This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചാഗാസ് രോഗം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ചാഗാസ് രോഗം
Chagas disease
ഒരു ഉഷ്ണമേഖലാരോഗം. ട്രിപനോസോമാ ക്രൂസി (Trypanosoma cruzi) എന്ന ഏകകോശ പരജീവിയാണ് രോഗം ഉണ്ടാക്കുന്നത്. ബ്രസീലിയന്‍ ഭിഷഗ്വരനായ ചാഗാസ് കാര്‍ലോസ് (Chagas Carlos,1879-1934) രോഗത്തിന് കാരണമായ ട്രിപനോസോമ പ്രരൂപത്തിനെ 1909-ല്‍ കണ്ടെത്തി. തുടര്‍ന്ന് രോഗസംക്രമണം, നിയന്ത്രണം തുടങ്ങിയവ കണ്ടുപിടിച്ചതുവഴി വൈദ്യശാസ്ത്രത്തില്‍ ചാഗാസിന് പ്രത്യേക സ്ഥാനം ലഭിക്കുകയുണ്ടായി. ദക്ഷിണ അമേരിക്കയിലാണ് ഈ രോഗം അധികമായി കണ്ടുവരുന്നത്. ഇതിനാല്‍ ചാഗാസ് രോഗം 'സൗത്ത് അമേരിക്കന്‍ ട്രിപനോസോമാസിസ്' എന്ന പേരിലും അറിയപ്പെടുന്നു. മധ്യഅമേരിക്ക, മെക്സിക്കോ, ദക്ഷിണ-പശ്ചിമ യു.എസ്. എന്നീ പ്രദേശങ്ങളിലും ഈ രോഗം കണ്ടുവരുന്നുണ്ട്.
ദക്ഷിണ അമേരിക്കയില്‍ സാധാരണ കണ്ടുവരുന്ന ട്രയറ്റോമാകീടങ്ങള് (Triatoma bugs) ആണ് വന്യജീവികളില്‍ നിന്ന് മനുഷ്യനിലേക്ക് രോഗാണുസംക്രമണം നടത്തുന്നത്. ഇവയോടൊപ്പം റോഡിനസ്സ് പാന്സ്ട്രോന്ഗിലസ് (Rhodinus Panstrongylus) തുടങ്ങിയ ജീനസുകളും രോഗം പരത്താന്‍ സഹായിക്കുന്നു. പകല്‍ സമയങ്ങളില്‍ ഇവ രക്തപാനം നടത്താറില്ല. രാത്രിയില്‍ മനുഷ്യന്റെ വദനഭാഗങ്ങളില്നിന്നുമാണ് രക്തം കുടിക്കുന്നത്. ഇക്കാരണത്താല്‍ ഈ കീടങ്ങള്‍ കിസിങ് ബഗ്സ് എന്ന പേരിലും അറിയപ്പെടുന്നു. ദക്ഷിണ അമേരിക്കയിലും മറ്റും സാധാരണയായി കണ്ടുവരുന്ന വന്യജീവികളായ സസ്തനികളാണ് (Armadillo, Opossum) ട്രിപനോസോമയുടെ പരപോഷികളായി വര്‍ത്തിക്കുന്നത്. കൂടാതെ പട്ടി, പൂച്ച തുടങ്ങിയ വീട്ടുമൃഗങ്ങളിലും ഈ പരജീവി കാണപ്പെടുന്നു. ട്രിപനോസോമ മൃഗങ്ങളില്‍ നിന്ന് ട്രയറ്റോമാ കീടത്തിന്റെ കുടലില്‍ എത്തി വംശവര്‍ധനവ് നടത്തി ആക്രമണകാരിയാകുന്നു. കീടത്തിന്റെ വിസര്‍ജ്യത്തിലൂടെയാണ് ഇവ പുറത്തുവരുന്നത്. അതിനാല്‍ പരജീവി സംക്രമണം രക്തം കുടിക്കുമ്പോള്‍ നേരിട്ടുനടക്കുന്നില്ല. രക്തം കുടിക്കുമ്പോഴൊക്കെ ഇവ വിസര്‍ജനം നടത്തുക പതിവാണ്. ഇക്കാരണത്താല്‍ രക്തപാനത്തിലൂടെ ഉണ്ടാകുന്ന മുറിവ് വിസര്‍ജന വസ്തുവാല്‍ സംദൂഷിതമാവുകയും അതിലടങ്ങിയിരിക്കുന്ന പരജീവി മനുഷ്യനിലേക്കു കടക്കുകയും ചെയ്യുന്നു. പരജീവി മുറിവില്‍ വച്ചുതന്നെ വംശവര്‍ധനവ് ആരംഭിക്കുന്നു.
ട്രിപനോസോമയുടെ ഉദ്ഭവന (incubation) കാലം ഏകദേശം ഒരാഴ്ചയാണ്. മനുഷ്യശരീരത്തില്‍ ഇത് ഒരു അന്തകോശജീവിയായി കഴിയുന്നു. ഏതു ജൈവകലയിലും വംശവര്‍ധനവ് നടത്തി അതിനെ നശിപ്പിക്കുവാനുള്ള കഴിവ് ഇതിനുണ്ട്. പ്രത്യേകിച്ച് ഹൃദയപേശിയെയാണ് കൂടുതലും തകരാറിലാക്കുന്നത്. ഇതാണ് രോഗം മാരകമാകുന്നതിനു മുഖ്യകാരണം. മുഖം, നേത്രാവരണം, തൈറോയിഡ് ഗ്രന്ഥി, ലിംഫ് എന്നിവയ്ക്ക് വീക്കം, പനി തുടങ്ങിയ പ്രാരംഭലക്ഷണങ്ങള്‍ ഉണ്ടാകുന്നു. തീവ്രമായ രോഗസംക്രമണംമൂലം ഹൃദയം, മസ്തിഷ്കം, കരള്‍, പ്ളീഹ തുടങ്ങിയവയുടെ കലകള്‍ക്ക് നാശം ഉണ്ടാകുന്നു. മുതിര്‍ന്നവരെക്കാള്‍ കുട്ടികളിലാണ് ചാഗാസ് രോഗം കൂടുതല്‍ മാരകമാകുന്നത്. തീക്ഷ്ണമായ രോഗലക്ഷണങ്ങള്‍ കൂടുതല്‍ കാലം നില്ക്കാതെതന്നെ കുട്ടികളില്‍ മരണം സംഭവിച്ചേക്കാം. ഹൃദയപേശികള്‍ക്കു സംഭവിക്കുന്ന നാശം ഹൃദയാഘാതം ഉണ്ടാക്കുന്നു.
രക്തപരിശോധന, പേശീബയോപ്സി, കോശസംവര്ധനം തുടങ്ങിയ മാര്‍ഗങ്ങളിലൂടെയാണ് രോഗനിര്‍ണയം നടത്തുന്നത്. രോഗത്തിന് ഫലപ്രദമായ ചികിത്സ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. പ്രതിജൈവിക വസ്തുക്കള്‍ ഇതിന് ഫലപ്രദവുമല്ല. രോഗം ബാധിച്ച ഗര്‍ഭിണികളില്‍നിന്ന് ട്രിപനോസോമ ഗര്‍ഭസ്ഥശിശുവിലേക്ക് സംക്രമിക്കുവാന്പോലും സാധ്യതയുണ്ട്. രോഗനിയന്ത്രണം പ്രധാനമായും കീടനിയന്ത്രണത്തിലൂടെയാണ് നടത്തേണ്ടത്. പകല്‍ സമയത്ത് ചുമരുകളിലെ വിള്ളലുകളില്‍ ഈ കീടങ്ങള്‍ പതിയിരിക്കുന്നു. ഇവയെ കീടനാശിനി പ്രയോഗിച്ച് നശിപ്പിക്കണം. കീടബാധയേല്ക്കാതിരിക്കാനുള്ള സംവിധാനങ്ങള്‍ (വല, വസ്ത്രങ്ങള്‍) സ്വീകരിക്കുന്നതുവഴിയും ചാഗാസ് രോഗം നിയന്ത്രിക്കാവുന്നതാണ്.