുള്ള ബന്ധം വഷളായി. കുറ്റവാളികളെ തങ്ങള്‍ക്ക് വിട്ടുതരണമെന്ന ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ ആവശ്യം ഇന്ദ്രസിംഹന്‍ തള്ളിക്കളഞ്ഞത് ഇവര്‍ക്കിടയിലുണ്ടായിരുന്ന തര്‍ക്കം പുതിയ തലങ്ങളില്‍ കൊണ്ടെത്തിച്ചു. കുറ്റവാളികള്‍ക്ക് എല്ലാവിധ ഒത്താശകളും ചെയ്തുകൊടുക്കുന്നതില്‍ രാജാവിനും പങ്കുണ്ടെന്ന് ബ്രിട്ടീഷുകാര്‍ ന്യായമായും സംശയിച്ചു. രാജാവിന്റെ നീക്കത്തില്‍ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് 1835-ല്‍ ഗവര്‍ണര്‍ ജനറല്‍ വില്യം ബെന്റിംഗ് ജയന്തിയ രാജ്യം ബ്രിട്ടീഷ് അധീനതയിലാക്കി.