This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചാലിസ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ചാലിസ്
Chalice
പാനീയങ്ങള്‍ കുടിക്കുന്നതിനുപയോഗിക്കുന്ന കപ്പ്. സാധാരണയായി ഇത് സ്വര്‍ണം, വെള്ളി എന്നീ ലോഹങ്ങള്കൊണ്ടാണുണ്ടാക്കുന്നത്. ആംഗ്ളിക്കന്‍ സഭയുടെ മത-ശുശ്രൂഷാ ചടങ്ങുകള്‍ക്കും ഇത് ഉപയോഗിച്ചു വരുന്നു. ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ പാവനമായ ഒരു പാത്രമായി ചാലിസിന് സ്ഥാനമുണ്ട്.
ആധുനിക സഭയുടെ നിര്‍ദിഷ്ട ആരാധനാക്രമമനുസരിച്ചും തിരുവത്താഴകര്മത്തോടനുബന്ധിച്ചും പവിത്രീകരിക്കപ്പെട്ട വീഞ്ഞ് ഈ പാത്രത്തിലാണ് പകരുന്നത്. യേശുദേവന്റെ അവസാന തിരുവത്താഴത്തിനു വീഞ്ഞു പകര്‍ന്ന 'പാനപാത്രത്തെ'യാണത്രെ ചാലിസ് പ്രതിനിധീകരിക്കുകയും അനുസ്മരിപ്പിക്കുകയും ചെയ്യുന്നത്. മധ്യയുഗങ്ങളില്‍ ഇതിനു വൈവിധ്യമാര്‍ന്ന ഉപയോഗം ഉണ്ടായിരുന്നു. ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ മതശുശ്രൂഷകര്ക്കായി സഭ കൂടുമ്പോള്‍ വീഞ്ഞുപകരുന്നതിനു സ്വര്‍ണം, വെള്ളി എന്നിവകൊണ്ടുണ്ടാക്കിയ ചാലിസാണ് ഉപയോഗിക്കുന്നത്. അപ്പവും വീഞ്ഞുമാണ് ഈ സമയത്ത് പ്രധാനം. വിശ്വാസികളില്‍ നിന്നും വീഞ്ഞ് സ്വീകരിക്കുന്നതിനും ക്രിസ്ത്യന്‍ ആരാധനാലയങ്ങളില്‍ ചാലിസ് ഉപയോഗിക്കാറുണ്ട്. ജ്ഞാനസ്നാന കര്മസമയത്ത് പാലും തേനും ഉപയോഗിച്ചുള്ള പ്രതിരൂപാത്മക മിശ്രണം തയ്യാറാക്കുന്നത് ചാലിസിലാണ്. മരിച്ച പുരോഹിതന്റെ ശവകുടീരത്തില്‍ വയ്ക്കുന്നതിനും പുരാതനകാലത്ത് ഇത് ഉപയോഗിച്ചിരുന്നു.
ചാലിസ് രണ്ട് തരത്തിലുണ്ട്. പാദവും, നടുക്കു തണ്ടും തണ്ടിനു മുകളില്‍ നീണ്ട കപ്പുമുള്ളതാണ് ഒന്ന്. രണ്ടാമത്തേതിനു വളരെ വിശാലമായ കപ്പും അതിന്റെ രണ്ടുവശങ്ങളില്‍ ഓരോ കൈപ്പിടിയും ഉണ്ടായിരിക്കും. ഇതില്‍ ആദ്യവിഭാഗത്തില്പ്പെട്ടതിന് ഉദാഹരണമാണ് ആന്തിയോക്ക് ചാലിസ്. 4-ഉം 5-ഉം ശ.-ത്തില്‍ ഉണ്ടായിരുന്ന ഇതിന്റെ മാതൃക ന്യൂയോര്‍ക്കിലെ മെട്രോപൊളിറ്റന്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇതിനു രണ്ട് വെള്ളിക്കപ്പുകളുണ്ട്. കലാപരമായി കൊത്തുപണി ചെയ്ത ഒരു കപ്പിനകത്ത് മറ്റൊരു കപ്പ്. പില്ക്കാലത്തുണ്ടായ ഇതിന്റെ പരിഷ്കൃതരൂപം ആസ്റ്റ്രേലിയയിലെ ക്രെംസ് മുണ്സലര് അബെയില്‍ സൂക്ഷിച്ചിട്ടുണ്ട്. 10-ാം ശ.-ത്തോടുകൂടി കാലഹരണപ്പെട്ടു തുടങ്ങിയ വിഭാഗമാണ് രണ്ടാമത്തെയിനം. ഇതിനെ അര്ഡാഖ് ചാലിസ് എന്നുപറയുന്നു. ഈ ചാലിസ് ഡബ്ലിനിലെ നാഷണല്‍ മ്യൂസിയം ഒഫ് അയര്‍ലണ്ടില്‍ സൂക്ഷിച്ചിട്ടുണ്ട്.
13-ാം ശ. മുതല്‍ 15-ാം ശ. വരെയുള്ള ഗോഥിക് കാലഘട്ടത്തില്‍, ആചാരങ്ങളുടെയും കര്‍മങ്ങളുടെയും സ്വഭാവം അനുസരിച്ച് ചാലിസിന്റെ വലുപ്പം കുറഞ്ഞുവന്നു. നേരെമറിച്ച്, നവോത്ഥാനകാലഘട്ടത്തില്‍ ഇതിന്റെ അലങ്കാരപ്പണികളും വലുപ്പവും വര്‍ധിച്ചു. എന്നാല്‍ ആധുനിക ലോകത്ത് വിവിധതരത്തിലുള്ള ഉപയോഗം നിമിത്തം ഇതിന്റെ വലുപ്പവ്യത്യാസങ്ങള്‍ കൂടുതല്‍ പ്രകടമായി കാണാന്‍ കഴിയും. ഇക്കാലങ്ങളില്‍, വിശേഷവേളകളില്‍ പാനം ചെയ്യുന്നതിനുള്ള ഒരു പാത്രമായി ചാലിസ് ഉപയോഗിച്ചുവരുന്നു. സ്വര്‍ണം, വെള്ളി എന്നിവ കൂടാതെ തടി, കൊമ്പ്, ഗ്ലാസ് എന്നിവ കൊണ്ടുള്ള ചാലിസുകളും നിലവിലുണ്ട്.
റോമന്‍ കാതലിക് ദേവാലയങ്ങളില്‍ ചാലിസ് ഉപയോഗിക്കുന്നതിനു മുന്‍പായി അത് ബിഷപ്പ് പവിത്രീകരിക്കണം എന്ന ചട്ടം നിലനില്ക്കുന്നു. റോമിലെ സെന്റ് പീറ്റേഴ്സ് ദേവാലയത്തിലേക്ക് ഷാര്‍ലി മെയിന്‍ ചക്രവര്‍ത്തി സ്വര്‍ണത്തിലുള്ള ഒരു ചാലിസ് സമ്മാനിച്ചതായി രേഖകളുണ്ട്.