This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചാണ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചാണ

ഉരയ്ക്കുന്നതിനോ തേച്ചു മൂര്‍ച്ച വരുത്തുന്നതിനോ ഉള്ള ഉപകരണം. കത്തികളുടെ വായ്ത്തല തേച്ചു മൂര്‍ച്ച വരുത്തുന്നതിനുള്ള ഉപകരണത്തെയാണ് സാധാരണ ചാണ എന്നുപറയുന്നതെങ്കിലും ചന്ദനം, മരുന്നുകള്‍ ഇവ ഉരച്ചെടുക്കുന്നതിനും രത്നങ്ങളുടെ വശങ്ങള്‍ ഉരച്ചു രൂപപ്പെടുത്തുന്നതിനും ഉള്ള ചാണകളുമുണ്ട്. പരുത്തതും കടുപ്പമുള്ളതുമായ പ്രതലമാണ് ചാണയുടെ പ്രത്യേകത. ഇരുമ്പും ഉരുക്കും പോലെയുള്ള ലോഹങ്ങള്‍ ഉരസിയാല്‍പ്പോലും ചാണയ്ക്കു വലിയ തേയ്മാനമില്ല, ഉരസുന്നവയ്ക്കു തേയ്മാനം ഉണ്ടാകുകയും ചെയ്യും. കടുപ്പം കൂടിയ രത്നക്കല്ലുകള്‍പോലും പോളിഷുചെയ്യുന്നതിനുള്ള ചാണക്കല്ലുകള്‍ ലഭ്യമാണ്.

കത്തിയും മറ്റും തേച്ചുമിനുക്കുന്നതിന് കടുപ്പമുള്ള പരന്ന കല്ലുകളാണ് ആദ്യകാലത്ത് ചാണയായി ഉപയോഗിച്ചിരുന്നത്. കല്ല് സ്ഥിരമായിരിക്കും. കത്തി അതിനോടുചേര്‍ത്ത് ഉരസേണ്ടിയിരുന്നു. വൃത്താകൃതിയിലുള്ള ചാണക്കല്ലുകളെ കൈകൊണ്ടു കറക്കാനുള്ള രീതി പിന്നീടു കണ്ടുപിടിച്ചു. അപ്പോള്‍ മൂര്‍ച്ച വരുത്തേണ്ട ആയുധം അതിനോടു ചേര്‍ത്തുപിടിച്ചാല്‍മതി; മുന്നോട്ടും പിന്നോട്ടും തേയ്ക്കുന്ന അധ്വാനം ഒഴിവാക്കാം എന്ന നിലവന്നു. രണ്ടു പല്‍ച്ചക്രങ്ങളും ഒരു കൈപ്പിടിയും ചേര്‍ന്നതായിരുന്നു ഈ സംവിധാനം. വലിയ പല്‍ച്ചക്രത്തെ കൈപ്പിടി കൊണ്ടു തിരിക്കുമ്പോള്‍ അതിനോട് ഇണക്കിയിട്ടുള്ള ചെറിയ പല്‍ച്ചക്രം അതിവേഗം തിരിയും. ചാണയുടെ നടുവിലത്തെ ദണ്ഡ് ഈ ചെറിയ ചക്രത്തിലാണ് ഉറപ്പിച്ചിരിക്കുന്നത്. അങ്ങനെ അതിവേഗം തിരിയുന്ന ചാണയുടെ അഗ്രത്തില്‍ ആയുധങ്ങളുടെ വായ്ത്തല ചേര്‍ത്തുവച്ച് മൂര്‍ച്ച വരുത്തുകയാണ് ചെയ്തിരുന്നത്.

ഈ സംവിധാനത്തെത്തന്നെ കുറേക്കൂടി മെച്ചപ്പെടുത്തി ചവിട്ടിക്കറക്കാവുന്ന വിധത്തിലുള്ള ചാണ പിന്നീടു നിര്‍മിക്കപ്പെട്ടു. തയ്യല്‍ യന്ത്രത്തിലേതുപോലുള്ള ഒരു സംവിധാനമാണ് ഇതില്‍ ഉപയോഗിക്കുന്നത്. യന്ത്രശാലകളിലും മറ്റും ഉപയോഗത്തിലുള്ള മോട്ടോര്‍ ഘടിപ്പിച്ച ചാണകളും ഇപ്പോള്‍ ധാരാളമായി ഉപയോഗത്തിലുണ്ട്. കാര്‍ബോറണ്ടം തുടങ്ങിയ കാഠിന്യമുള്ള പദാര്‍ഥങ്ങള്‍കൊണ്ട് വ്യാവസായികമായി നിര്‍മിക്കുന്ന ചാണകളാണ് ഇപ്പോള്‍ പരക്കെ ഉപയോഗിക്കുന്നത്. സിമന്റ്, മൊസെയ്ക്ക് തുടങ്ങിയ പ്രതലങ്ങള്‍ പോളീഷുചെയ്യുന്നതിനും ഇത്തരം ചാണക്കല്ലുകള്‍ ഘടിപ്പിച്ച ഗ്രൈന്‍ഡറുകളാണ് ഉപയോഗിക്കുന്നത്. തേയ്മാനത്തിനനുസരിച്ച് ഇവയില്‍ കല്ലുകള്‍ മാറ്റിവയ്ക്കുന്നു. ഗുളിക ഉരയ്ക്കുന്നതിനുള്ള കൈച്ചാണ മുതല്‍ വലിയ ഗ്രൈന്‍ഡിങ് യന്ത്രങ്ങള്‍വരെയുള്ള ചാണയുടെ ഉപയോഗമേഖല ഇന്നു വളരെ വിസ്തൃതമാണ്. നോ: ഗ്രൈന്‍ഡിങ് മെഷീന്‍

(കെ. രാമചന്ദ്രന്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B4%BE%E0%B4%A3" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍