This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചാള്‍സ്, ജാക്വസ് അലക്സാണ്ടര്‍ സീസര്‍ (1746 - 1823)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചാള്‍സ്, ജാക്വസ് അലക്സാണ്ടര്‍ സീസര്‍ (1746 - 1823)

Charles, Jacques Alexandre Cesar

ഫ്രഞ്ച് ഭൗതികശാസ്ത്രജ്ഞന്‍. ചാള്‍സ് നിയമത്തിന്റെ ആവിഷ്കര്‍ത്താവ് എന്ന നിലയില്‍ പ്രസിദ്ധി നേടി. 1746 ന. 12-ന് പാരിസില്‍ ജനിച്ചു. വിദ്യാഭ്യാസത്തിനുശേഷം സാമ്പത്തിക മന്ത്രാലയത്തില്‍ ഗുമസ്തനായി ജോലിയില്‍ പ്രവേശിച്ച ഇദ്ദേഹം ശാസ്ത്രവിഷയങ്ങളില്‍ ആകൃഷ്ടനായി. 1795-ല്‍ അക്കാദമി ഒഫ് സയന്‍സസില്‍ അംഗമായി. പില്ക്കാലത്ത് പാരിസില്‍ ഫിസിക്സ് പ്രൊഫസര്‍ ആയി സേവനമനുഷ്ഠിച്ചു. ഭൌതികശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും പല കണ്ടുപിടിത്തങ്ങളും നടത്തി.

ചൂടുവായു നിറച്ചാണ് അക്കാലംവരെ ബലൂണ്‍ പറത്തല്‍ നടത്തിയിരുന്നത്. എന്നാല്‍ 1783-ല്‍ ചാള്‍സ് ഹൈഡ്രജന്‍ വാതകം നിറച്ച ബലൂണ്‍ ആദ്യമായി പറപ്പിച്ചു. 43 കി.മീ. ദൂരത്തില്‍ നടന്ന ഈ പറപ്പിക്കല്‍ 2 1/2 മണിക്കൂര്‍ നീണ്ടുനിന്നു. ഉയരത്തിനനുസരിച്ച് വായുവിനുണ്ടാകുന്ന താപനില-മര്‍ദ വ്യതിയാനങ്ങള്‍ ഇദ്ദേഹം നിരീക്ഷിച്ചു. പിന്നീട് ഓക്സിജന്‍, നൈട്രജന്‍, കാര്‍ബണ്‍ ഡൈ ഓക്സൈഡ്, ഹൈഡ്രജന്‍ മുതലായ വാതകങ്ങളുടെ വികാസത്തെക്കുറിച്ചുനടത്തിയ പഠനങ്ങള്‍ 'ചാള്‍സ് നിയമം' ആവിഷ്കരിക്കുന്നതിനുതകി. സ്ഥിര മര്‍ദാവസ്ഥയിലുള്ള വാതകത്തിന്റെ വ്യാപ്തം അതിന്റെ താപനിലയ്ക്ക് നേര്‍ ആനുപാതികമായിരിക്കും എന്നതാണ് ചാള്‍സ് നിയമം. ഇതേ കാലഘട്ടത്തില്‍ത്തന്നെ ഗേ-ലുസാക് എന്ന ശാസ്ത്രജ്ഞന്‍ കൂടുതല്‍ കൃത്യമായ കണക്കുകളോടെ ഇതേ നിയമം പ്രസിദ്ധീകരിച്ചതിനാല്‍ 'ഗേ-ലുസാക് നിയമം' എന്ന പേരിലും ഇതറിയപ്പെടുന്നു.

ദ്രാവക ഘനത്വം നിര്‍ണയിക്കാനുള്ള ഒരു തരം ഹൈഡ്രോമീറ്റര്‍, കോണളക്കാനുള്ള പ്രതിപതന ഗോണിയോമീറ്റര്‍ എന്നിവയും ചാള്‍സ് കണ്ടുപിടിച്ചിട്ടുണ്ട്. 1823 ഏ. 7-ന് പാരിസില്‍ ചാള്‍സ് നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍