This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജയചന്ദ്രന്‍ (ഭ.കാ. 1170 - 93)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജയചന്ദ്രന്‍ (ഭ.കാ. 1170 - 93)

ഉത്തരേന്ത്യയിലെ കനൗജ് (കന്യാകുബ്ജം) ഭരിച്ചിരുന്ന (12-ാം ശ.) രജപുത്രരാജാവ്. ഗാഹദവാല രജപുത്രവംശജനായ ജയചന്ദ്രനെ മുസ്ലിം ചരിത്രകാരന്മാര്‍ 'ബനാറസ് രാജാവ്' എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്.

പിതാവായ വിജയചന്ദ്രനെ പിന്തുടര്‍ന്ന് 1170-ല്‍ ജയചന്ദ്രന്‍ അധികാരത്തിലേറി. ഗയ, പാറ്റ്ന, ബനാറസ്, അലഹബാദ്, ഗംഗ, യമുന, ദോയേബ് എന്നിവ ഉള്‍പ്പെട്ട തന്റെ രാജ്യം കിഴക്കോട്ട് വ്യാപിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ബംഗാള്‍ രാജാവ് ലക്ഷ്മണസേനയുടെ എതിര്‍പ്പിനെ തുടര്‍ന്ന് ആ ശ്രമം വിജയിച്ചില്ല. മുഹമ്മദ്ഗോറിയുമായി ഏറ്റുമുട്ടുന്നതു(1193)വരെ കനൗജില്‍ സമാധാനപരമായ ഭരണം കാഴ്ചവയ്ക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. കല, സാഹിത്യം എന്നിവയെ പരിപോഷിപ്പിച്ച ഇദ്ദേഹത്തിന്റെ രാജസദസ്സ് അലങ്കരിച്ചവരില്‍ പ്രമുഖനായിരുന്നു നൈഷധചരിതത്തിന്റെ കര്‍ത്താവായ ശ്രീഹര്‍ഷന്‍.

വടക്കേ ഇന്ത്യയില്‍ ഇന്നും പ്രചാരത്തിലുള്ള പല നാടോടിക്കഥകളിലെയും മുഖ്യകഥാപാത്രങ്ങളാണ് ജയചന്ദ്രനും പുത്രി സംയോഗിതയും ജാമാതാവ് പൃഥ്വിരാജും. പിതാവിന്റെ ബദ്ധശത്രുവായ ചാഹമാന രാജാവ് പൃഥ്വിരാജില്‍ സംയോഗിത അനുരക്തയായി. മകളുടെ സ്വയംവരത്തിന് പൃഥ്വിരാജിനെ മനഃപൂര്‍വം ക്ഷണിക്കാതിരുന്ന ജയചന്ദ്രന്‍, അയാളെ അധിക്ഷേപിക്കാനായി പ്രതിമ നിര്‍മിച്ച് ദ്വാരപാലകനായി പ്രതിഷ്ഠിച്ചു. സ്വയംവരവേളയില്‍ ക്ഷണിക്കപ്പെട്ട രാജകുമാരന്മാരെ വരിക്കാതെ, പ്രതിമയുടെ അടുക്കലേക്കു നീങ്ങിയ സംയോഗിത പ്രതിമയെ ഹാരാര്‍പ്പണം ചെയ്തു. അത്യന്തം നാടകീയമായ രീതിയില്‍ അവിടെ പ്രത്യക്ഷപ്പെട്ട പൃഥ്വിരാജ് സംയോഗിതയുമായി കടന്നുകളഞ്ഞു (ചരിത്രകാരന്മാര്‍ ഈ സംഭവത്തെ കല്പിതകഥയായി തള്ളിക്കളയുന്നു).

ഗോറിയും പൃഥ്വിരാജും തമ്മില്‍ നടന്ന തരായിന്‍ യുദ്ധത്തില്‍ ഗോറിക്ക് സകലവിധ ഒത്താശകളും ചെയ്തുകൊടുത്ത ജയചന്ദ്രന്‍ മരുമകനെ ഒതുക്കുവാനായി ഗോറിയുമായി സഖ്യം ഉണ്ടാക്കി. പക്ഷേ, അക്രമിയുടെ തനിനിറം മനസ്സിലാക്കിയപ്പോഴേക്കും വൈകിപ്പോയിരുന്നു. യുദ്ധവിജയത്തിലൂടെ ഗോറി വടക്കേ ഇന്ത്യയുടെ ഭാഗധേയം തന്നെ നിയന്ത്രിക്കാനുള്ള കെല്പ് ആര്‍ജിച്ചു. വടക്കേ ഇന്ത്യ മുഴുവന്‍ വെട്ടിപ്പിടിക്കുവാനുള്ള പടപ്പുറപ്പാടിന്റെ ഭാഗമായി ഗോറി ജയചന്ദ്രന്റെ രാജ്യം ആക്രമിച്ചു. ഇരു ചേരികളും ഏറ്റുമുട്ടിയ ചന്ദ്മാര്‍യുദ്ധത്തില്‍ (1193) ജയചന്ദ്രന്‍ കൊല്ലപ്പെടുകയും രാജ്യം മുസ്ലിം ഭരണത്തിലാവുകയും ചെയ്തു. മുസ്ലിം ആക്രമണം ഏല്പിച്ച പ്രഹരത്തില്‍ നിന്ന് പൂര്‍വസ്ഥിതിയിലേക്കു തിരിച്ചുവരാന്‍ ഗാഹദവാല രാജാക്കന്മാര്‍ക്കു കഴിഞ്ഞില്ല. ജയചന്ദ്രന്റെ പുത്രനായ ഹരിശ്ചന്ദ്രന്‍ 1197-ല്‍ മുസ്ലിം അധിനിവേശത്തില്‍ നിന്നും കനൗജിനെ മോചിപ്പിച്ചെങ്കിലും ഇദ്ദേഹത്തിന്റെ പിന്‍ഗാമിയായ അടക്കമല്ലന്റെ കാലത്ത് ഇല്‍ട്ടമിഷ് കനൗജ് കീഴടക്കി. അതോടെ കനൗജ് ആധാരമായുള്ള ഗാഹദവാല ഭരണത്തിന് വിരാമമായി. കനൗജ് നഷ്ടമായതിനെ തുടര്‍ന്ന് മധ്യേന്ത്യയിലെ നാഗോദ് പ്രവിശ്യയിലേക്കു മാറിയ അടക്കമല്ലന്‍ അവിടെ ഭരണം തുടങ്ങി. ഇദ്ദേഹത്തിന്റെ പിന്‍ഗാമികളെക്കുറിച്ച് ചരിത്രത്തില്‍ പരാമര്‍ശമില്ല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍