This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചാന്‍സലര്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ചാന്‍സലര്‍
Chancellor
നിയമ-ഭരണ-വിദ്യാഭ്യാസ വകുപ്പുകളിലെ അധ്യക്ഷന്‍. പുരാതന കാലത്ത് രാജകീയ ശാസനങ്ങള്‍ എഴുതുന്ന മുഖ്യ എഴുത്താഫീസറായിരുന്നു ചാന്‍സലര്‍. നോര്‍മന്‍ രാജാക്കന്മാര്‍ ബ്രിട്ടന്‍ ഭരിച്ചകാലം മുതല്ക്കാണ് ഈ പദം ബ്രിട്ടനില്‍ നിലവില്‍വന്നത്. സാന്‍സലേറിയസ് (Cancellarius) എന്ന ലത്തീന്‍ പദത്തില്‍നിന്നാണ് ചാന്‍സലര്‍ എന്ന ഇംഗ്ലീഷ് പദം നിഷ്പന്നമായത്. വാക്കിന്റെ അര്‍ഥം രാജാവിന്റെ മുറിയില്‍ അഴികള്‍ക്കുള്ളില്‍ അഥവാ തിരശ്ശീലയ്ക്കുപിറകില്‍ ഇരിക്കുന്നയാള്‍ എന്നാണ്. ജനങ്ങളുടെ ശല്യം ഇല്ലാതാക്കാന്‍വേണ്ടിയാണ് എഴുത്താഫീസര്‍ക്ക് ഇങ്ങനെയൊരു ഇരിപ്പിടം സജ്ജീകരിച്ചത്. റോമന്‍ ചക്രവര്‍ത്തിമാരുടെ കീഴില്‍ മുഖ്യ എഴുത്തുകാരന്‍, അല്ലെങ്കില്‍ സെക്രട്ടറി എന്നൊരു ഉദ്യോഗസ്ഥന്‍ ഉണ്ടായിരുന്നു. ആദ്യകാലത്ത് ശാസനങ്ങള്‍ കുറിച്ചെടുക്കല്‍ മാത്രമേ ഇവരുടെ ജോലിയില്‍ പെട്ടിരുന്നുള്ളൂ. കാലക്രമേണ നീതിനിര്‍വഹണ അധികാരവും മറ്റുദ്യോഗസ്ഥന്മാര്‍ക്കുമേല്‍ നിയന്ത്രണാധികാരവും ഇവര്‍ക്കു ലഭിച്ചു. റോമാസാമ്രാജ്യത്തില്‍ നിന്ന് ഈ ആഫീസര്‍ പദവി റോമന്‍ കത്തോലിക്കാസഭയിലും കടന്നുകൂടി. മതകേന്ദ്രങ്ങളില്‍ എഴുത്തുവിഭാഗത്തിന്റെ മേലധ്യക്ഷനെ ഈ പദം ഉപയോഗിച്ച് വിളിക്കാന്‍ തുടങ്ങി. പിന്നീട് ആധുനിക യൂറോപ്യന്‍ രാജ്യങ്ങളില്‍ ഈ പദം ഉപയോഗിക്കാന്‍ തുടങ്ങി. വിവിധ രാജ്യങ്ങളില്‍, അവരവരുടെ ഭരണഘടനയ്ക്കനുസൃതമായി ചാന്‍സലര്‍ നിലവിലുണ്ട്.
ബ്രിട്ടനില്‍ ചാന്‍സലര്‍, ലോര്‍ഡ് ഹൈ ചാന്‍സലര്‍ ഒഫ് ഗ്രേറ്റ് ബ്രിട്ടന്‍ എന്നാണ് അറിയപ്പെടുന്നത്. ആംഗ്ളോ-സാക്സണ്‍ രാജാക്കന്മാരുടെ കാലത്ത് മുഖ്യ എഴുത്തുദ്യോഗസ്ഥന്റെ പദവി വളരെയധികം ഉയരുകയും എസ്റ്റേറ്റുടമസ്ഥാവകാശം ഇവര്‍ക്ക് നിര്‍ബന്ധമാക്കുകയും ചെയ്തു. രാജാവിന്റെ മുദ്ര ഇദ്ദേഹമാണ് സൂക്ഷിച്ചിരുന്നത്. തോമസ് ബെക്കറ്റാണ് മന്ത്രിയായ ആദ്യത്തെ ചാന്‍സലര്‍ (1154-61). പുരോഹിതന്മാരില്‍ നിന്നു മാത്രമേ ഇവരെ എടുത്തിരുന്നുള്ളൂ. നവോത്ഥാനത്തിനുശേഷം അംഗീകരിക്കപ്പെട്ട പള്ളിയിലെ അംഗങ്ങളെ മാത്രമേ പരിഗണിച്ചിരുന്നുള്ളൂ. യോര്‍ക്കിലെ ആര്‍ച്ച് ബിഷപ്പായ ജോണ്‍ വില്യമാണ് അവസാനത്തെ പുരോഹിതാംഗമായ ചാന്‍സലര്‍ (1621-25). ഇദ്ദേഹത്തിനുശേഷം സാധാരണ ജനങ്ങളില്‍ നിന്നും ഇപ്പോള്‍ അഭിഭാഷകരില്‍ നിന്നുമാണ് ചാന്‍സലറെ എടുക്കുന്നത്. യഥാര്‍ഥത്തില്‍ രാജാവിന്റെ ചീഫ് സെക്രട്ടറിയായ ഇദ്ദേഹത്തിന് ഭരണം, നിയമനിര്‍മാണം, നീതിനിര്‍വഹണം എന്നീ അധികാരങ്ങള്‍ ഉണ്ട്. ഇദ്ദേഹം കാബിനറ്റംഗവും ഗവണ്‍മെന്റിന്റെ പ്രധാന നിയമ, ഭരണഘടനാ ഉപദേശകനുമാണ്. കൂടാതെ രാജാവിന്റെ അഭാവത്തില്‍ പാര്‍ലമെന്റില്‍ രാജാവിന്റെ സന്ദേശം വായിക്കാനും സഭ വിളിച്ചുകൂട്ടാനും പിരിച്ചുവിടാനും രാജകീയ സമ്മതം ബില്ലിനു കൊടുക്കാനും അവകാശമുണ്ട്. നീതിനിര്‍വഹണമേധാവിയായ ഇദ്ദേഹത്തിന് ന്യായാധിപന്മാരെ നിയമിക്കാനും അധികാരമുണ്ട്. പ്രഭുസഭ, അപ്പില്‍കോടതിയായും പ്രിവികൗണ്‍സിലിന്റെ ജുഡീഷ്യല്‍ കമ്മിറ്റിയായും സമ്മേളിക്കുമ്പോള്‍ അധ്യക്ഷ്യം വഹിക്കുന്നത് ഇദ്ദേഹമാണ്. പ്രഭുസഭയുടെ സ്പീക്കറാണെങ്കിലും ഇദ്ദേഹത്തിന് കാസ്റ്റിങ് വോട്ടവകാശമില്ല. ഇദ്ദേഹത്തെ കൂടാതെ സാമ്പത്തികകാര്യങ്ങള്‍ നോക്കുന്ന മന്ത്രിയെ ചാന്‍സലര്‍ ഒഫ് എക്സ്ചെക്കര്‍ എന്നും, നെതര്‍ലന്‍ഡിലെ ഭൂമിസംബന്ധമായ കാര്യങ്ങള്‍ നോക്കുന്ന രാജാവിന്റെ പ്രതിനിധിയെ ചാന്‍സലര്‍ ഒഫ് ദ ഡച്ച് ഒഫ് ലങ്കാസ്റ്റര്‍ എന്നും വിളിച്ചുവരുന്നു.
സ്കോട്ട്ലന്‍ഡിലും, അയര്‍ലണ്ടിലും 1707-ലെ യൂണിയന്‍ ഉടമ്പടി പ്രകാരം ചാന്‍സലര്‍ ഇല്ലാതായി. യു.എസ്സില്‍ ചില സ്റ്റേറ്റുകളിലെ ചാന്‍സറികോര്‍ട്ടിന്റെ ജഡ്ജിമാരെ ചാന്‍സലര്‍ എന്നുവിളിക്കുന്നു. ഈ കോടതികള്‍ സാധാരണ കോടതികളില്‍ നിന്ന് വിഭിന്നമാണ്. ആസ്റ്റ്രിയയില്‍ ഗവണ്‍മെന്റിന്റെ നടപടികള്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥനാണ് ചാന്‍സലര്‍. ജര്‍മനിയില്‍ വളരെക്കാലം മുന്‍പുതന്നെ പ്രധാനപ്പെട്ട ഒരുദ്യോഗസ്ഥനാണ് ചാന്‍സലര്‍. എന്നാല്‍ 19-ാം ശ.-ത്തില്‍ പൊതുഭരണം കൈകാര്യം ചെയ്യുന്ന ഫെഡറല്‍ കൗണ്‍സിലിന്റെ പ്രസിഡന്റിനെ ചാന്‍സലര്‍ എന്നു വിളിച്ചിരുന്നു. സ്പെയിനില്‍ അല്‍ഫോന്‍സോ ഢകക (1126-57)-ന്റെ കാലത്ത് തുടങ്ങിയ ചാന്‍സലര്‍പദവി 1873-ല്‍ ഇല്ലാതായി. ഫ്രാന്‍സില്‍ പ്രധാന ആഫീസറായിരുന്ന ചാന്‍സലര്‍ തസ്തിക 1848-ല്‍ നിര്‍ത്തലാക്കപ്പെട്ടു.
സര്‍വകലാശാലകളുടെ മേധാവി യൂണിവേഴ്സിറ്റി ചാന്‍സലര്‍ എന്നറിയപ്പെടുന്നു. 12, 13 ശ.-ത്തിലാണ് ഇത് പ്രാബല്യത്തില്‍ വന്നത്. ഇപ്പോള്‍ ഇന്ത്യയില്‍ സര്‍വകലാശാലകളുടെ മേധാവി അതാതു സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരോ, യൂണിയന്‍ ഭരണപ്രദേശങ്ങളിലെ ലഫ്. ഗവര്‍ണര്‍മാരോ ആണ്. കൂടാതെ വൈസ്ചാന്‍സലറും ഉണ്ട്.