This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചതുരംഗം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ചതുരംഗം
ഒരു വിനോദം. ചതുരംഗസേനകളെക്കൊണ്ട് രാജാക്കന്മാര്‍ നടത്തിയിരുന്ന യുദ്ധത്തിന്റെ മാതൃകയിലുള്ള കളിയാണിത്. ഒന്നിടവിട്ട കറുപ്പും വെളുപ്പും നിറത്തിലുള്ള അറുപത്തിനാലു കളങ്ങളിലൂടെ ചില പ്രത്യേക നിയമങ്ങള്‍ക്കനുസരിച്ച് കരുക്കള്‍ നീക്കിയാണ് ഇതു നടത്തുന്നത്. സാധാരണയായി രണ്ടുപേരാണ് കളിയില്‍ പങ്കെടുക്കുക. ഓരോരുത്തര്‍ക്കും 2 ആന, 2 തേര്, 2 കുതിര, 8 കാലാള്‍, ഒരു ദേവന്‍ (രാജാവ്), ഒരു മന്ത്രി എന്നിങ്ങനെ 16 കരുക്കള്‍ ഉണ്ടായിരിക്കും. ഇവ മരംകൊണ്ടോ വാഴക്കൈ കൊണ്ടോ ആണ് ഉണ്ടാക്കുക. രണ്ടുപേരുടെ കരുക്കള്‍ തമ്മില്‍ തിരിച്ചറിയുന്നതിനായി വലുപ്പവ്യത്യാസമോ, നിറവ്യത്യാസമോ വരുത്തിയിട്ടുണ്ടാകും. പ്രാചീന കാലത്തു നാലുപേര്‍ കളിക്കുന്ന ചതുരംഗക്കളിയും ഉണ്ടായിരുന്നു. അപ്പോള്‍ പൂര്‍വഭാഗത്തുള്ളയാള്‍ ചുവന്നതും പശ്ചിമഭാഗത്തുള്ളയാള്‍ പച്ചനിറത്തിലുള്ളതുമായ കരുക്കളാണ് ഉപയോഗിച്ചിരുന്നത്. ഈ കളിക്കുപയോഗിക്കുന്ന കളങ്ങള്‍ വരച്ചിട്ടുള്ള പലക ചതുരംഗക്കളം എന്നാണറിയപ്പെടുന്നത്.
രാജാവിനെ കീഴടക്കുകയാണ് കളിയുടെ ലക്ഷ്യം. ഇതിന് അടിയറവ് എന്നാണു പറയുക. ആന, തേര്, കാലാള്‍, മന്ത്രി, കുതിര എന്നിവയില്‍ ഒന്നുകൊണ്ടോ പലതുകൊണ്ടോ അടിയറവ് പറയിക്കാം. ഇതിനായി ഓരോരുത്തരും ഓരോ കരു ഒന്നിടവിട്ട് നീക്കി, മറ്റു കരുക്കളെ 'വെട്ടി' എടുക്കുന്നു. രാജാവിനെ വെട്ടുന്നതിനുള്ള നീക്കം നടത്തിയശേഷം ഉച്ചത്തില്‍ വിളിച്ചുപറയണം. ഇത് 'അരശു പറയുക' എന്നാണറിയപ്പെടുന്നത്. തേരുകൊണ്ടുള്ള വെച്ചരശ്, കുതിരകൊണ്ടുള്ള ഇഷ്ടയരശ്, ആനകൊണ്ടുള്ള പോട്ടരശ്, മന്ത്രി കൊണ്ടുള്ള കുത്തിയരശ്, ആള്‍കൊണ്ടുള്ള ഉന്തിയരശ് എന്നിങ്ങനെ അരശ് അഞ്ചുതരമാണ്. അരശു പറഞ്ഞുകഴിഞ്ഞാലുടന്‍ അടുത്തനീക്കത്തിലൂടെ എതിരാളി രാജാവിനെ മാറ്റുകയോ, അരശുവരച്ചിട്ടുള്ള കരുവിനെ വെട്ടുകയോ ചെയ്യണം. അതിനു കഴിഞ്ഞില്ലെങ്കില്‍ 'അടിയറവാ'യി.
അടിയറവ് പറയിക്കുന്നയാളാണ് വിജയി. എതിരാളി അയാള്‍ക്ക് സമ്മാനങ്ങളോ പണമോ നല്കും. ധര്‍മയുദ്ധം എന്ന സങ്കല്പത്തെ അധികരിച്ചുള്ള ഈ വിനോദം, രാജാക്കന്മാര്‍ യുദ്ധത്തിനു പകരമായും നടത്താറുണ്ടായിരുന്നു.
ചതുരംഗത്തിന്റെ ഉത്പത്തിയെക്കുറിച്ചുള്ള ഒരു ഐതിഹ്യം ഇങ്ങനെയാണ്. രാവണന് എല്ലായ്പ്പോഴും യുദ്ധം ചെയ്യണമെന്ന ആഗ്രഹമുണ്ടായിരുന്നു. അതു സാധിക്കാത്തതില്‍ അയാള്‍ ദുഃഖിതനായി കഴിയുകയായിരുന്നു. ഇതുകണ്ട മണ്ഡോദരി രാവണന്റെ യുദ്ധക്കൊതി അടക്കാന്‍വേണ്ടി പ്രത്യേകം ഉണ്ടാക്കിയതാണത്രെ ഈ കളി.
മഹാഭാരതത്തില്‍ യുധിഷ്ഠിരനു കൃഷ്ണദ്വൈപായനന്‍ ഈ കളിയുടെ തത്ത്വങ്ങള്‍ ഉപദേശിച്ചുകൊടുക്കുന്ന ഏതാനും പദ്യങ്ങളുണ്ട്. ചതുരംഗത്തെക്കുറിച്ചുള്ള ആദ്യത്തെ സാഹിത്യ പരാമര്‍ശം ഇതാണെന്നു കരുതപ്പെടുന്നു. സംസ്കൃതത്തില്‍ ഈ കളിയെക്കുറിച്ച് ചതുരംഗ കേളി, ചതുരംഗ ക്രീഡന്‍, ചതുരംഗ പ്രകാശ, ചതുരംഗ വിനോദ എന്നിങ്ങനെ നാലു കൃതികള്‍ ഉണ്ടായിട്ടുണ്ട്.
ചൂതും ചതുരംഗവും ചക്രവര്‍ത്തിമാരുടെയും രാജാക്കന്മാരുടെയും ഇഷ്ടവിനോദമായിരുന്നു. ഇവയില്‍ ബുദ്ധികൗശലത്തിനു പ്രാധാന്യമുള്ളതാണ് ചതുരംഗം. അതുകൊണ്ട് ചൂതിനെപ്പോലെ അതു സപ്തവ്യസനങ്ങളില്‍ ഒന്നായിത്തീര്‍ന്നില്ല.
ചതുരംഗക്കമ്പക്കാരനായ ചെമ്പകശ്ശേരി രാജാവിനോട് ബന്ധപ്പെട്ടതാണ് അമ്പലപ്പുഴ പാല്‍പ്പായസത്തിന്റെ ഐതിഹ്യം. (നോ: അമ്പലപ്പുഴ പാല്‍പ്പായസം). കൃഷ്ണഗാഥയുടെ ഉത്പത്തിക്കിടയായത് കോലത്തിരി ഉദയവര്‍മനും ചെറുശ്ശേരിയും തമ്മിലുണ്ടായ ചതുരംഗക്കളിയാണെന്നും ഐതിഹ്യമുണ്ട്.
ഭാരതത്തില്‍ നിന്നും 6-ാം ശ.-ത്തില്‍ ഈ കളി പേര്‍ഷ്യയിലെത്തിയെന്നും, അവിടെനിന്നും ഇത് അറബി നാടുകളില്‍ പ്രചരിച്ചുവെന്നും കരുതപ്പെടുന്നു. പിന്നീട് യൂറോപ്പിലേക്കും അതുവഴി 11-ാം ശ.-ത്തില്‍ ഇംഗ്ലണ്ടിലേക്കും ഇത് വ്യാപിക്കുകയാണുണ്ടായതെന്നും വിശ്വാസമുണ്ട്. ഇംഗ്ലണ്ടില്‍ ആദ്യം 'സ്കെക്ഹി' എന്നറിയപ്പെടുന്ന ഇതിന്റെ പേര് പിന്നീട് 'എചേക്സ്' എന്ന് മാറിയെന്നും അതില്‍നിന്നും 'ചെസ്സ്' എന്ന സംജ്ഞ ഉണ്ടായിയെന്നും അഭിപ്രായമുണ്ട്. ഈ മാറ്റങ്ങള്‍ക്കിടയില്‍ കളിനിയമങ്ങളിലും നിരവധി പരിഷ്കാരങ്ങള്‍ ഉണ്ടായി. അതുകൊണ്ട് കളിയുടെ രീതിയിലും നിയമങ്ങളിലും ചതുരംഗവും ചെസ്സും തമ്മില്‍ വ്യത്യാസങ്ങളുമുണ്ട്. നോ: ചെസ്സ്