This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചിക്വീഡ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ചിക്വീഡ്
Chickweed
കാരിയോഫില്ലേസി (Caryophyllaceae) സസ്യകുലത്തില്‍പ്പെടുന്ന ഒരിനം കള. ശാ.നാ.: സ്റ്റെല്ലേറിയ മീഡിയ (Stelleria media). ഒരു വാര്‍ഷിക സസ്യമായ ഇതിന്റെ ജന്മദേശം യൂറേഷ്യ ആണ്. വ. അമേരിക്കയിലും പരിസരപ്രദേശങ്ങളിലും ഇവ ധാരാളമായി വളരുന്നുണ്ട്. ശാഖോപശാഖകളായി തൂങ്ങിക്കിടക്കുന്നതും ബലം കുറഞ്ഞ മുട്ടകളുള്ളതുമായ ദുര്ബലകാണ്ഡമാണ് ഇവയ്ക്കുള്ളത്. തണ്ടുകളില്‍ ഒരുനിര ലോമങ്ങളുണ്ട്. ഇലകള്‍ക്ക് അണ്ഡാകൃതിയാണ്. ഇലയുടെ കക്ഷ്യങ്ങളിലോ ശാഖാഗ്രങ്ങളിലോ പൂങ്കുലകളുണ്ടാകുന്നു. വെള്ള നിറമുള്ള അനേകം പുഷ്പങ്ങള്‍ ഒരു പൂങ്കുലയിലുണ്ടാകും. നാലു ബാഹ്യദളങ്ങളും നാലു ദളങ്ങളുമുണ്ട്. ദളങ്ങള്‍ ബാഹ്യദളങ്ങളെക്കാള് ചെറുതാണ്. 3-10 കേസരങ്ങളും മൂന്നു വര്ത്തികകളുമുണ്ട്. വിത്തുകളില്‍ ചെറിയ മുഴകളും കാണപ്പെടുന്നു.
നിലത്തു പറ്റിച്ചേര്‍ന്നു വളരുന്ന ചിക്വീഡ് പൂന്തോട്ടങ്ങളിലും മുന്തിരിത്തോപ്പുകളിലും ധാരാളമായി വളരുന്നതുകാണാം. വളര്‍ത്തുപക്ഷികള്‍ക്ക് വളരെ പ്രിയങ്കരമായ ആഹാരമാണിത്. അരേനേറിയ, പാരൊനിഷിയ, സെറേഷ്യം എന്നിവയൊക്കെ പൊതുവേ ചിക്വീഡ് എന്നറിയപ്പെടുന്നുണ്ട്. ഇവയില്‍ പലതും ലോകവ്യാപകമായി കാണപ്പെടുന്നവയാണ്.