This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ജഠരാമ്ളത
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ജഠരാമ്ളത
Acidosis
ആമാശയത്തില്‍ ഹൈഡ്രോക്ലോറിക് അമ്ലം (HCl) കൂടുതലായി ഉണ്ടാകുന്ന അവസ്ഥ. ആമാശയ രസങ്ങള്‍ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്നതുകൊണ്ടും അധികസമയം വയറില്‍ത്തന്നെ ഇവ അവശേഷിക്കുന്നതുകൊണ്ടും പുളിച്ചുതികട്ടല്‍, വയറുവേദന, നെഞ്ചെരിച്ചില്‍, ദഹനക്കേട് എന്നിവയുണ്ടാകുന്നു. ആമാശയഭിത്തിയെ ആവരണം ചെയ്യുന്ന ശ്ലേഷ്മകലകള് ഉത്പാദിപ്പിക്കുന്ന ആമാശയരസത്തില്‍ ജലം, ഹൈഡ്രോക്ലോറിക് അമ്ലം, പെപ്സിന്‍, മറ്റ് എന്‍സൈമുകള്‍ എന്നിവ അടങ്ങിയിരിക്കുന്നു. ഹൈഡ്രോക്ലോറിക് അമ്ലം ദഹനത്തെ സഹായിക്കുന്ന അവശ്യഘടകമാണ്. ആമാശയരസത്തില്‍ അടങ്ങിയിരിക്കുന്ന മ്യൂക്കസ് (Mucous) ആമാശയഭിത്തിയിലെ കോശങ്ങള്‍ക്കു ഒരു രക്ഷാകവചമായി വര്‍ത്തിക്കുന്നു. അതിനാല്‍ ആമാശയ രസത്തിലടങ്ങിയിരിക്കുന്ന ഹൈഡ്രോക്ലോറിക് അമ്ലം സാധാരണ നിലയില്‍ ആമാശയ ഭിത്തിയിലെ കോശങ്ങള്‍ക്ക് ദോഷം ചെയ്യാറില്ല. എന്നാല്‍ മദ്യപാനം, പുകവലി, അമിതമായ കാപ്പികുടി, ആസ്പിരിന്‍ മരുന്നുകളുടെ ഉപയോഗം, മാനസിക സംഘര്‍ഷം എന്നിവ മൂലം ഹൈഡ്രോക്ലോറിക് അമ്ലം കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്നു. ആവശ്യത്തിന് ആഹാരം വയറില്‍ ഇല്ലാത്ത സമയത്ത് ഉത്പാദിപ്പിക്കപ്പെടുന്ന അമ്ലം ആമാശയഭിത്തിയിലെ കോശങ്ങളെ നശിപ്പിക്കുന്നു. ഇത് വളരെ നാള് തുടര്‍ന്നാല്‍ ആമാശയത്തില്‍ വ്രണങ്ങള്‍ (ulcer) ഉണ്ടാവാനിടയുണ്ട്. ആമാശയത്തിലെ അമ്ലം അന്നനാളത്തില്‍ കയറുമ്പോള്‍ നെഞ്ചെരിച്ചില്‍ ഉണ്ടാവുന്നു.
ആമാശയരസത്തിന്റെ ഉത്പാദനം നിയന്ത്രിക്കുന്നത് കേന്ദ്രനാഡീവ്യൂഹം ആണ്. അതിനാല്‍ മാനസിക സംഘര്‍ഷങ്ങളും വിക്ഷോഭങ്ങളും ഇതിന്റെ ഉത്പാദനത്തെ ത്വരിതപ്പെടുത്താനിടയുണ്ട്. ജീവിതത്തോടുള്ള പ്രസന്നമായ സമീപനം ഈ രോഗം ഉണ്ടാകാതിരിക്കാന്‍ ആവശ്യമാണ്. യഥാസമയങ്ങളില്‍ എരിവും പുളിയും കുറഞ്ഞ ആഹാരം കഴിക്കേണ്ടതും ആവശ്യമാണ്. ഹൈഡ്രോക്ലോറിക് അമ്ളത്തെ നിര്‍വീര്യമാക്കുന്ന ക്ഷാരസ്വഭാവമുള്ള മരുന്നുകള്‍ (അന്റാസിഡുകള്‍) ആണ് ഈ രോഗശമനത്തിന് ഉപയോഗിക്കുന്നത്. ദീര്‍ഘനേരത്തേക്ക് പ്രഭാവം ചെലുത്താന്‍ കഴിയുന്നതും എന്നാല്‍ രക്തത്തിനു ക്ഷാരസ്വഭാവം ഉണ്ടാക്കാത്തതും ദഹനത്തെ ബാധിക്കാത്തതും CO2 ഉത്പാദിപ്പിക്കാത്തതും വയറിളക്കമോ മലബന്ധമോ ഉണ്ടാക്കാത്തതുമായ അന്റാസിഡുകളാണ് ഏറ്റവും ഉചിതം. Al(OH)3 മാത്രമോ Mg(OH)2 നോട് ചേര്‍ത്തോ ഉള്ള അന്റാസിഡുകളാണ് ഏറ്റവും പ്രചാരമേറിയത്. അമ്ള ഉത്പാദനത്തെത്തന്നെ തടയുന്ന രാസപദാര്‍ഥങ്ങള്‍ അടങ്ങിയ മരുന്നുകള്‍ ഇപ്പോള്‍ ഉപയോഗിച്ചുവരുന്നു.