This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചാരിത്ര്യം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ചാരിത്ര്യം
സ്ത്രീയുടെ ലൈംഗികത, ശരീരശുദ്ധി, സാമൂഹ്യാന്തസ്, കുടുംബം, പരാശ്രയത്വം തുടങ്ങി നിരവധി വിഷയങ്ങളുമായി സങ്കീര്‍ണമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു സങ്കല്പനം. പിതൃമേധാവിത്ത സ്വഭാവമുള്ള എല്ലാ സമൂഹങ്ങളും അംഗീകരിക്കുന്നതാണ് സ്ത്രീയുടെ ചാരിത്ര്യത്തെ സംബന്ധിച്ച സാമൂഹികമായ ചില ധാരണകള്‍. സ്ത്രീയുടെ ശാരീരികവും ലൈംഗികവുമായ സമഗ്രതയുടെ വിശുദ്ധിയെയാണ് പിതൃമേധാവിത്ത സമൂഹങ്ങള്‍ ചാരിത്ര്യം എന്നു നിര്‍വചിക്കുന്നത്. ഈ സങ്കല്പനത്തിന് കാല-ദേശ ഭേദങ്ങള്‍ക്കനുസരിച്ച് ചെറിയതോതിലുള്ള വ്യതിയാനങ്ങള്‍ ചില സമൂഹങ്ങളില്‍ കാണാമെങ്കിലും സ്ത്രീലൈംഗികതയുടെ ശാരീരികവിശുദ്ധിയാണ് ഇതിന്റെ കാതലായ പ്രമാണം. മനുഷ്യസമൂഹങ്ങളില്‍ പുരുഷന് നായകനായ ഏകദാമ്പത്യ അണുകുടുംബം രൂപപ്പെടുന്നതോടെയാണ് ഇന്ന് പൊതുവേ കാണുന്ന ദാമ്പത്യത്തിലധിഷ്ഠിതമായ ചാരിത്ര്യസങ്കല്പനം രൂപംകൊള്ളുന്നത്. സ്വകാര്യസ്വത്ത് രൂപംകൊള്ളുകയും അതിന്റെ നിയന്ത്രണാധികാരം പുരുഷനില്‍ കേന്ദ്രീകരിക്കുകയും ചെയ്ത ചരിത്രകാലഘട്ടത്തില്‍ സ്വത്ത് അനന്തരാവകാശികള്‍ക്ക് കൈമാറുന്നതില്‍ സന്തതികളുടെ പിതൃത്വം ഒരു പ്രധാന പ്രശ്നമായി വന്നു. സ്വന്തം സന്തതിയുടെ പിതാവ് താന്‍ തന്നെയാണെന്ന് ഉറപ്പാക്കുന്ന സംശയരഹിതമായ പിതൃത്വത്തിന് ഒരേ ഒരു ലൈംഗികപങ്കാളിയും ആ പങ്കാളിയുടെ ലൈംഗിക വിശ്വസ്തതയും പ്രധാനമായിരുന്നു. സ്ത്രീയുടെ ലൈംഗികതയെ നിയന്ത്രിക്കുവാനും ദാമ്പത്യത്തിനു പുറത്തുള്ള ലൈംഗികബന്ധങ്ങള്‍ നിയമവിരുദ്ധമാക്കുവാനുമുള്ള ശ്രമങ്ങള്‍ ഇവിടെനിന്നാണ് ആരംഭിക്കുന്നത്. ക്രമേണ വിവാഹത്തിനുമുന്‍പും പിന്‍പുമുള്ള സ്ത്രീയുടെ ലൈംഗികബന്ധങ്ങള്‍ ചാരിത്ര്യഭംഗങ്ങളാണെന്ന സങ്കല്പം ശക്തിപ്പെട്ടു. ക്രിസ്തീയ മതവിശ്വാസവും അതിന്റെ പ്രത്യയശാസ്ത്രവും ചാരിത്ര്യത്തെ ലൈംഗികവിശുദ്ധി-വിവാഹത്തിനുള്ളില്‍ സ്ത്രീക്ക് സ്വഭര്ത്താവിനോടുമാത്രം ലൈംഗികബന്ധം-എന്നു നിര്‍വചിക്കുകയും ഇത് ഏകദാമ്പത്യ അണുകുടുംബം എന്ന മനുഷ്യസംസ്കൃതിയുടെ വിശ്വാസത്തെ കൂടുതല്‍ ഉറപ്പിക്കുകയും ചെയ്തു. കൊളോണിയല്‍ കാലഘട്ടത്തില്‍ ക്രിസ്തീയമതവിശ്വാസത്തോടൊപ്പം ചാരിത്ര്യത്തെക്കുറിച്ചുള്ള ഈ സങ്കല്പനവും പല സമൂഹങ്ങളിലേക്കും വ്യാപിക്കുകയും പ്രാദേശികവും ദേശികവുമായി നിലനിന്ന സദാചാരമൂല്യങ്ങള്ക്കുമേല് വലിയ പ്രാധാന്യം ചെലുത്തുകയും ചെയ്തു. ശാരീരിക വേഴ്ചയില്‍ അധിഷ്ഠിതമായ ശുദ്ധിയെ വിവാഹവ്യവസ്ഥയ്ക്കുള്ളില് സ്ത്രീയുടെ പെരുമാറ്റ സംഹിതയായി നിര്‍വചിക്കുന്നതാണ് ചാരിത്ര്യം എന്നതിനാണ് ഇന്ന് പൊതുവേ അംഗീകാരം. ഇത് സമൂഹത്തിന്റെ സദാചാരമൂല്യങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു.
എന്നാല്‍ ഈ ചാരിത്ര്യസങ്കല്പനത്തോട് സ്ത്രീവാദികള്‍ ശക്തമായി വിയോജിക്കുന്നു. ഒന്നാമതായി; ഈ ചാരിത്ര്യ സങ്കല്പനം സ്ത്രീയുടെ ലൈംഗികതയ്ക്കുമാത്രമാണ് ബാധകമായിരിക്കുന്നത്. സ്ത്രീയുടെ ലൈംഗികതവിശ്വസ്തതയ്ക്കു പരമപ്രാധാന്യം നല്കുമ്പോഴും പുരുഷന്റെ വിശ്വസ്തത പല സമൂഹങ്ങളിലും പ്രധാന പ്രശ്നമേയല്ല. രണ്ടാമതായി; ഈ ചാരിത്ര്യ,സങ്കല്പനം സ്ത്രീയുടെ ലൈംഗികതയെയും പ്രത്യുത്പാദനത്തെയും നിയന്ത്രിക്കുകയും അതുവഴി സ്ത്രീകളുടെ അടിമത്തത്തിന്റെ ആണിക്കല്ലായി മാറുകയും ചെയ്യുന്നു. മൂന്നാമതായി; ഇത് വിവാഹാനന്തരം സ്ത്രീ പുരുഷനെ ആശ്രയിച്ചു ജീവിക്കേണ്ടവളാണെന്ന ബോധം സൃഷ്ടിക്കുന്നു. ഇതുവഴി സ്ത്രീയുടെ സ്വതന്ത്രമായ നിലനില്പും ജീവിതഉപാധിയും നിഷേധിക്കുന്നു. നാലാമതായി; ചാരിത്ര്യം എന്ന സങ്കല്പനം, കുടുംബാഭിമാനവും വംശാഭിമാനവുമായി (Honour)ബന്ധപ്പെട്ട ഏറ്റവും പ്രധാന സംഗതിയായി കണക്കാക്കപ്പെടുന്നു. ഇതു ലംഘിക്കുന്ന സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നു. അതുപോലെ യുദ്ധങ്ങളിലും സംഘര്‍ഷങ്ങളിലും മറുപക്ഷത്തെ തോല്പിക്കാന് സ്ത്രീകളെ ആക്രമിക്കുകയും ബലാത്സംഗം ചെയ്യുകയും അതുവഴി അവരുടെ ചാരിത്ര്യം നശിപ്പിക്കുകയും ചെയ്യുന്നത് ഒരു യുദ്ധരീതിയായി തുടരുന്നു. അതേസമയം സ്ത്രീയുടെ ചാരിത്ര്യത്തിന് വിവിധമതങ്ങള്‍ നല്കുന്ന വ്യാഖ്യാനങ്ങള്‍ വ്യത്യസ്തങ്ങളാണ്.
(മിനി സുകുമാരന്‍)
ചാരിത്ര്യം ബുദ്ധമത വീക്ഷണത്തില്‍. ബൗദ്ധസിദ്ധാന്തമനുസരിച്ച് ചാരിത്ര്യം രണ്ടുവിധത്തിലുണ്ട്-സന്ന്യാസവ്രതം സ്വീകരിച്ചവര്ക്കുവേണ്ടിയുള്ളതും, ഗൃഹസ്ഥാശ്രമികള്ക്കുള്ളതും. സംഘാരാമങ്ങളിലെ ബുദ്ധഭിക്ഷുക്കള്‍ അവിവാഹിതജീവിതത്തില്‍ അധിഷ്ഠിതമായ ചാരിത്ര്യം പാലിക്കുന്നു. ബുദ്ധഭിക്ഷുക്കള്‍ സ്വീകരിക്കുന്ന വ്രതവാഗ്ദാനങ്ങളില് ഒന്നാണ് അവിവാഹിത ജീവിതത്തില്‍ അധിഷ്ഠിതമായ ചാരിത്ര്യം. ഇത്തരം ചാരിത്ര്യം പാലിക്കുന്ന ഭിക്ഷുക്കള്‍ക്ക് അന്തര്‍ദൃഷ്ടി (insight), വിശാലമായ വിജ്ഞാനം, മാന്ത്രികശക്തി തുടങ്ങിയ അനുഗ്രഹങ്ങള്‍ കൈവരുമെന്ന് ബൗദ്ധര് വിശ്വസിക്കുന്നു. ചാരിത്ര്യശുദ്ധിയുള്ള ബുദ്ധഭിക്ഷുവിന് വായുവില്‍ പൊങ്ങിനില്ക്കുക, ശരീരത്തെ ഇച്ഛാനുസരണം സങ്കോചിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യുക, ശരീരത്തില്‍ നിന്ന് ജലവും അഗ്നിയും വമിപ്പിക്കുക, ആകാശമാര്‍ഗത്തിലൂടെ ഭൂമിക്കു ചുറ്റും ഭ്രമണം നടത്തുക തുടങ്ങിയ അദ്ഭുതസിദ്ധികള്‍ കൈവരുമെന്നാണ് അവരുടെ വിശ്വാസം. ഗൃഹസ്ഥാശ്രമികളായ ബുദ്ധമതക്കാര്‍ക്ക് ചാരിത്ര്യാനുഷ്ഠാനം അത്രത്തോളം കര്‍ക്കശമല്ല. വിവാഹജീവിതത്തിന് മാന്യമായ സ്ഥാനം നല്കുവാന് അവര്‍ ബാധ്യസ്ഥരാകുന്നു. ചാരിത്രൃപാലനത്തെ മുന്‍നിര്‍ത്തി ഏകഭാര്യാത്വവ്യവസ്ഥ ബുദ്ധമതം നിഷ്കര്‍ഷിച്ചിട്ടുണ്ട്. വിവാഹിതര്‍ തമ്മില്‍ ലൈംഗിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് സ്വാഭാവികമാണെങ്കിലും, സന്താനോത്പാദനത്തിനുവേണ്ടി മാത്രം ലൈംഗികബന്ധം നടത്തുകയും, മറ്റുസന്ദര്‍ഭങ്ങളില്‍ ലൈംഗികസന്തോഷം സ്വമേധയാ ഉപേക്ഷിക്കുകയും ചെയ്യുന്നത് വളരെ അനുഗ്രഹപ്രദമാണെന്ന് അവര്‍ വിശ്വസിക്കുന്നു.
ചാരിത്ര്യം ജൂതമത വീക്ഷണത്തില്‍. യഹൂദരുടെ തത്ത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും ചാരിത്ര്യമെന്ന ആശയത്തിന് വലിയ പ്രധാന്യമുണ്ട്. ചാരിത്ര്യം നിഷ്കര്‍ഷയോടെ പാലിക്കുന്ന യോദ്ധാക്കള്‍ നിഷ് പ്രയാസം യുദ്ധത്തില്‍ ജയിക്കുമെന്ന വിശ്വാസം പുരാതന യഹൂദര്‍ക്കിടയിലുണ്ടായിരുന്നു. ചാരിത്ര്യത്തെ സംരക്ഷിക്കുന്നതിനുവേണ്ടി പടയാളികള്‍ അവിവാഹിതരായിത്തന്നെ കഴിയുന്ന പതിവും ഉണ്ടായിരുന്നു. യുദ്ധമില്ലാത്ത സമാധാനകാലങ്ങളിലും തങ്ങളുടെ അനുദിനജീവിതത്തില്‍ ചാരിത്ര്യം പാലിക്കുവാന്‍ യഹൂദര്‍ പ്രത്യേകം ശ്രദ്ധിച്ചു. ചാരിത്ര്യം പാലിക്കാത്ത വ്യക്തി അത്യുന്നത പുരോഹിതപദവിക്കര്ഹനല്ലെന്നായിരുന്നു പുരാതന യഹൂദനിയമം. സാധാരണ യഹൂദപുരോഹിതന്മാര്‍ക്ക് വിവാഹം കഴിക്കുന്നതിന് നിരോധനമുണ്ടായിരുന്നില്ല. എന്നാല്‍ അഭിസാരിക, മതദ്വേഷിയായ സ്ത്രീ (profane woman), വിവാഹബന്ധം വേര്‍പെടുത്തിയിട്ടുള്ള സ്ത്രീ, വിധവ എന്നിവരെ വിവാഹം കഴിക്കുന്നതില്‍ നിന്നും യഹൂദപുരോഹിതന്മാരെ വിലക്കിയിരുന്നു. യഹൂദര്‍ക്കു മോശയിലൂടെ ലഭിച്ച പത്തു കല്പനകളില് പ്രധാനപ്പെട്ടവയായിരുന്നു വൃഭിചാരം ചെയ്യരുത്, അന്യന്റെ ഭാര്യയെ ആഗ്രഹിക്കരുത് എന്നീ കല്പനകള്. വളരെ പരിശുദ്ധമായ രീതിയിലാണ് യഹൂദര്‍ വിവാഹത്തെ വീക്ഷിച്ചിരുന്നത്. ബ്രഹ്മചര്യം വ്രതവാഗ്ദാനമായി സ്വീകരിക്കാത്ത വ്യക്തികളെ സംബന്ധിച്ചിടത്തോളം വിവാഹമെന്നത് സ്ത്രീയും പുരുഷനും തമ്മിലുള്ള പാവനമായ ബന്ധമായിരുന്നു. വിവാഹിതനായ പുരുഷന്, തന്റെ ഭാര്യയല്ലാതെ മറ്റൊരു സ്ത്രീയുമായി ലൈംഗികബന്ധം നടത്തുന്നതിനെ നിഷിദ്ധമായി യഹൂദര്‍ സങ്കല്പിച്ചു. വിവാഹിതരായ ദമ്പതികള്‍ തമ്മില്‍ പരസ്പരസമ്മതത്തോടുകൂടി നടത്തുന്ന ലൈംഗികനിയന്ത്രണങ്ങളെയും യഹൂദര്‍ വിലമതിച്ചിരുന്നു. ചാരിത്ര്യത്തില്‍ അധിഷ്ഠിതമായ വിവാഹബന്ധം ദൈവംതന്നെ നേരിട്ടു സ്ഥാപിച്ചതാണെന്ന് യഹൂദര്‍ വിശ്വസിച്ചിരുന്നു.
ചാരിത്ര്യം ഇസ്ലാംമത വീക്ഷണത്തില്‍. ഇസ്ലാമിക വിശ്വാസികളെ സംബന്ധിച്ചിടത്തോളം ചാരിത്ര്യമെന്നത് ശാരീരികവും ആധ്യാത്മികവും ആയ പരിശുദ്ധിയുമായി ബന്ധപ്പെട്ടിരിക്കുന്നു. അവരെ സംബന്ധിച്ചിടത്തോളം ബ്രഹ്മചര്യമെന്നത് ചാരിത്ര്യത്തിനുള്ള അത്യാവശ്യഘടകമല്ല. ഇതരമതങ്ങളിലെപ്പോലെയുള്ള സന്ന്യാസജീവിതത്തെയും സാധാരണഗതിയില്‍ ഇസ്ലാംമതം പ്രോത്സാഹിപ്പിക്കുന്നില്ല. സൂഫി വിഭാഗക്കാരായ ഇസ്ലാമികള്‍ വിവാഹ ജീവിതത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ദൈവത്തിലേക്കുള്ള പാതയിലെ ഒരു അത്യാവശ്യഘടകമായി അവര്‍ ചാരിത്ര്യത്തെ കാണുന്നു. ഇസ്ലാമിക ദര്‍ശനത്തില്‍ ചിന്തയിലും പ്രവൃത്തിയിലും ഉള്ള പരിശുദ്ധി വളരെ പ്രധാനപ്പെട്ടതാണ്. ദൈവകല്പനയില് അധിഷ്ഠിതമായിട്ടുള്ള ഒരു ജീവിതം നയിക്കുന്നതിന് ഇത്തരം പരിശുദ്ധി സഹായകമായിത്തീരും. ലൈംഗികബന്ധങ്ങളിലുള്ള നിയന്ത്രണവും ചാരിത്ര്യത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നു. പരസ്പരം വിവാഹിതരല്ലാത്തവര്‍ തമ്മിലുള്ള ലൈംഗികബന്ധങ്ങള്‍ ചാരിത്ര്യത്തിനു വിരുദ്ധമാണെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. റംസാന് നൊയമ്പ്, മക്കയിലേക്കുള്ള തീര്‍ഥാടനം തുടങ്ങി ചില പ്രത്യേക കാലങ്ങളില്‍ മുസ്ലിം ദമ്പതികള്‍ ലൈംഗിക ബന്ധങ്ങളില്‍ നിന്നു ഒഴിഞ്ഞുനില്‍ക്കണമെന്ന് ഇസ്ലാംമതം ഉപദേശിക്കുന്നു. യാഥാസ്ഥിതികരായ ചില ഇസ്ലാമിക വിഭാഗങ്ങളിലെ സ്ത്രീകള്‍, ചാരിത്ര്യത്തിന്റെ പേരില്‍ മുഖം ഉള്‍പ്പെടെയുള്ള ശരീരത്തിന്റെ എല്ലാഭാഗങ്ങളും മറഞ്ഞിരിക്കത്തക്കവിധം വസ്ത്രധാരണം നടത്തുന്നു. വസ്ത്രധാരണത്തിലൂടെയുള്ള സംയമം (modesty) ചാരിത്ര്യത്തിന്റെ അത്യാവശ്യബാഹ്യഘടകമായി ഇസ്ലാമിക ജീവിതത്തില്‍ പൊതുവേ അംഗീകരിച്ചിട്ടുണ്ട്.
ചാരിത്ര്യം ക്രിസ്തുമത വീക്ഷണത്തില്‍. ക്രിസ്തുമതവും ചാരിത്ര്യത്തിന് അതിമഹത്തായ പ്രാധാന്യം കല്പിച്ചിട്ടുണ്ട്. ചാരിത്ര്യത്തിന് വിരുദ്ധമായ പ്രവൃത്തിയായി വ്യഭിചാരത്തെ ക്രിസ്ത്യാനികള്‍ കാണുന്നു. കാമാര്ത്തിയോടുകൂടി പരസ്ത്രീയെ നോക്കുന്നതുപോലും വ്യഭിചാരമാണെന്ന് ക്രിസ്തു പഠിപ്പിച്ചു. കൊറിന്ത്യര്‍ക്കെഴുതിയ ഒന്നാംലേഖനത്തില്‍ പൗലോസ് പറയുന്നു: 'സ്ത്രീയെ സ്പര്‍ശിക്കാതിരിക്കുകയാണ് പുരുഷന് നല്ലത്. എന്നാല്‍ വ്യഭിചാരം ചെയ്യുവാന്‍ പ്രലോഭനം ഉണ്ടാകുമെന്നുള്ളതുകൊണ്ട് പുരുഷനു ഭാര്യയും, സ്ത്രീക്കു ഭര്‍ത്താവും ഉണ്ടായിരിക്കട്ടെ' (1 കൊറിന്ത്യര്‍ 7:2-3). വിവാഹത്തെ ഒരുതരം ആവശ്യമായ തിന്മ (necessary evil)യായിട്ടാണ് പൗലോസ് വീക്ഷിക്കുന്നതെന്നു പറയാം. അവിവാഹിതജീവിതത്തില്‍ അധിഷ്ഠിതമായ ചാരിത്ര്യത്തിന് ആദ്യനൂറ്റാണ്ടുകളില്‍ ക്രിസ്തുമതം കൂടുതല്‍ പ്രാധാന്യം നല്‍കിയിരുന്നു. ബ്രഹ്മചര്യം എന്നത് അതിമഹത്തായ ചാരിത്ര്യപാലനമാണെന്ന് ക്രൈസ്തവസഭയിലെ ആദ്യകാല പണ്ഡിതന്മാര് വ്യാഖ്യാനിച്ചു. ദൈവം സ്വര്‍ഗത്തിലെ മാലാഖമാര്‍ക്കു നല്കുന്നിടത്തോളം പ്രാധാന്യം ചാരിത്ര്യവതികളായ കന്യകമാര്‍ക്ക് (virgins) നല്‍കും എന്ന് വിശുദ്ധ ക്ളെമന്റ് എന്ന പണ്ഡിതന് അഭിപ്രായപ്പെട്ടു. ദൈവവുമായി കൂടുതല്‍ അടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ വിവാഹജീവിതം വര്‍ജിക്കുകയാണ് നല്ലതെന്ന അഭിപ്രായത്തില്‍ ആദിമക്രൈസ്തവസഭാപിതാക്കന്മാര് ഉറച്ചുനിന്നു. 'ദൈവികസൗന്ദര്യത്തിന്റെ തിളക്കമാര്‍ന്ന പ്രസരണം (radiance) ആണ് ബ്രഹ്മചര്യത്തില്‍ അധിഷ്ഠിതമായ ചാരിത്ര്യം', എന്ന് നിയാസയിലെ വിശുദ്ധ ഗ്രിഗറി എന്ന പണ്ഡിതന് പഠിപ്പിച്ചു.
(പ്രൊഫ. നേശന്‍ റ്റി. മാത്യു; സ.പ.)