This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചിക്കാസാ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ചിക്കാസാ
ഒരു അമേരിന്ത്യന്‍ ജനവര്‍ഗം. മിസ്സിസ്സിപ്പിയുടെ വടക്കന്‍ ഭാഗങ്ങളായിരുന്നു ഇവരുടെ ആദ്യകാല അധിവാസ പ്രദേശം. ഇതര പരിഷ്കൃത ഗോത്രങ്ങളായ ചോക്റ്റാ, ചെറോക്കി, ക്രീക്ക്, സെമിനോള്‍ എന്നീ അമേരിന്ത്യന്‍ ജനവര്ഗങ്ങളോടൊപ്പമാണ് മസ്കാഗിയന് ഭാഷാവര്ഗത്തില്പ്പെട്ട ചിക്കാസാ ഭാഷ സംസാരിക്കുന്ന ഇവരെപ്പറ്റി അമേരിക്കന്‍ ഭരണകൂടത്തിന്റെ രേഖകളില്‍ വിവരണമുള്ളത്. 1540-41 കാലത്ത് സ്പാനിഷ് പര്യവേക്ഷകനായ ഹെര്‍നാന്‍ഡോ ഡിസോട്ടോ മിസ്സിസ്സിപ്പിയുടെ വ. കിഴക്കന്‍ ഭാഗങ്ങളില്‍ ഇക്കൂട്ടരെ ആദ്യമായി കണ്ടെത്തി. ഭാഷാപരമായും സാംസ്കാരികമായും ഇവര്‍ക്ക് ചോക്റ്റാ ജനവര്ഗത്തോടു സാദൃശ്യമുണ്ട്. ദക്ഷിണ മിസ്സിസ്സിപ്പി താഴ്വരയില് അന്തര്‍വര്‍ഗ വാണിജ്യത്തിനും പരസ്പരവിനിമയത്തിനും ചിക്കാസാ ഭാഷ ഉപയോഗിച്ചു വരുന്നുണ്ട.്
ടെനിസ്സിയിലെ മെംഥിസിന്റെ ഇന്നത്തെ സ്ഥാനത്തുനിന്നും ഏതാണ്ട് 255 കി.മീ അകലെ മിസ്സിസ്സിപ്പി തീരത്തായിരുന്നു ഇവരുടെ അധിവാസപ്രദേശം. സു. 10 കി.മീ. നീളമുള്ള, വളരെ ഇടുങ്ങിയ, ഒട്ടും ആസൂത്രിതമല്ലാത്ത നഗരങ്ങളായിരുന്നു ചിക്കാസാകളുടേത്. ദീര്‍ഘചതുരാകൃതിയിലുള്ള ഒരു വേനല്ക്കാലവസതിയും വര്‍ത്തുളാകൃതിയിലുള്ള ശിശിരകാലവസതിയും ഒരു ധാന്യപ്പുരയും ഉള്‍പ്പെടെ മൂന്നുവീടുകള്‍ ചേര്‍ന്നതാണ് ഒരു ചിക്കാസാ കുടുംബം.
കൊടുംക്രൌര്യത്തിനു പേരുകേട്ട യുദ്ധവീരന്മാരായ ചിക്കാസാകള് അയല്ഗോത്രങ്ങളുമായി നിരന്തരം സംഘട്ടനങ്ങളിലേര്പ്പെട്ടിരുന്നു. 1732-ല്‍ ഇവരുടെ അധിവാസപ്രദേശത്തു നുഴഞ്ഞുകയറിയ ഇറോക്വി ഗോത്രക്കാരെ ഇവര്‍ പലായനം ചെയ്യിച്ചു. ചോക്റ്റാകളുമായി ഫ്രഞ്ചുകാര്‍ സഖ്യത്തിലേര്പ്പെട്ടതിനെത്തുടര്ന്ന് ചിക്കാസാകള് ഫ്രഞ്ചുകാരോടും വൈരത്തിലായി. 1736-ല്‍ മിസ്സിസ്സിപ്പിയിലെ അമലാത പ്രദേശത്തുവച്ച് ചിക്കാസാ പ്രദേശങ്ങള്‍ കൈയടക്കാന്‍ ഫ്രഞ്ചുകാര്‍ നടത്തിയ ശ്രമത്തെ നാറ്റ്ചെസ് ഗോത്രക്കാരുടെ സഹായത്തോടെ ഇവര്‍ പരാജയപ്പെടുത്തി. മറ്റ് ഇന്ത്യന്‍ ഗോത്രങ്ങളെ ആക്രമിച്ചു കീഴടക്കാന്‍ ഇവര്‍ക്ക് ആഗ്രഹമുണ്ടായിരുന്നില്ലെങ്കിലും തങ്ങളുടെ പ്രദേശം കൈയടക്കാന്‍ വരുന്നവരെ ഇവര്‍ വെറുതെ വിട്ടിരുന്നില്ല. യുദ്ധസാമര്‍ഥ്യം പ്രകടിപ്പിക്കാന്‍ വെമ്പല്‍കൊണ്ടിരുന്ന ചിക്കാസാകള് അയല്ഗോത്രക്കാരായ സ്ത്രീകളെയും കുട്ടികളെയും തടവുകാരാക്കുകയും പിന്നീട് അവരെ തങ്ങളുടെ ഗോത്രത്തില്‍ അംഗങ്ങളാക്കുകയും ചെയ്തിരുന്നു. തടവുകാരായി പിടിക്കപ്പെട്ട പുരുഷന്മാരെ ക്രൂരമായി പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്തിരുന്നു. അവരുടെ ശിരസ്സും ശിരസ്സില്‍ നിന്നു ചെത്തിയെടുത്ത തൊലിയും വിജയചിഹ്നങ്ങളായി ഇവര്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
1786-ലെ ഹോപ്വെല് ഉടമ്പടിയിലൂടെ ചിക്കാസാ പ്രദേശങ്ങളുടെ അതിര്‍ത്തികള്‍ അമേരിക്കന്‍ ഭരണകൂടം അംഗീകരിക്കുകയുണ്ടായി. 1832-നും 38-നും ഇടയ്ക്ക് ഇവരെ ഒക്ലഹോമായില്‍ മാറ്റിപ്പാര്‍പ്പിച്ചു. 1855-ലെ ഒരു ഉടമ്പടിയിലൂടെ അമേരിക്കന്‍ ഭരണകൂടം ഇവര്‍ക്ക് പ്രത്യേകം വാസസ്ഥലങ്ങള്‍ അനുവദിച്ചു കൊടുത്തു. ഇന്ന് ചിക്കാസാ ജനസംഖ്യ പതിനായിരത്തില്‍ താഴെ യാണ്. ആകാശം, സൂര്യന്, അഗ്നി എന്നിവയെ ബന്ധപ്പെടുത്തിയുള്ള ഒരു ദേവതയെയാണ് ചിക്കാസാകള് ആരാധിക്കുന്നത്.