This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ജനാധിപത്യം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഉള്ളടക്കം |
ജനാധിപത്യം
Democracy
ഭരണക്രമത്തില്‍ ജനങ്ങള്‍ക്ക് പരമാധികാരം ഉറപ്പാക്കുന്ന രാഷ്ട്രീയ വ്യവസ്ഥിതി. ജനങ്ങള്‍ നേരിട്ടോ അല്ലെങ്കില്‍ സ്വതന്ത്രമായ ഒരു തിരഞ്ഞെടുപ്പു വ്യവസ്ഥിതിയിലൂടെയോ അധികാരം പ്രയോഗത്തില്‍ വരുത്തുന്ന രാഷ്ട്രീയ സംവിധാനമാണിത്. രാഷ്ട്രീയവും സാമൂഹികവുമായ സമത്വം ജനാധിപത്യത്തിന്റെ സത്തയാണ്. സമത്വവും സ്വാതന്ത്ര്യവും സമഞ്ജസമായി സമ്മേളിക്കുന്ന ഈ വ്യവസ്ഥിതിയില്‍ ജനങ്ങളുടെ തനതായ അവകാശങ്ങള്‍ അംഗീകരിക്കപ്പെടുകയും നിയമവാഴ്ചയും സാമൂഹ്യനീതിയും വിധേയത്വവും നിലനില്ക്കുകയും ന്യൂനപക്ഷതാത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു. എല്ലാവരുടെയും നല്ല ജീവിതമാണ് ജനാധിപത്യത്തിന്റെ ലക്ഷ്യം.
ജനസാമാന്യത്തിന് ജനാധിപത്യമെന്നാല്‍ ഒരു ഗവണ്‍മെന്റ് സംവിധാനമാണ്. എന്നാല്‍ ജനാധിപത്യം ഒരു ഗവണ്‍മെന്റ് രൂപം മാത്രമല്ല, ഒരു രാഷ്ട്രീയാശയവും ജീവിതരീതിയും കൂടിയാണ്. ജനാധിപത്യവ്യവസ്ഥിതിയില്‍ ജനങ്ങളില്‍ ഭൂരിപക്ഷത്തിന്റെ രാഷ്ട്രീയ താത്പര്യമാണ് ഗവണ്‍മെന്റ് രൂപവത്കരണത്തിന് അടിസ്ഥാനം. ആധുനിക ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കുള്ള രാഷ്ട്രീയാധികാരം അവര്‍ നിയമാനുസൃതം തിരഞ്ഞെടുക്കുന്ന പ്രതിനിധികളിലൂടെയാണു പ്രാവര്‍ത്തികമാക്കുന്നത്. ഈ ജനപ്രതിനിധികള്‍ ജനങ്ങളോട് ഉത്തരവാദിത്തമുള്ളവരായിരിക്കും. ഇതിനു രാഷ്ട്രീയകക്ഷികള്‍ ക്രിയാത്മകമായ പങ്കുവഹിക്കുന്നു. സ്വതന്ത്രവും നീതിപൂര്‍വകവുമായ ഒരു തിരഞ്ഞെടുപ്പു സമ്പ്രദായം അത്യന്താപേക്ഷിതമാണ്. ചില ജനാധിപത്യ വ്യവസ്ഥിതികളില്‍ ജനപ്രതിനിധിസഭയിലേക്കു മാത്രം തിരഞ്ഞെടുപ്പു നടത്തുകയും അതില്‍നിന്നും ഭരണനിര്‍വഹണത്തിനുവേണ്ടിയുള്ള മന്ത്രിസഭ രൂപവത്കരിക്കുകയുമാണ് പതിവ് (ഉദാ. ഇന്ത്യ, ഗ്രേറ്റ് ബ്രിട്ടന്‍), മറ്റു ചിലവയില്‍ ജനപ്രതിനിധിസഭയിലേക്കും ഭരണനിര്‍വഹണസമിതിയിലേക്കും (ഉദാ. യു.എസ്.) പ്രത്യേകം തിരഞ്ഞെടുപ്പു നടത്തുന്നു.
അര്‍ഥവും നിര്‍വചനവും.
ജനാധിപത്യം എന്നര്‍ഥം വരുന്ന 'ഡെമോക്രസി' എന്ന ആംഗലേയ പദം 'ഡെമോക്രാറ്റിയ' (demokratia) എന്ന ഗ്രീക്കുപദത്തില്‍ നിന്ന് ഉദ്ഭവിച്ചതാണ്. ജനം എന്നര്‍ഥമുള്ള 'ഡെമോസ്' (demos), ശക്തി അഥവാ അധികാരം എന്നര്‍ഥമുള്ള 'ക്രാറ്റിയ' (Kratia) എന്നീ ഗ്രീക്കുപദങ്ങള്‍ ചേര്‍ന്നുണ്ടായതാണിത്. ഒരു ഗവണ്‍മെന്റു രൂപമായും രാഷ്ട്രീയാശയമായും ജീവിതരീതിയായും സദാചാരതത്ത്വമായും സാമ്പത്തിക സാമൂഹിക സിദ്ധാന്തമായും ഇതിനെ വ്യാഖ്യാനിച്ചിട്ടുണ്ട്. അരിസ്റ്റോട്ടല്‍, പ്രൊഫ. സീലി, ബ്രൈസ് പ്രഭു, ഡൈസി, ജോണ്‍ സ്റ്റുവര്‍ട്ട് മില്‍, മക് ഐവര്‍, തോമസ് മാന്‍ തുടങ്ങി നിരവധി പേര്‍ ജനാധിപത്യത്തിനു നിര്‍വചനം നല്കിയിട്ടുണ്ട്. അനേകം പേരുടെ ഭരണമെന്നും എല്ലാ ആളുകള്‍ക്കും പങ്കാളിത്തമുള്ള ഭരണമെന്നും രാഷ്ട്രത്തിലെ താരതമ്യേന വലിയ അംശം ഭരണസമിതിയായി വര്‍ത്തിക്കുന്ന ഭരണക്രമമെന്നും സമൂഹത്തിലെ മുഴുവന്‍ അംഗങ്ങളിലും നിക്ഷിപ്തമായിരിക്കുന്ന രാഷ്ട്രത്തിന്റെ ഭരണാധികാരം പലവിധത്തില്‍ ജനാധിപത്യം നിര്‍വചിക്കപ്പെട്ടിട്ടുണ്ട്.
ഒരു ഭരണക്രമമെന്ന നിലയില്‍ ഗവണ്‍മെന്റിന്റെ അധികാരശക്തി സമൂഹത്തിന്റെ മൊത്തം കൈകളില്‍ നിക്ഷിപ്തമായിരിക്കുന്നതാണ് ജനാധിപത്യം. ഭൂരിപക്ഷം വരുന്ന പ്രായപൂര്‍ത്തിയായ പൗരന്മാര്‍ നേരിട്ടോ പ്രതിനിധികള്‍ മുഖേനയോ നല്കുന്ന അനുമതിയെ അടിസ്ഥാനമാക്കി ഗവണ്‍മെന്റിന്റെ പ്രധാന തീരുമാനങ്ങളോ തീരുമാനങ്ങളെ നിയന്ത്രിക്കുന്ന നയരൂപവത്കരണമോ എടുക്കുന്ന വ്യവസ്ഥയാണിത്. ഒരു രാഷ്ട്രരൂപം എന്ന നിലയില്‍ സമൂഹത്തിന് മൊത്തത്തില്‍ പരമാധികാരമുണ്ടായിരിക്കുകയും അതു പ്രശ്നങ്ങളെ സംബന്ധിച്ചിടത്തോളം ആത്യന്തികമായ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യുന്നതാണു ജനാധിപത്യം. ജനങ്ങള്‍ക്കു സാമ്പത്തികോന്നമനത്തിന് അവസരസമത്വം നല്കുകയും തൊഴില്‍, തൊഴില്‍ സംഘടന എന്നിവയ്ക്കുള്ള സ്വാതന്ത്യ്രം നല്കുകയും പൊതുസാമ്പത്തികോന്നമനം ലാക്കാക്കി നയരൂപവത്കരണം നടത്തുകയും ചെയ്യുന്നതിലൂടെ ജനാധിപത്യം ഒരു സാമ്പത്തിക വ്യവസ്ഥിതിയായും കരുതപ്പെടുന്നുണ്ട്. സമത്വവും സ്വാതന്ത്ര്യവും സാഹോദര്യവും സംബന്ധിച്ച നിയമങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനാല്‍ ഇതൊരു സാമൂഹിക ക്രമമായും വിശദീകരിക്കപ്പെടുന്നു. ഒരു ജീവിതരീതി എന്ന നിലയില്‍ ജനാധിപത്യം മാനുഷികമൂല്യങ്ങള്‍ക്കും വ്യക്തിത്വത്തിനും അന്തസ്സിനും വ്യക്തിസ്വാതന്ത്ര്യത്തിനും അംഗീകാരം നല്കുന്നു. ജനാധിപത്യം ഒരു ഭരണരൂപം എന്നതിലുപരി ജീവിതക്രമം കൂടിയാണെന്ന ചിന്താഗതി 20-ാം ശതകത്തോടുകൂടിയാണ് പ്രചാരത്തില്‍ വന്നത്.
ഉദ്ഭവവും വളര്‍ച്ചയും.
ജനങ്ങള്‍ നേരിട്ടു നിയന്ത്രിക്കുന്ന ഭരണക്രമം എന്ന രീതി വച്ചുനോക്കുമ്പോള്‍ ജനാധിപത്യം പുരാതന ഗ്രീസിലും റോമിലും നിലനിന്നിരുന്നതായി കാണാം. എല്ലാ പൗരന്മാരും ഒരു സ്ഥലത്ത് ഒത്തുകൂടി ഭരണകാര്യങ്ങളില്‍ തീരുമാനമെടുക്കുന്ന സമ്പ്രദായമായിരുന്നു അന്നു നിലവിലിരുന്നത്. ഇതിനെ പ്രത്യക്ഷ ജനാധിപത്യം എന്നു വിളിക്കുന്നു. പുരാതന റോമില്‍ പൗരന്മാര്‍ക്കു ഭരണാധികാരികളെ തിരഞ്ഞെടുക്കാനും നിയമനിര്‍മാണം നടത്താനും ജനകീയസഭയുണ്ടായിരുന്നു.
എന്നാല്‍ ആധുനികകാലത്തെ ജനാധിപത്യരീതി മുമ്പുണ്ടായിരുന്നതിന്റെ തുടര്‍ച്ചയല്ല. തികച്ചും ഭിന്നമായ സാഹചര്യത്തില്‍ ഭിന്നമായ അടിസ്ഥാനത്തിലാണ് ഇന്നത്തെ ജനാധിപത്യം രൂപംകൊണ്ടത്. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ജന്മഗൃഹമെന്നറിയപ്പെടുന്ന ഇംഗ്ലണ്ടില്‍ ഇതിനു നൂറ്റാണ്ടുകളിലൂടെയുള്ള പരിവര്‍ത്തനം വേണ്ടിവന്നു. ഈ പരിവര്‍ത്തനകാലത്ത് ഭരണാധികാരികളെ നിയന്ത്രിക്കാനുള്ള സമിതികള്‍ നിലവില്‍ വന്നു. ഇതു തെരഞ്ഞെടുക്കപ്പെട്ട സമിതികളായും അവകാശസമിതികളായും രൂപാന്തരപ്പെട്ടു. രാജവാഴ്ച നിയന്ത്രിക്കുന്നതിനുള്ള ജനകീയ മുന്നേറ്റവും പാര്‍ലമെന്ററി പരിഷ്കാരങ്ങളും അവിടെ ജനാധിപത്യത്തിന് അടിത്തറ പാകി. പാര്‍ലമെന്ററി ജനാധിപത്യം ക്രമേണ വികസിക്കുകയും രാജാവിന്റെ അധികാരം പാര്‍ലമെന്റിന്റെ നിയന്ത്രണത്തിനു വിധേയമാണെന്ന അവസ്ഥ വന്നുചേരുകയും ചെയ്തു. ഈ വികസനത്തിന്റെ വിവിധ ഘട്ടങ്ങളിലായി പാര്‍ലമെന്ററി പാര്‍ട്ടി, പാര്‍ട്ടി ഭരണം, കാബിനറ്റ് സമ്പ്രദായം, പരിമിതമായ വോട്ടവകാശത്തില്‍ നിന്നും സമ്പൂര്‍ണ വോട്ടവകാശത്തിലേക്കുള്ള മാറ്റം തുടങ്ങി ജനാധിപത്യത്തിന്റെ അടിസ്ഥാനഘടകങ്ങളുടെ പരിവര്‍ത്തനം നടന്നിട്ടുണ്ട്.
17-ാം ശ.-ത്തോടെ ഇംഗ്ലണ്ടില്‍ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അടിത്തറ പാകി. ജോണ്‍ ലോക്ക് (1632-1704), റൂസ്സോ (1712-84), തോമസ് ജെഫേഴ്സണ്‍ (1746-1826), ജെയിംസ് മാഡിസണ്‍ (1751-1836) തുടങ്ങിയവരുടെ ജനാധിപത്യവാദം ആധുനിക ജനാധിപത്യത്തിന്റെ വികസനത്തിനു സഹായകമായി. 1776-ലുണ്ടായ മനുഷ്യാവകാശ പ്രഖ്യാപനവും (ഫ്രാന്‍സ്) ജനാധിപത്യത്തിലേക്കു വഴി തെളിക്കുന്നവയായിരുന്നു. 18-ാം ശ.-ത്തോടെ യു.എസ്സിലും ഫ്രാന്‍സിലും ജനാധിപത്യവ്യവസ്ഥ നിലവില്‍ വന്നു. 19-ാം ശ.-ത്തില്‍ ഇംഗ്ലണ്ടില്‍ പാര്‍ലമെന്ററി ജനാധിപത്യം കുറേക്കൂടി ശക്തമായി. രാജഭരണത്തില്‍ നിന്നും ഏകാധിപത്യഭരണത്തില്‍ നിന്നും ഉദ്ഭൂതമാകുന്ന അതൃപ്തിക്കു പരിഹാരം ജനാധിപത്യവാദസിദ്ധാന്തപ്രകാരമുള്ള ഭരണമാണ് എന്ന ചിന്താഗതി പരക്കെയുണ്ടായി. മുഴുവന്‍ ജനതയുടെയും സഹകരണത്തോടെ മാത്രമേ പരിഹാരം കാണാന്‍ സാധിക്കൂ എന്ന നിലയിലുള്ള രാഷ്ട്രീയ-സാമ്പത്തിക-സാമൂഹിക പ്രശ്നങ്ങളുടെ സാന്നിധ്യവും ജനാധിപത്യത്തിനു വഴിതെളിച്ചു. ഏകാധിപത്യത്തിനെതിരെ ഓരോ രാജ്യത്തും വിപ്ലവങ്ങളുണ്ടായതും ജനാധിപത്യ സ്ഥാപനത്തിന് അനുകൂലമായി. ജനാധിപത്യ സംസ്ഥാനത്തെ തുടര്‍ന്നു യു.എസിലും ഫ്രാന്‍സിലുമുണ്ടായ മേന്മ മറ്റു രാജ്യങ്ങളെയും ജനാധിപത്യത്തിന്റെ നന്മകളിലേക്ക് ആകര്‍ഷിക്കുവാന്‍ തുടങ്ങി. 19-ാം ശ.-ത്തിലും 20-ാം ശ.-ലും ജനാധിപത്യ വ്യവസ്ഥിതി അനേകം രാജ്യങ്ങളില്‍ സ്ഥാപിതമായി. മിക്ക രാഷ്ട്രങ്ങളിലും ജനാധിപത്യവാദ സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തില്‍ ഭരണഘടന രൂപവത്കരിക്കാനും പ്രവര്‍ത്തിക്കാനും തുടങ്ങു. വ്യത്യസ്ത രാഷ്ട്രീയസംവിധാനം നിലനില്ക്കുന്ന രാഷ്ട്രങ്ങള്‍ പോലും തങ്ങള്‍ അനുവര്‍ത്തിച്ചുവരുന്നത് ജനാധിപത്യസമ്പ്രദായമാണെന്നു പ്രഖ്യാപിക്കുന്ന തരത്തില്‍ മേന്മയുള്ളതായി ഇത് അംഗീകാരം നേടി. രാജവാഴ്ചയിലും റിപ്പബ്ലിക്കിലും സോഷ്യലിസ്റ്റു വ്യവസ്ഥിതിയിലും ജനാധിപത്യസംവിധാനത്തിലുള്ള രാഷ്ട്രീയ സമ്പ്രദായം നിലനില്ക്കുന്നു.
അടിസ്ഥാന ഘടകങ്ങള്‍.
സ്വാതന്ത്ര്യം, സമത്വം, ഭരണഘടന, നിയമനിര്‍മാണസഭ, നിര്‍വാഹക സംഘം, നീതിന്യായവിഭാഗം, ഘടകവിഭാഗം, പാര്‍ട്ടി സമ്പ്രദായം, ജനാഭിലാഷ പ്രകടനം എന്നിവയെല്ലാം ജനാധിപത്യവ്യവസ്ഥിതിയിലെ അടിസ്ഥാനഘടകങ്ങളാണ്.
സ്വാതന്ത്ര്യം. വ്യക്തികള്‍ക്കു സ്വായത്തമായ അവകാശത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സ്വാതന്ത്ര്യം ജനാധിപത്യവ്യവസ്ഥിതിക്ക് അത്യന്താപേക്ഷിതമാണ്. പൗരസ്വാതന്ത്യ്രം, മതസ്വാതന്ത്ര്യം, രാഷ്ട്രീയസ്വാതന്ത്ര്യം, വ്യക്തിസ്വാതന്ത്ര്യം എന്നിവ ഉറപ്പാക്കുന്നതിനാവശ്യമായ അവകാശ പ്രഖ്യാപനം ഇതില്‍ ഉള്‍പ്പെടുന്നു. ഇന്ത്യ ഭരണഘടനയിലെ മൗലികാവകാശങ്ങള്‍ ഇതിനു സമാനമാണ്. പൗരനു നിര്‍ഭയമായി ജീവിക്കാനും സ്വത്ത് കൈവശം വയ്ക്കുവാനും ആവശ്യമായ പൗരസ്വാതന്ത്ര്യം വ്യക്തിത്വ വികാസത്തിന് അത്യന്താപേക്ഷിതമാണ്. വ്യക്തിത്വവികസനം ജനാധിപത്യത്തിന്റെ മേന്മയോടെയുള്ള പ്രവര്‍ത്തനത്തിന് ഒഴിച്ചുകൂടാനാവാത്തതുമാണ്. ഓരോ വ്യക്തിക്കും മതകാര്യങ്ങളെ മാനിക്കുകയോ മാനിക്കാതിരിക്കുകയോ ചെയ്യാനുള്ള പൂര്‍ണമായ സ്വാതന്ത്ര്യം ആവശ്യമാണ്. ഏതു മതസ്ഥനും തന്റെ മതനിയമങ്ങളെ അനുസരിക്കാനുള്ള അവകാശമുണ്ടായിരിക്കണം. ഓരോ വ്യക്തിക്കും ജനനം, പദവി, ജാതി എന്നിവയുടെ അടിസ്ഥാനത്തില്‍ വിലക്കു കല്പിക്കാത്ത തരത്തില്‍ രാഷ്ട്രീയ കാര്യങ്ങളില്‍ പങ്കെടുക്കുവാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണം. വ്യക്തിക്ക് കായികവും മാനസികവും സാമ്പത്തികവും സദാചാരപരവുമായി അഭിവൃദ്ധി പ്രാപിക്കുവാനും തന്റെ ആശയങ്ങളെ പ്രസംഗങ്ങള്‍ മുഖേനയോ പത്രങ്ങളിലൂടെയോ മറ്റുമായി വ്യക്തമാക്കുവാനും ഉതകുന്ന വ്യക്തിസ്വാതന്ത്ര്യം ലഭിക്കണം.
സമത്വം. ജനാധിപത്യ വ്യവസ്ഥിതിയില്‍ രാജ്യത്തെ എല്ലാ പൗരന്മാരും സമന്മാരായിരിക്കണം. പൗരസമത്വവും രാഷ്ട്രീയസമത്വവും സാമുദായിക സമത്വവും സാമ്പത്തിക സമത്വവും ഉണ്ടായിരിക്കണം. ജാതി, ജോലി, ജനനം എന്നിവ നോക്കി ഭേദം കല്പിക്കാന്‍ പാടില്ല. രാഷ്ട്രീയാധികാരം ഉപയോഗിക്കുന്നതില്‍ എല്ലാ വ്യക്തികളും സമന്മാരായി കരുതപ്പെടേണ്ടതാണ്. സാമുദായികാവകാശങ്ങളെ വ്യക്തമാക്കാന്‍ എല്ലാ വ്യക്തികള്‍ക്കും തുല്യമായ അധികാരങ്ങളുണ്ടായിരിക്കണം. വ്യക്തികള്‍ ജനനാല്‍ത്തന്നെ രാഷ്ട്രത്തിന്റെ ദൃഷ്ടിയില്‍ തുല്യരായിരിക്കണം. സാമ്പത്തിക കാര്യങ്ങളിലും അവസരസമത്വം ലഭ്യമാക്കണം.
ഭരണഘടന. ഭരണം നിമയവിധേയമായിരിക്കേണ്ടത് ജനങ്ങള്‍ക്ക് വിശ്വാസമുണ്ടാക്കാന്‍ അനിവാര്യമാണ്. ആയതിനാല്‍ ഏതൊരു ജനാധിപത്യരാഷ്ട്രത്തിനും ഭരണഘടന അത്യന്താപേക്ഷിതമാണ്. ഇത് ഇംഗ്ലണ്ടിലേതുപോലെ അലിഖിതമോ ഇന്ത്യയിലെയും യു.എസ്സിലെയും പോലെ ലിഖിതമോ ആവാം.
ഗവണ്‍മെന്റ്. ജനാധിപത്യരാഷ്ട്രത്തെ നയിക്കുവാന്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു ഗവണ്‍മെന്റ് കൂടിയേ കഴിയൂ. ഇത് യു.എസിലേതുപോലെ പ്രസിഡന്‍ഷ്യല്‍ സമ്പ്രദായമോ ഇംഗ്ലണ്ടിലും ഇന്ത്യയിലും ഉള്ളതുപോലെ പാര്‍ലമെന്ററി സമ്പ്രദായമോ ആകാം. ജനങ്ങള്‍ നേരിട്ടു തിരഞ്ഞെടുക്കുന്നതോ ജനപ്രതിനിധിസഭാ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറുന്നതോ ആയ ഗവണ്‍മെന്റ് ഒരു നിശ്ചിത കാലത്തേക്ക് നിയമാനുസൃതമായി ഭരണം നടത്തുന്നു.
നിയമനിര്‍മാണസഭ. ജനാധിപത്യ സംവിധാനത്തില്‍ ജനസമ്മതിയുള്ള നിയമനിര്‍മാണസഭകള്‍ ആവശ്യമാണ്. തിരഞ്ഞെടുപ്പിലൂടെ നിശ്ചയിക്കപ്പെടുന്ന പ്രതിനിധികളെ ഉള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന ഇതില്‍ ചിലപ്പോള്‍ നാമനിര്‍ദേശം ചെയ്യപ്പെടുന്ന അംഗങ്ങളും ഉള്‍പ്പെടുന്നു. പ്രാതിനിധ്യ സിദ്ധാന്തങ്ങളെയും വോട്ടിങ്ങിനെയും അടിസ്ഥാനപ്പെടുത്തിയാണ് നിയമസഭാസംഘാടനം. നിയമനിര്‍മാണമാണ് ഈ സഭയുടെ പ്രധാന കര്‍ത്തവ്യം. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ കാര്യനിര്‍വഹണ വിഭാഗത്തെ നിയോഗിക്കുന്നതില്‍ നിയമസഭ പ്രധാനപങ്കുവഹിക്കുന്നു. നിയമസഭ ഒരു മണ്ഡലം മാത്രമുള്ളതും അധോമണ്ഡലം, ഉപരിമണ്ഡലം എന്നീ രണ്ടു മണ്ഡലങ്ങളോടുകൂടിയതും ഉണ്ട്.
നീതിന്യായവിഭാഗം. ശരിയായ നീതിന്യായ പരിപാലനത്തിന് ജനാധിപത്യ രാഷ്ട്രങ്ങളില്‍ നീതിന്യായവിഭാഗം ഒഴിച്ചുകൂടാനാവാത്തതാണ്. വ്യക്തികളുടെ പൗരാവകാശങ്ങളെ മറ്റുള്ളവര്‍ ഹനിക്കാതെ നോക്കേണ്ടതുണ്ട്. ഈ കടമ നിറവേറ്റുന്നത് നീതിന്യായ വിഭാഗമാണ്. ഭരണഘടനാവകുപ്പുകളെ ശരിയായ വിധത്തില്‍ വ്യാഖ്യാനിക്കാനുള്ള അധികാരവും നീതിന്യായ വിഭാഗത്തിലുണ്ട്.
ഘടകവിഭജനം. ജനാധിപത്യവ്യവസ്ഥിതിയിലെ മറ്റൊരു അടിസ്ഥാന തത്ത്വമാണ് ഗവണ്‍മെന്റിലെ ഘടകവിഭജനം. ജനാധിപത്യത്തിന്റെ ആവിര്‍ഭാവത്തോടുകൂടി നിയമങ്ങള്‍ നിര്‍മിക്കുക, അവ നടപ്പിലാക്കുക, നീതിന്യായം പാലിക്കുക എന്നീ മൂന്നു പ്രവര്‍ത്തനങ്ങളും മൂന്നു വ്യത്യസ്ത ഘടകങ്ങള്‍ കൈകാര്യം ചെയ്യണമെന്ന ചിന്താഗതി വന്നുകൂടി. ഫ്രഞ്ച് ചിന്തകനായ മൊണ്ടെസ്ക്യൂ ആയിരുന്നു ഈ ചിന്താഗതിക്കു നേതൃത്വം നല്‍കിയവരില്‍ പ്രമുഖന്‍. ഇപ്രകാരം ഗവണ്‍മെന്റ് പ്രക്രിയയെ നിയമനിര്‍മാണം, കാര്യനിര്‍വഹണം, നീതിന്യായവിഭാഗം എന്നീ മൂന്നു ഘടകങ്ങളായി വിഭജിച്ചിരിക്കുന്നു. ഓരോന്നും അതിന്റേതായ അധികാരപരിധിക്കുള്ളില്‍ നിന്നു പ്രവര്‍ത്തിക്കുകയും അതേസമയം പരസ്പര സഹായത്തോടുകൂടി കാര്യങ്ങള്‍ നിര്‍വഹിക്കുകയും ചെയ്യുന്ന തരത്തിലാണ് വിഭജനം.
രാഷ്ട്രീയ കക്ഷികള്‍. ജനാധിപത്യ വ്യവസ്ഥിതിയുടെ പ്രവര്‍ത്തനത്തിന് രാഷ്ട്രീയ കക്ഷികളുടെ സാന്നിധ്യം അനുപേക്ഷണീയമാണ്. ജനങ്ങളുടെ ചിന്താഗതിയെ ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്താനും അവരുടെ മനോഗതത്തെ രാഷ്ട്രീയ യാഥാര്‍ഥ്യമാക്കിത്തീര്‍ക്കാനും രാഷ്ട്രീയകക്ഷികള്‍ സഹായിക്കുന്നു. പ്രത്യയശാസ്ത്രങ്ങളോ സാമ്പത്തിക കാര്യങ്ങളെയോ അടിസ്ഥാനമാക്കി രാഷ്ട്രീയകക്ഷികള്‍ രൂപപ്പെടുന്നു. വിഭിന്ന താത്പര്യങ്ങളെ രാഷ്ട്രീയകക്ഷികള്‍ സംയോജിപ്പിക്കുന്നു. ചില തത്ത്വങ്ങള്‍ ആവിഷ്കരിച്ച് പൊതുതാത്പര്യങ്ങളാക്കി മാറ്റുന്നു. ഗവണ്‍മെന്റിനെ സമൂഹവുമായി ബന്ധിപ്പിക്കുന്നത് രാഷ്ട്രീയകക്ഷികളാണ്. പൊതുജനാഭിപ്രായം സംഘടിപ്പിക്കുകയും ഭരണനേതൃത്വത്തെ തിരഞ്ഞെടുക്കുകയും ചെയ്യുന്ന കാര്യത്തില്‍ രാഷ്ട്രീയ കക്ഷികള്‍ക്കു വലിയ സ്ഥാനമുണ്ട്. ഒരു ജനാധിപത്യ ഗവണ്‍മെന്റ് എന്നാല്‍ രാഷ്ട്രീയ കക്ഷികളാല്‍ നടത്തപ്പെടുന്ന ഗവണ്‍മെന്റ് എന്നു കരുതപ്പെടേണ്ടതരത്തില്‍ ജനാധിപത്യ വ്യവസ്ഥിതിയില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ പ്രാധാന്യം ഇന്ന് വര്‍ധിച്ചിരിക്കുന്നു.
പ്രാദേശിക സ്വയംഭരണം. ജനാധിപത്യ സംവിധാനത്തിലെ ഒരു പ്രധാനമേഖലയാണ് പ്രാദേശികസ്വയംഭരണം. ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഏര്‍പ്പെടുത്തുകയെന്ന ജനാധിപത്യ രാഷ്ട്രത്തിന്റെ ചുമതല പ്രാവര്‍ത്തികമാക്കുന്നതിന് പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനമാണ് അഭികാമ്യമായിട്ടുള്ളത്. ആധുനിക ജനാധിപത്യത്തില്‍ ഗ്രാമങ്ങള്‍ക്കും നഗരങ്ങള്‍ക്കും സ്വന്തം പരിധിക്കുള്ളില്‍ സ്വയംഭരണാധികാരമുണ്ട്. ഇതുമൂലം ജനങ്ങള്‍ക്ക് കൂട്ടായി സാമൂഹിക കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നു.
തിരഞ്ഞെടുപ്പും പ്രാതിനിധ്യ വ്യവസ്ഥയും. നിശ്ചിത കാലയളവില്‍ മുടക്കംകൂടാതെ നടത്തുന്ന പൊതുതിരഞ്ഞെടുപ്പാണ് ജനാധിപത്യത്തിന്റെ മറ്റൊരു പ്രത്യേകത. ജനപിന്തുണ നിര്‍ണയിക്കാനുള്ള ഉപാധിയാണിത്. തിരഞ്ഞെടുപ്പ് നിയമവിധേയവും നീതിപൂര്‍വകവുമായിരിക്കണം. ജാതി, മത, സാമ്പത്തിക ഭേദമന്യേ പ്രായപൂര്‍ത്തിയായ ഏതൊരാള്‍ക്കും തന്റെ പ്രതിനിധിയെ നിര്‍ണയിക്കാനുള്ള സമ്മതിദാനാവകാശം ഉണ്ടായിരിക്കേണ്ടത് ജനാധിപത്യ വ്യവസ്ഥിതിക്ക് അത്യന്താപേക്ഷിതമാണ്. പരോക്ഷ ജനാധിപത്യ സംവിധാനത്തില്‍ പൗരന്മാര്‍ തങ്ങളുടെ പ്രതിനിധികള്‍ മുഖേനയാണ് ഭരണകാര്യങ്ങളില്‍ പങ്കെടുക്കുന്നത്. ജനാധിപത്യവ്യവസ്ഥിതിയില്‍ പരമാധികാരം ജനങ്ങളില്‍ ആയതുകൊണ്ട് അവരെ പ്രതിനിധാനം ചെയ്യുന്ന നിയമസഭാ സാമാജികന്മാര്‍ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടണമെന്നാണ് തത്ത്വം. പ്രസിഡന്റ്, മന്ത്രിമാര്‍ തുടങ്ങിയ കാര്യനിര്‍വഹണ സമിതിയും പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണനേതൃത്വവും തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വരുന്നു. നിശ്ചിത പ്രായപരിധിയില്‍പ്പെടാത്തവര്‍, പൗരത്വം നേടിയിട്ടില്ലാത്ത വിദേശികള്‍ തുടങ്ങിയവര്‍ വോട്ടിങ്ങില്‍ നിന്നും ഒഴിവാക്കപ്പെടുന്നു.
പൊതുജനാഭിപ്രായ പ്രകടനം. ജനാധിപത്യത്തിന്റെ വിജയത്തിന് അവശ്യംവേണ്ട ഒരു ഘടകമാണ് പൊതുജനാഭിപ്രായ പ്രകടനത്തിനുള്ള അവസരം. ജനാധിപത്യത്തിന്റെ പ്രവര്‍ത്തനക്ഷമതയുടെ ഉരകല്ലാണ് പൊതുജനാഭിപ്രായം. ജനങ്ങള്‍ എന്താണു വിശ്വസിക്കുന്നത്, ഈ വിശ്വാസങ്ങള്‍ എങ്ങനെയുണ്ടായി, ഈ വിശ്വാസങ്ങളില്‍ മാറ്റങ്ങള്‍ എങ്ങനെയുണ്ടാകുന്നു എന്നീ കാര്യങ്ങള്‍ ജനാധിപത്യ വ്യവസ്ഥിതിയില്‍ പ്രാധാന്യമര്‍ഹിക്കുന്നു. ജനാധിപത്യത്തിന്റെ പരിണാമപ്രക്രിയയില്‍ വോട്ടവകാശം വികസിക്കുന്നതിനും രാഷ്ട്രീയ കക്ഷികളുടെ നിലനില്പിനും നിയമനിര്‍മാണ സഭകളുടെ അധികാരവര്‍ധനയ്ക്കും പൊതുജനാഭിപ്രായം സഹായകരമായിരുന്നിട്ടുണ്ട്. ജനാധിപത്യവ്യവസ്ഥയില്‍ സ്വേച്ഛാധിപത്യപ്രവണത കടന്നുകൂടാതെ നോക്കുന്നതിനും പൊതുജനാഭിപ്രായം സഹായകരമാണ്.
പ്രത്യക്ഷ ജനാധിപത്യവും പ്രാതിനിധ്യ ജനാധിപത്യവും.
ഭരണത്തില്‍ ജനങ്ങള്‍ക്കുള്ള ഭാഗഭാഗിത്വത്തിന്റെ അടിസ്ഥാനത്തില്‍ ജനാധിപത്യത്തെ പ്രത്യക്ഷജനാധിപത്യമെന്നും പ്രാതിനിധ്യ ജനാധിപത്യമെന്നും രണ്ടായി വിളിച്ചുവരുന്നു. എല്ലാ പൗരന്മാരും രാഷ്ട്രത്തിന്റെയോ സമൂഹത്തിന്റെയോ പൊതുകാര്യ നടത്തിപ്പു സംബന്ധിച്ച തീരുമാനങ്ങളും നയപരിപാടികളും രൂപവത്കരിക്കുന്ന പ്രവര്‍ത്തനത്തില്‍ നേരിട്ടു പങ്കെടുക്കുന്ന വ്യവസ്ഥിതിയാണ് പ്രത്യക്ഷ ജനാധിപത്യം. പുരാതന ഗ്രീസിലെ നഗരരാഷ്ട്രങ്ങളില്‍ ഈ സമ്പ്രദായം നിലവിലുണ്ടായിരുന്നു. അവിടെ പൗരന്മാര്‍ പൊതുസ്ഥലങ്ങളില്‍ സമ്മേളിച്ച് നിയമങ്ങള്‍ തയ്യാറാക്കുകയും ഭരണകാര്യങ്ങള്‍ ചര്‍ച്ചചെയ്തു തീരുമാനമെടുക്കുകയും അതു നടപ്പിലാക്കാനുള്ള നടപടിയെടുക്കുകയും നീതിന്യായ വിചാരണ നടത്തുകയും ചെയ്തിരുന്നു. നഗരരാഷ്ട്രങ്ങള്‍ വലുപ്പത്തിലും ജനസംഖ്യയിലും ചെറുതായിരുന്നതിനാലാണ് എല്ലാ പൗരന്മാര്‍ക്കും രാഷ്ട്രീയകാര്യങ്ങള്‍ക്കായി ഒത്തുകൂടാന്‍ സൗകര്യമുണ്ടായത്.
പുരാതന റോമിലും ഇത്തരം ഭരണക്രമം നിലനിവിലിരുന്നു. ജനങ്ങള്‍ക്കു നേരിട്ടു ഭരണകാര്യങ്ങളില്‍ ഇടപെടാന്‍ ഉതകുമാറ് സ്വിറ്റ്സര്‍ലണ്ടില്‍ ചില നടപടിക്രമങ്ങള്‍ നിലവിലുണ്ട്. ഹിതപരിശോധന (referendum), അഭിക്രമം (initiative), പ്രത്യാനയനം (recall), ഹിതാന്വേഷണം (plebiscite) എന്നീ സമ്പ്രദായങ്ങള്‍ പ്രത്യക്ഷ ജനാധിപത്യ രീതിക്കു സമമായി കരുതപ്പെടുന്നു.
ജനങ്ങള്‍ നേരിട്ട് ഇടപെടാതെ അവരുടെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിസഭയിലൂടെ രാഷ്ട്രത്തിന്റെയോ സമൂഹത്തിന്റെയോ ഭരണപരമായ കാര്യങ്ങള്‍ക്കു നേതൃത്വം നല്കുന്ന സമ്പ്രദായമാണ് പ്രാതിനിധ്യ ജനാധിപത്യം. ആധുനിക ജനാധിപത്യത്തില്‍ ഈ സമ്പ്രദായമാണു നിലവിലിരിക്കുന്നത്. ഇതിനെ പരോക്ഷ ജനാധിപത്യം എന്നു വിളിക്കുന്നു. ഇതില്‍ പരമാധികാരത്തിന്റെ അന്തിമമായ കേന്ദ്രം സാമാന്യജനത തന്നെയാണ്. എന്നാല്‍ അതു കൈകാര്യം ചെയ്യുന്നത് ജനപ്രതിനിധികള്‍ ആണ്. ഇപ്രകാരം നിയോഗിക്കപ്പെടുന്ന രാഷ്ട്രീയ ഭരണാധിപന്മാര്‍ ജനങ്ങളുടെ ഹിതാനുസരണം ഭരണം നടത്തുവാന്‍ ബാധ്യസ്ഥരാണ്. രാഷ്ട്രീയ കക്ഷികളും പൗരസ്വാതന്ത്ര്യവും തിരഞ്ഞെടുപ്പും വോട്ടവകാശവും നിയമനിര്‍മാണസഭയുമാണ് പ്രാതിനിധ്യ ജനാധിപത്യത്തെ നിലനിര്‍ത്തുന്നത്. തിരഞ്ഞെടുപ്പിലൂടെ ഗവണ്‍മെന്റിനെ നിശ്ചയിക്കാനും അതിനെ വിമര്‍ശിക്കാനും പ്രാതിനിധ്യ ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കവകാശമുണ്ട്.
ജനാധിപത്യ ഗവണ്‍മെന്റ്.
ജനാധിപത്യവ്യവസ്ഥിതിയില്‍ രാഷ്ട്രത്തിന്റെ പരമാധികാരം സമൂഹത്തിലെ മുഴുവന്‍ അംഗങ്ങളിലും നിക്ഷിപ്തമായിരിക്കുകയാണ്. ഒരു ജനാധിപത്യ ഗവണ്‍മെന്റിന്റെ നടത്തിപ്പില്‍ ജനങ്ങള്‍ നേരിട്ടോ പ്രതിനിധികളിലൂടെയോ പങ്കാളികളാകുന്നു. ഈ വ്യവസ്ഥിതിയില്‍ ജനങ്ങള്‍ ഒരേസമയം ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരുമാണ്. തിരഞ്ഞെടുപ്പിലൂടെ വ്യക്തമാക്കപ്പെടുന്ന ജനസമ്മതമാണ് ജനാധിപത്യ ഗവണ്‍മെന്റിന്റെ രൂപവത്കരണത്തിനാധാരം. പൊതുജനാഭിപ്രായം, വിമര്‍ശനം, നിയമവാഴ്ച തുടങ്ങിയ ഘടകങ്ങളിലധിഷ്ഠിതമാണ് ജനാധിപത്യ ഗവണ്‍മെന്റ്. ഇത് പാര്‍ലമെന്ററി ഗവണ്‍മെന്റ് എന്നും പ്രസിഡന്‍ഷ്യല്‍ ഗവണ്‍മെന്റ് എന്നും രണ്ടുതരത്തില്‍ അറിയപ്പെടുന്നു. നിയമനിര്‍മാണസഭയും നിര്‍വഹണവിഭാഗവും പരസ്പരം ബന്ധപ്പെട്ടുകൊണ്ടുള്ള ഗവണ്‍മെന്റു സംവിധാനമാണ് പാര്‍ലമെന്ററി ഗവണ്‍മെന്റ്. ഇതിനെ ക്യാബിനറ്റ് ഗവണ്‍മെന്റ് എന്നും വിളിക്കുന്നു. ഇത്തരം ഗവണ്‍മെന്റ്രൂപവത്കരണത്തിന്റെ ആദ്യപടിയായി നിയമനിര്‍മാണ സഭയിലേക്കുള്ള തിരഞ്ഞെടുപ്പു നടക്കുന്നു. മുഖ്യമായും രാഷ്ട്രീയ കക്ഷികളുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പില്‍ മത്സരം നടക്കുന്നത്. തിരഞ്ഞെടുപ്പിനുശേഷം നിയമനിര്‍മാണസഭയില്‍ ഭൂരിപക്ഷം ലഭിക്കുന്ന രാഷ്ട്രീയകക്ഷിക്ക് അല്ലെങ്കില്‍ കക്ഷികളുടെ കൂട്ടുകെട്ടിന് ഗവണ്‍മെന്റു രൂപവത്കരിക്കുവാന്‍ അവകാശമുണ്ടാക്കുന്നു. ഈ കക്ഷിയുടെ അല്ലെങ്കില്‍ കൂട്ടുകെട്ടിന്റെ നേതാവിനു മന്ത്രിസഭ (ക്യാബിനറ്റ്) രൂപവത്കരിച്ചു ഭരണം നടത്താം. ഈ കാര്യനിര്‍വഹണ സമിതിക്കു പ്രത്യക്ഷമായി തിരഞ്ഞെടുക്കപ്പെടുന്ന നിയമനിര്‍മാണ സഭയുടെ വിശ്വാസം ഉണ്ടായിരിക്കുന്നിടത്തോളമോ അടുത്ത തിരഞ്ഞെടുപ്പു വരെയോ അധികാരത്തില്‍ തുടരാം. ഇതു നിയമസഭയോട് ഉത്തരവാദപ്പെട്ടു ഭരണം നടത്തുന്നു. തങ്ങളുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച വിശദീകരണം നിയമസഭയുടെ മുന്നില്‍ വയ്ക്കാന്‍ മന്ത്രിമാര്‍ ബാധ്യസ്ഥരാണ്. ഈ സംവിധാനത്തില്‍ പാര്‍ലമെന്റിന്റെ നിയന്ത്രണത്തിനു വിധേയനല്ലാത്ത ഭരണത്തലവന്‍ ഉണ്ടായേക്കാം. ഇന്ത്യയില്‍ പ്രസിഡന്റിന്റെയും ഗ്രേറ്റ് ബ്രിട്ടനില്‍ രാജ്ഞിയുടെയും പദവി ഇപ്രകാരമുള്ളതാണ്.
നിയമനിര്‍മാണസഭയുടെ നിയന്ത്രണത്തില്‍ നിന്നും സ്വതന്ത്രമായ ഭരണനിര്‍വഹണഘടകമുള്ള ജനാധിപത്യ ഗവണ്‍മെന്റാണ് പ്രസിഡന്‍ഷ്യല്‍ ഗവണ്‍മെന്റ്. ഇതിലെ ഭരണത്തലവന്‍ നിയമനിര്‍മാണസഭയിലെ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തില്‍ നിയോഗിക്കപ്പെടുന്നതല്ല. പ്രസിഡന്‍ഷ്യല്‍ സമ്പ്രദായത്തില്‍ കാര്യനിര്‍വഹണസഭയിലേക്കും നിയമനിര്‍മാണസഭയിലേക്കും പ്രത്യേകം പ്രത്യേകം തിരഞ്ഞെടുപ്പു നടത്തുന്നു. ഈ സമ്പ്രദായത്തില്‍ നിയമനിര്‍മാണ വിഭാഗത്തിന്റെയും കാര്യനിര്‍വഹണ വിഭാഗത്തിന്റെയും അധികാരപരിധി വ്യക്തമായി വേര്‍തിരിച്ചിരിക്കും. പ്രസിഡന്‍ഷ്യല്‍ സമ്പ്രദായത്തില്‍ ഭരണഘടന അനുവദിച്ചിരിക്കുന്ന അധികാരങ്ങളെ അടിസ്ഥാനപ്പെടുത്തി ഒരു നിശ്ചിതകാലം വരെ കാര്യനിര്‍വഹണസമിതിക്ക് അധികാരത്തില്‍ തുടരാം. യു.എസ്സില്‍ നിലവിലിരിക്കുന്നത് ഇത്തരം ഗവണ്‍മെന്റാണ്.
സവിശേഷതകള്‍.
ഭൂരിപക്ഷത്തിന്റെ ഭരണമാണ് ജനാധിപത്യമെങ്കിലും ന്യൂനപക്ഷങ്ങളുടെ സ്വാതന്ത്യ്രം ഇതില്‍ പരിരക്ഷിക്കപ്പെടുന്നു. ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനത്തില്‍ ആരും അവഗണിക്കപ്പെടുന്നില്ല. ദരിദ്രനും സമ്പന്നനും തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കാനും തങ്ങളുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാനും സ്വാതന്ത്ര്യമുണ്ട്.
പൗരന്മാര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള സ്വാതന്ത്ര്യവും സമൃദ്ധിയും നല്കാന്‍ കഴിവുള്ള ഏക വ്യവസ്ഥിതി എന്ന സവിശേഷത ജനാധിപത്യത്തിലുണ്ട്.
വിദഗ്ധരും സാധാരണക്കാരും തമ്മിലുള്ള അന്തരം കുറയ്ക്കുകയും സഹകരണം നിലനിര്‍ത്തുകയും ചെയ്യുകയെന്നത് ജനാധിപത്യത്തിന്റെ പ്രത്യേകതയാണ്. പൊതുപ്രശ്നങ്ങളില്‍ പൊതു പരിഹാരം കാണുന്നതിനു സഹകരിക്കുവാന്‍ സാധാരണ പൗരന്മാര്‍ക്ക് ജനാധിപത്യം അവസരം നല്കുന്നു.
വിട്ടുവീഴ്ച അടിസ്ഥാനമാക്കിയാണ് ജനാധിപത്യ വ്യവസ്ഥിതി പ്രവര്‍ത്തിക്കുന്നത്. പ്രേരണയുടെയും ചര്‍ച്ചയുടെയും ഒത്തുതീര്‍പ്പിന്റെയും അന്തരീക്ഷമാണ് ജനാധിപത്യത്തിലുള്ളത്. ഇതില്‍ സംഘര്‍ഷം ലഘൂകരിക്കപ്പെടുന്നു. ഒരു വിപ്ലവത്തിലൂടെയല്ലാതെ മാറ്റങ്ങള്‍ കൊണ്ടുവരാവുന്ന വ്യവസ്ഥിതിയാണ് ജനാധിപത്യം.
ഏതൊരു പരിതഃസ്ഥിതിയോടും തത്ത്വസംഹിതയോടും യോജിച്ചുപോകുന്നതിനുള്ള കഴിവ് ജനാധിപത്യത്തിന്റെ മറ്റൊരു സവിശേഷതയാണ്. രാജവാഴ്ച, ഫ്യൂഡലിസം എന്നീ പ്രസ്ഥാനങ്ങളോടു പൊരുത്തപ്പെട്ടാണ് ഇംഗ്ലണ്ടില്‍ ജനാധിപത്യം വളര്‍ന്നത്. കമ്യൂണിസ്റ്റു രാജ്യങ്ങളിലും ഫാസിസവും നാസിസവും നിലനിന്ന രാജ്യങ്ങളിലും ജനാധിപത്യം രൂപംകൊണ്ടു.
ജനാധിപത്യം അടിച്ചേല്പിക്കാവുന്നതല്ല. അതിനോടുള്ള അഭിലാഷം ഉണ്ടായാല്‍ മാത്രമേ അതു വിജയകരമായി നടപ്പിലാവുകയുള്ളൂ. അതു നിലനിര്‍ത്തുന്നതിന് വിവേകപൂര്‍വമായ പെരുമാറ്റവും പങ്കാളിത്തവും ആവശ്യമാണ്. ഓരോ പ്രശ്നത്തിന്റെയും നന്മതിന്മകളെ വിലയിരുത്തുന്നതിനും അതനുസരിച്ച് വിവേകപൂര്‍വം തീരുമാനമെടുക്കുന്നതിനും ഓരോ പൗരനെയും പ്രാപ്തനാക്കുന്ന തരത്തില്‍ ജനകീയ വിദ്യാഭ്യാസം ജനാധിപത്യത്തിന്റെ നിലനില്പിന് ഒഴിച്ചുകൂടാനാവാത്തതാണ്. ജനാധിപത്യ വ്യവസ്ഥിതിയില്‍ ഗവണ്‍മെന്റിനെ വിമര്‍ശിക്കുന്നതും അതിന്റെ അനീതിയെ എതിര്‍ക്കേണ്ടതും പൗരന്റെ കര്‍ത്തവ്യമാണെന്ന ബോധം ജനങ്ങള്‍ക്കുണ്ടായിരിക്കണം. പൊതുവായ ലക്ഷ്യവും വിശ്വാസവും സഹകരണവും സഹാനുഭൂതിയും ആവശ്യമാണ്. സമകാലീന പ്രശ്നങ്ങളെക്കുറിച്ച് വേണ്ടത്ര അറിവു ലഭിക്കുന്നതിനുള്ള സൗകര്യവും സ്വതന്ത്രമായി ചിന്തിക്കുന്നതിനും തനതായ അഭിപ്രായങ്ങള്‍ രൂപവത്കരിക്കുന്നതിനുമുള്ള സ്വാതന്ത്ര്യവും ജനങ്ങള്‍ക്ക് ഉണ്ടായിരിക്കണം. സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിന് അവസരസമത്വം ലഭ്യമാക്കണം. അരാജകത്വം ജനാധിപത്യത്തിന്റെ ശത്രുവാണ്. സമാധാനമുള്ളടത്തേ ജനാധിപത്യം വിജയിക്കുകയുള്ളു. പൗരബോധവും നിയമാനുസാരിത്വവും ജനാധിപത്യത്തിന്റെ വിജയത്തിന് ആവശ്യമാണ്. നല്ല നേതൃത്വം ജനാധിപത്യത്തിന് അനുപേക്ഷണീയമാണ്. സ്വതന്ത്രവും ഭയരഹിതവുമായ പത്രപ്രവര്‍ത്തനവും വേണം.
ജനാധിപത്യഭരണക്രമം സാമാന്യജനങ്ങളുടെ വിജ്ഞാനത്തിന്റെ നിലവാരം ഉയര്‍ത്തുന്നു. ഈ സംവിധാനം അനുവദിക്കുന്ന അഭിപ്രായസ്വാതന്ത്യ്രം, വിമര്‍ശനം, ചര്‍ച്ച, പൊതു തിരഞ്ഞെടുപ്പുവേളയിലെ അതിവിശദമായ സംവാദങ്ങള്‍ തുടങ്ങിയവ ജനങ്ങള്‍ക്ക് സ്വന്തം താത്പര്യം, സമൂഹഘടന, രാഷ്ട്രത്തിന്റെ പ്രവര്‍ത്തനം, നാടിനെ ബാധിക്കുന്ന കാതലായ പ്രശ്നങ്ങള്‍ എന്നിവ സംബന്ധിച്ച് അവശ്യം വേണ്ട അറിവു നല്കുന്നു. ഇത് ജനങ്ങളെ രാഷ്ട്രീയബോധമുള്ളവരാക്കുകയും ചെയ്യുന്നു. ജനാധിപത്യം പ്രദാനം ചെയ്യുന്ന സമത്വം, സാഹോദര്യം, സഹിഷ്ണുത തുടങ്ങിയ മൂല്യങ്ങള്‍ ജനങ്ങളെ കൂടുതല്‍ ശ്രേഷ്ഠരാക്കുന്നു. ജനാധിപത്യം അനുരഞ്ജനത്തിന്റെയും യോജിപ്പിന്റെയും സാഹചര്യം ഒരുക്കുന്നു. ജനങ്ങളില്‍ രാജ്യസ്നേഹവും ദേശീയബോധവും വളര്‍ത്തുന്നതിനു ജനാധിപത്യം സഹായകമാണ്. ജനാധിപത്യ സംവിധാനത്തില്‍ വിപ്ലവത്തിനുള്ള സാധ്യത പ്രായേണ വിരളമാണ്. ചര്‍ച്ചകള്‍, കൂടിയാലോചനകള്‍, തിരഞ്ഞെടുപ്പ്, വോട്ടിങ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയമാറ്റം വിഷമരഹിതമാക്കുന്നു. ജനാധിപത്യത്തില്‍ രാഷ്ട്രീയ നിലനില്പിന് ബലപ്രയോഗത്തിന്റെ ആവശ്യം ഉണ്ടാകുന്നില്ല.
ജനാധിപത്യത്തിന് നിരവധി ന്യൂനതകള്‍ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. കാര്യങ്ങളുടെ മേന്മയ്ക്കല്ല, ഭൂരിപക്ഷത്തിനു മാത്രമാണ് ജനാധിപത്യം പ്രാധാന്യം കല്പിക്കാറ് എന്നതാണ് ഒരു വിമര്‍ശനം. കക്ഷിരാഷ്ട്രീയം ജനാധിപത്യത്തിന് അനുപേക്ഷണീയമാണെങ്കിലും കക്ഷിരാഷ്ട്രീയത്തിന്റെ അതിപ്രസരം അല്പാധിപത്യത്തിനും ജയിക്കുന്ന കക്ഷി അധികാരത്തിന്റെ ഗുണഫലങ്ങള്‍ പങ്കിട്ടെടുക്കുന്നതിനും വഴിതെളിക്കുമെന്നതാണ് മറ്റൊരു ന്യൂനതയായി പറയുന്നത്. കക്ഷിരാഷ്ട്രീയത്തിന്റെ അമിതസാന്നിധ്യം വ്യക്തിക്ക് സ്വന്തമായി തീരുമാനമെടുക്കുന്നതിന് അവസരം ഇല്ലാതാക്കുന്നു. തിരഞ്ഞെടുപ്പു കാലങ്ങളില്‍ കക്ഷിവ്യവസ്ഥ കാരണം അന്യോന്യം മത്സരം വര്‍ധിക്കുന്നു. ജനാധിപത്യത്തില്‍ ഭരണസാരഥ്യം വഹിക്കുന്നത് പ്രായോഗിക പരിശീലനം വേണ്ടത്ര ലഭിച്ചിട്ടില്ലാത്ത അപക്വമതികളായ നേതാക്കന്മാരായിരിക്കും എന്നും ഇതുമൂലം ഭരണത്തില്‍ ഉദ്യോഗസ്ഥദുഷ്പ്രഭുത്വത്തിനു സാധ്യതയേറും എന്നും ഒരു വിമര്‍ശനമുണ്ട്. തിരഞ്ഞെടുപ്പും മറ്റും കാരണം ജനാധിപത്യം ചെലവേറിയ ഭരണവ്യവസ്ഥിതി ആണെന്നാണു മറ്റൊരു ന്യൂനതയായി പറയപ്പെടുന്നത്. രാഷ്ട്രീയകക്ഷിക്കുള്ളിലും പുറത്തുമായി പ്രവര്‍ത്തിക്കുന്ന സമ്മര്‍ദഗ്രൂപ്പുകളും താത്പര്യസംഘങ്ങളും സ്വാര്‍ഥതാത്പര്യങ്ങള്‍ക്കു വഴിതെളിക്കുമെന്ന് ഒരാക്ഷേപമുണ്ട്. അനുരഞ്ജനത്തിനും പൊരുത്തപ്പെടലുകള്‍ക്കും പ്രാധാന്യം നല്കുന്നതുവഴി നിയമവാഴ്ച പൂര്‍ണമായും ഉറപ്പുവരുത്തുവാന്‍ കഴിയാതാകുന്നു. ശ്രമകരമായ സംവിധാനമാണെങ്കിലും 20-ാം ശ.-ല്‍ മിക്ക രാഷ്ട്രങ്ങളും ജനാധിപത്യത്തെ അഭികാമ്യമായ രാഷ്ട്രീയ വ്യവസ്ഥിതിയായി പരിഗണിച്ചു വരുന്നു.