This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചാര്‍ത്ത്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ചാര്‍ത്ത്
ഒരു വശത്തേക്കുമാത്രം ചരിവുള്ളതും പ്രധാന മേല്‍ക്കൂരയ്ക്ക് അനുബന്ധമായി നിര്‍മിക്കുന്നതുമായ മേല്‍പ്പുരയോടുകൂടിയ കെട്ടിടഭാഗം. ഇതിന് ചായ്പ് എന്നും പേരുണ്ട്. പ്രധാന മേല്‍പ്പുരയുടെ കഴുക്കോല് നീട്ടിയോ അതോടുകൂടി പറ്റുകഴുക്കോല്‍ കൂട്ടിച്ചേര്‍ത്തോ കൂടുതല്‍ തറവിസ്തീര്‍ണത്തിന് സംരക്ഷണം നല്‍കുന്നതാണ് ഒരു രീതി. താരതമ്യേന കുറഞ്ഞ സ്പാനുകളില്‍ മാത്രമേ ചായ്പ് മേല്‍പ്പുര നിര്‍മിക്കാറുള്ളു. സാധാരണ മൂന്നു മീറ്ററോളം വീതിയുള്ള വരാന്തകള്‍ നിര്‍മിക്കുമ്പോഴാണ് ചായ്പുമേല്പ്പുര നിര്‍മിക്കുന്നത്.
പ്രധാന മേല്പുര വളരെ ഉയരത്തിലാണെങ്കില്‍ അതിനെ താങ്ങുന്ന ചുമരിന്മേല് മൂന്നോ നാലോ മീ. ഉയരത്തില്‍ കട്ടകള്‍ സ്ഥാപിച്ച് അവയില്‍നിന്നും ചായ്പ് ഇറക്കുന്ന രീതിയും ഉണ്ട്. ചുമരിന്മേല് ഇടവിട്ട് സ്ഥാപിക്കുന്ന കട്ടകളിന്മേല്‍ നെടുകെ ചുമരിനോട് ചേര്‍ത്ത് ഒരു ഉത്തരം വയ്ക്കുകയും അതില്‍നിന്നും ചായ്പിനാവശ്യമായ കഴുക്കോല് ഇറക്കുകയുമാണ് ചെയ്യുന്നത്. വരാന്തയുടെ പുറംഭാഗത്തുള്ള ഉത്തരത്തെ താങ്ങുന്നത് തൂണുകളോ ചുമരോ ആയിരിക്കും. കഴുക്കോലുകളുടെ മറ്റേ അറ്റം ഈ ഉത്തരത്തിന്മേല് ഉറപ്പിച്ചിരിക്കും. ഇത്തരത്തില്‍ മേല്‍പ്പുര നിര്‍മിക്കുമ്പോള്‍ പ്രധാന മേല്‍പ്പുരയില്‍നിന്ന് മഴവെള്ളം ചായ്പുമേല്പ്പുരയുടെമേല് വീണശേഷമായിരിക്കും നിലത്തേക്കു വീഴുക. പ്രധാന ചുമരിന്മേല് കട്ടകള്‍ ഉറപ്പിച്ച് അവയുടെ മേല്‍ ഉത്തരം സ്ഥാപിക്കുന്നതിനുപകരം ചുമരില്‍ തുളകളിട്ട് അവയില്‍ കഴുക്കോല് കടത്തിവയ്ക്കുന്ന രീതിയും ഉണ്ട്. ചായ്പുമേല്പ്പുരകള് നിര്‍മിക്കുമ്പോള്‍ വരാന്തയുടെ പുറംചുമരില്നിന്നും പുറത്തേക്ക് കഴുക്കോലുകള്‍ രണ്ടടിയെങ്കിലും തള്ളി നില്‍ക്കണം. എങ്കില്‍മാത്രമേ പുറം ചുമര് നനയാതിരിക്കുകയുള്ളൂ. ചായ്പുമേല്പുരകള് സാധാരണ ഓടോ ഓലയോ കൊണ്ടാണ് മേയാറ്.
കോണ്‍ക്രീറ്റുകൊണ്ടും ചായ്പുമേല്പ്പുരകള് ഇക്കാലത്ത് നിര്‍മിക്കാറുണ്ട്. പ്രധാന മേല്‍പ്പുര നിര്മിക്കുന്നതിനുമുന്പ് ചുമര് നിശ്ചിത ഉയരത്തില്‍ എത്തുമ്പോഴേക്കും ചായ്പു മേല്‍പ്പുരകള്‍ക്ക് തട്ടടിച്ച് അവ വാര്‍ക്കും. അവയ്ക്കുമേല്‍ വീണ്ടും ചുമര് കെട്ടി പ്രധാന മേല്‍പ്പുരയും വാര്‍ക്കും. പ്രത്യേക തൂണുകളും ബീമുകളും വഴി വാര്‍ക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. വരാന്തയുടെ പുറംഭാഗത്ത് ചുമരിനുപകരം തൂണുകളാണെങ്കില്‍ അവയുടെമേല്‍ ബീം വാര്‍ക്കാറുണ്ട്.
(കെ. രാമചന്ദ്രന്)