This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചായവേര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചായവേര്‍

Chay-root

റൂബിയേസി സസ്യകുലത്തിലെ ഒരു ഓഷധി. ശാ.നാ. ഓള്‍ഡന്‍ലാന്‍ഡിയ അംബെല്ലേറ്റ (Oldenlandia umbellata-Hedyotis umbellata). പതിനേഴാം ശ.-ത്തിലെ പ്രശസ്ത സസ്യശാസ്ത്രജ്ഞനായ എച്ച്.ബി. ഓള്‍ഡന്‍ലാന്‍ഡിന്റെ ഓര്‍മയ്ക്കായിട്ടാണ് ഈ പേരിട്ടിരിക്കുന്നത്. ഇന്ത്യന്‍ മഡാര്‍ (Indian maddar) എന്നാണ് ഇത് പരക്കെ അറിയപ്പെടുന്നത്. ഇന്ത്യ, ആഫ്രിക്ക, ആസ്റ്റ്രേലിയ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലെല്ലാം ഈ ചെടി വളരുന്നുണ്ട്. സമുദ്രതീരത്തെ പൂഴിമണലിലും ഈ ചെടി നട്ടുവളര്‍ത്താവുന്നതാണ്. 20 സെ.മീറ്ററോളം ഉയരത്തില്‍ വളരുന്ന ഒരു ദ്വിവര്‍ഷിയാണിത്. ഇലകള്‍ക്ക് മണ്ഡലിതന്യാസമാണ്. വീതികുറഞ്ഞ നീളംകൂടിയ ചെറിയ ഇലകളാണിവയുടേത്. അനുപര്‍ണങ്ങള്‍ ഇലഞെട്ടുമായി യോജിച്ചിരിക്കുന്നു. ഇലയുടെ അടിഭാഗത്തിന് ഇളംപച്ചനിറമാണ്. ഇലയുടെ കക്ഷ്യങ്ങളില്‍ 1-3 പുഷ്പങ്ങളുള്ള റസീമുകള്‍ ഉണ്ട്. പുഷ്പങ്ങള്‍ക്ക് മുള്ളുകള്‍ പോലെയുള്ള നാലു ബാഹ്യദളങ്ങളും നാല് സംയുക്തദളങ്ങളും നാലു ദളലഗ്നകേസരങ്ങളുമുണ്ട്. അഗ്രം രണ്ടായി പിളര്‍ന്നിട്ടുള്ള നേരിയ ഒരു വര്‍ത്തികയും ഇരട്ട അറകളുള്ള അധമഅണ്ഡാശയങ്ങളുമാണുള്ളത്. രണ്ടു കായ്കള്‍ ഒന്നിച്ചു ചേര്‍ത്തിരിക്കുന്നതുപോലെ രണ്ടു വിത്തുകളുള്ളതുമായ പുടകമാണ് ഫലം.

വണ്ണം കുറഞ്ഞ് നീളംകൂടിയ ഓറഞ്ചുനിറമുള്ള ഇവയുടെ വേരില്‍ നിന്ന് ചുവന്ന ഒരിനം ചായം ലഭിക്കുന്നു. രണ്ടുവര്‍ഷംപ്രായമായ വേരുകളാണ് ചായമെടുക്കാന്‍ ഉപയോഗിക്കുക. നീളം കുറഞ്ഞ് വണ്ണം കൂടിയ വേരുകളിലാണ് ചായം അധികമായുള്ളത്. ചായം എടുക്കുന്നതിനുവേണ്ടി തെക്കേ ഇന്ത്യയില്‍ ഇത് ധാരാളമായി നട്ടുവളര്‍ത്തപ്പെടുന്നു. പരുത്തിത്തുണിക്ക് ഏറ്റവും നല്ല ചുവപ്പുനിറം കൊടുക്കുന്നത് ചായവേരില്‍ നിന്നെടുക്കുന്ന ചുവപ്പുചായമാണ്. കാട്ടുചെടിയുടെ വേരില്‍നിന്നാണ് നട്ടുവളര്‍ത്തപ്പെടുന്നയിനത്തിന്റേതിനെക്കാള്‍ കൂടുതല്‍ ചായം ലഭിക്കുക. നട്ടുവളര്‍ത്തപ്പെടുന്നയിനങ്ങള്‍ക്ക് അധികമായി വെള്ളം നല്കിയാല്‍ വേരില്‍ നിന്നെടുക്കുന്ന ചായത്തിന് നിറം കുറയും. അധികം മഴയും വേരിലെ ചായത്തിന്റെ നിറം കുറയാന്‍ കാരണമാകും. പലയിനം മോര്‍ഡന്റുകള്‍ ചേര്‍ത്ത് ഇളം ചുവപ്പു ചായം തുടങ്ങി ചോക്കളേറ്റുനിറം വരെ ചായവേരില്‍ നിന്നെടുക്കുന്നുണ്ട്. അയണ്‍ മോര്‍ഡന്റ് (iron mordant) ചേര്‍ത്താല്‍ കടും കറുപ്പുനിറമുള്ള ചായം ലഭിക്കും. ഇതിന്റെ ഇല ശ്വാസംമുട്ടലിനും ക്ഷയരോഗത്തിനും ഔഷധങ്ങളുണ്ടാക്കാന്‍ ഉപയോഗിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍