This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചലം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ചലം
പഴുത്ത വ്രണങ്ങളില്‍നിന്നും ഒഴുകുന്ന ഇളംമഞ്ഞ നിറത്തിലുള്ള ശ്യാനദ്രവം. രക്തസീറം, ടിഷ്യുക്കളുടെ അവശിഷ്ടങ്ങള്‍, ശ്വേതാണുക്കള്‍, രോഗാണുക്കള്‍ എന്നിവ ഇതില്‍ ഉള്‍ക്കൊണ്ടിരിക്കും. ശരീരത്തിലെ വ്രണങ്ങളിലോ മുറിവുകളിലോ രോഗാണുക്കള്‍ ആക്രമിക്കുമ്പോള്‍ ശരീരം സ്വീകരിക്കുന്ന ഒരു പ്രതിരോധ പ്രക്രിയയുടെ ഫലമായാണ് ചലം രൂപംകൊള്ളുന്നത്. രോഗാണുക്കള്‍ ആക്രമിക്കുമ്പോള്‍ കോശങ്ങള്‍ ഹിസ്റ്റമിന്‍ എന്നൊരു പദാര്‍ഥത്തെ പുറത്തുവിടുന്നു. ഹിസ്റ്റമിന്റെ പ്രഭാവംമൂലം വിസ്തൃതമാക്കപ്പെട്ട രക്തക്കുഴലുകളിലൂടെ പുറത്തേക്കുവരുന്ന ശ്വേതാണുക്കളും പ്ലാസ്മയും രോഗാണുക്കളെ പരിഗ്രസിക്കുമ്പോള് അവിടെ ശോഥം ഉണ്ടാകുന്നു. ഈ പ്രവര്‍ത്തനം തീക്ഷ്ണമാകുമ്പോള്‍ കോശങ്ങള്‍ നശിച്ച് ചലം രൂപംകൊള്ളുന്നു. ചലം ഉള്‍ക്കൊള്ളുന്ന ശോഥത്തെ പരു അല്ലെങ്കില്‍ കുരു (abcess) എന്നുപറയുന്നു. ചുറ്റുമുള്ള ശരീരകലകളില്നിന്നും വേര്‍പെട്ട് ചലം പുറത്തേക്കു സ്രവിക്കുമ്പോള്‍ രോഗാണുക്കളും രോഗംതന്നെയും പുറന്തള്ളപ്പെടുകയാണ് ചെയ്യുന്നത്. ശരീരത്തിനുള്ളില്‍ ചലം കെട്ടിക്കിടന്നാല്‍ പനിയുണ്ടാകുന്നു. ഈ സന്ദര്‍ഭത്തില്‍ ശസ്ത്രക്രിയ ചെയ്ത് ചലം നീക്കേണ്ടിവരുന്നു. രോഗാണുവിന്റെ സ്വഭാവമനുസരിച്ച് ചലത്തിനും വൈജാത്യമുണ്ടാകുന്നു. കൊഴുത്ത മഞ്ഞ ചലത്തിനു കാരണം സ്റ്റഫൈലോകോക്കൈ ആണ്. സ്ട്രെപ്റ്റോകോക്കൈ ഉണ്ടാക്കുന്ന നേര്‍ത്ത ചലത്തിന് രോഗാണുവിനെ പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ ശക്തിയുണ്ടാവില്ല. പ്രോട്ടിയസ് ചലത്തിന് ഒരു പ്രത്യേക ഗന്ധമുണ്ടായിരിക്കും. സ്യൂഡോ മോണാസ്മൂലമുണ്ടാകുന്ന ചലത്തിന് നേരിയ പച്ചനിറം കാണും. ചലത്തില്‍ നിന്നെടുക്കുന്ന അംശം സംവര്ധകമാധ്യത്തില് വളര്‍ത്തി സൂക്ഷ്മദര്‍ശിനിയിലൂടെ പരിശോധിച്ചാണ് രോഗാണുനിര്ണയവും ചികിത്സയും നിശ്ചയിക്കുക.