This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചികിത്സാസംഗ്രഹം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ചികിത്സാസംഗ്രഹം
ആയുര്‍വേദ ചികിത്സാവിധികളെയും ക്രമങ്ങളെയും സംക്ഷിപ്തമായി പ്രതിപാദിക്കുന്ന ഗ്രന്ഥം. ഈ പേരില്‍ പല ഗ്രന്ഥങ്ങളും ഉണ്ടായിരുന്നതായി പറയപ്പെടുന്നു. 13-ാം ശ.-ത്തില്‍ ജീവിച്ചിരുന്ന വംഗസേനന്‍ രചിച്ച ചികിത്സാസാരസംഗ്രഹം ഇപ്പോഴും ആയുര്‍വേദ ചികിത്സകരുടെയിടയില്‍ പ്രചാരത്തിലുണ്ട്. 11-ാം ശ.-ത്തില്‍ ജീവിച്ചിരുന്ന ചക്രപാണിദത്തന്‍ എന്ന ഭിഷഗ്വരന്റെ ചക്രദത്തം എന്ന കൃതിയാണ് ചികിത്സാസംഗ്രഹം എന്ന പേരില്‍ ഇന്ന് മുഖ്യമായും അറിയപ്പെടുന്നത്. 'ശ്രീമല്‍ ചരക ചതുരാനന ദത്തോപാഹ്വ ചക്രപാണി മഹാകവി വിരചിതം ചികിത്സാസാര സംഗ്രഹാപരനാമകം ചക്രദത്തം' എന്നു ഗ്രന്ഥനാമത്തില്‍ പറയുന്നു. മഹീപാലന്റെ പിന്തുടര്‍ച്ചക്കാരനായ നയപാലരാജാവിന്റെ കൊട്ടാരവൈദ്യനായ നാരായണന്റെ രണ്ടാമത്തെ പുത്രനാണ് താനെന്ന് അദ്ദേഹം സ്വയം പ്രസ്താവിച്ചിട്ടുണ്ട്. നീതിമാനും വൈദ്യപ്രധാനിയുമായ ഭാനുവിന്റെ അനുജനുമാണ് ചക്രപാണി. ചക്രപാണിയുടെ കൃതികളായി നമുക്ക് ലഭിച്ചിട്ടുള്ളത് ചരകസുശ്രുതസംഹിതകളുടെ വ്യാഖ്യാനങ്ങള്‍ (ആയുര്‍വേദ ദീപിക അഥവാ ചരകതാത്പര്യം ഭാനുമതി ടീക), ദ്രവ്യഗുണ സംഗ്രഹം, ചക്രദത്തം എന്ന ചികിത്സാസംഗ്രഹം എന്നിവയാണ്. ബ്രാഹ്മണനായിരുന്നെങ്കിലും ഇദ്ദേഹത്തിന്റെ കൃതികളില്‍ ബുദ്ധമതത്തോടുള്ള ആഭിമുഖ്യം കാണുന്നു. ചരകസുശ്രുത വാഗ്ഭടാദി മുനികളെ ആദരിക്കുകയും അവരില്‍ നിന്ന് ഉദ്ധരിക്കുകയും ചെയ്യുന്നെങ്കിലും തന്റെ കൃതി വൃന്ദന്റെ സിദ്ധയോഗത്തെ മാതൃകയാക്കിയാണ് രചിക്കപ്പെട്ടതെന്ന് ചക്രപാണി പ്രസ്താവിക്കുന്നു. എന്നാല്‍ വൃന്ദനില്‍ ചക്രദത്ത(ചികിത്സാസംഗ്രഹം)ത്തിലുള്ളത്ര രസയോഗങ്ങളില്ല. ആ സിദ്ധയോഗങ്ങളെ വൃന്ദത്തില്‍ നിക്ഷേപിക്കുകയോ, ഇതില്‍ നിന്ന് എടുത്തു കളയുകയോ ചെയ്യുന്നത് ആരാണോ അവന് കാരികാ, ബൃഹട്ടിക, ചാന്ദ്രീടിക എന്ന ഭടത്രയത്തെയും ത്രിവേദത്തെയും അറിയുന്ന ജനത്താല്‍ പ്രയോഗിക്കപ്പെട്ട ശാപം സിദ്ധിക്കും എന്നു കവി ഗ്രന്ഥാന്ത്യത്തില്‍ താക്കീത് ചെയ്യുന്നു. രോഗനിശ്ചയത്തിലും ചികിത്സാക്രമത്തിലും മാധവനിദാനത്തിലെ ക്രമമാണ് ചക്രപാണി സ്വീകരിച്ചിരിക്കുന്നത്.
മനുഷ്യന് ധര്‍മാര്‍ഥകാമമോക്ഷങ്ങളെ സാധിക്കുന്നതിനുള്ളമുഖ്യസാധനങ്ങളായ ആരോഗ്യവും ദീര്‍ഘായുസും ലഭിക്കുന്നതിന് രോഗങ്ങളെ സമൂലം ഹനിക്കണം. ഈ ലക്ഷ്യത്തെ മുന്‍നിര്‍ത്തി എഴുതിയ ചക്രദത്തമെന്ന ചികിത്സാസംഗ്രഹം ഏറ്റവും പ്രാമാണികമെന്ന് സാര്‍വത്രികമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. പലതരം രഹസ്യചികിത്സകളും അമൂല്യപ്രയോഗങ്ങളും ചക്രദത്തത്തില്‍ സംഗ്രഹിച്ചിട്ടുണ്ട്. ഇതില്‍ നിര്‍ദേശിച്ചിരിക്കുന്ന ജ്വരാദിരോഗങ്ങളുടെ ദോഷ കോപമനുസരിച്ചുള്ള ചികിത്സകളും പ്രത്യക്ഷഫലങ്ങളായ ഘൃതതൈല ചൂര്‍ണക്വാഥങ്ങളുടെ പ്രയോഗങ്ങളും ഇതര പ്രാമാണിക ഗ്രന്ഥങ്ങളില്‍ കാണുന്നില്ല. ജ്വരാധികാരം മുതല്‍ വാജീകരണാധികാരം വരെയുള്ള 73-ല്‍പ്പരം അധികാരങ്ങളിലായി കായചികിത്സ, ബാലചികിത്സ, ഗേഹ ചികിത്സ, ഊര്‍ധ്വാംഗ ചികിത്സ, വിഷ ചികിത്സ മുതലായ സമസ്ത ചികിത്സകളും സ്നേഹവിധി, വമന-വിരേചന വിധി, നസ്യവിധി, വസ്തിവിധി എന്നിങ്ങനെ ചികിത്സകന്‍ അറിഞ്ഞിരിക്കേണ്ട എല്ലാ വിഷയങ്ങളും ഈ ഗ്രന്ഥത്തില്‍ സമഗ്രമായി പ്രതിപാദിച്ചിരിക്കുന്നു.
ഗൂഢാര്‍ഥദീപിക എന്ന പേരില്‍ ചക്രദത്തത്തിന് ഒരു ഭാഷാ വ്യാഖ്യാനം ചേപ്പാട് അച്യുതവാര്യര്‍ രചിച്ചിട്ടുണ്ട്.