This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചാര്‍ട്ടിസ്റ്റ് പ്രസ്ഥാനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചാര്‍ട്ടിസ്റ്റ് പ്രസ്ഥാനം

ബ്രിട്ടനില്‍ 1838-ല്‍ ആരംഭിച്ച തൊഴിലാളി രാഷ്ട്രീയ പരിഷ്കരണ പ്രസ്ഥാനം. ചില ജനാധിപത്യ പരിഷ്കാരങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടിയാണ് ബ്രിട്ടനിലെ തൊഴിലാളികള്‍ ഈ പ്രസ്ഥാനം ആരംഭിച്ചത്. 1838-ലെ 'പീപ്പിള്‍സ് ചാര്‍ട്ടറി'ല്‍ നിന്നാണ് ചാര്‍ട്ടിസ്റ്റ് പ്രസ്ഥാനം എന്ന പേര് ഉണ്ടായത്. 1832-ലെ പരിഷ്കരണ ബില്ലും 1834-ലെ പുവര്‍ ലോ അമന്റ്മെന്റ് ആക്റ്റും തൊഴിലാളികള്‍ക്ക് യാതൊരു പ്രയോജനവും ചെയ്തില്ല. ഇതുകൂടാതെ മോശമായ വിളവെടുപ്പും, അതുമൂലമുണ്ടായ സാമ്പത്തിക മാന്ദ്യവും തൊഴിലാളികളുടെ സ്ഥിതി വളരെയധികം പരിതാപകരമാക്കി. അങ്ങനെ 1838-ല്‍ ലണ്ടനില്‍വച്ച് വില്യം ലോയറ്റ് സ്ഥാപിച്ച തൊഴിലാളി സംഘടനയുടെ നേതൃത്വത്തിലും ചില പാര്‍ലമെന്റംഗങ്ങളുടെ പിന്‍ബലത്തോടുകൂടിയും ഈ ചാര്‍ട്ടര്‍ പ്രസിദ്ധീകരിച്ചു. ഈ ചാര്‍ട്ടറില്‍ 21 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് വോട്ടവകാശം, തുല്യ നിയോജകമണ്ഡലങ്ങള്‍, ബാലറ്റിലൂടെ തെരഞ്ഞെടുപ്പ്, എല്ലാക്കൊല്ലവും പാര്‍ലമെന്റ് സമ്മേളിക്കല്‍, പാര്‍ലമെന്റംഗങ്ങള്‍ക്ക് സ്വത്തവകാശം ഇല്ലാതാക്കുക, പാര്‍ലമെന്റംഗങ്ങളുടെ ശമ്പളം എന്നീ അവകാശങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഫിയര്‍ഗസ് ഒ കോണര്‍, തോമസ് ആറ്റ്വുഡ്, വില്യം ലോയറ്റ്, ഹെന്റി വിന്‍സെന്റ് എന്നിവരുടെ നേതൃത്വത്തില്‍ ഈ പ്രസ്ഥാനത്തിന് ദേശീയത കൈവന്നു. നോര്‍ത്തേണ്‍ സ്റ്റാര്‍ എന്ന പത്രം വഴിയാണ് ഇവര്‍ പ്രചാരണം നടത്തിയിരുന്നത്. ആരംഭത്തില്‍ മധ്യവര്‍ത്തികളുടെ പിന്തുണയുണ്ടായിരുന്നെങ്കിലും കാലക്രമേണ തൊഴിലാളികളുടെ മാത്രം പ്രസ്ഥാനമായി. 1839 ജൂണില്‍ ലക്ഷക്കണക്കിനാളുകള്‍ ഒപ്പിട്ട പെറ്റിഷന്‍ കോമണ്‍സ് സഭയ്ക്ക് സമര്‍പ്പിച്ചെങ്കിലും ജൂല.-ല്‍ അത് നിരാകരിക്കപ്പെട്ടു. ന.-ല്‍ ന്യൂപോര്‍ട്ടില്‍ വിപ്ളവം ആരംഭിച്ചു. ചാര്‍ട്ടിസ്റ്റ് നേതാവായ ജോണ്‍ ഫ്രോസ്റ്റീനെ വധശിക്ഷയ്ക്കു വിധിക്കുകയും ധാരാളം അനുയായികളെ ജയിലിലടയ്ക്കുകയും ചെയ്തു. 1842-ല്‍ പല സ്ഥലങ്ങളിലും വിപ്ളവം തുടങ്ങി. 1848-ല്‍ വമ്പിച്ച പ്രകടനം നടത്താന്‍ ഉദ്ദേശിച്ചെങ്കിലും ഗവണ്‍മെന്റിന്റെ ഇടപെടല്‍മൂലം നടന്നില്ല. നേരിയതോതില്‍ പ്രകടനം നടന്നു. ഇതായിരുന്നു ചാര്‍ട്ടിസ്റ്റുകളുടെ അവസാനത്തെ പ്രകടനം. ഈ കാലഘട്ടം മുതല്‍ ചാര്‍ട്ടിസ്റ്റ് പ്രസ്ഥാനത്തിന്റെ പതനം തുടങ്ങി. പിന്നീട് ഈ പ്രസ്ഥാനം പ്രവിശ്യകളില്‍ മാത്രമായി ചുരുങ്ങി. ഇതിനുശേഷം പല ചാര്‍ട്ടിസ്റ്റ് തൊഴിലാളികളും മറ്റുപല സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു. ഈ പ്രസ്ഥാനം അധഃപതിച്ചെങ്കിലും അവരുടെ ആവശ്യങ്ങളെല്ലാം-എല്ലാവര്‍ഷവും പാര്‍ലമെന്റ് സമ്മേളിക്കുന്നതൊഴിച്ച്-ബ്രിട്ടനില്‍ നിയമമായി പ്രാബല്യത്തില്‍ വന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍