This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചിക്കാഗോ സര്‍വകലാശാല
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ചിക്കാഗോ സര്‍വകലാശാല
യു.എസ്സിലെ ഇല്ലിനോയ് സ്റ്റേറ്റില്‍ ചിക്കാഗോ നഗരത്തിന്റെ തെക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സ്വകാര്യ സര്‍വകലാശാല. വര്ണവിവേചനമോ ലിംഗഭേദമോ കൂടാതെ ആര്‍ക്കും ഇവിടെ അധ്യയനം നടത്താം. മാര്‍ഷല്‍ ഫീല്‍ഡ് ദാനമായി നല്കിയ ഭൂമിയില്‍ ജോണ്‍ ഡി. റോക്ക്ഫെല്ലര്‍ ആദ്യസംഭാവനയായി നല്കിയ 6 ലക്ഷം ഡോളര്‍ ഉപയോഗിച്ചാണ് സര്‍വകലാശാല 1891-ല്‍ സ്ഥാപിച്ചത്. 1892-ല്‍ അധ്യയനം തുടങ്ങി. 1857 മുതല്‍ 1886 വരെ ചിക്കാഗോയില്ത്തന്നെ യു. എസ്. സെനറ്റര്‍ സ്റ്റീഫന്‍ എ. ഡഗ്ലസ് നല്കിയ സ്ഥലത്ത് ഇതേ പേരില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു സ്ഥാപനത്തിന്റെ പിന്തുടര്ച്ചയായിട്ടാണ് ഇന്നത്തെ ചിക്കാഗോ സര്‍വകലാശാല ഉദയം ചെയ്തത്. പുതിയ സര്‍വകലാശാലയുടെ സ്ഥാപനത്തിന് അമേരിക്കന്‍ ബാപ്റ്റിസ്റ്റ് എഡ്യൂക്കേഷന്‍ സൊസൈറ്റി സഹായം നല്‍കിയിരുന്നുവെങ്കിലും ഇന്നു സര്‍വകലാശാല ഒരു മതവിഭാഗത്തിന്റെയും നിയന്ത്രണത്തിലല്ല.
യു.എസ്സിലെ മികച്ച അക്കാദമിക സ്ഥാപനങ്ങളുടെ നിരയില്‍ ചിക്കാഗോ സര്‍വകലാശാല നവാഗതയാണെങ്കിലും തുടക്കം മുതലേ പ്രശസ്തരും പ്രഗല്ഭരും ആയിരുന്നു അതിലെ ഫാക്കല്‍റ്റി അംഗങ്ങള്‍. പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ത്തന്നെ സര്‍വകലാശാലകളിലും കോളജുകളിലും അധ്യക്ഷപദവി അലങ്കരിച്ചിരുന്ന എട്ടുപേര്‍ ഫാക്കല്‍റ്റി അംഗങ്ങള്‍ ആയി ഉണ്ടായിരുന്നു. ഒരു ദശകത്തിനകം ചിന്തകനായ ജോണ്‍ ഡ്യൂയി, ധനതത്ത്വശാസ്ത്രജ്ഞനായ തോഴ്സ്റ്റന് വെബ്ളന്‍, പുരാവസ്തുശാസ്ത്രജ്ഞനായ ജെയിംസ് ബ്രെസ്റ്റഡ് എന്നീ പ്രതിഭകള്‍ ഫാക്കല്‍റ്റി അംഗങ്ങളായി.
നിരവധി നൊബേല്‍ സമ്മാന ജേതാക്കള്‍ ചിക്കാഗോ സര്‍വകലാശാലയുമായി ബന്ധം പുലര്‍ത്തിയിരുന്നു. ഭൌതിക ശാസ്ത്രജ്ഞരായ എ.എ.മൈക്കല്സന്, റോബര്‍ട്ട് എ. മില്ലികന്‍, ആര്‍തര്‍ എച്ച്. കോംപ്റ്റന്, ജെയിംസ് ഫ്രാങ്ക്, എന്റികോ ഫെര്‍മി, ക്ളിന്റണ് ജെ. ഡേവിസ്സന്‍, ഏണസ്റ്റ് ഒ. ലോറന്‍സ്, വെര്‍ണര്‍ ഹൈസന്‍ബെര്‍ഗ്, സുങ് ദാവോ ലീ, മറിയ ജി. മെയര്‍, ചെന്‍ നിങ് യാങ്, യൂജിന്‍ പി. വിഗ്നെര്, ജൂലിയന്‍ എസ്. ഷ്വിങ്ഗെര്, ഓവെന്‍ ചേംബര്ലെയിന്, രസതന്ത്രജ്ഞരായ ഹരോള്‍ഡ് സി. യൂറേ, ഗ്ളെന്റ്റി, സിബോര്ഗ്, റോബര്‍ട്ട് എസ്. മില്ലികെന്, കാള്‍ സീഗ്ളെര്‍, വില്ലാര്‍ഡ് എഫ്. ലിബ്ബി, ശരീരശാസ്ത്ര-വൈദ്യശാസ്ത്ര വിശാരദന്മാരായ അലക്സിസ് കാറെല്‍, എഡ്വേഡ്.എ.ഡോയ്സി, ഹെര്‍മന്‍.ജെ.മുള്ളര്‍, ചാള്‍സ് ബി.ഹഗ്ഗിന്‍സ്, എഡ്വേഡ്. എല്‍. റ്റാറ്റം, ജെയിംസ് ഡി. വാട്ട്സണ്. കോണ്‍റാഡ് ഇ. ബ്ളോക്, സര് ജോണ്‍ എക്ലസ്, ചിക്കാഗോ സര്‍വകലാശാലയുടെ ഏഴാമത്തെ പ്രസിഡന്റായിരുന്ന ജോര്‍ജ് വെല്‍സ് ബീഡില്‍, സാഹിത്യകാരനായ ബെര്‍ട്രന്‍ഡ് റസ്സല്‍ എന്നിവര്‍ ഇവരില്‍ ഉള്‍പ്പെടുന്നു.
ചിക്കാഗോ സര്‍വകലാശാലയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാന വ്യക്തി റോബര്‍ട്ട് മെയ്നാര്‍ഡ് ഹച്ചിന്‍സ് ആണ്. ഇദ്ദേഹം സര്‍വകലാശാലയുടെ പ്രസിഡന്റും പിന്നീട് ചാന്‍സിലറുമായി തുടര്‍ച്ചയായി 23 വര്‍ഷം സേവനം അനുഷ്ഠിച്ചിരുന്നു.
ഒരു അണ്ടര്‍ഗ്രാജുവേറ്റ് കോളജ്, നാലു ഗ്രാജുവേറ്റ് ഡിവിഷനുകള്‍ (ബയോളജിക്കല്‍ സയന്‍സസ്, ഹ്യൂമാനിറ്റീസ്, ഫിസിക്കല്‍ സയന്‍സസ്, സോഷ്യല്‍ സയന്‍സസ്), ഏഴ് ഗ്രാജുവേറ്റ് പ്രൊഫഷണല്‍ സ്കൂളുകള്‍ എന്നിവ ഉള്‍പ്പെട്ടതാണ് സര്‍വകലാശാലയുടെ അക്കാദമിക് വിഭാഗം. പൊതുവിദ്യാഭ്യാസത്തോടുള്ള പ്രതിബദ്ധതയ്ക്കു പ്രശസ്തി ആര്‍ജിച്ച അണ്ടര്‍ഗ്രാജുവേറ്റ് കോളേജ് 1966-ല്‍ അഞ്ചു കൊളീജിയറ്റ് വിഭാഗങ്ങളായി തിരിച്ച് ഓരോ മാസ്റ്റുടെ ചുമതലയിലാക്കി. ഇവിടത്തെ ബിരുദധാരികളില്‍ 75 ശ.-ത്തില്‍ അധികം തുടര്‍വിദ്യാഭ്യാസം നടത്തുന്നുണ്ട്. ഗ്രാജുവേറ്റ് പ്രൊഫഷണല്‍ സ്കൂളുകളെല്ലാം തന്നെ പ്രശസ്തങ്ങളാണ്. ബിസിനസ്സില്‍ ഡോക്ടറല്‍ ബിരുദത്തിനു സൌകര്യമുണ്ടാക്കിയ അമേരിക്കയിലെ ആദ്യത്തെ സ്ഥാപനമാണ് ഗ്രാജുവേറ്റ് സ്കൂള്‍ ഒഫ് ബിസിനസ്സ്. ബിസിനസ്സ് എക്സിക്യൂട്ടീവുകള്‍ക്കായി പ്രത്യേക ബിരുദേതര കോഴ്സുകളും ഈ സ്ഥാപനം നടത്തിവരുന്നുണ്ട്. പൌരോഹിത്യ സ്കൂളില്‍ 12 മതവിഭാഗങ്ങള്‍ ഉണ്ട്. ആവശ്യമായ ശിക്ഷണം നല്കി അധ്യാപകര്‍, സ്പെഷ്യലിസ്റ്റുകള്‍, ഗവേഷകര്‍, ഭരണകര്‍ത്താക്കള്‍ തുടങ്ങിയവരെ വാര്‍ത്തെടുക്കുന്നതിനുവേണ്ടി ഗ്രാജുവേറ്റ് സ്കൂള്‍ ഒഫ് എഡ്യുക്കേഷന്‍ നഴ്സറി-എലിമെന്ററി ഹൈ-സ്കൂളുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു പരീക്ഷണശാലാ-വിദ്യാലയസമുച്ചയം തന്നെ ഉപയുക്തമാക്കുന്നു. നിയമവും സാമൂഹിക ശാസ്ത്രങ്ങളും തമ്മില്‍ ബന്ധപ്പെടുത്തുന്നതില്‍ പ്രത്യേകം ശ്രദ്ധിക്കുന്ന സ്ഥാപനമാണ് ലാ സ്കൂള്‍. ലൈബ്രറി സയന്‍സില്‍ ഡോക്ടറേറ്റ് ബിരുദപഠനത്തിനു സൌകര്യം ഏര്‍പ്പെടുത്തിയ യു.എസ്സിലെ പ്രഥമസ്ഥാപനം എന്ന ഖ്യാതി ഗ്രാജുവേറ്റ് ലൈബ്രറി സ്കൂളിനുണ്ട്. ശരീരശാസ്ത്രപഠനത്തിനും ഗവേഷണത്തിനും പേരുകേട്ട സ്ഥാപനമാണ് സ്കൂള്‍ ഒഫ് മെഡിസിന്. സാമൂഹിക പരിഷ്കരണം, സാമൂഹിക ക്ഷേമം, സാമൂഹിക പ്രവര്‍ത്തന വിദ്യാഭ്യാസം എന്നീ വിഷയങ്ങളില്‍ നേതൃസ്ഥാനം ഉണ്ടായിരുന്ന സ്ഥാപനമാണ് സ്കൂള്‍ ഒഫ് സോഷ്യല്‍ സര്‍വീസ് അഡ്മിനിസ്ട്രേഷന്.
ഗവേഷണപദ്ധതികള്‍ക്ക് ചിക്കാഗോ സര്‍വകലാശാല വമ്പിച്ച പ്രധാന്യം നല്‍കിവരുന്നുണ്ട്. ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ്, അറ്റോമിക് എനര്‍ജി കമ്മിഷന് തുടങ്ങി യു.എസ്സിലെ നിരവധി ഫെഡറല്‍ ഏജന്‍സികളുമായി സഹകരിച്ച് പല അടിസ്ഥാന ഗവേഷണപദ്ധതികള്‍ക്കും സര്‍വകലാശാല നേതൃത്വം നല്‍കിവരുന്നുണ്ട്. സര്‍വകലാശാലാ ഫാക്കല്‍റ്റി അംഗങ്ങള്‍ ഫെഡറല്‍ ഏജന്‍സികളുടെ ഉപദേഷ്ടാക്കാളായി സേവനം അനുഷ്ഠിക്കുന്നുണ്ട്. സര്‍വകലാശാലയുടെ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് സെന്ററിന്റെ സേവനങ്ങള്‍ 50-ല്‍പ്പരം പ്രമുഖ കോര്‍പ്പറേഷനുകള്‍ പ്രയോജനപ്പെടുത്തിവരുന്നുണ്ട്.
ചിക്കാഗോ സര്‍വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന പ്രധാന ഗവേഷണസ്ഥാപനങ്ങളാണ് മധ്യ-പൂര്‍വ രാജ്യങ്ങളുടെ പുരാവസ്തുപഠനത്തിനു പ്രത്യേക പരിഗണന നല്‍കിവരുന്ന ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ആണവ ഗവേഷണത്തിലേര്പ്പെട്ടിട്ടുള്ള എന്റികോഫെര്മി ഇന്‍സ്റ്റിറ്റ്യൂട്ട്, കംപ്യൂട്ടേഷന് സെന്റര്‍, വിസ്കോണ്‍സിനിലെ വില്യംസ് ബേയിലുള്ള യെര്‍ക്സ് ഒബ്സര്‍വേറ്ററി, ടെക്സാസിലെ ഫോര്ട്ട്ഡേവിസിലുള്ള മക്ഡൊണാള്‍ഡ് ഒബ്സര്‍വേറ്ററി, സോഷ്യല്‍ സയന്‍സ് റിസര്‍ച്ച് ബില്‍ഡിങ്, സെന്റര്‍ ഫോര്‍ പോളിസി സ്റ്റഡി, സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ സ്റ്റഡീസ്, സെന്റര്‍ ഫോര്‍ ഹെല്‍ത്ത് അഡ്മിനിസ്ട്രേഷന് സ്റ്റഡീസ്, സോണിയ ഷാങ്ക്മാന്‍ ഓര്ത്തോജെനിക് സ്കൂള്‍, ശിശുചികിത്സയില്‍ പ്രത്യേക ഗവേഷണം നടത്തി വരുന്ന ലാ-റാബിഡ-യൂണിവേഴ്സിറ്റി ഒഫ് ചിക്കാഗോ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവ. സര്‍വകലാശാലയോട് അഫിലിയേറ്റു ചെയ്തിട്ടുള്ള രണ്ടു പ്രധാന ഗവേഷണ സ്ഥാപനങ്ങളാണ് നാഷണല്‍ ഒപ്പിനിയന്‍ റിസര്‍ച്ച് സെന്ററും അര്‍ഗോണ്‍ നാഷണല്‍ ലബോറട്ടറിയും.
അതിബൃഹത്താണ് ചിക്കാഗോ സര്‍വകലാശാലാ ലൈബ്രറി. പ്രസിദ്ധീകരണരംഗത്തു യു.എസ്. സര്‍വകലാശാലാ പ്രസ്സുകളില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത് ചിക്കാഗോ സര്‍വകലാശാലാ പ്രസ്സാണ്. പ്രതിവര്‍ഷം 150-ല്‍ അധികം ഗ്രന്ഥങ്ങളും 30-ല്‍ അധികം ആനുകാലിക പ്രസിദ്ധീകരണങ്ങളും ഇവിടെനിന്നും പ്രസിദ്ധീകരിച്ചു വരുന്നു.