This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജനറല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജനറല്‍

General

സൈന്യത്തിലെ ഒരു ഉയര്‍ന്ന ഔദ്യോഗിക പദവി. കര-നാവികസേനയിലും ഒരളവു വരെ വ്യോമസേനയിലും ഈ റാങ്ക് നിലവിലുണ്ട്. ഒരു റെജിമെന്റിലോ തത്തുല്യമായ മറ്റേതെങ്കിലും യൂണിറ്റിലോ നിയന്ത്രണ ചുമതല നിക്ഷിപ്തമായിരിക്കുന്നത് ജനറലിലാണ്. അതുപോലെ ഒന്നില്‍ക്കൂടുതല്‍ സേനാവിഭാഗങ്ങളടങ്ങുന്ന ഒരു സൈനിക യൂണിറ്റിനെ നിയന്ത്രിക്കുന്നതും ജനറലാണ്. എന്നാല്‍ ഇതുകൊണ്ട് സേനാഭടന്മാരെ യുദ്ധരംഗത്തേക്ക് നേരിട്ടു നയിച്ചുകൊണ്ടുപോകുന്ന വ്യക്തിയാണ് ജനറല്‍ എന്നര്‍ഥമാക്കേണ്ടതില്ല. മറിച്ച്, യുദ്ധതന്ത്രങ്ങള്‍ മെനഞ്ഞെടുക്കുക, ശത്രുവിനെതിരായ തന്ത്രപരമായ കരുനീക്കങ്ങള്‍ക്ക് രൂപം നല്‍കുക, പൊരുതി മുന്നേറാന്‍ പറ്റിയ രീതിയില്‍ യുദ്ധരംഗത്ത് സേനാംഗങ്ങളെ ബുദ്ധിപൂര്‍വം വിന്യസിക്കുക തുടങ്ങിയവയാണ് ഒരു ജനറലിന്റെ പ്രധാന ചുമതലകള്‍. സാധാരണയായി യുദ്ധരംഗത്തേക്ക് സൈനിക ജനറല്‍ നേരിട്ടു കടന്നുചെല്ലാറില്ല.

യൂറോപ്പില്‍ 16-ാം ശ.-ത്തിന്റെ അവസാനകാലത്താണ് സൈന്യത്തില്‍ ഇന്നു കാണുന്ന പലതരം തസ്തികകളും അവ തമ്മിലുള്ള മുന്‍ഗണനാക്രമവും രൂപംകൊണ്ടത്. അങ്ങനെ 17-ാം ശ.-ന്റെ അവസാനത്തോടെ യൂറോപ്യന്‍ സൈന്യങ്ങളില്‍ ജനറലിന്റെതിനെക്കാള്‍ ഒരുപടി ഉയര്‍ന്ന ഫീല്‍ഡ് മാര്‍ഷല്‍ പദവി നിലവില്‍വന്നു.

സാധാരണയായി പല രാജ്യങ്ങളിലെ സൈന്യങ്ങളിലും ജനറല്‍ പദവിക്കു മൂന്നു തലങ്ങ(grades)ളെങ്കിലും കണ്ടുവരുന്നു. മുന്‍ഗണനാക്രമത്തില്‍ ഇവ യഥാക്രമം ജനറല്‍, ലഫ്റ്റനന്റ് ജനറല്‍, മേജര്‍ ജനറല്‍ എന്നിവയാണ്. എന്നാല്‍ യു.എസ്. മുതലായ ചില രാജ്യങ്ങളില്‍ മേല്പറഞ്ഞവ കൂടാതെ നാലാമതൊരു തലംകൂടി കാണുന്നു. യു.എസ്. സൈന്യത്തിലെ ബ്രിഗേഡിയര്‍ ജനറല്‍ അല്ലെങ്കില്‍ ബ്രിട്ടീഷ് സൈന്യത്തിലെ ബ്രിഗേഡിയര്‍. മേജര്‍ ജനറല്‍ പദവിക്കു തൊട്ടുതാഴെയാണ് ഇതിന്റെ മുന്‍ഗണനാക്രമം.

ഇന്ത്യന്‍ സൈന്യത്തില്‍ ഫീല്‍ഡ് മാര്‍ഷല്‍ പദവിക്കു തൊട്ടുതാഴെയാണ് ജനറല്‍ പദവി. എന്നാല്‍ യു.എസ്. സൈന്യത്തില്‍ ഇന്ത്യയിലെ ഫീല്‍ഡ് മാര്‍ഷല്‍ പദവിക്കു തത്തുല്യമായ സ്ഥാനം 'ജനറല്‍ ഒഫ് ദി ആര്‍മി' അല്ലെങ്കില്‍ 'ജനറല്‍ ഒഫ് ദി എയര്‍ഫോഴ്സസ്' ആണ്. അതുപോലെ ബ്രിഗേഡിയര്‍ തൊട്ട് 'ജനറല്‍ ഒഫ് ദി ആര്‍മി' വരെയുള്ള പദവികള്‍ വഹിക്കുന്നവരുടെ ഔദ്യോഗികവേഷത്തില്‍ യഥാക്രമം ഒന്നുമുതല്‍ അഞ്ചു നക്ഷത്രചിഹ്നങ്ങള്‍ വരെ പതിപ്പിക്കാറുണ്ട്. യു.എസ്. സൈന്യത്തില്‍ മേല്പറഞ്ഞ അഞ്ചു വിഭാഗത്തില്‍പ്പെടുന്നവരെയും സംബോധന ചെയ്യുന്നത് 'ജനറല്‍' എന്ന ഒറ്റപ്പദം ഉപയോഗിച്ചാണ്.

1799-ലാണ് യു.എസ്. സൈന്യത്തില്‍ 'ജനറല്‍ ഒഫ് ദി ആര്‍മീസ് ഒഫ് ദ് യുണൈറ്റഡ് സ്റ്റേറ്റ്സ്' എന്ന തസ്തികയ്ക്ക് രൂപം നല്‍കിയത്. ജോര്‍ജ് വാഷിങ്ടണു വേണ്ടിയാണ് ഇതു സൃഷ്ടിച്ചതെങ്കിലും അദ്ദേഹത്തിന് ഇതു ലഭിച്ചത് മരണാനന്തര ബഹുമതിയായിട്ടായിരുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9C%E0%B4%A8%E0%B4%B1%E0%B4%B2%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍