This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജന ആരണ്യ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജന ആരണ്യ

സത്യജിത് റേയുടെ 'കല്‍ക്കത്താ ചലച്ചിത്രത്രയ'ത്തിലെ അവസാനചിത്രം. പ്രതിദ്വന്ദി (1979), സീമാബദ്ധ (1971) എന്നിവയാണ് ആദ്യത്തെ രണ്ടു ചിത്രങ്ങള്‍. ജന ആരണ്യ 1975-ലാണ് നിര്‍മിച്ചത്. പ്രസിദ്ധ ബംഗാളി നോവലിസ്റ്റായ ശങ്കറിന്റെ നോവലാണ് ഇതിന് അവലംബം.

പിതാവിന്റെ സംശുദ്ധമായ ജീവിതപാത പിന്തുടര്‍ന്ന് കണിശമായി ജീവിച്ചയാളാണ് സോമനാഥ് ചാറ്റര്‍ജി. ബിരുദമെടുത്തശേഷം 'ജനങ്ങളുടെ ആരണ്യ'ത്തിലേക്കു കടന്ന അയാള്‍ക്കു മുന്നില്‍ തൊഴിലില്ലായ്മ ഒരു പ്രതിബന്ധമായി ഉയര്‍ന്നു നിന്നു. 'ഇന്റര്‍വ്യൂ'കള്‍ തൊഴിലന്വേഷകരെ അപമാനിക്കാനുള്ള ഏര്‍പ്പാടുകളായി അയാള്‍ക്ക് അനുഭവപ്പെട്ടു. ദീര്‍ഘമായ അലച്ചിലിനുശേഷം അയാള്‍ ഒരു പൂര്‍വസുഹൃത്തുമായി ചേര്‍ന്ന് ബസാറില്‍ ദല്ലാള്‍പ്പണി ചെയ്യാന്‍ തുടങ്ങി. അതിനുമുണ്ടായിരുന്നു നിരവധി കടമ്പകള്‍. ഒരിക്കല്‍ ഒരു ഓര്‍ഡര്‍ പിടിക്കാനായ ഒരു കച്ചവടക്കാരന് സ്ത്രീയെ കാഴ്ചവയ്ക്കേണ്ടതായി വന്നു. അതിനാല്‍ അയാള്‍ കല്‍ക്കത്തയിലെ അധോലോകത്തിലൂടെ അലഞ്ഞു. പലയിടങ്ങളിലും അയാള്‍ പരിഹാസ്യനായി. ഒടുവില്‍ അയാളുടെ ഇടപാടില്‍ സഹകരിക്കാന്‍ ജൂതിക എന്നൊരു പെണ്‍കുട്ടി തയ്യാറായി. ആ അഭിസാരിക തന്റെ പൂര്‍വസുഹൃത്തിന്റെ പെങ്ങളാണെന്ന അറിവ് അയാളെ ഞെട്ടിച്ചു. അവള്‍ 'ഏട്ടന്റെ ചങ്ങാതിക്കായി നടത്തിയ ആ സേവന'ത്തിന് പ്രതിഫലം വേണ്ടെന്നുകൂടി അറിയിച്ചപ്പോള്‍ അയാള്‍ തളര്‍ന്നുപോയി.

വര്‍ത്തമാനകാലത്തെ അഭ്യസ്തവിദ്യരായ യുവാക്കളുടെ ധാര്‍മിക അധഃപതനവും നഗരജീവിതത്തിലെ വൈകൃതങ്ങളും തുറന്നുകാട്ടുന്ന ഈ ചിത്രം സാമൂഹികയാഥാര്‍ഥ്യങ്ങള്‍ ഉറക്കെ വിളിച്ചുപറയാനുള്ള പ്രതിബദ്ധ മനസ്സ് റേയിലുണ്ടെന്നു വ്യക്തമാക്കുന്നതാണ്. നോവലില്‍ നിന്നും ഏറെ മാറി സ്വതന്ത്രമായി പുനരാവിഷ്കരിച്ച ആ കഥാചിത്രം റേയുടെ കരുത്തുറ്റ രചനകളിലൊന്നാണ് ഉത്പല്‍ ദത്ത്, അപര്‍ണാ സെന്‍, റോബിഘോഷ് എന്നിവരാണ് ഇതിലെ മുഖ്യ കഥാപാത്രങ്ങളായി വേഷമിട്ടിരിക്കുന്നത്. 131 മിനിട്ടു ദൈര്‍ഘ്യമുള്ള ഈ ചിത്രം ബ്ളാക്ക് ആന്‍ഡ് വൈറ്റിലാണ് നിര്‍മിച്ചിട്ടുള്ളത്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9C%E0%B4%A8_%E0%B4%86%E0%B4%B0%E0%B4%A3%E0%B5%8D%E0%B4%AF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍