This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജമ്മു-കാശ്മീര്‍ റൈഫിള്‍സ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജമ്മു-കാശ്മീര്‍ റൈഫിള്‍സ്

ജമ്മു പ്രവിശ്യയിലെ ദോഗ്രരാജാവായ ഗുലാബ് സിങ് 1820-ല്‍ സംഘടിപ്പിച്ച സൈന്യവിഭാഗം. ജനറല്‍ സരോവര്‍സിങ്ങിന്റെ നേതൃത്വത്തില്‍ ലഡാക്ക്, ഗില്‍ജിറ്റ്, ബാള്‍ട്ടിസ്താന്‍, പടിഞ്ഞാറന്‍ തിബത്ത് എന്നീ മേഖലകളില്‍ ഈ വിഭാഗം നിരവധി യുദ്ധങ്ങളില്‍ (1820-40) വിജയിച്ചിട്ടുണ്ട്. ജമ്മു-കാശ്മീര്‍ സേന, മിലീഷ്യ എന്നീ പേരുകളിലറിയപ്പെട്ടിരുന്ന ഇവര്‍ക്ക് 'ജമ്മു-കാശ്മീര്‍ റൈഫിള്‍സ്' എന്നു പുനര്‍നാമകരണം നടത്തിയത് 1932-ലാണ്.

സിക്ക് സൈന്യം നടത്തിയ ആക്രമണങ്ങളെ (1849) ചെറുത്തു നില്ക്കാനാകാതെ ബ്രിട്ടീഷ് സൈന്യം രാജാ ഗുലാബ് സിങ്ങിന്റെ സഹായം ആവശ്യപ്പെടുകയും ജമ്മു-കാശ്മീര്‍ റൈഫിള്‍സ് ബ്രിട്ടീഷ് സൈന്യത്തോടു ചേര്‍ന്നു സിക്കുസൈന്യത്തെ തോല്പിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുകയും ചെയ്തു. ആദ്യത്തെ ഇന്ത്യന്‍ സ്വാതന്ത്ര്യസമര(1857)ത്തെ നേരിടാനും ഈ സൈന്യത്തെ ബ്രിട്ടീഷ് ഭരണാധികാരികള്‍ തന്ത്രപൂര്‍വം പ്രയോജനപ്പെടുത്തിയിരുന്നു.

ധീരതയ്ക്കും സാഹസികതയ്ക്കും പേരുകേട്ട ഈ സൈനിക വിഭാഗം രണ്ടാം അഫ്ഗാന്‍ യുദ്ധത്തിലും (1878) മൂന്നാം ബ്ലാക്ക്മൗണ്ടന്‍ എക്സ്പെഡീഷനിലും (1888) പങ്കെടുത്ത് ബ്രിട്ടീഷ് സാമ്രാജ്യത്തിനു വേണ്ടി വിജയം കൊയ്തു.

തുടര്‍ന്നു നവീകരക്കപ്പെട്ട ജമ്മു-കാശ്മീര്‍ റൈഫിള്‍സ് ഒന്നാം ലോകയുദ്ധത്തിലും (1914-19) കിഴക്കനാഫ്രിക്ക, ഈജിപ്ത്, പലസ്തീന്‍ എന്നീ യുദ്ധമേഖലകളിലും പ്രശസ്തമായ സേവനം കാഴ്ചവച്ചു. 1923-ല്‍ ഈ സേനയെ പുനഃസംഘടിപ്പിച്ച് ബറ്റാലിയനുകളാക്കി നിലനിര്‍ത്തി.

രണ്ടാം ലോകയുദ്ധത്തില്‍ ഈ സേന മിഡില്‍ ഈസ്റ്റ് സമരത്തിലും, ജപ്പാനെതിരെ ബര്‍മായുദ്ധഭൂമിയിലും ധീരമായി പോരാടി.

സ്വാതന്ത്ര്യലബ്ധിക്കു ശേഷം രാജ്യരക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഈ സേന സ്തുത്യര്‍ഹമായ സേവനമാണ് കാഴ്ചവച്ചിട്ടുള്ളത്.

കാശ്മീരിലേക്ക് ആക്രമിച്ചു കയറിയ പാകിസ്താന്‍ പട്ടാളത്തെ പതിയിരുന്നാക്രമിച്ചു തുരത്തുന്നതില്‍ അസൂയാവഹമായ പങ്കുവഹിച്ച ഇവര്‍ക്ക് രണ്ടു മഹാവീരചക്രവും പത്തൊമ്പതു വീരചക്രവും നിരവധി പ്രശംസാപത്രങ്ങളും ലഭിച്ചിട്ടുണ്ട്.

സംസ്ഥാന പുനഃസംഘടന നടന്നപ്പോള്‍ (1956) ജമ്മു-കാശ്മീര്‍ റൈഫിള്‍സിനെ അതേപേരില്‍ത്തന്നെ ഇന്ത്യന്‍ കരസേനയുടെ ഭാഗമാക്കി. ഇന്ത്യ-ചൈന, ഇന്ത്യ-പാകിസ്താന്‍ യുദ്ധങ്ങളിലും ശ്രീലങ്കയില്‍ ഇന്ത്യന്‍ പീസ്കീപ്പിങ് ഫോഴസസ് ഏറ്റെടുത്ത 'ചെക്ക് മേറ്റ്' ഓപ്പറേഷനുകളിലും റൈഫിള്‍സ് പ്രശസ്തമായ സേനം കാഴ്ചവച്ചിട്ടുണ്ട്.

റൈഫിള്‍സിന് 14 ബറ്റാലിയനുകളുണ്ട്. എല്ലാ വര്‍ഷവും ഏ. 13-ന് ആഘോഷിക്കുന്ന റെജിമെന്റല്‍ ദിനത്തെ ആദ്യത്തെ ജനറലായ സരോവര്‍ സിങ്ങിന്റെ സ്മരണാര്‍ഥം 'സരോവര്‍ഡേ' എന്നു പുനര്‍നാമകരണം ചെയ്തിട്ടുണ്ട്.

(എം.പി. മാധവമേനോന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍