This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചരിത്രം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ചരിത്രം
ആരുടെയെങ്കിലും ജീവിതത്തിലെയോ ഏതെങ്കിലും കാലഘട്ടത്തിലെയോ കാര്യങ്ങളെയും വിശേഷങ്ങളെയും സംഭവങ്ങളെയും ക്രമാനുഗതമായി കാലാനുസൃതം പ്രതിപാദിക്കുന്ന മാനവിക ശാസ്ത്രശാഖ.
ഭൂതകാല സംഭവങ്ങളെ ആധികാരികമായി പ്രതിപാദിക്കുന്നതാണ് മുഖ്യമായും ചരിത്രം. പ്രപഞ്ച പുരോഗതിയുടെയോ പരിണാമപരമായ വളര്‍ച്ചയുടെയോ ക്രമാനുഗതമായ ആഖ്യാനവുമാണിത്. ഹിസ്റ്റോറിയ എന്ന ഗ്രീക്കുപദത്തില്‍നിന്നുമാണ് ചരിത്രം എന്നര്‍ഥമുള്ള ഹിസ്റ്ററി എന്ന ആംഗലേയപദം നിഷ്പന്നമായിട്ടുള്ളത്. മനുഷ്യന് എന്നും തന്റെ ഭൂതകാലത്തെക്കുറിച്ച് അറിയാന്‍ ആവേശമായിരുന്നു. പൂര്‍വികര്‍ എന്തു ചെയ്തു, അവര്‍ എങ്ങനെ ജീവിച്ചു, അവരുടെ രാഷ്ട്രീയ സംഘന എന്തായിരുന്നു തുടങ്ങിയ ചോദ്യങ്ങള്‍ മനുഷ്യനെ സദാ അലട്ടിക്കൊണ്ടിരുന്നു. ഇവയ്ക്ക് ഉത്തരം നല്കാന്‍ ഏറെ സഹായിച്ചത് തങ്ങളുടെ പൂര്‍വികര്‍തന്നെ ആയിരുന്നു. കാലയവനികക്കുള്ളില്‍ മറഞ്ഞുവെങ്കിലും അവര്‍ നിരന്തരം ജീവിച്ചിരുന്നവരുമായി മുന്‍കാല സംഭവങ്ങള്‍വഴി സമ്പര്‍ക്കം പുലര്‍ത്തുന്നു. അവരുടെ സാഹിത്യകൃതികള്‍, ഔദ്യോഗികരേഖകള്‍, ശാസനങ്ങള്‍, നാണയങ്ങള്‍, വാസ്തുശില്പങ്ങള്‍ തുടങ്ങിയവ അവരുടെ പുരോഗതിയുടെ കഥ സംയോജിപ്പിച്ച് ക്രമാനുഗതമായി പ്രതിപാദിക്കാന്‍ സഹായിക്കുന്നു. മുന്‍തലമുറകള്‍ പിന്നിട്ട പാതകളിലൂടെ നടന്ന്, അവര്‍ തന്ന പൈതൃകം സൂക്ഷ്മമായി വിശകലനം ചെയ്ത്, നമ്മുടെ ഭാവനയും ബുദ്ധിയും കൊണ്ട് അവരുടെ ജീവിതകഥയെ മെനഞ്ഞെടുക്കുന്നു. അതാണു ചരിത്രം. ഇതുമൂലം ഒരു സമൂഹത്തിന്റെ പ്രതിബിംബം തന്നെയാണ് ചരിത്രം എന്നും പറയാവുന്നതാണ്.
യഥാര്‍ഥ ജീവിതം പഠിപ്പിക്കുന്ന പാഠമാണ് ചരിത്രം. അരിസ്റ്റോട്ടലിന്റെ (ബി.സി. 384-322) അഭിപ്രായത്തില്‍ മാറ്റമില്ലാത്ത ഭൂതകാലത്തെക്കുറിച്ചുള്ള വിവരണമാണ് ചരിത്രം. മനുഷ്യര്‍ എന്നും എവിടെയും മനുഷ്യരായിരുന്നു. അവരുടെ ആശയങ്ങളും പ്രവൃത്തികളും അനുപാതത്തില്‍ മറ്റു ജനങ്ങളില്‍ നിന്നും വ്യത്യസ്തമാകാമെങ്കിലും അടിസ്ഥാനപരമായി അവരുടെ പ്രകൃതത്തില്‍ മാറ്റമില്ല. അങ്ങനെ യുദ്ധവും പിടിച്ചടക്കലും ചൂഷണവുമെല്ലാം ചരിത്രത്തിലെ പൊതുവായ ഘടകമാണ്. പോളിബിയസിന്റെ (ബി.സി. 205-118) അഭിപ്രായത്തില്‍ ചരിത്രം വിശേഷപ്പെട്ട സംഭവങ്ങളുടെ ഒരു പരമ്പരയാണ്.
ചരിത്രകാരന്റെ പ്രധാന കര്‍ത്തവ്യം ഭൂതകാലത്തെ വിലയിരുത്തുക എന്നതാണ്. നേട്ടങ്ങളും കോട്ടങ്ങളും അപഗ്രഥിക്കുന്നു. അതുവഴി ഭാവിയിലെ കൈപ്പിഴകള്‍ ഒഴിവാക്കാന്‍ മനുഷ്യനെ പ്രാപ്തനാക്കുന്നു. എന്നാല്‍ ഭൂതകാല സംഭവങ്ങളെയെല്ലാം വിലയിരുത്തുക തുലോം അസാധ്യമാണ്. എന്തെന്നാല്‍, നടന്ന സംഭവങ്ങളില്‍ ചിലത് മാത്രമാണ് ഓര്‍മയില്‍ നില്‍ക്കുന്നത്. അവയില്‍ത്തന്നെ വളരെ കുറച്ചുമാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അങ്ങനെ രേഖപ്പെടുത്തിയതില്‍ ഒരു ചെറിയ ശതമാനം മാത്രമാണ് കാലത്തെ അതിജീവിക്കുന്നത്. അങ്ങനെ അതിജീവിക്കുന്നതാണ് ചരിത്രകാരന്റെ ശ്രദ്ധയില്‍ വരുന്നത്. അവയില്‍ പ്രസക്തമെന്നു തോന്നുന്നവയെ ചരിത്രകാരന്‍ തിരഞ്ഞെടുക്കുന്നു. മതം, ദേശീയത, സാമ്പത്തിക-സാമൂഹിക ചുറ്റുപാടുകള്‍ എന്നിവ ചരിത്രകാരനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. നിഷ്പക്ഷത ചരിത്രകാരനെ സംബന്ധിച്ച് അസാധ്യമായതിനാല്‍ ചരിത്രകാരന്‍ തന്റെ ചായ്വുകളെ വ്യക്തമാക്കിയതിനു ശേഷമേ ഭൂതകാലത്തെ വ്യാഖ്യാനിക്കാവൂ എന്നൊരു വാദഗതിയും പ്രാബല്യത്തിലുണ്ട്.
സങ്കുചിതമായ ചട്ടക്കൂടുവിട്ട് പുറത്തേക്ക് ഇറങ്ങിയ ചരിത്രത്തിന് ആഴവും വ്യാപ്തിയും വന്നുചേര്‍ന്നിരിക്കുന്നു. വാര്‍ത്താവിനിയമ മാധ്യമങ്ങളുടെയും നൂതനമായ കണ്ടുപിടുത്തങ്ങളുടെയും അരങ്ങേറ്റത്തിനുമുന്‍പ് പരിതാപകരമായ സ്ഥിതിയായിരുന്നു ചരിത്രത്തിനുണ്ടായിരുന്നത്. റോമും ഗ്രീസും അല്ലാതെഒരു ലോകമില്ലായിരുന്നു ചരിത്രകാരന്റെ ദൃഷ്ടിയില്‍. ചരിത്രകാരന്റെ ചിന്താപഥത്തില്‍ തെളിഞ്ഞുവന്നത് രാജാവും അദ്ദേഹത്തിന്റെ വീരകൃത്യങ്ങളുമായിരുന്നു. ഭൂമിശാസ്ത്രപരമായ കണ്ടുപിടിത്തങ്ങളും ശാസ്ത്രത്തിന്റെ മുന്നേറ്റവും ചരിത്രകാരന്റെ വീക്ഷണത്തില്‍ ഗുണകരമായ വ്യതിയാനം വരുത്തി. ലോകം തത്ത്വത്തില്‍ ചെറുതായെങ്കിലും ചരിത്രത്തിന് വിശ്വോത്തരമായ കാഴ്ചപ്പാട് കൈവന്നു. പ്രഭുക്കന്മാരുടെയും രാജാക്കന്മാരുടെയും ഇടയില്‍നിന്നും സാധാരണ ജനങ്ങളിലേക്ക് ചരിത്രകാരന്‍ ഇറങ്ങിവന്നു. സാധാരണജനമായി ചരിത്രത്തിന്റെ കേന്ദ്രബിന്ദു. ആശയങ്ങള്‍, ആദര്‍ശങ്ങള്‍, സാഹിത്യം, ആചാരങ്ങള്‍, കല, ശാസ്ത്രം, മതം തുടങ്ങിയ സമസ്തഭാവങ്ങളെയും ചരിത്രം ഉള്‍ക്കൊണ്ടു.
ചരിത്രം ഭൂതകാലത്തെ കുറിച്ചുള്ളതാണെങ്കിലും ഭൂതകാലത്തെ സംബന്ധിച്ച എല്ലാ വസ്തുതകളും ചരിത്രവസ്തുതകളാകുന്നില്ല. അവയില്‍നിന്നും പ്രസക്തമോ അവിസ്മരണീയമോ ആയ കുറേ സംഭവങ്ങളെ ചരിത്രകാരന്‍ തിരഞ്ഞെടുക്കുന്നു. അതോടൊപ്പം ആ സംഭവങ്ങള്‍ക്കു രൂപം നല്കിയ സാമൂഹിക ചലനങ്ങളെ അപഗ്രഥിക്കുകയും ചെയ്യുന്നു.
വസ്തുതകള്‍ ചരിത്രനിര്‍മിതിക്കുള്ള അസംസ്കൃത സാമഗ്രികളാണ്. അവ കുന്നുകൂട്ടിവച്ചാല്‍ ചരിത്രമാകുകയില്ല; ഗൃഹനിര്‍മാണത്തിനുള്ള അസംസ്കൃത വസ്തുക്കളായ കല്ലും മരവും മണ്ണും മറ്റും വെറുതേ കൂട്ടിയാല്‍ വീടാകാത്തതുപോലെ. ഗൃഹനിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന തച്ചന്‍ ഓരോ വസ്തുവിനെയും തരംതിരിച്ച് വേണ്ടവിധം സംയോജിപ്പിക്കുമ്പോള്‍ മാത്രമാണ് കെട്ടിടം ഉയര്‍ന്നുവരുന്നത്. അതുപോലെ, ചരിത്രകാരന്‍ താനാര്‍ജിച്ച വസ്തുക്കള്‍ ഭാവനാപരമായി അണിനിരത്തിയാലേ ചരിത്രമാകൂ.
ചില വസ്തുക്കള്‍ അടിസ്ഥാനപരമായി എല്ലാ ചരിത്രകാരന്മാര്‍ക്കും ഒന്നുതന്നെയാണ്. ഹേസ്റ്റിങ്സ് യുദ്ധം നടന്നത് 1066-ലാണ് എന്നതിനെക്കുറിച്ച് രണ്ടഭിപ്രായമില്ല. ഹേസ്റ്റിങ്സ് യുദ്ധം എന്നാണു നടന്നത് എന്നറിയാന്‍ നമ്മില്‍ താത്പര്യം ഉണ്ടാകുന്നതുതന്നെ ചരിത്രകാരന്‍ അതിനെ ഒരു സുപ്രധാന സംഭവമായി കരുതുന്നതുകൊണ്ടാണ്. വസ്തുക്കള്‍ സ്വയം സംസാരിക്കുന്നു എന്നൊരു ധാരണ മിക്കവര്‍ക്കും ഉണ്ട്. എന്നാല്‍ ചരിത്രകാരന്‍ ആവശ്യപ്പെട്ടാല്‍ മാത്രമേ അവ സംസാരിക്കുകയുള്ളൂ. നാം എന്താണു കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത്, അതായിരിക്കും ചരിത്രം നമ്മോടു പറയുക. 'ചരിത്രവസ്തുതകള്‍ നിലനില്ക്കുന്നില്ല, ചരിത്രകാരന്‍ അവ സൃഷ്ടിക്കുന്നതുവരെ' എന്ന കാള്‍ ബെക്കറുടെ വാക്കുകള്‍ അര്‍ഥവത്താകുന്നു. ജൂലിയസ് സീസര്‍ റൂബിക്കോണ്‍ മുറിച്ചു കടന്നതിന് ചരിത്രപരമായ പ്രാധാന്യം നല്കിയത് ചരിത്രകാരനാണ്. വസ്തുതകള്‍ സ്വയം സംസാരിക്കില്ല. അവയ്ക്ക് അര്‍ഥവും പ്രാധാന്യവും കല്പിച്ചുകൊടുക്കുന്നത് ചരിത്രകാരനാണ്. ചരിത്രം ഒരു സമസ്യയാണ്. ഭൂതകാലത്തെ സംബന്ധിച്ച് നമ്മുടെ കൈയില്‍ വന്നുചേരുന്ന വസ്തുതകള്‍ അപൂര്‍ണമാണ്. എന്നാല്‍ ചരിത്രകാരന്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഈ വസ്തുതകളുടെ അഭാവം കൊണ്ട് സൃഷ്ടിക്കപ്പെട്ട ശൂന്യതയല്ല, മറിച്ച് സത്യത്തെ വെളിപ്പെടുത്തുന്നതില്‍ നേരിടുന്ന പരാജയമാണ്. നാം വായിക്കുന്ന ചരിത്രം, കൃത്യമായി പറഞ്ഞാല്‍, വസ്തുനിഷ്ഠമല്ല; അംഗീകരിക്കപ്പെട്ട വിധിതീര്‍പ്പുകള്‍ ആണ്. ചരിത്രകാരന്റെ പ്രത്യേക വീക്ഷണത്തില്‍ അധിഷ്ഠിതമായി രചിക്കപ്പെടുന്നതാണ് അവ. ചരിത്രകാരനെ അഭിമുഖീകരിക്കുന്നത് കുമിഞ്ഞുകൂടിക്കിടക്കുന്ന വസ്തുതകളാണ്. ജീവിതം തന്നെ വസ്തുതകളില്‍ കെട്ടിപ്പടുത്തതാണെന്നും വസ്തുതകളില്ലെങ്കില്‍ ജീവിതമില്ലെന്നും 19-ാം ശതകത്തില്‍ ചിലര്‍ വാദിച്ചിരുന്നു. വസ്തുതകളോടുള്ള ഈ സമീപനം തന്നെയായിരുന്നു ചരിത്രകാരന് പ്രമാണങ്ങളോടും ലിഖിതരേഖകളോടും ഉണ്ടായിരുന്നത്. വിശുദ്ധ വസ്തുതകള്‍ സൂക്ഷിച്ചിരുന്ന പേടകമായാണ് ഈ പ്രമാണങ്ങളെ ചരിത്രകാരന്‍ വീക്ഷിച്ചിരുന്നത്. ഭക്തനായ അയാള്‍ നമ്രശിരസ്കനായിട്ടാണ് അവയെ സമീപിച്ചത്. എന്നാല്‍ എന്തായിരുന്നു അവയുടെ സ്ഥിതി. അവരുടെ കര്‍ത്താക്കള്‍ ചിന്തിച്ചതോ ഉദ്ദേശിച്ചതോ അല്ലാതെ മറ്റൊന്നും അവ വെളിപ്പെടുത്തുന്നില്ല. തീര്‍ച്ചയായും പ്രമാണങ്ങളും വസ്തുതകളും ചരിത്രകാരന് ഒഴിച്ചുകൂടാന്‍ വയ്യാത്തവയാണ്. എന്നാല്‍ വസ്തുതകളുടെ അടിമയോ യജമാനനോ ആകാന്‍ ചരിത്രകാരനു കഴിയില്ല. ചരിത്രകാരനും വസ്തുതകളുമായുള്ള ബന്ധം സന്തുലിതമായിരിക്കണം. ചരിത്രം സംഭവങ്ങളുടെ ഒരു പരമ്പരയാണ്. ഏതൊരു സംഭവവും ഒറ്റപ്പെട്ടു നില്ക്കുന്നില്ല. അവയെല്ലാംതന്നെ പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു. ഏതു സംഭവം അപഗ്രഥിച്ചാലും അതിനു പിന്നില്‍ ഒരു കാരണം കണ്ടെത്താനാകും. ചരിത്രകാരന്റെ പ്രധാന കര്‍ത്തവ്യം എന്താണു സംഭവിച്ചത് എന്ന് അറിയുന്നതിലുപരി എന്തുകൊണ്ടു സംഭവിച്ചു എന്നതിന് ഉത്തരം കണ്ടെത്തുകയാണ്.
ചരിത്രപഠനമെന്നാല്‍ കാരണങ്ങളുടെ പഠനമാണെന്ന് ഹെറോഡോട്ടസ് (ബി.സി. 485-430) മുതല്ക്കുതന്നെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. എന്തുകൊണ്ടാണ് സുമേരിയയില്‍ ആദ്യത്തെ നാഗരിക സംസ്കാരം ഉടലെടുത്തത്? ലോകത്തെ ആദ്യത്തെ ലൈബ്രറി ബാബിലോണില്‍ വരാനുള്ള കാരണം എന്താണ്? 'ഗ്രീസ് എന്ന മഹാദ്ഭുതം' എങ്ങനെ വിസ്മൃതിയിലാണ്ടു? എങ്ങനെയാണ് ക്രിസ്തുമതം ലോകമാകെ വ്യാപിച്ചത്? ഈ കാരണങ്ങള്‍ അപഗ്രഥിച്ചാല്‍ മാത്രമേ ചരിത്രം എന്ന പേര് അന്വര്‍ഥമാകൂ. സംഭവങ്ങള്‍ അതേപടി രേഖപ്പെടുത്തുന്നവരോട് വോള്‍ട്ടയര്‍ ഇങ്ങനെ ചോദിക്കുന്നു. 'ഓക്സസ് നദിയുടെയും ജക്സാര്‍ട്ടസ് നദിയുടെയും തടങ്ങളില്‍ ഒരു അപരിഷ്കൃതവര്‍ഗത്തെ തുടര്‍ന്ന് മറ്റൊരു അപരിഷ്കൃതവര്‍ഗം വന്നുവെന്നല്ലാതെ മറ്റൊന്നും നിങ്ങള്‍ക്കു പറയാനില്ലെങ്കില്‍ ഞങ്ങളെ സംബന്ധിച്ച് അതിന് എന്ത് പ്രാധാന്യമാണുള്ളത്?' എന്നാല്‍ 'ചരിത്രത്തില്‍ സാമാന്യവത്കരണം അസാധ്യമാണെന്നും 'തിരയ്ക്കു പിറകേ തിര' എന്ന മട്ടില്‍ ഒന്നിനുപുറകേ മറ്റൊന്നായി സംഭവങ്ങള്‍ ഉള്‍ക്കൊണ്ടിരിക്കുകയാണെന്നും അവയുടെ പരസ്പരബന്ധത്തെ അപഗ്രഥിച്ചറിയുക വിഷമമാണെന്നും' എച്ച്.എ.എല്‍. ഫിഷറിനെ (1865-1940) പോലുള്ള ചരിത്രകാരന്മാര്‍ കരുതുന്നു. ഈ അഭിപ്രായങ്ങള്‍ പൂര്‍ണമായും ശരിയല്ല. ആകസ്മികവും അപ്രതീക്ഷിതവുമായ സംഭവങ്ങള്‍ മനുഷ്യനില്‍ സ്വാധീനം ചെലുത്താറുണ്ടെങ്കിലും അവ മാത്രമാണ് ചരിത്രം എന്ന അഭിപ്രായം ബാലിശമാണ്. സൂക്ഷ്മമായി അപഗ്രഥിച്ചാല്‍ പല നിയമങ്ങളും കാരണങ്ങളും ചരിത്രഗതിയില്‍ കണ്ടെത്താന്‍ സാധിക്കും. 'ചരിത്ര സംഭവങ്ങള്‍ക്കു പിന്നില്‍ ഒരു രാജ്യത്തെ ഉയര്‍ത്തുകയോ നിലനിര്‍ത്തുകയോ പിഴുതെറിയുകയോ ചെയ്യുന്ന ധാര്‍മികമോ ഭൗതികമോ ആയ പൊതുനിയമങ്ങള്‍ പ്രവര്‍ത്തിക്കുന്നു.' (മോണ്ടസ്ക്യൂ)
ചരിത്രം ശാസ്ത്രമോ കലയോ എന്നത് വളരെയേറെ വാദപ്രതിപാദങ്ങള്‍ക്കു വഴി ഒരുക്കിയിട്ടുണ്ട്. ചരിത്രകാരനായ ജോണ്‍ ബുറി 1903-ല്‍ പ്രസ്താവിച്ചു. 'ചരിത്രം ശാസ്ത്രമാണ്, അതില്‍ കവിഞ്ഞതോ കുറഞ്ഞതോ അല്ല.' ചരിത്രം ശാസ്ത്രമാണ്. സാഹിത്യവുമായി യാതൊരുബന്ധവുമില്ല' എന്നായിരുന്നു മറ്റൊരു ചരിത്രകാരനായ സീലിയുടെ പക്ഷം. എന്നാല്‍ ഇവരെ വിമര്‍ശിച്ചുകൊണ്ട് ജി.എം. ട്രവല്യന്‍ 'ശാസ്ത്രീയരീതി അവലംബിച്ചുവേണം ചരിത്രകാരന്‍ വസ്തുതകളെ ശേഖരിക്കാന്‍. എന്നാല്‍ വസ്തുതകളെ വായനക്കാരനുവേണ്ടി ആവിഷ്കരിക്കുമ്പോള്‍ ചരിത്രം സാഹിത്യമാകുന്നു' എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
തികച്ചും സങ്കീര്‍ണമാണ് ഈ തര്‍ക്കം. ശാസ്ത്രമെന്നാല്‍ എല്ലാ വസ്തുതകളെയും സൂക്ഷ്മമായി നിരീക്ഷിക്കുന്ന വിജ്ഞാനശാഖയാണെങ്കില്‍, തീര്‍ച്ചയായും ചരിത്രം ആ ഗണത്തില്‍പ്പെടുന്നു. ചരിത്രത്തിന്റെ പ്രധാന കര്‍ത്തവ്യം ഗവേഷണമാണ്. എന്താണു സംഭവിച്ചത് എന്നതു തന്നെയാണ് ചരിത്രകാരന്‍ അന്വേഷിക്കുന്നത്. അതേ സമയം രസതന്ത്രമോ ഊര്‍ജന്ത്രമോ അവകാശപ്പെടുന്ന സൂക്ഷ്മതയും കൃത്യതയും ചരിത്രത്തിന് അവകാശപ്പെടാനാവില്ല. ചരിത്രകാരന്‍ തന്റെ ഗവേഷണത്തിന്റെ ഫലമായി സിദ്ധാന്തവത്കരിക്കുന്നു. ഈ സിദ്ധാന്തവത്കരണം എല്ലായ്പ്പോഴും ശരിയാകണമെന്നില്ല. നൂറു ശതമാനവും ശരിയായ നിഗമനങ്ങള്‍ ചരിത്രത്തെ സംബന്ധിച്ചു സാധ്യവുമല്ല. ഊര്‍ജതന്ത്രം, വാനശാസ്ത്രം, ജന്തുശാസ്ത്രം, ഗണിതശാസ്ത്രം തുടങ്ങിയവ പ്രകൃതിയെപ്പറ്റിയോ അല്ലെങ്കില്‍, ജീവജാലങ്ങളെക്കുറിച്ചോ ആണു പ്രതിപാദിക്കുന്നത്. സങ്കീര്‍ണ പ്രതിഭാസമായ മനുഷ്യനാണ് ചരിത്രത്തിലെ കേന്ദ്രബിന്ദു. ചരിത്രത്തിന്റെ അശാസ്ത്രീയതയിലേക്കു വിരല്‍ ചൂണ്ടുന്നവര്‍ ചരിത്രത്തിന്റെ ഈ പരിമിതികള്‍ കണക്കിലെടുത്തേ പറ്റൂ. ചരിത്രവസ്തുതകളുടെ പഠനം ചില സാമാന്യവത്കരണങ്ങളിലേക്കു നയിക്കുന്നുവെന്നു മാത്രം. ചരിത്രത്തെ ശാസ്ത്രവത്കരിക്കാനുള്ള തത്രപ്പാടില്‍ ചരിത്രസംഭവങ്ങള്‍ നടക്കുന്നത് ഏതെങ്കിലും ഒരു നിശ്ചിതനിയമത്തിനനുസരിച്ചാണ് എന്നു ഘോഷിക്കുന്നവരും ഉണ്ട്. ജന്തുജാലങ്ങള്‍ പല പരിണാമ പ്രക്രിയകളിലൂടെ കടന്നുപോകുന്നതുപോലെ നാഗരികതയും പരിണാമ പ്രക്രിയയ്ക്ക് വിധേയമാകുന്നു എന്നായിരുന്നു വികോയുടെയും സ്പെന്‍സറുടെയും അഭിപ്രായം. ഇത് തികച്ചും ശരിയാണെന്നു പറയാനാവില്ല. ചരിത്രസംഭവങ്ങളെല്ലാം നിശ്ചിത നിയമമനുസരിച്ചാണ് നടക്കുന്നത് എങ്കില്‍ ചരിത്രത്തിന്റെ മുഖ്യസ്വഭാവമായ അന്വേഷണത്വരയ്ക്ക് സ്ഥാനമില്ലെന്നുവരും.
കോളിങ്വുഡ്ഡിന്റെ അഭിപ്രായത്തില്‍ ചരിത്രം ഒരു പ്രത്യേകതരം ശാസ്ത്രമാണ്. അതിന്റെ പ്രതിപാദനവിഷയം നിരീക്ഷണത്തിനു വിഷയമാകാന്‍ കഴിയാത്ത സംഭവങ്ങളാണ്. അഭ്യൂഹങ്ങളുടെയും അനുമാനങ്ങളുടെയും സഹായത്തോടെ അവയെ ചരിത്രകാരന്‍ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ സമര്‍ഥിക്കുന്നു.
ചരിത്രകാരന്‍ വസ്തുക്കളുടെ ശേഖരണം, വിമര്‍ശനം, തുലനം ചെയ്യല്‍, സംയോജനം ഇത്യാദികാര്യങ്ങളില്‍ ശാസ്ത്രീയസമീപനം പുലര്‍ത്തുന്നു. അതുകൊണ്ട് ഒരു പരിധിവരെ ചരിത്രം ശാസ്ത്രമാണ്. ചരിത്രകാരന്‍ ഒരു ചിത്രകാരനില്‍ നിന്നോ ശില്പിയില്‍നിന്നോ വ്യത്യസ്തനാണ്. ചിത്രകാരനും ശില്പിയും മനോധര്‍മം ഉപയോഗിച്ച് സര്‍ഗാത്മക പ്രക്രിയകളില്‍ മുഴുകുന്നു. ചരിത്രകാരന്‍ നടന്ന സംഭവങ്ങളെ പുനരാഖ്യാനിക്കുന്നു. അയാള്‍ ഇതിവൃത്തത്തില്‍നിന്നും വ്യതിചലിക്കാന്‍ പാടില്ല. കാല്പനികതയിലേക്കു വഴുതി വീഴുകയുമരുത്. എന്നാല്‍ ആഖ്യാനം വിരസമാകാതെ സൂക്ഷിക്കണം. ഇതിനു ലേശം അലങ്കാരശൈലി ആകാം. ആ നിലയ്ക്ക് ചരിത്രകാരന്‍ ഒരു കലാകാരന്റെ കടമ നിര്‍വഹിക്കുന്നു.
മനുഷ്യപുരോഗതിയെ അളക്കുവാനുള്ള മാനദണ്ഡമാണ് ചരിത്രം. മനുഷ്യന്‍ പ്രകൃതിയുമായി മല്ലിട്ട് ഒടുവില്‍ ചന്ദ്രനില്‍വരെ എത്തിയ വീരഗാഥയാണ് ചരിത്രത്തിന്റെ പ്രതിപാദ്യവിഷയം. ജീവിതമാണ് ചരിത്രത്തിന്റെ വിഷയം. അതില്‍നിന്നു പഠിക്കുന്ന പാഠങ്ങള്‍ മനുഷ്യരെ വിവേകികളാക്കുന്നു. സാമൂഹികശാസ്ത്രങ്ങളില്‍ പ്രമുഖ സ്ഥാനം ചരിത്രത്തിനാണ്. ചരിത്രബോധമുള്ള ഒരാളുടെ മുന്നില്‍ മറ്റു സാമൂഹികശാസ്ത്രങ്ങളുടെയും കവാടം അനായാസേന തുറക്കപ്പെടും. ചരിത്രവിദ്യാര്‍ഥിക്ക് അയാള്‍ മനുഷ്യനെ നന്നായി അപഗ്രഥിച്ചു പഠിച്ചതുകൊണ്ട് മനുഷ്യന്‍ എവിടെ കാലിടറിവീഴുമെന്നും പ്രതിസന്ധികളെ എങ്ങനെ തരണം ചെയ്യുമെന്നും ഒരു ഏകദേശ ഗ്രാഹ്യമുണ്ട്. അതിനാല്‍ ജീവിതപഥത്തിലൂടെ ജാഗ്രതയോടെ നീങ്ങാന്‍ അയാള്‍ക്കു സാധിക്കുന്നു. ചരിത്രവിദ്യാര്‍ഥി വര്‍ത്തമാനകാലത്തില്‍ നിന്നുകൊണ്ട് ഭൂതകാലത്തെ വീക്ഷിക്കുന്നു. നൂറ്റാണ്ടുകളിലൂടെ സമാര്‍ജിച്ച പൈതൃകമാണ് താന്‍ അനുഭവിക്കുന്നത് എന്ന ചിന്ത അയാളിലുണ്ട്. അനേകം തലമുറകളുടെ ചുമലിലാണ് ആധുനിക മനുഷ്യന്‍ നിലയുറപ്പിച്ചിരിക്കുന്നത്. ഈ ചിന്ത മനുഷ്യനെ മഹാമനസ്കനാക്കുന്നു. നോ: ഹിസ്റ്റോറിയോഗ്രാഫി