This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിത്രലിപി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചിത്രലിപി

ചിത്രങ്ങള്‍ ഉപയോഗിച്ച് ആശയങ്ങള്‍ പ്രകാശിപ്പിക്കുന്ന ലിപി സമ്പ്രദായം. പുരാതന നാഗരികതകളിലെല്ലാം നിലനിന്നിരുന്ന വളരെ പ്രധാനപ്പെട്ട എഴുത്തുസമ്പ്രദായങ്ങളിലൊന്നാണിത്. ബി.സി. 3100 മുതല്‍ 2700 വരെ മെസപ്പൊട്ടേമിയ, റൊമേനിയ, ഇറാന്‍, ഈജിപ്ത് എന്നിവിടങ്ങളിലും ബി.സി. 2500 മുതല്‍ 700 വരെ ഹാരപ്പാ, മൊഹഞ്ജോദരോ, ചൈന, ജപ്പാന്‍, ഹിറെറ്റ്, സിനായി, പലസ്തീന്‍, ലെബനന്‍, സിറിയ, അനതോലിയ എന്നിവിടങ്ങളിലും ഈ രീതി നിലനിന്നിരുന്നു. കൂടാതെ, ക്രിസ്തുവിനുശേഷം 8-ാം ശ.-വരെ മധ്യ അമേരിക്കയില്‍ വര്‍ത്തിച്ചിരുന്ന 'മായന്‍', 12 മുതല്‍ 16-ാം ശ.-വരെ മെക്സിക്കോയില്‍ നിലനിന്ന 'ആസ്റ്റ്ക്' എന്നീ നാഗരികതകളിലും ഈ ലിപിസമ്പ്രദായം ഉണ്ടായിരുന്നതായി കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടുണ്ട്.

15-ാം നൂറ്റാണ്ടിലെ ആസ്തെക് ചിത്രലിപി (റീബസ് റൈറ്റിങ്)
പുരാണ ഈജിപ്ഷ്യന്‍ ഹൈറോഗ്ലിഫിക് ചിത്രലിപി

മനുഷ്യന്റെ പ്രായോഗിക ജീവിതവുമായി അടുത്തുവന്ന എല്ലാ വസ്തുക്കളെയും ജീവജാലങ്ങളെയും അവയുടെ പ്രവൃത്തികളെയും സംബന്ധിച്ച ആശയങ്ങള്‍ ഈ രീതിയില്‍ പ്രകാശിപ്പിച്ചിരുന്നു. അവയില്‍ പ്രതീകാത്മകചിത്രങ്ങളും യഥാതഥ ചിത്രങ്ങളും ഉണ്ടായിരുന്നു. പ്രതീകാത്മകചിത്രങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ആശയങ്ങളും യഥാതഥ ചിത്രങ്ങള്‍ കൂട്ടിച്ചേര്‍ത്ത് വസ്തുസംബന്ധമായ സാഹചര്യങ്ങളും പ്രകടിപ്പിക്കുന്ന രീതിയും നിലവിലിരുന്നു.

ഈ എഴുത്ത് രീതിയുടെ വളര്‍ച്ച പലഘട്ടങ്ങളിലായാണ് സംഭവിച്ചത്. ആദ്യകാല ചിത്രലിപി, ലളിതമായ ചിത്രങ്ങള്‍ ഉപയോഗിച്ച് വസ്തുക്കളെ പ്രതിനിധാനം ചെയ്യുന്ന ഒന്നായിരുന്നു. ഈ രീതിയെ 'പ്രിമിറ്റീവ് പിക്ടോഗ്രാഫ്' എന്നു പറയുന്നു. രണ്ടാമത്തെഘട്ടത്തില്‍, വസ്തുക്കളെയും അമൂര്‍ത്ത ആശയങ്ങളെയും സൂചിപ്പിക്കുന്ന പ്രതീകാത്മകചിത്രങ്ങള്‍ ഉപയോഗിച്ചു തുടങ്ങി. ഇതിനെ ഐഡിയോ ഗ്രാഫ് എന്നു വിളിക്കുന്നു. ഇതില്‍ സൂര്യന്‍ എന്ന ചിഹ്നംകൊണ്ട് പകല്‍, വെളിച്ചം എന്നിവയെയും മുള്ള് എന്ന ചിഹ്നം കൊണ്ട് മൂര്‍ച്ചയുള്ള എന്ന അര്‍ഥം വരുന്ന ആശയത്തെയും ധ്വനിപ്പിക്കുന്നു. മൂന്നാമതായി, പരാമര്‍ശിക്കേണ്ടുന്ന വസ്തുവിനെ സൂചിപ്പിക്കുന്ന ശബ്ദത്തെ ചിത്രണം ചെയ്യുന്ന പതിവ് നിലവില്‍വന്നു. റീബസ് റൈറ്റിങ് (rebus writing ) എന്നറിയപ്പെടുന്ന ഈ ഘട്ടത്തില്‍ ഉപയോഗിച്ചിരുന്ന ചിഹ്നങ്ങള്‍ ഫോണോഗ്രാം എന്നറിയപ്പെടുന്നു.

ചിത്രലിപികള്‍ക്ക് ഉദാഹരണമായി ഈജിപ്തിലെ ലിപികള്‍ മാതൃകയായി കരുതാവുന്നതാണ്. പാമ്പിന്റെ ചിത്രം പാമ്പിനെയും പുഴുവിനെയും സൂചിപ്പിക്കുന്നു. കൈ വായിലേക്കടുപ്പിക്കുന്നയാളിന്റെ ചിത്രം ഭക്ഷിക്കുക, കുടിക്കുക, സംസാരിക്കുക, ചിന്തിക്കുക, തോന്നുക എന്നീ അര്‍ഥങ്ങളെയും രണ്ട് കൈകളും തൂക്കിയിട്ടിരിക്കുന്ന ചിത്രം പൊതിയുക, ആലിംഗനം ചെയ്യുക തുടങ്ങിയവയെയും സൂചിപ്പിക്കുന്നു. ചെറുവള്ളത്തില്‍ പങ്കായവും പിടിച്ചിരിക്കുന്ന മനുഷ്യന്റെ ചിത്രം ബോട്ട്, കപ്പല്‍, കടല്‍യാത്ര തുടങ്ങിയ ആശയങ്ങളെ സൂചിപ്പിക്കുന്നു.

കൊമ്പുള്ള അണലിപ്പാമ്പ് 'ഫ'യെയും കൈപ്പത്തി 'ദ'യെയും അപ്പക്കഷണം 'ട'യെയും മൂങ്ങ 'മ'യെയും മൂര്‍ഖന്റെ ചിത്രം 'ഗ' യെയും സൂചിപ്പിക്കുന്നതരത്തിലുള്ളൊരു സമ്പ്രദായമുണ്ടായിരുന്നു.

ക്ഷേത്രങ്ങളുടെ ഭിത്തികളിലും തൂണുകളിലും കല്ല്, മരം, മണ്ണു കൊണ്ടുണ്ടാക്കിയ പ്രതലങ്ങള്‍, ഓല തുടങ്ങിയവകളിലും ചായമുപയോഗിച്ചോ കൊത്തുപണികൊണ്ടോ ചിത്രലിപികള്‍ കുറിച്ചിരുന്നു. കൂടാതെ ശവക്കല്ലറ, സ്മാരകശില, സ്തംഭം, ശവപ്പെട്ടി, എന്നിവകളിലും പാത്രങ്ങളിലും മറ്റ് ഉപകരണങ്ങളിലും ഈ ലിപികള്‍ ആലേഖനം ചെയ്തിരുന്നു. മതപരവും മതേതരവുമായ ഒട്ടേറെ വിഷയങ്ങള്‍ ഇതില്‍ പ്രതിപാദിച്ചിട്ടുണ്ട്. ചരിത്രപരമായ ശിലാശാസനങ്ങള്‍, നിയമ പ്രമാണങ്ങള്‍, പുരാവൃത്തം, പ്രശംസ, പ്രാര്‍ഥന തുടങ്ങിയവയും ഇതിലുള്‍പ്പെടുന്നു. ചിത്രലിപികള്‍ അടക്കംചെയ്ത തകിടുകള്‍ രക്ഷയായി ധരിക്കുന്ന മതാനുഷ്ഠാനവും ചില സ്ഥലങ്ങളില്‍ ഉണ്ടായിരുന്നു. ജീവന്‍, സ്ഥിരത, പരിരക്ഷ എന്നിവയെക്കുറിക്കുന്ന ചിത്രങ്ങള്‍ ആലേഖനം ചെയ്ത ആഭരണങ്ങള്‍ ധരിക്കുന്ന പതിവുണ്ടായിരുന്നതായും തെളിവുകളുണ്ട്.

ചിത്രലിപികള്‍ക്ക് ആശയപരമായ പ്രാധാന്യത്തിനുപുറമേ, കലാപരമായ പ്രധാന്യവുമുണ്ട്. ചൈനീസ്, ജാപ്പനീസ് തുടങ്ങിയ ഭാഷകള്‍ ചിത്രലിപിസമ്പ്രദായത്തില്‍ നിന്ന് ഉരുത്തിരിഞ്ഞുവന്നതാണെന്നു കരുതുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍