This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ജനമഞ്ചി ശേഷാദ്രി ശര്‍മ (1882 - 1950/3)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ജനമഞ്ചി ശേഷാദ്രി ശര്‍മ (1882 - 1950/3)
തെലുഗു കവി. ആന്ധ്രയിലെ നെല്ലൂര്‍ ജില്ലയില്‍പ്പെട്ട കലുവായ് എന്ന സ്ഥലത്ത് 1882-ല്‍ ജനിച്ചു. സംസ്കൃതത്തിലും തെലുഗുവിലും അഗാധമായ പാണ്ഡിത്യം കരസ്ഥമാക്കിയശേഷം വിവിധ സ്കൂളുകളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു. ഇതിഹാസപുരാണാദികളുടെ വിവര്‍ത്തനങ്ങളിലൂടെയും കാവ്യരചനയിലൂടെയും തെലുഗുസാഹിത്യത്തില്‍ സ്ഥിരപ്രതിഷ്ഠ നേടി.
വിവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ബ്രഹ്മാണ്ഡപുരാണമാണ്. ഋജുവും ലളിതവുമായ ഈ വിവര്‍ത്തനം തെലുഗുസാഹിത്യത്തിനു ലഭിച്ച മികച്ച സംഭാവനകളിലൊന്നാണ്. വാല്മീകി രാമായണം ആന്ധ്രശ്രീമദ് രാമായണം എന്ന പേരില്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. മറ്റു വിവര്‍ത്തനങ്ങള്‍ ഇവയാണ്: ഹാലാസ്യമാഹാത്മ്യം, സ്കന്ദപുരാണം (കുമാരികകാണ്ഡവും അരുണാചലകാണ്ഡവും), താണ്ഡവ കൃഷ്ണഭാഗവതം (ഭാഗവതത്തിന്റെ 10-ാം കാണ്ഡം).
ബ്രഹ്മാണ്ഡപുരാണത്തിലെ ശിവപാര്‍വതി പരിണയകഥ പറയുന്ന ശരമംഗല പരിണയം, ഹനുമദ് വിജയം, കാളിവിലാസം, സംഗ്രഹരാമായണം തുടങ്ങിയവയാണ് കാവ്യഗ്രന്ഥങ്ങളില്‍ പ്രധാനപ്പെട്ടവ. സംഗ്രഹരാമായണം റായലസീമ പ്രദേശത്ത് വളരെയേറെ പ്രചാരം നേടിയിരുന്നു.
ആന്ധ്രാ യൂണിവേഴ്സിറ്റി 'കലാപ്രപൂര്ണബിരുദം' നല്കി ഇദ്ദേഹത്തെ ആദരിക്കുകയുണ്ടായി. 'കാവ്യതീര്ഥ', 'ബാലസരസ്വതി', 'അഭിനവ ആന്ധ്രാ വാല്മീകി', 'ആന്ധ്രാവ്യാസ' തുടങ്ങിയ നിരവധി ബഹുമതികളും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. 1950/3-ല്‍ ശേഷാദ്രിശര്മ അന്തരിച്ചു.