This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചുണ്ട

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചുണ്ട

ഒരു ഔഷധസസ്യം. സോളാനേസി (Solanaceae) സസ്യകുടുംബത്തില്‍പ്പെടുന്നു. ശാസ്ത്രനാമം: സോളാനം വെര്‍ബാസിഫോളിയം (Solanum verbascifolium ). എരുചുണ്ട, മലഞ്ചുണ്ട എന്നീ പേരുകളിലും അറിയപ്പെടുന്നു. ഭാരതത്തില്‍ എല്ലായിടങ്ങളിലും ഇവ വളരുന്നുണ്ട്. മലയ, ആസ്റ്റ്രേലിയ, അമേരിക്ക എന്നിവിടങ്ങളിലും ചുണ്ട വളരുന്നു.

ചുണ്ട:കായോടുകൂടിയ ശാഖ

2.6 മീ. ഉയരത്തില്‍ ചുണ്ട വളരും. ചെടി നിറയെ നക്ഷത്രാകൃതിയിലുള്ള ഇളം മഞ്ഞയോ ഇളം തവിട്ടുനിറമോ ഉള്ള ലോമങ്ങളുണ്ടായിരിക്കും. 10-20 സെ.മീ. നീളവും 5-15 സെ.മീ. വീതിയുമുള്ള ഇലകളുടെ ഇരുവശവും ലോമിലമാണ്. ഇലകളില്‍ എട്ടുജോടി സിരകള്‍ വ്യക്തമായി കാണാന്‍ സാധിക്കും. ഇല ഞെടുപ്പിന് 24 സെ.മീ. നീളമുണ്ട്. ഇലകള്‍ക്ക് സമ്മുഖമായി കുലകളായിട്ടാണ് പുഷ്പങ്ങളുണ്ടാകുന്നത്. നിറയെ ലോമിലമായ അഞ്ചു ബാഹ്യദളങ്ങളുണ്ട്. ഇവ വളര്‍ന്ന് ഫലത്തിന്റെ ഉപരിഭാഗത്തായി കാണപ്പെടുന്നു. വെളുപ്പു നിറത്തിലുള്ള അഞ്ചു ദളങ്ങളുണ്ട്. ദളങ്ങളുടെ ചുവടുഭാഗം യോജിച്ചിരിക്കും. ദളങ്ങളും ലോമിലമാണ്. അഞ്ചു കേസരങ്ങളുണ്ട്. കേസരതന്തുക്കള്‍ പരന്നതും തിളക്കമുള്ളതുമാണ്. ദ്വികോഷ്ഠക അണ്ഡാശയമാണ് ഇവയ്ക്കുള്ളത്. കപടഭിത്തികളുടെ ആവിര്‍ഭാവം മൂലം കോഷ്ഠകങ്ങളായിത്തിരിഞ്ഞ അവസ്ഥയിലാണ് അണ്ഡാശയം കാണപ്പെടുന്നത്. വര്‍ത്തികാഗ്രം രണ്ടായി പിളര്‍ന്നിരിക്കും. 8 മി.മീ. വ്യാസമുള്ള ഉരുണ്ട ബെറിയാണ് ഫലം. കടും പച്ച നിറമുള്ള കായ്കള്‍ മൂപ്പെത്തുമ്പോള്‍ മഞ്ഞനിറമാവുന്നു. ഫലങ്ങളിലും നക്ഷത്രാകൃതിയിലുള്ള ലോമങ്ങളുണ്ടായിരിക്കും.

മൂപ്പെത്താത്ത കായ്കള്‍ കറിവയ്ക്കാനുപയോഗിക്കുന്നു. വെളുത്ത ചുണ്ടയും കറുത്ത ചുണ്ടയും പുത്തരിച്ചുണ്ടയും ഔഷധങ്ങളാണ്. ചെടിയുടെ ചാറ് ഉദരരോഗങ്ങള്‍ക്ക് ഔഷധമാണ്. ഉണക്കിയചെടി ചൂടുവെള്ളത്തില്‍ അരച്ചു പുരട്ടിയാല്‍ നീരിനും വേദനയ്ക്കും പൊള്ളലിനും ആശ്വാസം ലഭിക്കും. പുണ്യകര്‍മങ്ങള്‍ക്കു ചുണ്ടക്കായ് ഉപയോഗിക്കുന്നു. കഥകളി വേഷത്തില്‍ കണ്ണുചുവപ്പിക്കുന്നതു ചുണ്ടയുടെ വിത്ത് ഉപയോഗിച്ചാണ്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B5%81%E0%B4%A3%E0%B5%8D%E0%B4%9F" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍