This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിലക്കുറി നാരായണറാവു പന്തലു (1890 - 1952)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചിലക്കുറി നാരായണറാവു പന്തലു (1890 - 1952)

തെലുഗുപണ്ഡിതനും സാഹിത്യകാരനും. ശ്രീകാകുളം ജില്ലയിലെ അനന്തപുരത്ത് 1890-ല്‍ ഒരു ദരിദ്രകുടുംബത്തില്‍ ജനിച്ചു. സഹപാഠികളുടെ സഹായത്തോടെയാണ് സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. വിജയനഗരത്തിലെ മഹാരാജാസ് കോളജില്‍നിന്നും ബി.എ. ബിരുദവും മദിരാശി യൂണിവേഴ്സിറ്റിയില്‍ നിന്നും എം.എ. (തെലുങ്ക്, കന്നട), പിഎച്ച്.ഡി. എന്നീ ബിരുദങ്ങളും നേടി. തെലുഗുവിലെ ആദ്യത്തെ ഡോക്ടറേറ്റ് ഇദ്ദേഹത്തിന്റേതാണ്. സ്കൂള്‍ ഇന്‍സ്പെക്ടര്‍ ആയി ഔദ്യോഗിക ജീവിതം ആരംഭിച്ചു. തുടര്‍ന്ന് കോളജധ്യാപകനായി. വൈകാതെ അനന്തപുരം ഗവണ്‍മെന്റ് കോളജിലെ ഭാഷാവകുപ്പുമേധാവിയായി.

തെലുങ്കുഭാഷാചരിത്രമാണ് ചിലക്കുറി നാരായണറാവു പന്തലുവിന്റെ രചനകളില്‍ മുന്‍പന്തിയില്‍ നില്ക്കുന്നത്. കാള്‍ഡ്വലിന്റെ വാദത്തെ സയുക്തികം എതിര്‍ത്തുകൊണ്ട് തെലുഗു പ്രാകൃതജന്യമാണെന്നു സ്ഥാപിക്കാന്‍ ശ്രമിച്ചിട്ടുള്ളത് ഈ കൃതിയിലാണ്. 8 ജീവചരിത്രങ്ങള്‍, 20 ചരിത്രഗ്രന്ഥങ്ങള്‍, 10 സാഹിത്യചരിത്രകൃതികള്‍, 5 ഭാഷാചരിത്രങ്ങള്‍, 4 നിഘണ്ടുകള്‍ എന്നിവയിലൂടെ ഇദ്ദേഹം തെലുഗുഭാഷയെയും സാഹിത്യത്തെയും സമ്പന്നമാക്കി. 'ആധുനിക തെലുഗുവില്‍ ഏറ്റവുമധികം നിലവാരമുള്ള കൃതികള്‍ രചിച്ചയാള്‍' എന്ന സവിശേഷത ഇദ്ദേഹത്തിനുണ്ട്. വിഭിന്നമതങ്ങളെപ്പറ്റിയുള്ളവ, സംസ്കൃതത്തിലും ഇംഗ്ലീഷിലും രചിച്ചവ എന്നിങ്ങനെ ഇദ്ദേഹത്തിന്റെ സാഹിത്യസംരംഭങ്ങള്‍ വൈവിധ്യപൂര്‍ണമാണ്. നന്നയ്യയുടെ മഹാഭാരതത്തിലെ സൗപര്‍ണോപാഖ്യാനത്തിലുള്ള പിഴവുകള്‍ തൊണ്ണൂറ്റിയഞ്ചിലധികം താളിയോലകള്‍ കണ്ടെത്തി പരിഹരിച്ചു. പാല്‍ക്കുറുക്കി സോമനാഥന്റെ പണ്ഡിതാരാധ്യചരിതവും മറ്റു നിരവധി പ്രാചീനകൃതികളും സംശോധിതസംസ്കരണം നടത്തി പ്രകാശിപ്പിച്ചിട്ടുണ്ട്. റുബായിയാത്തിന്റെ തെലുഗു വിവര്‍ത്തനമാണ് ഇദ്ദേഹത്തിന്റെ മറ്റൊരു സംഭാവന.

നിരവധി സാഹിത്യസംഘടനകളുടെ അധ്യക്ഷന്‍, ആന്ധ്ര, മദ്രാസ്, മൈസൂര്‍ സര്‍വകലാശാലകളിലെ അക്കാദമിക് സമിതിയംഗം എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആന്ധ്ര ചരിത്രഗവേഷണ സൊസൈറ്റി, നവ്യസാഹിത്യപരിഷത്, ശ്രീകൃഷ്ണദേവരായ വിദ്യാപീഠം എന്നിവ സ്ഥാപിച്ചത് ചിലക്കുറി നാരായണറാവുവാണ്.

ആന്ധ്ര സര്‍വകലാശാല 'കലാപൂര്‍ണ' ബിരുദവും ബനാറസ് സംസ്കൃതവിദ്യാപീഠം 'മഹാമഹോപാധ്യായ' ബിരുദവും നല്കി ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. 1952-ല്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍