This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജന്തുജാശ്മം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജന്തുജാശ്മം

Bioherm

കോറലുകളുടെയും താദൃശങ്ങളായ ജന്തുക്കളുടെയും കവചാവശിഷ്ടങ്ങള്‍ ഇതരവസ്തുക്കളുമായുള്ള രാസസംയോഗത്തിലൂടെ ഉത്പാദിപ്പിക്കപ്പെടുന്ന പവിഴപ്പുറ്റുനിര. വളര്‍ന്നുകൊണ്ടിരിക്കുന്ന പവിഴപ്പുറ്റുകളില്‍ ജൈവാവശിഷ്ടങ്ങളുള്‍പ്പെടെയുള്ള അന്യപദദാര്‍ഥങ്ങള്‍ അടിയുന്നത് കോറലുകളുടെ വിനാശത്തിനു നിദാനമാകുന്നു. തുടര്‍ന്നുണ്ടാകുന്ന രാസസംയോഗത്തിന്റെ ഫലമായി രൂപമെടുക്കുന്ന ജൈവാവശിഷ്ടങ്ങള്‍ക്ക് പ്രാമുഖ്യമുള്ള പുറ്റുനിരകള്‍ കോറല്‍പ്പുറ്റുകളുമായി ബന്ധപ്പെട്ടാണ് സാധാരണ കാണപ്പെടുന്നത്. എന്നാല്‍ ഇവയുടെ സംഘടനത്തില്‍ പ്രമുഖ പങ്ക് കാത്സ്യമയ-ആല്‍ഗകള്‍ക്കാണ്; പ്രത്യേക മേഖലകളില്‍ പോളിസോവകള്‍ക്ക് മുന്‍തൂക്കമുള്ളതായും കണ്ടെത്തിയിട്ടുണ്ട്. കോറല്‍പ്പുറ്റുകളെ ചൂഴ്ന്ന് നാനാതരം ജീവികളുടെ ബാഹുല്യമുള്ളതിനാല്‍ അവയുടെ അവശിഷ്ടങ്ങളും അസ്ഥിക്കൂടങ്ങളും ജന്തുജാശ്മത്തിന്റെ ഘടകങ്ങളായി കാണാറുണ്ട്. ഭൂവിജ്ഞാനീയ കാലഘട്ടങ്ങളില്‍ സ്ട്രൊമാറ്റോപോറോയ്ഡ് (Stromatoporoid), ലാമെലിബ്രാങ്ക് (Lamellibranch), ക്രൈനോയ്ഡ് (Crinoid) തുടങ്ങിയ വിഭാഗങ്ങളില്‍പ്പെടുന്ന വിവിധയിനം ജീവികള്‍ പവിഴപ്പുറ്റുനിരകള്‍ക്കു നിമിത്തമായിട്ടുണ്ടെന്ന് ഇതു സംബന്ധിച്ച പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

അപരദനത്തിലൂടെ അടര്‍ന്നുവീണ് അട്ടിയിടുന്ന ജൈവശിലാസ്തരങ്ങള്‍ക്കു നടുവില്‍ ഗോപുരം പോലെ എഴുന്നു നില്ക്കുന്ന ഘടനാവിശേഷങ്ങളെ വ്യഞ്ജിപ്പിക്കുവാനാണ് ജന്തുജാശ്മം എന്ന സംജ്ഞ ഉപയോഗിച്ചുവരുന്നത്.

(എന്‍.ജെ.കെ. നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍